കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
മടുത്തുപോകാതിരിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക
“ഞാൻ മടുത്തു! ഇത് എന്തൊരു പാടാ! ഇതു ഞാൻ ഒരിക്കലും പഠിക്കാൻപോകുന്നില്ല!” ഇങ്ങനെ എപ്പോഴെങ്കിലും നിങ്ങളുടെ കുട്ടി പറഞ്ഞിട്ടുണ്ടോ? ബുദ്ധിമുട്ടുള്ള ഒരു കാര്യം പെട്ടെന്ന് ഇട്ടിട്ടുപോകാനായിരിക്കാം അപ്പോൾ അവൻ ശ്രമിക്കുന്നത്. കുട്ടി എന്തെങ്കിലും ചെയ്യാൻ പാടുപെടുന്നതു കണ്ടുനിൽക്കാൻ നിങ്ങൾക്കു വിഷമമായിരിക്കും. പക്ഷേ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ മറികടക്കാൻ അവൻ പഠിക്കണമെന്നും നിങ്ങൾക്ക് ആഗ്രഹം കാണും. അപ്പോൾ എന്തു ചെയ്യും? നിങ്ങൾ ഓടിച്ചെന്ന് അവനെ സഹായിക്കുമോ? ഇട്ടിട്ടുപോകാൻ അവനെ സമ്മതിക്കുമോ? അതോ മടുത്തുപോകാതെ സ്ഥിരോത്സാഹം കാണിക്കാൻ അവനെ പഠിപ്പിക്കുമോ?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സ്ഥിരോത്സാഹം പ്രധാനമാണ്. കഠിനാധ്വാനത്തിലൂടെ കഴിവുകൾ വളർത്താൻ മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുമ്പോൾ അത് അവർക്കു വളരെ പ്രയോജനം ചെയ്യും. അങ്ങനെയുള്ള ഒരു കുട്ടി സ്കൂളിൽ നന്നായി കാര്യങ്ങൾ ചെയ്തേക്കാം. അവനു സന്തോഷവും ആരോഗ്യവും ഉണ്ടായിരിക്കും. മറ്റുള്ളവരുമായി ഒരു നല്ല ബന്ധം നിലനിറുത്താൻ അവനാകും. എന്നാൽ യാതൊരു കഷ്ടപ്പാടും പരാജയവും നേരിടാൻ അനുവദിക്കാതെയാണു മക്കളെ വളർത്തുന്നതെങ്കിൽ അവൻ കൂടുതൽ നിരാശിതനായിപ്പോകാനും തനിക്ക് ഒരു കഴിവുമില്ലെന്നു ചിന്തിക്കാനും വലുതാകുമ്പോൾ വലിയ സംതൃപ്തിയൊന്നും ഇല്ലാത്ത ഒരു ജീവിതം നയിക്കാനും ആണ് കൂടുതൽ സാധ്യത.
സ്ഥിരോത്സാഹം ശക്തമാക്കാനാകും. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്തുനോക്കി ആ പ്രശ്നം പരിഹരിക്കും എന്ന തീരുമാനം ശക്തമാക്കാൻ വളരെ ചെറിയ കുട്ടികൾക്കുപോലും ആകും. 15 മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളിൽ ഗവേഷകർ ഒരു പഠനം നടത്തി. മുതിർന്നവർ ഒരു കാര്യം വളരെ എളുപ്പത്തിൽ ചെയ്യുന്നതു കണ്ട കുഞ്ഞുങ്ങളും അതേ കാര്യം മുതിർന്നവർ അൽപ്പം ബുദ്ധിമുട്ടോടെ ചെയ്യുന്നതു കണ്ട കുഞ്ഞുങ്ങളും ആ കൂട്ടത്തിലുണ്ടായിരുന്നു. രണ്ടാമത്തെ കൂട്ടത്തിലുള്ള കുഞ്ഞുങ്ങൾ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ കൂടുതൽ പരിശ്രമിക്കുന്നതായി കണ്ടെത്തി.
“ഞാൻ എന്റെ പെൺമക്കളെ ഷൂ ലെയ്സ് കെട്ടാൻ പഠിപ്പിച്ചത് ഓർക്കുന്നുണ്ട്. ഒറ്റ ദിവസംകൊണ്ട് പഠിക്കുന്ന ഒരു കാര്യമല്ല അത്. ഓരോ തവണ ഷൂ ഇടുമ്പോഴും അവർ ഒരു പത്തു പതിനഞ്ച് മിനിട്ട് ഒറ്റയ്ക്ക് ഇരുന്ന് ശ്രമിക്കും. അത് എങ്ങനെയായിരുന്നു കെട്ടുന്നതെന്ന് ഓർത്തെടുക്കാൻ ഞാൻ അവർക്കു സമയം കൊടുക്കും. എന്നിട്ടേ ഞാൻ അവരെ സഹായിക്കൂ. ഏതാനും മാസങ്ങളെടുത്ത്, അൽപ്പം കണ്ണീരൊക്കെ ഒഴുക്കിയാണെങ്കിലും അവർ ഒടുവിൽ അത് പഠിച്ചെടുത്തു. ലെയ്സ് ഇല്ലാത്ത ഷൂ മേടിച്ച് കൊടുത്തിരുന്നെങ്കിൽ എനിക്കു കാര്യങ്ങൾ എളുപ്പമായിരുന്നേനേ. എന്നാൽ മടുത്തുപോകാതെ സ്ഥിരോത്സാഹം കാണിക്കാൻ മക്കളെ പഠിപ്പിക്കുന്നതിനു ചിലപ്പോഴൊക്കെ മാതാപിതാക്കൾ ആ ഗുണം കാണിക്കേണ്ടിവരും.”—കൊളീൻ.
സ്ഥിരോത്സാഹം കുറഞ്ഞുപോയേക്കാം. അറിയാതെ ആണെങ്കിൽപ്പോലും മാതാപിതാക്കൾ അതിനൊരു കാരണമായിത്തീരാൻ ഇടയുണ്ട്. എങ്ങനെയാണ് അത്? കുട്ടി എന്തെങ്കിലും ഒരു വിഷമമോ പരാജയമോ നേരിട്ടേക്കാം എന്നു തോന്നുമ്പോൾ അവനെ രക്ഷപ്പെടുത്താനായി ചില മാതാപിതാക്കൾ ഓടിയെത്തും. അവന്റെ ആത്മാഭിമാനം കൂട്ടാനായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. പക്ഷേ അതിന് ഒരു ദോഷവശവുമുണ്ട്. അതെക്കുറിച്ച് എഴുത്തുകാരിയായ ജെസീക്ക ലാഹേ ഇങ്ങനെ എഴുതി: ‘ബുദ്ധിമുട്ടുള്ള ഒരു കാര്യത്തിൽനിന്ന് നമ്മൾ ഓരോ തവണ മക്കളെ രക്ഷിക്കുമ്പോഴും അവരോട് ഇങ്ങനെ പറയുന്നതുപോലെയാണ്: “നിനക്ക് അതു തനിയെ ചെയ്യാൻ പറ്റുമെന്നോ അതിനുള്ള കഴിവുണ്ടെന്നോ എനിക്കു തോന്നുന്നില്ല.”’ a അതിന്റെ ഫലം എന്തായിരിക്കും? ഭാവിയിൽ ബുദ്ധിമുട്ടുള്ള എന്തെങ്കിലും ഒരു കാര്യം ചെയ്യേണ്ടിവരുമ്പോൾ കുട്ടി പെട്ടെന്ന് ഇട്ടിട്ടുപോയേക്കാം. അതു ചെയ്യാൻ മുതിർന്ന ആരെങ്കിലും തന്നെ സഹായിച്ചേ പറ്റൂ എന്നായിരിക്കാം അവനു തോന്നുന്നത്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
കഠിനാധ്വാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. മടുത്തുപോകാതിരിക്കാൻ മക്കളെ പഠിപ്പിക്കുന്നതിന് അവർക്കു പ്രായത്തിന് അനുസരിച്ചുള്ള ജോലികൾ മാതാപിതാക്കൾ നൽകണം. ഉദാഹരണത്തിന്, മൂന്നു മുതൽ അഞ്ച് വയസ്സു വരെയുള്ള കുട്ടികൾക്കു തുണികൾ തരം തിരിച്ച് വെക്കാനും അവരുടെ കളിപ്പാട്ടങ്ങൾ കൃത്യസ്ഥലത്ത് വെക്കാനും ഒക്കെയാകും. അവർ കുറച്ചുകൂടി വളർന്ന് കഴിയുമ്പോൾ അടുക്കളയിലേക്കുള്ള സാധനങ്ങൾ അടുക്കിവെക്കാനും ഭക്ഷണമേശയിലേക്കു സാധനങ്ങൾ കൊണ്ടുവെക്കാനും കഴിച്ച് കഴിഞ്ഞ് അതെല്ലാം എടുത്തുകൊണ്ട് പോകാനും വേസ്റ്റ് കളയാനും ചെറിയ രീതിയിൽ വൃത്തിയാക്കുന്നതിൽ സഹായിക്കാനും ഒക്കെ അവരോട് ആവശ്യപ്പെടാം. കൗമാരപ്രായത്തിൽ എത്തിയാൽ കുറച്ചുകൂടി ബുദ്ധിമുട്ടുള്ള ജോലികൾ ഏൽപ്പിക്കാം. വീട്ടിലെ ക്ലീനിങ്ങിലും അറ്റകുറ്റപ്പണികളിലും ഒക്കെ അവർക്ക് ഉൾപ്പെടാനാകും. ജോലികൾ ചെയ്യാൻ കുട്ടികൾക്ക് എപ്പോഴും ഇഷ്ടമുണ്ടാകണം എന്നില്ല. എന്നാൽ ചെറുപ്പംമുതലേ മാതാപിതാക്കൾ അവരെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുമ്പോൾ അത് അവർക്കു പ്രയോജനം ചെയ്യും. എന്തു പ്രയോജനമാണു കുട്ടികൾക്കു കിട്ടുന്നത്? കഠിനാധ്വാനം ചെയ്യാൻ അവർ പഠിക്കും. അതുപോലെ വലുതായി കഴിഞ്ഞ്, ഒഴിവാക്കാനാകാത്ത ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്യേണ്ടിവരുമ്പോൾ മടുത്ത് ഇട്ടിട്ടുപോകാതിരിക്കാനും അത് അവരെ സഹായിക്കും.
ബൈബിൾതത്ത്വം: “കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും.”—സുഭാഷിതങ്ങൾ 14:23.
“താൻ എന്തെങ്കിലും ചെയ്തെന്ന തോന്നലുണ്ടാക്കുന്ന ജോലികൾ മക്കളെ ഏൽപ്പിക്കുക. അവരുടെ ബോറടി മാറ്റാൻവേണ്ടി മാത്രം നിസ്സാരമായ എന്തെങ്കിലും പണികൾ കൊടുത്ത് വെറുതേ സമയം കളയരുത്. അത് ആർക്കും ഇഷ്ടമല്ല, കുട്ടികൾക്കാണെങ്കിൽപ്പോലും. കുട്ടി ചെറുതാണെങ്കിൽ കസേരയും മേശയും ഒക്കെ അവനു കൈ എത്തുന്നിടംവരെ തുടയ്ക്കാൻ പറയുക. ഇനി, നിങ്ങൾ കാർ കഴുകുകയാണെങ്കിൽ അടിയിലൊക്കെ നിങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ അവനെ ഏൽപ്പിക്കുക. എന്നിട്ട് പെട്ടെന്നുതന്നെ അവന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കുക.”—ക്രിസ്.
ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വേണ്ട പരിശീലനം കൊടുക്കുക. ഒരു കാര്യം എങ്ങനെ ചെയ്ത് തീർക്കണമെന്ന് അറിയാത്തതുകൊണ്ട് കുട്ടികൾ ശ്രമം ഉപേക്ഷിച്ചേക്കാം. അതുകൊണ്ട് കുട്ടിയെ ഒരു പുതിയ കാര്യം ചെയ്യാൻ പഠിപ്പിക്കുമ്പോൾ ഈ രീതി പരീക്ഷിച്ച് നോക്കുക: ആദ്യം നിങ്ങൾ അത് അവനെ ചെയ്ത് കാണിക്കുക. എന്നിട്ട് രണ്ടുപേരും കൂടെ ഒരുമിച്ച് ചെയ്യുക. അടുത്തതായി, അവൻ തനിയെ ചെയ്യുമ്പോൾ നിങ്ങൾ നോക്കി നിൽക്കുക. ആവശ്യമായ നിർദേശങ്ങൾ കൊടുക്കുക. അവസാനം ആ ജോലി ഒറ്റയ്ക്ക്, മുഴുവനായി ചെയ്യാൻ അവനെ ഏൽപ്പിക്കുക.
ബൈബിൾതത്ത്വം: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.”—യോഹന്നാൻ 13:15.
“എന്റെ അനുഭവത്തിൽനിന്ന് ഞാനൊരു കാര്യം പറയാം: മക്കൾ സ്ഥിരോത്സാഹം കാണിക്കണമെങ്കിൽ നമ്മൾ മാതാപിതാക്കൾ ആ കാര്യത്തിൽ നല്ല മാതൃക വെക്കണം. അവർക്ക് ഏതു ഗുണം ഉണ്ടാകണമെന്നാണോ നമ്മൾ ആഗ്രഹിക്കുന്നത് ആ ഗുണം ആദ്യം നമ്മൾതന്നെ കാണിക്കണം.”—ഡഗ്.
ബുദ്ധിമുട്ടും പരാജയവും എല്ലാവർക്കും സംഭവിക്കുന്നതാണെന്നു തിരിച്ചറിയാൻ കുട്ടിയെ സഹായിക്കുക. നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടായ ഒരു സമയവും മടുത്തുപോകാതെ പിടിച്ചുനിന്നതുകൊണ്ട് ഉണ്ടായ പ്രയോജനവും കുട്ടിക്കു പറഞ്ഞുകൊടുക്കുക. പുതിയ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു തോന്നുന്നതു സ്വാഭാവികമാണെന്നും തെറ്റുകൾ പറ്റുമ്പോൾ കൂടുതൽ കാര്യങ്ങൾ പഠിക്കാനാകുമെന്നും കുട്ടിക്കു വിശദീകരിച്ചുകൊടുക്കുക. എപ്പോഴെങ്കിലും പരാജയപ്പെട്ടെന്നു കരുതി അവനോടുള്ള നിങ്ങളുടെ സ്നേഹം കുറഞ്ഞുപോകില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുക. ഉപയോഗിക്കുന്തോറും പേശികൾ വളരുന്നതുപോലെ നിങ്ങളുടെ കുട്ടി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് അവന്റെ സ്ഥിരോത്സാഹം വളർന്നുവരുന്നതെന്ന് ഓർക്കണം. അതുകൊണ്ട് ഒരു പ്രശ്നം നേരിടുമ്പോൾ കുട്ടി അൽപ്പം അസ്വസ്ഥതയൊക്കെ കാണിച്ചാലും ചാടിക്കയറി സഹായിക്കുന്നതിനു പകരം കുറച്ച് നേരംകൂടെ ശ്രമിക്കാൻ അവനെ അനുവദിക്കുക. കുട്ടികളെ വിജയത്തിലെത്തിക്കാൻ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ഒരു ചെറുപ്പക്കാരനു നല്ലൊരു വ്യക്തിത്വം വളർത്താനുള്ള ഏറ്റവും മികച്ച മാർഗം പരാജയപ്പെടാൻ വളരെ സാധ്യതയുള്ള ഒരു കാര്യം ചെയ്തുനോക്കുക എന്നതാണ്.”
ബൈബിൾതത്ത്വം: “ചെറുപ്പത്തിൽ നുകം ചുമക്കുന്നത് ഒരു മനുഷ്യനു നല്ലത്.”—വിലാപങ്ങൾ 3:27.
“എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അൽപ്പം കഷ്ടപ്പെടാൻ കുട്ടികളെ അനുവദിക്കുന്നതു നല്ലതാണ്. എന്നാൽ അതോടൊപ്പം വേണ്ടിവന്നാൽ അപ്പനും അമ്മയും സഹായിക്കുമെന്ന ഉറപ്പും മക്കൾക്ക് ഉണ്ടായിരിക്കണം. കാരണം അങ്ങനെ കുറച്ച് അധ്വാനിച്ച് കഴിയുമ്പോഴേക്കും അതു ചെയ്യാനുള്ള അവരുടെ ബുദ്ധിമുട്ടു മാറും. അവർ പുതിയൊരു കഴിവ് വളർത്തിയെടുത്തിട്ടുണ്ടാകും. അതുപോലെ തളർന്നുപോകാതെ പരിശ്രമിച്ചാൽ പ്രയോജനമുണ്ടെന്ന ബോധ്യവും അവരിൽ വളർന്നുവരും.”—ജോർഡൻ.
ബുദ്ധിയെ അല്ല, ശ്രമത്തെ അഭിനന്ദിക്കുക. ഉദാഹരണത്തിന്, “നീ അതു നന്നായി ചെയ്തു, നിനക്കു നല്ല കഴിവുണ്ട്!” എന്നു പറയുന്നതിനു പകരം “നീ അതു നന്നായി ചെയ്തു! അതു പഠിച്ചെടുക്കാൻ നല്ല ശ്രമം ചെയ്തല്ലോ, മിടുക്കൻ” എന്നു പറയാനാകും. ശ്രമത്തെക്കാളും ബുദ്ധിയെ അഭിനന്ദിച്ചാലുള്ള കുഴപ്പം എന്താണ്? അങ്ങനെ ചെയ്താൽ “എന്തെങ്കിലും ഒരു കാര്യം ബുദ്ധിമുട്ടായിത്തീരുകയോ അല്ലെങ്കിൽ പരാജയത്തിലേക്കു പോകുന്നതായി തോന്നുകയോ ചെയ്യുമ്പോൾ അവർ തങ്ങളെത്തന്നെ സംശയിക്കാൻ തുടങ്ങും” എന്ന് ഡോക്ടർ ക്യാരൾ ഡക് പറയുന്നു. അവർ തുടർന്ന് പറയുന്നു: “മക്കൾക്കുവേണ്ടി എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നെങ്കിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം പ്രശ്നങ്ങളെ സ്നേഹിക്കാനും തെറ്റുകളിൽനിന്ന് പഠിക്കാനും അധ്വാനത്തെ ഇഷ്ടപ്പെടാനും പുതിയപുതിയ വഴികൾ കണ്ടെത്താനും കൂടുതൽ പഠിച്ചുകൊണ്ടിരിക്കാനും അവരെ സഹായിക്കുന്നതാണ്. അങ്ങനെയാകുമ്പോൾ അഭിനന്ദനം കിട്ടാൻവേണ്ടി മാത്രം കാര്യങ്ങൾ ചെയ്യുന്ന മക്കളായി അവർ വളർന്നുവരില്ല.” b
ബൈബിൾതത്ത്വം: “മനുഷ്യനെ പരിശോധിക്കുന്നതോ അവനു ലഭിക്കുന്ന പ്രശംസ.”—സുഭാഷിതങ്ങൾ 27:21.