യുവജനങ്ങൾ ചോദിക്കുന്നു
എനിക്ക് എങ്ങനെ സമയം കൈപ്പിടിയിൽ ഒതുക്കാം?
സമയം കൈപ്പിടിയിൽ ഒതുക്കേണ്ടത് എന്തുകൊണ്ട്?
സമയം പണംപോലെയാണ്. പാഴാക്കിക്കളഞ്ഞാൽ ആവശ്യമുള്ള നേരത്ത് അതു കാണില്ല. എന്നാൽ നിങ്ങൾക്ക് ഒരു സമയപ്പട്ടികയുണ്ടെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ സമയം ബാക്കിയുണ്ടാകും.
ബൈബിൾതത്ത്വം: “മടിയൻ ഒരുപാടു കൊതിച്ചിട്ടും ഒന്നും നേടുന്നില്ല; എന്നാൽ അധ്വാനശീലമുള്ളവർ സംതൃപ്തരാകും.”—സുഭാഷിതങ്ങൾ 13:4.
ചുരുക്കിപ്പറഞ്ഞാൽ: സമയം നിങ്ങളുടെ കൈപ്പിടിയിലാണെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യം കൂടും.
സമയം കൈപ്പിടിയിൽ ഒതുക്കാൻ പഠിക്കുന്നത് വലിയൊരു കഴിവാണ്. മുതിർന്നുകഴിയുമ്പോൾ നിങ്ങൾക്ക് അതു പ്രയോജനം ചെയ്യും. നിങ്ങളെ ജോലിയിൽ നിറുത്തണോ വേണ്ടയോ എന്നൊക്കെ ഒരാൾ തീരുമാനിക്കുന്നത് ഈ കഴിവുകൂടി നോക്കിയിട്ടാണ്. ഇങ്ങനെ ചിന്തിക്കുക: നിങ്ങൾ നടത്തിക്കൊണ്ടുപോകുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾ പതിവായി വൈകി വരുന്നെങ്കിൽ നിങ്ങൾ അയാളെ വെച്ചുകൊണ്ടിരിക്കുമോ?
ബൈബിൾതത്ത്വം: “ചെറിയ കാര്യത്തിൽ വിശ്വസ്തനായവൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും.”—ലൂക്കോസ് 16:10.
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങൾ സമയം ഉപയോഗിക്കുന്ന വിധം നോക്കിയാൽ നിങ്ങൾ എങ്ങനെയുള്ള ആളാണെന്നു കുറച്ചൊക്കെ മനസ്സിലാക്കാം.
സത്യം പറഞ്ഞാൽ, സമയം കൈപ്പിടിയിൽ ഒതുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു തടസ്സമായി വരുന്ന ചില കാര്യങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
തടസ്സം #1: കൂട്ടുകാർ
“കൂട്ടുകാർ പുറത്ത് പോകാൻ വിളിച്ചാൽ സമയമില്ലെങ്കിൽക്കൂടി ഞാൻ സമയമുണ്ടാക്കി അവരോടൊപ്പം പോകും. ‘ബാക്കി പണിയൊക്കെ വീട്ടിൽ തിരിച്ച് വന്നിട്ട് ശടപടേന്ന് ചെയ്യാം’ എന്ന് ഞാൻ വിചാരിക്കും. മിക്കപ്പോഴും അതൊന്നും നടക്കാറില്ല. എല്ലാം കുളമാകും.”—സിന്ത്യ
തടസ്സം #2: സമയംകൊല്ലികൾ
“ടിവി വാക്വം ക്ലീനർ പോലെയാണ്. അതിലെ സിനിമകളും ഷോകളും നിങ്ങളെ വലിച്ചെടുക്കും. അതു വേണ്ടെന്നു വെക്കാൻ പാടാണ്.”—ഐവി
“ഞാൻ ടാബിൽ കുത്തി കുറെ സമയം കളയും. അതൊന്നു നിറുത്തണമെങ്കിൽ അതിന്റെ ചാർജ് തീരണം. അത്രയും സമയം കളഞ്ഞത് ഓർത്ത് എനിക്ക് അപ്പോൾ വിഷമം തോന്നും.”—മാരി
തടസ്സം #3: നീട്ടിവെക്കൽ
“സ്കൂളിലെ അസൈൻമെന്റ് ഉൾപ്പെടെ ചെയ്യേണ്ട പല കാര്യങ്ങളും ഞാൻ നീട്ടിവെക്കും. അസൈൻമെന്റ് ചെയ്യേണ്ട സമയത്ത് ആവശ്യമില്ലാത്ത മറ്റെന്തെങ്കിലും ചെയ്തുകൊണ്ട് ഞാൻ സമയം പാഴാക്കും. ഞാൻ സമയം ഉപയോഗിക്കുന്ന രീതി ഒട്ടും ശരിയല്ല.”—ബെത്ത്
നിങ്ങൾക്കു ചെയ്യാനാകുന്നത്
ചെയ്യേണ്ട കാര്യങ്ങൾ എഴുതിവെക്കുക. ഉദാഹരണത്തിന്, നിങ്ങൾക്കു ചെയ്യാനുള്ള വീട്ടുജോലികളും ഹോംവർക്കും. ആഴ്ചയിൽ ഓരോ ജോലിയും ചെയ്തുതീർക്കാൻ എത്ര സമയം വേണമെന്ന് എഴുതിവെക്കുക.
ബൈബിൾതത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
ഒഴിവുസമയത്ത് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എഴുതുക. ഇതിൽ സോഷ്യൽ നെറ്റ്വർക്കിങ്, ടിവി കാണൽ എന്നിവ ഉൾപ്പെടുന്നു. ഓരോ ആഴ്ചയിലും ഓരോ കാര്യങ്ങൾക്കുവേണ്ടി എത്ര മണിക്കൂർ ചെലവഴിക്കും എന്നുകൂടി എഴുതുക.
ബൈബിൾതത്ത്വം: “എപ്പോഴും ജ്ഞാനത്തോടെ പെരുമാറുക. സമയം എറ്റവും നന്നായി ഉപയോഗിക്കുക.”—കൊലോസ്യർ 4:5.
പ്ലാൻ ചെയ്യുക. മുകളിൽ പറഞ്ഞ രണ്ടു ലിസ്റ്റും എടുത്തുനോക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ആവശ്യത്തിനു സമയം കൊടുത്തിട്ടുണ്ടോ? ഒഴിവുസമയത്ത് ചെയ്യാനുള്ള കാര്യങ്ങളിൽനിന്ന് സമയം എടുക്കേണ്ടതുണ്ടോ?
നുറുങ്ങ്: ദിവസവും ചെയ്യാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. ഓരോ കാര്യവും ചെയ്തുകഴിയുമ്പോൾ അവ അടയാളപ്പെടുത്തുക.
ബൈബിൾതത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.”—സുഭാഷിതങ്ങൾ 21:5.
പ്ലാൻ അനുസരിച്ച് പ്രവർത്തിക്കുക. ശരിയാണ്, ചിലപ്പോഴൊക്കെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തുതീർക്കാൻ ചില പാർട്ടികൾക്കു പോകുന്നത് ഒഴിവാക്കേണ്ടിവന്നേക്കാം. പക്ഷേ പ്ലാൻ അനുസരിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഇഷ്ടംപോലെ സമയം കിട്ടും, ശരിക്ക് ആസ്വദിക്കാനും പറ്റും.
ബൈബിൾതത്ത്വം: “മടിയുള്ളവരാകാതെ നല്ല അധ്വാനശീലമുള്ളവരായിരിക്കുക.”—റോമർ 12:11.
വിനോദം ആസ്വദിക്കുക—ജോലി തീർത്തതിനു ശേഷം. ചെറുപ്പക്കാരിയായ താര പറയുന്നു: “ചിലപ്പോൾ എന്റെ ലിസ്റ്റിലെ രണ്ടു ജോലികൾ ഞാൻ ചെയ്തുതീർക്കും. ‘ഇനി 15 മിനിട്ട് ടിവി കാണാം, എന്നിട്ട് ബാക്കി പണി ചെയ്യാം’ എന്നു ഞാൻ വിചാരിക്കും. 15 മിനിട്ട് 30 മിനിട്ടാകും, 30 മിനിട്ട് ഒരു മണിക്കൂറാകും. എല്ലാം കഴിഞ്ഞ് എണീക്കുമ്പോഴാണ് രണ്ടു മണിക്കൂർ പോയ കാര്യം ഞാൻ അറിയുന്നത്.”
എന്താണ് പരിഹാരം? ജോലി ചെയ്തുതീർത്തതിനുള്ള കൂലിയായി വിനോദത്തെ കാണുക. അല്ലാതെ ദിനചര്യയുടെ ഭാഗമായി കാണരുത്.
ബൈബിൾതത്ത്വം: ‘അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.’—സഭാപ്രസംഗകൻ 2:24.