യുവജനങ്ങൾ ചോദിക്കുന്നു
ഓൺലൈൻ ഫോട്ടോ ഷെയറിംഗിനെക്കുറിച്ച് ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?
നിങ്ങൾ ഒരു അടിപൊളി അവധിക്കാലം ആഘോഷിക്കുകയാണ്. നിങ്ങളുടെ കൂട്ടുകാരോട് അതെക്കുറിച്ച് എല്ലാം പറയണമെന്നുണ്ട്. പക്ഷെ, എങ്ങനെ? നിങ്ങൾ
ഓരോരുത്തർക്കും പോസ്റ്റ് കാർഡ് അയയ്ക്കുമോ?
എല്ലാ കൂട്ടുകാർക്കും ഇമെയിൽ അയയ്ക്കുമോ?
ഓൺലൈനിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുമോ?
നിങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ കാലത്ത് ആദ്യത്തെ വഴി മാത്രമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ.
അച്ഛനമ്മമാരുടെ കാലത്ത് ഇമെയിലുകൾ ഉണ്ടായിരുന്നിരിക്കാം.
ഇന്ന്, ഫോട്ടോസ് ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ അനുവാദമുള്ള ചെറുപ്പക്കാർ ആ വഴി തിരഞ്ഞെടുത്തേക്കാം. നിങ്ങളോ? നിങ്ങൾ അതാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ചതിക്കുഴികൾ ഒഴിവാക്കാൻ ഈ ലേഖനം സഹായിക്കും.
എന്താണ് പ്രയോജനങ്ങൾ?
കാര്യം പെട്ടെന്നു നടക്കും. “ഒരു നല്ല ടൂറിനു ശേഷമോ കൂട്ടുകാരുമായി അടിച്ചുപൊളിച്ചു കഴിയുമ്പോഴോ അതിന്റെ ചൂടാറുന്നതിനു മുമ്പുതന്നെ ആ ഫോട്ടോസ് എനിക്കു ഷെയർ ചെയ്യാൻ പറ്റും.”—മെലാനി.
അത് എളുപ്പമാണ്. “ഒരു ഇമെയിൽ തുറന്നു കൂട്ടുകാരെക്കുറിച്ച് അറിയുന്നതിലും വളരെ എളുപ്പമാണ് അവർ അപ്പപ്പോൾ ഇടുന്ന ഫോട്ടോകൾ കാണാൻ.”—ജോർഡാൻ.
കൂട്ടുകാരോടൊപ്പം ആയിരിക്കാം. “എന്റെ ചില കൂട്ടുകാരും ബന്ധുക്കളും വളരെ ദൂരെയാണു താമസിക്കുന്നത്. അവർ കൂടെക്കൂടെ ഇടുന്ന ഫോട്ടോകൾ കാണുമ്പോൾ, എല്ലാ ദിവസവും അവരെ കാണുന്നതുപോലെയാണ് എനിക്കു തോന്നുന്നത്.”—കാരെൻ.
എന്താണ് അപകടങ്ങൾ?
നിങ്ങൾ നിങ്ങളെത്തന്നെ അപകടത്തിലാക്കിയേക്കാം. നിങ്ങളുടെ ക്യാമറയിൽ ജിയോടാഗിംഗ് (geotagging) ഉണ്ടെങ്കിൽ, നിങ്ങൾ ഇടുന്ന ഫോട്ടോകൾ നിങ്ങൾ ഉദ്ദേശിക്കുന്നതിലും അധികം കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം. “ഇതുപോലെ ടാഗിംഗ് ഉള്ള അഥവാ കൃത്യമായ സ്ഥലവിവരങ്ങളോടു (geolocation) കൂടിയ ഫോട്ടോകളോ വീഡിയോകളോ നമ്മൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുന്നു എന്നിരിക്കട്ടെ. ഓർക്കുക, എവിടെനിന്നു വേണമെങ്കിലും ദുരുദ്ദേശ്യമുള്ള ആളുകൾക്ക് അവരുടെ കൈയിലുള്ള ചില വിദഗ്ധ ട്രാക്കിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് നമ്മുടെ കൃത്യസ്ഥലം കണ്ടുപിടിക്കാൻ കഴിയും“ എന്നു ഡിജിറ്റൽ ട്രെൻഡ്സ് എന്ന വെബ്സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു.
അതെ, ചില കള്ളന്മാർ നിങ്ങൾ എവിടെയാണ് ഉള്ളത് എന്നതിനെക്കാൾ നിങ്ങൾ എവിടെ അല്ല എന്നതിൽ തത്പരരാണ്. വീട്ടിൽ ആരുമില്ലാത്തപ്പോൾ 18 വീടുകളിൽ മൂന്നു കള്ളന്മാർ കയറി എന്നു ഡിജിറ്റൽ ട്രെൻഡ്സ് റിപ്പോർട്ടു ചെയ്തു. ആരും വീട്ടിൽ ഉണ്ടാകില്ലെന്ന് ഈ കള്ളന്മാർ എങ്ങനെയാണ് അറിഞ്ഞത്? അവർ ഇന്റർനെറ്റ് ഉപയോഗിച്ച് വീട്ടിൽ താമസിക്കുന്ന ആളുകളുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിനെ സൈബർകേസിംഗ് (cybercasing) എന്നു വിളിക്കുന്നു. 1,00,000 യു.എസ് ഡോളർ വിലവരുന്ന സാധനങ്ങളുമായി ഈ കള്ളന്മാർ കടന്നുകളഞ്ഞു.
വളരെ മോശമായ കാര്യങ്ങൾ നിങ്ങളുടെ കണ്ണിൽപ്പെട്ടേക്കാം. എന്തും പോസ്റ്റു ചെയ്യുന്നതിൽ ഒരു മടിയും ഇല്ലാത്തവരാണ് ചില ആളുകൾ. സാറ എന്ന ചെറുപ്പക്കാരി പറയുന്നത് ഇതാണ്: “നിങ്ങൾക്ക് അറിയില്ലാത്ത ആളുകളുടെ അക്കൗണ്ടുകൾ പരതുമ്പോഴാണ് നിങ്ങൾ കുഴപ്പത്തിലാകുന്നത്. പരിചയമില്ലാത്ത ഒരു നഗരത്തിലൂടെ ഒരു മാപ്പ് ഇല്ലാതെ നടക്കുന്നതുപോലെയാണ് അത്. നിങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത ഒരിടത്ത് നിങ്ങൾ എത്തിപ്പെട്ടേക്കാം.”
നിങ്ങളുടെ സമയം എളുപ്പത്തിൽ ചോർന്നു പോയേക്കാം. “പുതിയപുതിയ പോസ്റ്റുകൾ നോക്കിക്കൊണ്ടിരിക്കുന്നതിലും വരുന്ന എല്ലാ കമന്റുകൾ വായിക്കുന്നതിലും മുഴുകിപ്പോകുക എളുപ്പമാണ്,” എന്ന് യോലാൻഡ എന്നു പേരുള്ള ഒരു യുവതി പറയുന്നു. “ഓരോ മിനിറ്റും കഴിയുമ്പോൾ ഫോണിൽ പുതുതായി എന്തെങ്കിലും വന്നോ എന്ന് നോക്കുന്ന അളവോളം നിങ്ങൾ എത്തിയേക്കാം.”
സമാന്ത എന്ന ചെറുപ്പക്കാരി പറയുന്നത് ഇങ്ങനെ: “ഈ സൈറ്റുകളിൽ ചെലവഴിക്കുന്ന സമയം ഞാൻ നിയന്ത്രിക്കണം. ഒരു ഫോട്ടോ ഷെയറിംഗ് അക്കൗണ്ട് ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അത് ഉപയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് നല്ല ആത്മനിയന്ത്രണം വേണം.”
നിങ്ങൾക്കു ചെയ്യാനാകുന്നത്?
മോശവും ദോഷകരവും ആയ കാര്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചുറയ്ക്കുക. ബൈബിൾ പറയുന്നു: “വിലകെട്ടതൊന്നും ഞാൻ എന്റെ കൺമുന്നിൽ വെക്കില്ല.”—സങ്കീർത്തനം 101:3.
“എന്റെ കൂട്ടുകാരുടെ പോസ്റ്റുകൾ ഞാൻ എപ്പോഴും നോക്കാറുണ്ട്. എന്നാൽ അതിൽ എന്തെങ്കിലും മോശമായ കാര്യങ്ങൾ കണ്ടാൽപ്പിന്നെ ഞാൻ അവരുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കും (unfollow).”—സ്റ്റീവൻ.
നിങ്ങൾ വെച്ചിരിക്കുന്ന നിലവാരങ്ങൾ പ്രിയപ്പെടാത്തവരുമായി കൂട്ടുകൂടാതിരിക്കുക. കാരണം നിങ്ങൾക്കുള്ള സദാചാരബോധം അത് ഇല്ലാതാക്കിയേക്കാം. ബൈബിൾ പറയുന്നത് ഇതാണ്: “വഴിതെറ്റിക്കപ്പെടരുത്. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”—1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്.
“പലരും കണ്ടു രസിക്കുന്നു എന്നതുകൊണ്ടു മാത്രം നിങ്ങളും കാണേണ്ടതില്ല. അതിനുപുറകെ പോയാൽ പലപ്പോഴും നിങ്ങൾ അശ്ലീലം, നഗ്നത, മതത്തെ നിന്ദിക്കുന്ന കാര്യങ്ങൾ എന്നിവ കാണാൻ ഇടയായേക്കാം.”—ജെസിക്ക.
നിങ്ങൾ ഇന്റർനെറ്റിൽ എത്ര സമയം ചെലവിടും എന്നും എത്ര കൂടെക്കൂടെ പുതിയപുതിയ ഫോട്ടോകൾ ഇടും എന്നുള്ള കാര്യങ്ങളിൽ പരിധി വെക്കുക. “നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന് സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെസ്യർ 5:15, 16.
“ഒരുപാട് ഫോട്ടോകൾ പോസ്റ്റു ചെയ്യുന്നവരെ ലിസ്റ്റിൽനിന്ന് ഞാൻ ഒഴിവാക്കുന്നു (unfollow). ഉദാഹരണത്തിന്, ചിലർ ബീച്ചിൽ പോയി ഒരേ സ്ഥലത്തുനിന്ന് വ്യത്യസ്ത പോസുകളിൽ എടുത്ത 20 ഫോട്ടോകൾവരെ പോസ്റ്റ് ചെയ്യാറുണ്ട്. സത്യം. ആ ഫോട്ടോകൾ എല്ലാം നോക്കി വരുമ്പോൾ ഒരുപാട് സമയമെടുക്കും!”—റിബെക്ക.
നിങ്ങൾ പോസ്റ്റു ചെയ്യുന്ന ഫോട്ടോകളിൽ നിങ്ങൾ മാത്രമായിരിക്കരുത് നിറഞ്ഞുനിൽക്കേണ്ടത്. ബൈബിൾ എഴുത്തുകാരനായ പൗലോസ് എഴുതിയത് ഇങ്ങനെയാണ്: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്.” (റോമർ 12:3) നിങ്ങളെയും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെയും കണ്ട് കൂട്ടുകാർ മതിമറന്നിരിക്കുകയാണ് എന്നൊന്നും തെറ്റിദ്ധരിക്കരുത്.
“ചിലരുണ്ട്, അന്തമില്ലാതെ സെൽഫികൾ പോസ്റ്റ് ചെയ്യും. കൂട്ടുകാർ കാണാൻ എങ്ങനെയിരിക്കും എന്ന് എനിക്ക് നന്നായി അറിയാം. അതിന് ഇനി പ്രത്യേകിച്ച് സെൽഫി ഇട്ട് ഓർമിപ്പിക്കേണ്ട കാര്യമൊന്നുമില്ല.”—അലിസൺ.