യുവജനങ്ങൾ ചോദിക്കുന്നു
കാര്യങ്ങൾ വെച്ചുതാമസിപ്പിക്കുന്ന ശീലം എനിക്ക് എങ്ങനെ ഒഴിവാക്കാം?
ദൈനംദിനകാര്യങ്ങളും ഗൃഹപാഠവും ഒക്കെ താമസിച്ച് ചെയ്തുതീർക്കുന്ന സ്വഭാവം കാരണം നിങ്ങൾ ആകെ മടുത്തിരിക്കുകയാണോ? കാര്യങ്ങൾ പിന്നത്തേക്കു മാറ്റിവെക്കുന്ന ശീലം എങ്ങനെയെങ്കിലും ഒന്നു നിറുത്തിയാൽമതി എന്നായിരിക്കും നിങ്ങൾക്കു തോന്നുന്നത്. ഈ ശീലം മാറ്റാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും. പിൻവരുന്ന സാഹചര്യങ്ങളിൽപ്പോലും നിങ്ങൾക്ക് അതിനു കഴിയും:
ലേഖനം വായിച്ചതിനു ശേഷം ക്വിസിന്റെ ഉത്തരം കണ്ടെത്താൻ ശ്രമിച്ചുനോക്കൂ.
കാര്യങ്ങൾ നീട്ടിവെക്കുന്നതിന്റെ സങ്കടകരമായ ഒരു പരിണതഫലത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “കാറ്റിനെ നോക്കുന്നവൻ വിതയ്ക്കില്ല. മേഘത്തെ നോക്കുന്നവൻ കൊയ്യുകയുമില്ല.”—സഭാപ്രസംഗകൻ 11:4.
കാര്യങ്ങൾ നീട്ടിവെക്കാൻ ഇടയാക്കുന്ന ചില ഘടകങ്ങളും, അവ സമയത്ത് ചെയ്തുതീർക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും നമുക്കു നോക്കാം.
ജോലി വളരെ ബുദ്ധിമുട്ടായി തോന്നുന്നു.
ചില ജോലികൾ പിന്നെ ചെയ്യാമെന്നു നമ്മൾ ചിന്തിച്ചേക്കാം. അതു വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നതാകാം കാരണം. എന്നാൽ ചില നല്ല നിർദേശങ്ങൾ ഇതാ:
ജോലിയെ ചെറിയചെറിയ ഭാഗങ്ങളായി തിരിക്കുക. “ഞാൻ വളരെ പുറകിലാണെന്നു തോന്നിയാലും, ഒരു സമയത്ത് ഒരു കാര്യം ചെയ്തുകൊണ്ട് ഞാൻ അതു ചെയ്തുതീർക്കാൻ ശ്രമിക്കും” എന്നു മെലിസ എന്ന പെൺകുട്ടി പറയുന്നു.
കിട്ടുന്ന ഉടനെ ചെയ്തുതുടങ്ങുക. “ചെയ്യാനുള്ളത് പെട്ടെന്നുതന്നെ ചെയ്തുതുടങ്ങുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയിൽ ഇതു ചേർക്കുക, മനസ്സിൽ വരുന്ന സഹായകമായ കാര്യങ്ങൾ മറന്നുപോകുന്നതിനു മുമ്പ് കുറിച്ചുവെക്കുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ട് ജോലി തുടങ്ങിവെക്കാനാകും.”—വീര.
സഹായം തേടുക. നിങ്ങളുടെ മാതാപിതാക്കളും അധ്യാപകരും ഒക്കെ ഇതേ പ്രശ്നം നേരിട്ടിട്ടുണ്ടാകും. അവർ എങ്ങനെയാണ് അതു കൈകാര്യം ചെയ്തതെന്നു ചോദിച്ചുകൂടെ? കാര്യങ്ങൾ ഒന്നു ക്രമീകരിക്കാനും ഒരു പ്ലാൻ തയ്യാറാക്കാനും അവർ നിങ്ങളെ സഹായിക്കും.
ചെയ്യാനാകുന്നത് “ഒരു പ്ലാൻ തയ്യാറാക്കുക. വേണ്ടതെല്ലാം ക്രമീകരിച്ചുവെക്കുക, തയ്യാറാക്കിയ പ്ലാൻ പിൻപറ്റാൻ തീരുമാനിച്ചുറയ്ക്കുക. അങ്ങനെയാകുമ്പോൾ സമയത്തുതന്നെ എല്ലാം ചെയ്തുതീർക്കാൻ പറ്റും.”—ആബി.
ജോലി ചെയ്യാനുള്ള ഉത്സാഹം തോന്നുന്നില്ല.
പലപ്പോഴും നിങ്ങൾക്കു ചെയ്യേണ്ട ജോലിയിൽ, ഒട്ടും താത്പര്യം ഇല്ലാത്ത കാര്യങ്ങളും വന്നേക്കാം. അതുകൊണ്ട്, നിങ്ങൾക്ക് അത്ര ഇഷ്ടമല്ലാത്ത കാര്യമാണ് ചെയ്യാനുള്ളതെങ്കിൽ എന്തു ചെയ്യും? പിൻവരുന്ന നിർദേശങ്ങൾ പരീക്ഷിച്ചുനോക്കുക.
അതു പെട്ടെന്നു ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, ജോലി ചെയ്തുതീർത്തുകഴിയുമ്പോൾ നിങ്ങൾക്കു തോന്നുന്ന സംതൃപ്തി ഒന്നു ഭാവനയിൽ കണ്ടുനോക്കൂ. “കൃത്യസമയത്തോ സമയത്തിനുമുമ്പോ ഒരു കാര്യം ചെയ്തുതീർത്തിട്ട് ആശ്വാസത്തോടെയിരിക്കുമ്പോൾ തോന്നുന്ന ആ വികാരം എനിക്കു വളരെ ഇഷ്ടമാണ്” എന്ന് എയ്മി എന്ന പെൺകുട്ടി പറയുന്നു.
പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കുക. വെച്ചുതാമസിപ്പിക്കുമ്പോൾ നിങ്ങളുടെ ടെൻഷൻ കൂടും, വിജയിക്കാനുള്ള സാധ്യതയും കുറയും. “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്നു ബൈബിൾ പറയുന്നു.—ഗലാത്യർ 6:7.
തീർക്കേണ്ട തീയതി നേരത്തേയാക്കുക. “മനസ്സിനെ പറ്റിക്കാനുള്ള ഒരു പണിയാണ് ഇത്. ഒരു കാര്യം ചെയ്തുതീർക്കേണ്ട ദിവസത്തിന് ഒന്നുരണ്ടു ദിവസം മുമ്പാണ് അതു തീർക്കേണ്ടതെന്നു ചിന്തിക്കാൻ ഇത് എന്നെ സഹായിക്കുന്നു. അങ്ങനെയാകുമ്പോൾ അതു ചെയ്തുതീർത്തിട്ട് വീണ്ടും ഒന്ന് പരിശോധിക്കാൻ സമയം കിട്ടും, ഒന്നുരണ്ടു ദിവസം മിച്ചവും കിട്ടും” എന്ന് അലീഷ്യ എന്ന പെൺകുട്ടി പറയുന്നു.
ചെയ്യാനാകുന്നത് “മനോഭാവമാണ് ഇവിടെ പ്രധാനം. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അതിനു തടസ്സം നിൽക്കാൻ ഒന്നിനെയും അനുവദിക്കില്ലെന്നും നിങ്ങളോടുതന്നെ പറയുക. ഞാൻ എന്നോടുതന്നെ അങ്ങനെ പറയുമ്പോൾ നടക്കേണ്ടതുപോലെ എല്ലാം നടക്കും.”—അലക്സിസ്.
ഇപ്പോൾത്തന്നെ പല കാര്യങ്ങൾ ചെയ്യാനുണ്ട്.
“എല്ലാം വെച്ചുതാമസിപ്പിക്കുന്ന ഒരാളാണ് ഞാൻ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് ശരിയല്ല! എന്റെ തിരക്കിനെക്കുറിച്ചൊന്നും അവർക്ക് അറിയില്ല!” എന്നാണ് നേഥൻ എന്ന ചെറുപ്പക്കാരൻ പറയുന്നത്. ഇതുപോലെയാണ് നിങ്ങൾക്കും തോന്നുന്നതെങ്കിൽ പിൻവരുന്ന കാര്യങ്ങൾ പരീക്ഷിച്ചുനോക്കുക.
എളുപ്പമുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക. “അഞ്ച് മിനിട്ടുകൊണ്ട് ചെയ്യാവുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ആദ്യം ചെയ്യണം എന്ന് ഒരിക്കൽ ഒരാൾ എനിക്കു പറഞ്ഞുതന്നു. അതായത്, വൃത്തിയാക്കുക, വസ്ത്രങ്ങൾ കഴുകുക, പാത്രങ്ങൾ കഴുകുക, ഒന്ന് ഫോൺ ചെയ്യുക മുതലായ കാര്യങ്ങൾ” എന്ന് അംബർ എന്ന പെൺകുട്ടി പറയുന്നു.
മുൻഗണനകൾ വെക്കുക. ബൈബിൾ പറയുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’ (ഫിലിപ്പിയർ 1:10) ഈ ഉപദേശത്തിനു ചേർച്ചയിൽ എങ്ങനെ കാര്യങ്ങൾ ചെയ്യാം? “ചെയ്യാനുള്ള കാര്യങ്ങളും അവ ചെയ്തുതീർക്കേണ്ട തീയതിയും ഉള്ള ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കും. ഏറ്റവും പ്രധാനമായി, ഓരോ ജോലിയും എന്നാണ് തുടങ്ങേണ്ടതെന്നും തീർക്കേണ്ടതെന്നും ഞാൻ കൃത്യമായി പട്ടികപ്പെടുത്തും” എന്ന് അന്ന എന്ന പെൺകുട്ടി പറയുന്നു.
അത് ഒരു കൂച്ചുവിലങ്ങായി തോന്നുന്നുണ്ടോ? ഒന്ന് ചിന്തിച്ചേ, ഒരു പട്ടിക ഉണ്ടാക്കുമ്പോൾ ശരിക്കും നിങ്ങൾ സമയത്തെ നിയന്ത്രിക്കുകയാണ്, അല്ലാതെ സമയം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കുകയല്ല. അതു നിങ്ങളുടെ സമ്മർദം കുറയ്ക്കും. “ഒരു പ്ലാനുണ്ടെങ്കിൽ എനിക്ക് സമാധാനം തോന്നും. കാര്യങ്ങൾ വേണ്ട വിധത്തിൽ കാണാനും സഹായിക്കും,” എന്ന് കെല്ലി എന്ന പെൺകുട്ടി പറയുന്നു.
ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. “ഞാൻ ഒരു പ്രോജക്ട് ചെയ്യാൻ തുടങ്ങുമ്പോൾ അക്കാര്യം വീട്ടിൽ എല്ലാവരോടും പറയും. വീട്ടിൽ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഈ പ്രോജക്ട് തുടങ്ങുന്നതിനു മുമ്പ് എന്നോടു പറയണം എന്നും അവരോടു പറയും. കൂടാതെ ഫോണും ഇ-മെയിലും ഞാൻ ഓഫാക്കി വെക്കും” എന്നു ജെന്നിഫർ പറയുന്നു.
ചെയ്യാനാകുന്നത് “നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾത്തന്നെ ചെയ്യണം, അല്ലാതെ അതു തീരില്ല. വെറുതെ വേവലാതിപ്പെട്ടിരിക്കുന്നതിനു പകരം അതു ചെയ്തുതീർക്കുക. അങ്ങനെയാകുമ്പോൾ ബാക്കി സമയം നിങ്ങൾക്കു സ്വസ്ഥമായിരിക്കാം.”—ജോർദാൻ.