യുവജനങ്ങൾ ചോദിക്കുന്നു
ചാരിത്ര്യശപഥത്തെക്കുറിച്ച് എന്ത് പറയാം?
ചാരിത്ര്യശപഥം എന്നാൽ എന്താണ്?
വിവാഹംവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽനിന്ന് വിട്ടുനിൽക്കുമെന്ന് രേഖാമൂലമോ വാക്കാലോ എടുക്കുന്ന പ്രതിജ്ഞയാണ് ചാരിത്ര്യശപഥം.
ചാരിത്ര്യശപഥപ്രതിജ്ഞ ജനപ്രീതിയാർജിച്ചത് 1990-കളിൽ ഐക്യനാടുകളിലെ തെക്കൻ ബാപ്റ്റിസ്റ്റ് കൺവെൻഷനിൽ തുടങ്ങിവെച്ച “യഥാർഥസ്നേഹം കാത്തുനിൽക്കുന്നു” എന്ന പരിപാടിയോടെയാണ്. ബൈബിൾമൂല്യങ്ങളും സമപ്രായക്കാരുടെ നല്ല സ്വാധീനവും സമന്വയിപ്പിച്ചുകൊണ്ട് യുവജനങ്ങളെ വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധങ്ങളോട് ‘ഇല്ല’ എന്ന് പറയാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പരിപാടി.
അധികം താമസിയാതെ, ഇതുപോലുള്ളൊരു പരിപാടിയിൽ പ്രതിജ്ഞയെടുക്കുന്നവർക്ക് ഓരോ വെള്ളി മോതിരവും കൊടുത്തുതുടങ്ങി. ‘വിവാഹത്തിനു മുമ്പ് ലൈംഗികബന്ധം ഇല്ല’ എന്ന പ്രതിജ്ഞയോടുള്ള കടപ്പാട് ഓർമിപ്പിക്കാനും പ്രതീകപ്പെടുത്താനും ആയിരുന്നു ഇത്.
ചാരിത്ര്യശപഥം പ്രയോജനം ചെയ്യുമോ?
നിങ്ങൾ ആരോട് ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതിനുള്ള ഉത്തരം.
ഗവേഷകരായ ക്രിസ്റ്റീൻ സി. കിം, റോബർട്ട് റെക്ടർ എന്നിവരുടെ അഭിപ്രായത്തിൽ, “പല പഠനങ്ങളും കാണിക്കുന്നത് കൗമാരക്കാരുടെ ചാരിത്ര്യശപഥത്തിന് അവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ സാധ്യത കുറയ്ക്കാനോ കുറച്ചു കാലത്തേക്കു നിയന്ത്രിച്ച് നീട്ടിവെക്കാനോ അവർക്ക് കഴിയുന്നുണ്ട്” എന്നാണ്.
ഗുഡ്മേക്കർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങൾ കാണിക്കുന്നത്, “‘ചാരിത്ര്യശപഥം’ എടുത്ത കൗമാരക്കാർ ഈ ശപഥമെടുക്കാത്ത കൗമാരക്കാരെപ്പോലെതന്നെ ലൈംഗികബന്ധത്തിലേർപ്പെടാൻ സാധ്യതയുള്ളവരാണെന്നാണ്.”
പരസ്പരവിരുദ്ധമായ ഈ അഭിപ്രായങ്ങളുടെ കാരണം എന്താണ്?
ചില പഠനങ്ങൾ ശപഥമെടുത്തവരെയും എടുക്കാത്തവരെയും താരതമ്യം ചെയ്തത്, ലൈംഗികബന്ധം സംബന്ധിച്ച് സമാനമായ കാഴ്ചപ്പാടില്ലാത്തവർ തമ്മിലാണ്.
മറ്റ് പഠനങ്ങൾ ശപഥമെടുത്തവരെയും എടുക്കാത്തവരെയും താരതമ്യം ചെയ്തത്, ലൈംഗികബന്ധം സംബന്ധിച്ച് സമാനമായ കാഴ്ചപ്പാടുള്ളവർ തമ്മിലാണ്.
രണ്ടാമത്തെ പഠനം എന്താണ് വെളിപ്പെടുത്തിയത്? “ശപഥമെടുത്തവരും എടുക്കാത്തവരും ലൈംഗിക പെരുമാറ്റങ്ങളിൽ യാതൊരു വ്യത്യാസവും കാണിക്കുന്നില്ല” എന്ന് കൗമാരക്കാരുടെ ആരോഗ്യകാര്യങ്ങളിൽ വിദഗ്ധയായ ഡോ. ജാനറ്റ് റോസൻബാം അഞ്ച് വർഷങ്ങൾക്കു ശേഷം പറഞ്ഞു.
ഒരു മെച്ചപ്പെട്ട സമീപനം
ചാരിത്ര്യശപഥപരിപാടികൾക്ക് മഹത്തായ ഒരു ഉദ്ദേശ്യമുണ്ട്. എങ്കിലും, പ്രതിജ്ഞയെടുക്കുന്നവരിൽ വാഗ്ദാനം പാലിക്കാൻ ആവശ്യമായ മൂല്യങ്ങൾ അത് ഉളവാക്കുന്നില്ല എന്നൊരു പ്രശ്നമുണ്ട്. ചാരിത്ര്യം പാലിച്ചുകൊള്ളാമെന്ന് വാക്കുപറയുന്നവർ “ആ ശപഥം തങ്ങളുടെ വ്യക്തിത്വത്തെ സ്വാധീനിക്കാൻ അനുവദിക്കുന്നില്ല. വർജനം, ഒരു വ്യക്തിയുടെ ഉറച്ചബോധ്യത്തിൽനിന്ന് വരേണ്ടതാണ്. അല്ലാതെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതുമൂലം ഉളവാകുന്ന ഒന്നല്ല” എന്ന് ഡോ. റോസൻബാം കൂട്ടിച്ചേർത്തു.
അത്തരത്തിലുള്ള ഉറച്ചബോധ്യം ഉണ്ടായിരിക്കുന്നതിനെയാണ് ബൈബിൾ പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ, രേഖാമൂലമോ വാക്കുകൊണ്ടോ പ്രതിജ്ഞയെടുക്കുന്നതിനെ അല്ല. അതായത്, ‘ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം (യുവജനങ്ങളുടെ) വിവേചനാപ്രാപ്തിയെ പരിശീലിപ്പിക്കാൻ’ സഹായിക്കുക. (എബ്രായർ 5:14) എന്നാൽ, കേവലം രോഗമോ ഗർഭധാരണമോ ഒഴിവാക്കുന്നത് മാത്രമല്ല ചാരിത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. അത്, വിവാഹക്രമീകരണത്തിന്റെ ഉപജ്ഞാതാവിനെ ആദരിക്കാനുള്ള ഒരു മാർഗം കൂടിയാണ്.—മത്തായി 5:19; 19:4-6.
ബൈബിൾ വെക്കുന്ന നിലവാരങ്ങൾ നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ളതാണ്. (യെശയ്യാവ് 48:17) വാസ്തവത്തിൽ എല്ലാവരും—പ്രായമേതും ആയിക്കൊള്ളട്ടെ—“പരസംഗത്തിൽനിന്ന് ഓടിയകലുവിൻ” എന്ന ദൈവകല്പന അനുസരിക്കുന്നതിന് സ്വഭാവശുദ്ധി വളർത്തിയെടുക്കണം. (1 കൊരിന്ത്യർ 6:18) അങ്ങനെയാകുമ്പോൾ, അവർക്ക് വിവാഹപൂർവ ലൈംഗികത ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതായത്, ഉത്കണ്ഠയോ കുറ്റബോധമോ ഒന്നുമില്ലാതെ ആത്മാർഥതയോടെ വിവാഹജീവിതത്തിലെ സന്തോഷം ആസ്വദിക്കാൻ കഴിയും.