യുവജനങ്ങൾ ചോദിക്കുന്നു
ഡേറ്റിങ്ങ്—ഭാഗം 1: ഞാൻ ഡേറ്റിങ്ങ് ചെയ്യാറായോ?
എന്താണ് ഡേറ്റിങ്ങ്?
ചില ആളുകൾ, വെറുതെ ഒരു രസത്തിന് ചെയ്യുന്ന കാര്യമായിട്ടാണ് ഡേറ്റിങ്ങിനെ കാണുന്നത്. എന്നാൽ ഈ ലേഖനത്തിൽ “ഡേറ്റിങ്ങ്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, രണ്ടു വ്യക്തികൾ അവർ യോജിച്ച വിവാഹയിണകൾ ആയിരിക്കുമോ എന്ന് അറിയാൻ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനെയാണ്. അതുകൊണ്ട് ഡേറ്റിങ്ങിന് ഒരു ലക്ഷ്യമുണ്ട്. അല്ലാതെ എതിർലിംഗത്തിൽപ്പെട്ട ഒരാളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമുള്ള ഒരു നേരമ്പോക്കല്ല അത്.
ഡേറ്റിങ്ങിന്റെ അവസാനം നിങ്ങൾ ഒരു തീരുമാനത്തിലെത്തണം—വിവാഹം കഴിക്കണോ അല്ലെങ്കിൽ ഈ ബന്ധം അവസാനിപ്പിക്കണോ എന്ന്. അതുകൊണ്ട് ഡേറ്റിങ്ങ് തുടങ്ങുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു തീരുമാനമെടുക്കേണ്ടിവരും എന്ന കാര്യം മനസ്സിൽപ്പിടിക്കുക.
ചുരുക്കിപ്പറഞ്ഞാൽ: ഒരു വിവാഹത്തിനായി നിങ്ങൾ ഒരുക്കമാണെങ്കിൽ മാത്രമേ ഡേറ്റിങ്ങ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ.
നിങ്ങൾക്കു ഡേറ്റിങ്ങിനുള്ള സമയമായോ?
സാധ്യതയനുസരിച്ച് ഡേറ്റിങ്ങിന്റെ അവസാനം നിങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചേക്കാം. അതുകൊണ്ട് ഒരു ബന്ധത്തിന് ഗുണം ചെയ്യുന്നതോ ദോഷം ചെയ്യുന്നതോ ആയ എന്തൊക്കെ സ്വഭാവസവിശേഷതകളാണ് നിങ്ങൾക്കുള്ളത് എന്ന് ചിന്തിക്കുക. ഉദാഹരണത്തിന്:
കുടുംബബന്ധങ്ങൾ. നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും ഇടപെടുന്നത്, പ്രത്യേകിച്ചും നിങ്ങൾ ടെൻഷനിലായിരിക്കുമ്പോൾ? മിക്കവാറും ആ രീതിയിൽത്തന്നെയായിരിക്കും ഭാവിയിൽ നിങ്ങൾ വിവാഹയിണയോട് ഇടപെടാൻപോകുന്നത്.
ബൈബിൾതത്ത്വം: “എല്ലാ തരം പകയും കോപവും ക്രോധവും ആക്രോശവും അസഭ്യസംസാരവും ഹാനികരമായ എല്ലാ കാര്യങ്ങളും നിങ്ങളിൽനിന്ന് നീക്കിക്കളയുക.”—എഫെസ്യർ 4:31.
സ്വയം ചോദിക്കുക: ‘ഞാൻ ആദരവോടെയാണ് വീട്ടിൽ ഇടപെടുന്നതെന്ന് എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും പറയുമോ? അവരിൽ ആരെങ്കിലുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഞാൻ അതു ശാന്തമായിട്ടാണോ കൈകാര്യം ചെയ്യുന്നത്? അതോ ഞാൻ ദേഷ്യപ്പെട്ട് അവരോട് പൊട്ടിത്തെറിക്കുകയാണോ ചെയ്യാറ്?’
ആത്മത്യാഗം. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ഇണയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് നിങ്ങൾ ചില ത്യാഗങ്ങൾ ചെയ്യേണ്ടിവന്നേക്കാം.
ബൈബിൾതത്ത്വം: “തനിക്ക് എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നാണ് ഓരോരുത്തരും നോക്കേണ്ടത്.”—1 കൊരിന്ത്യർ 10:24.
സ്വയം ചോദിക്കുക: ‘എന്റെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ നീങ്ങണമെന്നാണോ ഞാൻ എപ്പോഴും ചിന്തിക്കുന്നത്? വിട്ടുവീഴ്ച കാണിക്കാൻ മനസ്സുള്ള ഒരാളായിട്ടാണോ മറ്റുള്ളവർ എന്നെ കാണുന്നത്? എന്റെ ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നതെന്ന് ഏതൊക്കെ വിധങ്ങളിൽ ഞാൻ കാണിച്ചിട്ടുണ്ട്?’
താഴ്മ. ഒരു നല്ല വിവാഹയിണയാണെങ്കിൽ തെറ്റുകൾ പറ്റുമ്പോൾ അതു സമ്മതിക്കുകയും ആത്മാർഥമായി ക്ഷമ ചോദിക്കുകയും ചെയ്യും.
ബൈബിൾതത്ത്വം: “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.”—യാക്കോബ് 3:2, അടിക്കുറിപ്പ്.
സ്വയം ചോദിക്കുക: ‘എന്റെ തെറ്റുകൾ ഞാൻ പെട്ടെന്നുതന്നെ സമ്മതിക്കാറുണ്ടോ? അതോ ഞാൻ ന്യായീകരിക്കാനാണോ ശ്രമിക്കുന്നത്? ആരെങ്കിലും ഉപദേശം തരുമ്പോൾ എനിക്ക് ബുദ്ധിമുട്ടും ദേഷ്യവും ആണോ തോന്നാറ്?’
പണം കൈകാര്യം ചെയ്യുന്നത്. ഉത്തരവാദിത്വത്തോടെ പണം കൈകാര്യം ചെയ്യുന്നെങ്കിൽ വിവാഹജീവിതത്തിൽ ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.
ബൈബിൾതത്ത്വം: “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയിലുണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ് കണക്കുകൂട്ടിനോക്കില്ലേ?”—ലൂക്കോസ് 14:28.
സ്വയം ചോദിക്കുക: ‘എനിക്ക് എന്റെ ചെലവുകൾ നിയന്ത്രിക്കാനാകുന്നുണ്ടോ? അതോ ഞാൻ കൂടെക്കൂടെ കടത്തിലാകുകയാണോ? പണം ഉത്തരവാദിത്വത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ എങ്ങനെയെല്ലാം കാണിച്ചിട്ടുണ്ട്?’
ആത്മീയദിനചര്യ. നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാണെങ്കിൽ നിങ്ങൾ ക്രമമായി ബൈബിൾ പഠിക്കുകയും ക്രിസ്തീയയോഗങ്ങളിൽ പങ്കുപറ്റുകയും വേണം.
ബൈബിൾതത്ത്വം: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”—മത്തായി 5:3.
സ്വയം ചോദിക്കുക: ‘ആത്മീയാരോഗ്യം നിലനിറുത്താൻ ഞാൻ നല്ല ശ്രമം ചെയ്യുന്നുണ്ടോ? ആത്മീയകാര്യങ്ങൾക്കാണോ ഞാൻ പ്രാധാന്യം കൊടുക്കുന്നത്, മറ്റു കാര്യങ്ങൾ അതിന് തടസ്സമാകുന്നുണ്ടോ?’
ചുരുക്കിപ്പറഞ്ഞാൽ: നിങ്ങൾക്ക് നല്ലൊരു വിവാഹപങ്കാളിയെ കിട്ടണമെങ്കിൽ നിങ്ങൾതന്നെ നല്ല ഗുണങ്ങളുള്ള ഒരു വിവാഹപങ്കാളിയാകാൻ ശ്രമിക്കണം. കാരണം നിങ്ങളുടെ നല്ല ഗുണങ്ങൾ കാണുമ്പോൾ അതുപോലുള്ള ഒരാൾക്ക് നിങ്ങളോട് ഇഷ്ടം തോന്നാൻ ഇടയുണ്ട്.