യുവജനങ്ങൾ ചോദിക്കുന്നു
ഞാനൊരു നാണംകുണുങ്ങി ആയിപ്പോയല്ലോ!
അതുകൊണ്ടുള്ള കുഴപ്പം: നാണം കാരണം നിങ്ങൾക്ക് ചിലപ്പോൾ നഷ്ടപ്പെടുന്നത് നല്ല സൗഹൃദങ്ങളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും ആയിരിക്കും.
അതുകൊണ്ടുള്ള മെച്ചം: നാണമുള്ള സ്വഭാവംകൊണ്ട് പ്രയോജനങ്ങളുമുണ്ട്. അങ്ങനെയാകുമ്പോൾ സംസാരിക്കുന്നതിനു മുമ്പ് നിങ്ങൾ ഒന്നു ചിന്തിക്കും. അതുപോലെ കാര്യങ്ങൾ നന്നായി നിരീക്ഷിക്കാനും മറ്റുള്ളവർ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കാനും നിങ്ങൾ മനസ്സുള്ളവർ ആയിരിക്കും.
പ്രതീക്ഷയ്ക്ക് വകയുണ്ടോ: ഇത് ഒരിക്കലും മാറ്റം വരുത്താൻ പറ്റാത്ത ഒരു പ്രശ്നമല്ല. അതുകൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾക്കാകും. അത് എങ്ങനെ കഴിയുമെന്ന് ഈ ലേഖനം കാണിച്ചുതരും.
പേടി തോന്നാനുള്ള കാരണങ്ങൾ തിരിച്ചറിയുക
നിങ്ങളൊരു നാണംകുണുങ്ങി ആണെങ്കിൽ മറ്റുള്ളവരോട് നേരിട്ട് സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ ചിലപ്പോൾ നിങ്ങളുടെ കൈയും കാലും വിറയ്ക്കും. അങ്ങനെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുന്നതുപോലെ തോന്നും, ഇരുട്ടുള്ള ഒരു മുറിയിൽ തനിച്ചിരിക്കുന്നതുപോലെ. അത് നിങ്ങളെ വിഷമിപ്പിക്കും. പക്ഷേ നിങ്ങളുടെ ഉള്ളിലെ പേടി എന്താണെന്നുള്ളത് തിരിച്ചറിഞ്ഞാൽ അത് അത്ര വലിയ കാര്യമല്ലെന്ന് നിങ്ങൾക്കുതന്നെ മനസ്സിലാകും. പൊതുവേ ആളുകളെ പുറകോട്ടു വലിക്കുന്ന മൂന്നു കാരണങ്ങൾ നോക്കാം.
പേടി തോന്നാനുള്ള ഒന്നാമത്തെ കാരണം: “എന്താണു സംസാരിക്കേണ്ടത് എന്ന് എനിക്കറിയില്ല.”
സത്യാവസ്ഥ: പൊതുവേ നിങ്ങൾ എന്തു പറയുന്നു എന്നതിനെക്കാൾ നിങ്ങൾ അവരോട് എങ്ങനെ ഇടപെടുന്നു എന്നതായിരിക്കും അവർ ഓർത്തിരിക്കുക. അതുകൊണ്ട് മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കാം. അങ്ങനെ നന്നായി കേട്ടിരിക്കുന്ന ഒരാളാകുമ്പോൾ ഈ പേടി ഒരു കുഴപ്പം അല്ലാതെയാകും.
ചിന്തിക്കാനായി: എങ്ങനെയുള്ള ഒരു കൂട്ടുകാരനെയാണ് നിങ്ങൾ ഇഷ്ടപ്പെടുക? എപ്പോഴും വാതോരാതെ സംസാരിക്കുന്ന ഒരാളെയാണോ? അതോ നന്നായി ശ്രദ്ധിച്ചുകേൾക്കുന്ന ഒരാളെയാണോ?
പേടി തോന്നാനുള്ള രണ്ടാമത്തെ കാരണം: “ഞാൻ ഒരു ബോറനാണെന്ന് ആളുകൾ ചിന്തിച്ചാലോ.”
സത്യാവസ്ഥ: നിങ്ങൾ നാണിച്ചിരുന്നാലും ഇല്ലെങ്കിലും ആളുകൾക്ക് എന്തായാലും നിങ്ങളെ കുറിച്ച് ഒരു അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഈ പേടി മാറ്റി വെച്ച് നിങ്ങൾ ശരിക്കും എങ്ങനെയുള്ളവരാണെന്ന് അവർക്ക് കാണിച്ചുകൊടുക്കുക. അങ്ങനെയാകുമ്പോൾ കുറച്ചുകൂടി നല്ല അഭിപ്രായം ആളുകൾക്ക് നിങ്ങളെപ്പറ്റി ഉണ്ടാകും.
ചിന്തിക്കാനായി: എല്ലാവരും നിങ്ങളെക്കുറിച്ച് മോശമായി ചിന്തിക്കും എന്നായിരിക്കാം നിങ്ങൾ കരുതുന്നത്. പക്ഷേ അവർ അങ്ങനെ ചിന്തിക്കുമെന്ന് നിങ്ങൾ പേടിച്ചാൽ ശരിക്കും നിങ്ങളല്ലേ അവരെക്കുറിച്ച് എഴുതാപ്പുറം വായിക്കുന്നത്?
പേടി തോന്നാനുള്ള മൂന്നാമത്തെ കാരണം: “പറഞ്ഞത് എന്തെങ്കിലും തെറ്റിപ്പോയാൽ ഞാനാകെ നാണംകെടില്ലേ.”
സത്യാവസ്ഥ: ഇടയ്ക്കൊക്കെ എല്ലാവർക്കും അങ്ങനെയൊക്കെ സംഭവിക്കും. ആ പേടി മാറ്റാനുള്ള വഴി ഇതാണ്: മണ്ടത്തരങ്ങളൊക്കെ പറ്റുമ്പോൾ നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ അധികം ചിന്തിക്കുന്നില്ലെന്നു കാണിക്കാനുള്ള അവസരങ്ങളായി അതിനെ കാണാം.
ചിന്തിക്കാനായി: എനിക്ക് തെറ്റുകളൊക്കെ പറ്റുന്നുണ്ട് എന്നു സമ്മതിക്കുന്ന ഒരാളോടു കൂട്ടുകൂടാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ?
നിങ്ങൾക്ക് അറിയാമോ? കുറെ മെസ്സേജുകൾ അയക്കുന്നതുകൊണ്ട് തങ്ങൾ നാണംകുണുങ്ങികൾ അല്ലെന്ന് ചിലർ ചിന്തിക്കുന്നു. പക്ഷേ യഥാർഥ സൗഹൃദങ്ങൾ ഉണ്ടാകണമെങ്കിൽ നമ്മൾ ആളുകളെ നേരിട്ട് കണ്ട് സംസാരിക്കണം. സൈക്കോളജിസ്റ്റും സാങ്കേതികവിദഗ്ധയുമായ ഷെറി ടർക്കിൾ എഴുതുന്നു: “നമ്മൾ ആളുകളെ നേരിട്ട് കാണുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോഴേ ശരിക്കും പരസ്പരം അടുക്കാൻ കഴിയൂ.” a
നിങ്ങൾ ചെയ്യേണ്ടത്
താരതമ്യപ്പെടുത്താതിരിക്കുക. നിങ്ങൾ എപ്പോഴും ആളുകളെ രസിപ്പിക്കുന്ന ഒരാൾ ആയിരിക്കണമെന്നില്ല. പകരം പുറകോട്ടുവലിയുന്ന നിങ്ങളുടെ ശീലം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയാകുമ്പോൾ നല്ല സൗഹൃദങ്ങളും ജീവിതത്തിലെ നല്ല നിമിഷങ്ങളും നിങ്ങൾക്ക് നഷ്ടമാകില്ല.
“നിങ്ങൾ നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കണം എന്നോ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റണം എന്നോ ഒന്നുമില്ല. നിങ്ങളെത്തന്നെ ഒന്നു പരിചയപ്പെടുത്തുക അല്ലെങ്കിൽ അവരോട് എന്തെങ്കിലും ചോദിക്കുക.”—അലീസിയ.
ബൈബിൾ തത്ത്വം: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാത്യർ 6:4.
നന്നായി നിരീക്ഷിക്കുക. എളുപ്പം ആളുകളോട് അടുക്കാൻ കഴിയുന്നവരെ നിരീക്ഷിക്കുക. അവർ എങ്ങനെയാണ് മറ്റുള്ളവരോടു സംസാരിക്കുന്നത് എന്നു ശ്രദ്ധിക്കുക. എന്താണ് അവരുടെ വിജയം? അവർക്കും എന്തൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്? അവരുടെ എന്തെല്ലാം നല്ല കഴിവുകൾ നിങ്ങൾക്ക് പകർത്താൻ കഴിയും?
“പെട്ടെന്ന് ആളുകളോട് കൂട്ടുകൂടാൻ കഴിയുന്നവരെ കണ്ടു പഠിക്കുക. ആദ്യമേ കണ്ടുമുട്ടുന്നവരോട് അവർ എങ്ങനെയാണ് സംസാരിക്കുന്നത്, എങ്ങനെയാണ് ഇടപെടുന്നത് എന്നൊക്കെ ശ്രദ്ധിക്കുക.”—ആരെൻ.
ബൈബിൾ തത്ത്വം: “ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ കൂട്ടുകാരനു മൂർച്ച കൂട്ടുന്നു.”—സുഭാഷിതങ്ങൾ 27:17.
ചോദ്യങ്ങൾ ചോദിക്കുക. ഒരു കാര്യത്തെക്കുറിച്ച് എന്താണു തോന്നുന്നതെന്ന് പറയാൻ ആളുകൾക്ക് പൊതുവേ ഇഷ്ടമാണ്. അതുകൊണ്ട് സംസാരിച്ചുതുടങ്ങാനുള്ള നല്ലൊരു വഴി അവരോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുന്നതാണ്. അങ്ങനെയാകുമ്പോൾ നിങ്ങളിലേക്ക് അധികം ശ്രദ്ധ വരില്ല.
“മുന്നമേ ഒന്നു റെഡി ആയിരിക്കുന്നത് ടെൻഷൻ കുറയ്ക്കാൻ നല്ലതാണ്. ഒരു പരിപാടിക്ക് പോകുന്നതിനു മുമ്പ് എന്തിനെക്കുറിച്ചൊക്കെ ആളുകളോടു സംസാരിക്കാം, എന്തൊക്കെ അവരോടു ചോദിക്കാം എന്നൊക്കെ ചിന്തിച്ചു വെക്കുകയാണെങ്കിൽ പുതിയ ആളുകളെ പരിചയപ്പെടാൻ നിങ്ങൾക്ക് പേടി തോന്നില്ല.”—അലന.
ബൈബിൾ തത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
a ആശയവിനിമയം പുനരാരംഭിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.