യുവജനങ്ങൾ ചോദിക്കുന്നു
എല്ലാ പാട്ടും കേൾക്കാൻ കൊള്ളാകുന്നവയാണോ?
“പാട്ട് കേട്ടുകൊണ്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. കാറിൽ കയറുമ്പോഴേ പാട്ട് ഓണാക്കും. ഇനി, വീട്ടിലായിരിക്കുമ്പോൾ വിശ്രമിക്കുകയോ വൃത്തിയാക്കുകയോ വായിക്കുകയോ ചെയ്യുമ്പോഴൊക്കെ പിന്നണിയിൽ പാട്ട് ഉണ്ടായിരിക്കും. പാട്ട് കേൾക്കാത്ത ഒരു സമയം പോലുമില്ല.”—കാർല
പാട്ട് കേൾക്കുന്ന കാര്യത്തിൽ കാർലയെപ്പോലെയാണോ നിങ്ങൾ? എങ്കിൽ, പാട്ട് കേൾക്കുന്നതിന്റെ ഗുണങ്ങളും പതിയിരിക്കുന്ന അപകടങ്ങളും മനസ്സിലാക്കാനും നല്ല പാട്ട് തിരഞ്ഞെടുക്കാനും ഈ ലേഖനം നിങ്ങളെ സഹായിക്കും.
ഗുണങ്ങൾ
പാട്ട് കേൾക്കുന്നതിനെ ഭക്ഷണം കഴിക്കുന്നതിനോട് താരതമ്യപ്പെടുത്താം. ശരിയായ തരവും ശരിയായ അളവും ആണെങ്കിൽ രണ്ട് കാര്യവും ഗുണം ചെയ്യും. എങ്ങനെയെന്ന് നോക്കാം:
നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തിയേക്കും.
“ഏതെങ്കിലും ഒരു ദിവസം മോശമാണെങ്കിൽ എനിക്ക് ഇഷ്ടപ്പെട്ട പാട്ട് കേൾക്കും, പെട്ടെന്നുതന്നെ എനിക്ക് ആശ്വാസവും കിട്ടും.”—മാർക്ക്.
മധുരസ്മരണകളിലേക്ക് കൊണ്ടുപോകും.
“ചില പാട്ടുകൾ പഴയകാല ഓർമകൾ ഉണർത്തും, അത് കേൾക്കുമ്പോഴൊക്കെ എനിക്ക് സന്തോഷം തോന്നും.”—ഷീല.
ശക്തമായ ഐക്യബോധം സൃഷ്ടിക്കാൻ സംഗീതത്തിനു കഴിയും.
“യഹോവയുടെ സാക്ഷികളുടെ ഒരു അന്താരാഷ്ട്ര കൺവെൻഷനിലായിരുന്നു ഞാൻ. എല്ലാവരും ചേർന്ന് സമാപനഗീതം പാടിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി. ഞങ്ങൾ പല ഭാഷക്കാരായിരുന്നെങ്കിലും ആ പാട്ട് ഞങ്ങളെ ഒന്നിപ്പിച്ചു.”—ടാമി.
നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ സംഗീതം സഹായിക്കും.
“ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുന്നത് അച്ചടക്കവും ക്ഷമാശീലവും വളർത്തിയെടുക്കാൻ സഹായിക്കും. അത്, അത്ര പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുന്നതല്ലെങ്കിലും സ്ഥിരപരിശ്രമമുണ്ടെങ്കിൽ നിങ്ങൾക്ക് അതിന് സാധിക്കും.”—അന്ന.
നിങ്ങൾക്ക് അറിയാമോ? ബൈബിളിലെ ഏറ്റവും വലിയ പുസ്തകമായ സങ്കീർത്തനങ്ങൾ 150 പാട്ടുകളുടെ സമാഹാരമാണ്.
പതിയിരിക്കുന്ന അപകടങ്ങൾ
കേടായ ഭക്ഷണം പോലെ ചില പാട്ടുകളും ഹാനികരമാണ്. എന്തുകൊണ്ട്?
ലൈംഗികകാര്യങ്ങൾ പച്ചയായി വർണിക്കുന്നതാണ് ചില പാട്ടുകൾ.
“ജനപ്രീതിയാർജിച്ച മിക്ക പാട്ടുകളും ലൈംഗികതയെ വർണിക്കുന്നവയാണ്. വന്നുവന്ന് യാതൊരു മറയുമില്ലാതായിരിക്കുന്നു.”—ഹന്ന.
ബൈബിൾ പറയുന്നത്: “പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്.” (എഫെസ്യർ 5:3) ‘ആ ബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ പാട്ടുകൾ നിങ്ങൾക്ക് ഒരു തടസ്സമാണോ?’ എന്ന് സ്വയം ചോദിക്കുക.
ചില പാട്ടുകൾക്ക് നിങ്ങളെ ദുഃഖത്തിലാഴ്ത്താൻ കഴിയും.
“ചില ദിവസങ്ങളിൽ ഞാൻ രാവേറുന്നതുവരെ പാട്ടുകേട്ടുകൊണ്ടിരിക്കും, അത് എന്നെ, ദുഃഖിപ്പിക്കുന്നതും വിഷാദത്തിന് അടിമപ്പെടുത്തുന്നതും ആയ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കാൻ പ്രേരിപ്പിക്കും. ശോകഗാനങ്ങൾക്ക് എന്റെ ഉള്ളിൽ വിഷാദചിന്തകൾ നിറയ്ക്കാൻ കഴിയും.”—ടാമി.
ബൈബിൾ പറയുന്നത്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക.” (സദൃശവാക്യങ്ങൾ 4:23) ‘മനസ്സിടിച്ചുകളയുന്ന ചിന്തകളിൽ മുഴുകാൻ ഞാൻ തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഇടയാക്കുന്നുണ്ടോ?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക.
ചില പാട്ടുകൾക്ക് നിങ്ങളെ കോപാകുലരാക്കാൻ കഴിയും.
“കോപാവേശവും ആത്മനിന്ദയും വെറുപ്പും ഉള്ള പാട്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം ഒളിഞ്ഞിരിക്കുന്ന അപകടങ്ങളാണ്. അത്തരത്തിലുള്ള പാട്ടുകൾ എന്റെ മനസ്സിനെ ബാധിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. എന്നിലെ മാറ്റം വീട്ടുകാരും ശ്രദ്ധിച്ചിട്ടുണ്ട്.”—ജോൺ.
ബൈബിൾ പറയുന്നത്: “ക്രോധം, കോപം, വഷളത്തം, ദൂഷണം എന്നിവയൊക്കെയും പാടേ ഉപേക്ഷിക്കുക. ഒരു അശ്ലീലഭാഷണവും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.” (കൊലോസ്യർ 3:8) ‘ഞാൻ കേൾക്കുന്ന പാട്ടുകൾ എന്നിൽ അക്രമസ്വഭാവം ഉളവാക്കുകയോ മറ്റുള്ളവരോട് പരിഗണനയില്ലാതെ ഇടപെടാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ?’ എന്ന് നിങ്ങളോടുതന്നെ ചോദിക്കുക.
ചുരുക്കത്തിൽ, നല്ല പാട്ടുകൾ തിരഞ്ഞെടുത്ത് കേൾക്കുക. കൗമാരക്കാരിയായ ജൂലി കണ്ടെത്തിയ പരിഹാരം ഇതാണ്: “ഞാൻ കേൾക്കുന്ന കാര്യങ്ങൾ പതിവായി വിശകലനം ചെയ്യുകയും ഉചിതമല്ലാത്തവ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ നീക്കിക്കളയുകയും ചെയ്യും. ഇത് എല്ലായ്പോഴും അത്ര എളുപ്പമല്ലെങ്കിലും അതാണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാം.”
സമാനമായ അഭിപ്രായമാണ് ചെറുപ്പക്കാരിയായ താരയ്ക്കുള്ളത്. അവൾ പറയുന്നു: “ചില സമയങ്ങളിൽ നല്ല താളമേളങ്ങളുടെ അകമ്പടിയോടെ ചില പാട്ടുകൾ റേഡിയോയിൽ കേൾക്കാറുണ്ട്. എന്നാൽ അതിലെ വരികൾ ഒന്ന് അടുത്ത് ശ്രദ്ധിക്കുമ്പോൾ അത്ര പന്തിയല്ലെന്നും സ്റ്റേഷൻ മാറ്റേണ്ടതാണെന്നും എനിക്ക് മനസ്സിലാകും. ഇത്, വളരെ രുചികരമായ ഒരു കേക്ക് ഒന്നു കടിച്ചതിന് ശേഷം വേണ്ടെന്നുവെക്കുന്നതു പോലെയാണ്! ലൈംഗികതയെക്കുറിച്ചുള്ള ഒരു പാട്ട് വേണ്ടെന്നുവെക്കാൻ കഴിഞ്ഞാൽ വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തള്ളിക്കളയാനും എനിക്ക് കഴിയും. അതുകൊണ്ട്, ഞാൻ കേൾക്കുന്ന പാട്ടുകൾക്ക് എന്റെ മേലുള്ള സ്വാധീനം കുറച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”