യുവജനങ്ങൾ ചോദിക്കുന്നു
മാന്ത്രികം കളിതമാശയോ?
നിങ്ങൾക്ക് എന്തു തോന്നുന്നു?
ജാതകം നോക്കുന്നതിലോ ഭാവി നോക്കുന്നതിലോ ഓജോ ബോർഡ് ഉപയോഗിക്കുന്നതിലോ എന്തെങ്കിലും കുഴപ്പമുണ്ടോ?
മാന്ത്രികകഥകൾ, നന്മയും തിന്മയും തമ്മിലുള്ള വെറും പോരാട്ടത്തിന്റെ കഥകൾ മാത്രമാണോ, അതോ കൂടുതലായി അതിൽ എന്തെങ്കിലുമുണ്ടോ?
ആത്മവിദ്യ ഇത്ര ആകർഷകമായി തോന്നുന്നത് എന്തുകൊണ്ടാണെന്നും അക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണെന്നും ഈ ലേഖനത്തിൽ കാണാം.
അതിനെ ആകർഷകമാക്കുന്നത് എന്താണ്?
മാന്ത്രികവിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ വിനോദമേഖല കാശു വാരുന്നത്. ഇതിനെ ചുറ്റിപ്പറ്റിയാണു മിക്ക സിനിമകളും ടിവി പരിപാടികളും വീഡിയോ ഗെയിമുകളും പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്. പല ചെറുപ്പക്കാർക്കും ജ്യോതിഷം, ഭൂതവിദ്യ, യക്ഷി, പ്രേതം എന്നീ വിഷയങ്ങളിലാണു ഹരം. എന്താണ് അതിനു കാരണം? ചിലത് ഇതാണ്:
ആകാംക്ഷ: ആത്മാക്കളുണ്ടോ എന്നു കണ്ടുപിടിക്കാൻ
ആകുലത: ഭാവിയിൽ എന്തു സംഭവിക്കുമെന്നു കണ്ടുപിടിക്കാൻ
ബന്ധപ്പെടാൻ: മരിച്ചുപോയ പ്രിയപ്പെട്ടവരോടു സംസാരിക്കാൻ
ഈ ആഗ്രഹങ്ങളൊന്നും അതിൽത്തന്നെ തെറ്റല്ല. ഉദാഹരണത്തിന്, ഭാവി അറിയാനും മരിച്ചുപോയ പ്രിയപ്പെട്ടവരെ കാണാനും ഉള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അപകടങ്ങളുമുണ്ട്.
ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിൾ, ആത്മവിദ്യയുമായി ബന്ധപ്പെട്ട എല്ലാത്തിനും എതിരെ ശക്തമായ മുന്നറിയിപ്പു തരുന്നു. ഉദാഹരണത്തിന്, ബൈബിൾ പറയുന്നു:
“ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്. ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്.”—ആവർത്തനം 18:10-12.
ബൈബിൾ എന്തുകൊണ്ടാണ് ആത്മവിദ്യയെ ശക്തമായി എതിർക്കുന്നത്?
ആത്മവിദ്യ ഭൂതങ്ങളുമായി സമ്പക്കർത്തിൽ വരാൻ പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾ പഠിപ്പിക്കുന്നതനുസരിച്ച് ചില ദൂതന്മാർ ദൈവത്തെ ധിക്കരിച്ച് ദൈവത്തിന്റെ ശത്രുക്കളായി മാറി. (ഉൽപത്തി 6:2; യൂദ 6) ഈ ദുഷ്ടരായ ദൂതന്മാരെ ഭൂതങ്ങൾ എന്നാണു വിളിക്കുന്നത്. അവർ ആത്മാക്കളുടെ ഉപദേശം തേടുന്നവരിലൂടെയും ഭാവി പറയുന്നവരിലൂടെയും ജ്യോതിഷക്കാരിലൂടെയും ആളുകളെ വഴി തെറ്റിക്കുന്നു. അതുകൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ നമ്മൾ ദൈവത്തിന്റെ ശത്രുക്കളുമായി കൂട്ടുകൂടുന്നതുപോലെയായിരിക്കും.
ചില ആളുകൾക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമെന്ന തെറ്റായ വിശ്വാസം ആത്മവിദ്യയുടെ ഭാഗമാണ്. എന്നാൽ ‘തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു മുൻകൂട്ടിപ്പറയാനും, ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കാനും’ ദൈവത്തിനു മാത്രമേ കഴിയൂ.—യശയ്യ 46:10; യാക്കോബ് 4:13, 14.
മരിച്ചുപോയവർക്കു ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാൻ പറ്റുമെന്ന തെറ്റായ വിശ്വാസം ആത്മവിദ്യയിലൂടെ പ്രചരിക്കുന്നു. എന്നാൽ ബൈബിൾ പറയുന്നതു“മരിച്ചവർ ഒന്നും അറിയുന്നില്ല. . . . ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല” എന്നാണ്.—സഭാപ്രസംഗകൻ 9:5, 10.
ഈ കാരണങ്ങൾകൊണ്ട് യഹോവയുടെ സാക്ഷികൾ ആത്മവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഒഴിവാക്കുന്നു. ഭൂതപ്രേതപിശാചുക്കളുമായി ബന്ധപ്പെട്ട വിനോദപരിപാടികളും അവർ ഒഴിവാക്കുന്നു. മരിയ എന്ന ചെറുപ്പക്കാരി പറയുന്നു: “ആത്മവിദ്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പിന്നെ ഞാൻ ആ പരിപാടി കാണില്ല.” a
നിങ്ങൾക്കു ചെയ്യാനാകുന്നത്
മാന്ത്രികവിദ്യയുമായി ബന്ധപ്പെട്ട വിനോദപരിപാടികളും മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കിക്കൊണ്ട് യഹോവയുടെ മുമ്പാകെ “ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ” നിങ്ങൾ തീരുമാനിച്ച് ഉറയ്ക്കുക.—പ്രവൃത്തികൾ 24:16.
മാന്ത്രികവിദ്യയുമായി ബന്ധപ്പെട്ട് നിങ്ങളുടെ കൈയിലുള്ള എല്ലാ സാധനങ്ങളും നശിപ്പിക്കുക. പ്രവൃത്തികൾ 19:19, 20-ൽനിന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ കാര്യത്തിൽ വെച്ച നല്ല മാതൃക വായിച്ച് മനസ്സിലാക്കൂ.
ഓർക്കുക: മാന്ത്രികവിദ്യയുമായി ബന്ധപ്പെട്ട വിനോദപരിപാടികൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കുമ്പോൾ നിങ്ങൾ യഹോവയുടെ പക്ഷത്തു നിൽക്കുകയാണ്. അത് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സുഭാഷിതങ്ങൾ 27:11.
a എല്ലാ കല്പിതകഥകളും ആത്മവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഇതിന് അർഥമില്ല. എങ്കിലും ആത്മവിദ്യയുമായി ബന്ധപ്പെട്ട വിനോദപരിപാടികൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ ക്രിസ്ത്യാനികൾ അവരുടെ ബൈബിൾപരിശീലിത മനസ്സാക്ഷി ഉപയോഗിക്കുന്നു.—2 കൊരിന്ത്യർ 6:17; എബ്രായർ 5:14.