യുവജനങ്ങൾ ചോദിക്കുന്നു
ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്?—ഭാഗം 2: വേദനയിൽനിന്ന് കരകയറാൻ
കുറ്റബോധവുമായി മല്ലിടുമ്പോൾ
ലൈംഗികപീഡനത്തിന് ഇരയായ പലർക്കും, ആ സംഭവത്തെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജയും അപമാനവും തോന്നുന്നു. അവരുടെതന്നെ തെറ്റുകൊണ്ടാണ് അതെല്ലാം സംഭവിച്ചത് എന്നുപോലും അവർ ചിന്തിച്ചേക്കാം. 6 വയസ്സുമുതൽ 13 വയസ്സുവരെ ലൈംഗികപീഡനം സഹിച്ച 19-കാരിയായ ക്യാരൻ പറയുന്നത് ഇതാണ് : “അതെക്കുറിച്ചുള്ള കുറ്റബോധമാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്. ‘അത്രയും കാലം ഞാൻ അത് എന്തിന് അനുവദിച്ചുകൊടുത്തു’ എന്നു ഞാൻ ചിന്തിക്കുമായിരുന്നു.”
നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക:
ലൈംഗികതയിൽ ഏർപ്പെടാൻ കുട്ടികൾ വൈകാരികമായോ ശാരീരികമായോ വളർന്നിട്ടില്ല. അത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നും അവർക്ക് അറിയില്ല. അതുകൊണ്ടുതന്നെ മുതിർന്ന ഒരാളെപ്പോലെ, എല്ലാം അറിഞ്ഞുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കുട്ടികൾ പ്രാപ്തരല്ല. അതിന്റെ അർഥം, കുട്ടികളുടെ തെറ്റുകൊണ്ടല്ല അവർ ലൈംഗികചൂഷണത്തിന് ഇരയാകുന്നത് എന്നാണ്.
മുതിർന്നവരെ പെട്ടെന്നു വിശ്വസിക്കാൻ ചായ്വുള്ളവരാണു കുട്ടികൾ. ‘പിള്ള മനസ്സിൽ കള്ളമില്ലാത്തതുകൊണ്ട്’ മോശമായ ആളുകളുടെ തന്ത്രങ്ങളൊന്നും അവർക്കു മനസ്സിലാകില്ല. നിഷ്കളങ്കതയ്ക്കുള്ള അവകാശം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർ സമർഥരായ ‘തട്ടിപ്പുകാരാണ്.’ അവരുടെ കുതന്ത്രങ്ങളൊന്നും കുട്ടികൾക്കു തിരിച്ചറിയാൻ പറ്റില്ല.”
ചൂഷണം ചെയ്യപ്പെടുന്ന സമയത്ത് ചിലപ്പോൾ കുട്ടികളുടെ ശരീരം ലൈംഗികമായി ഉണർന്നേക്കാം. നിങ്ങൾക്കും അങ്ങനെ ചിലത് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട. കാരണം, ഒരു പ്രത്യേകരീതിയിൽ നിങ്ങളുടെ ശരീരത്തിൽ തൊട്ടാൽ, ശരീരം അങ്ങനെ പ്രതികരിക്കുന്നതു സ്വാഭാവികം മാത്രമാണ്. നിങ്ങൾ മനഃപൂർവം ആ ചൂഷണത്തിനു വഴങ്ങിക്കൊടുത്തതാണെന്നോ തെറ്റു നിങ്ങളുടെ ഭാഗത്താണെന്നോ അത് അർഥമാക്കുന്നില്ല.
പരീക്ഷിച്ചുനോക്കുക: നിങ്ങൾ ചൂഷണം ചെയ്യപ്പെട്ട പ്രായം ഏതാണോ, ആ പ്രായത്തിലുള്ള ഒരു ആൺകുട്ടിയെയോ പെൺകുട്ടിയെയോ കുറിച്ച് ചിന്തിക്കുക. എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക: ‘ആ കുട്ടിയെ ആരെങ്കിലും ലൈംഗികമായി പീഡിപ്പിച്ചാൽ, അതിന്റെ തെറ്റു കുട്ടിയുടെ ഭാഗത്താണെന്നു പറയുന്നതു ന്യായമായിരിക്കുമോ?’
ഒരിക്കൽ മൂന്നു കുട്ടികളെ നോക്കാൻ അവരുടെ രക്ഷിതാക്കൾ ക്യാരനെ ഏൽപ്പിച്ചപ്പോൾ ക്യാരനും ഇതെക്കുറിച്ച് ചിന്തിച്ചു. അതിൽ ഒരു കുട്ടിക്ക് ഏകദേശം ആറു വയസ്സു പ്രായമായിരുന്നു—ക്യാരൻ ആദ്യമായി ലൈംഗികപീഡനത്തിന് ഇരയായ അതേ പ്രായം. ക്യാരൻ പറയുന്നു: “ആ പ്രായത്തിലുള്ള കുട്ടികൾ എത്ര നിഷ്കളങ്കരാണ് എന്നു ഞാൻ മനസ്സിലാക്കി, ആർക്കും അവരെ പറ്റിക്കാം. ഞാനും ആ പ്രായത്തിൽ അങ്ങനെതന്നെയായിരുന്നല്ലോ എന്നു ഞാൻ ഓർത്തു.”
യാഥാർഥ്യം: നിങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തയാൾത്തന്നെയാണു പൂർണമായും തെറ്റുകാരൻ. ബൈബിൾ പറയുന്നു: ‘ദുഷ്ടന്റെ ദുഷ്ടത അവന്റെ മേൽ ഇരിക്കും.’—യഹസ്കേൽ 18:20.
മനസ്സു തുറന്ന് സംസാരിക്കുന്നതിന്റെ പ്രയോജനം
നിങ്ങൾക്കു വിശ്വസിക്കാവുന്ന മുതിർന്ന ഒരാളോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചാൽ നിങ്ങൾക്ക് ആശ്വാസം കിട്ടും. ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുന്നത് ഒരു അളവുവരെ സംരക്ഷണമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. മൗനം പാലിക്കുന്നതാണു നല്ലതെന്നും അതു കൂടുതൽ മനോവേദനകളിൽനിന്ന് കാത്തുരക്ഷിക്കുന്ന ഒരു മതിൽപോലെയാണെന്നും നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ ആ മതിൽ, സഹായം ലഭിക്കുന്നതിൽനിന്നും നിങ്ങളെ തടയാൻ സാധ്യതയുണ്ട്.
നേരിട്ട ചൂഷണത്തെപ്പറ്റി സംസാരിച്ചതു വലിയ ആശ്വാസമായിരുന്നെന്നു ചെറുപ്പക്കാരിയായ ജാനറ്റ് പറയുന്നു. “എനിക്ക് അറിയാമായിരുന്ന, ഞാൻ വിശ്വസിച്ചിരുന്ന, ഒരാൾ എന്നെ എന്റെ കുരുന്നുപ്രായത്തിൽ ചൂഷണം ചെയ്തു. വർഷങ്ങളോളം ഞാൻ അതെപ്പറ്റി ആരോടും മിണ്ടിയില്ല. എന്നാൽ അതെക്കുറിച്ച് അമ്മയോടു സംസാരിക്കാൻ പറ്റിയപ്പോൾ എന്റെ തോളിൽനിന്ന് വലിയൊരു ഭാരം എടുത്തുമാറ്റിയതുപോലെ എനിക്കു തോന്നി.”
തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ആളുകൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നു ജാനറ്റിനു മനസ്സിലാക്കാൻ കഴിയുന്നു. ജാനറ്റ് തുടരുന്നു: “ലൈംഗികപീഡനത്തെക്കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടുള്ള ഒരു കാര്യംതന്നെയാണ്. എന്നാൽ ആ വേദനയും ചുമന്ന് ജീവിക്കുന്നത് എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. അത്രയും വൈകിക്കാതെ കുറച്ചുകൂടെ നേരത്തെ അതു പറയുന്നതായിരുന്നു നല്ലത്.”
‘സൗഖ്യമാക്കുവാൻ ഒരു കാലം’
ലൈംഗികപീഡനത്തിന്റെ ഫലമായി, നിങ്ങളെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ പല തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടാകാം; അവ നിങ്ങളെ കുത്തിമുറിവേൽപ്പിക്കുന്നുണ്ടാകും. ജീവിതം നശിച്ചെന്നോ ഒന്നിനും കൊള്ളാത്തവരായിപ്പോയെന്നോ മറ്റുള്ളവരുടെ ലൈംഗികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള ഉപകരണങ്ങൾ മാത്രമാണു നിങ്ങളെന്നോ നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അത്തരം ചിന്തകളിൽ ഒരു സത്യവുമില്ല. അതിൽനിന്നെല്ലാം കരകയറാനുള്ള, ‘സൗഖ്യമാകാനുള്ള, ഒരു കാലമാണ്’ ഇത്! (സഭാപ്രസംഗി 3:3) അതിനുള്ള സഹായം എവിടെനിന്ന് കിട്ടും?
ബൈബിൾപഠനം. “കോട്ടകളെപ്പോലും തകർത്തുകളയാൻതക്ക ശക്തിയുള്ള” ദൈവത്തിന്റെ ചിന്തകളാണു ബൈബിളിലുള്ളത്. നിങ്ങളുടെ തെറ്റായ ന്യായവാദങ്ങളെ തകർത്തെറിയാനും അതിനു കഴിയും. (2 കൊരിന്ത്യർ 10:4, 5) ഉദാഹരണത്തിന്, താഴെക്കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ വായിച്ച് അതെക്കുറിച്ച് ധ്യാനിക്കുക: യശയ്യ 41:10; യിരെമ്യ 31:3; മലാഖി 3:16, 17; ലൂക്കോസ് 12:6, 7; 1 യോഹന്നാൻ 3:19, 20.
പ്രാർഥന. വിലകെട്ടവരാണെന്ന ചിന്തയോ കുറ്റബോധമോ നിങ്ങളെ വേട്ടയാടുന്നെങ്കിൽ, പ്രാർഥനയിലൂടെ നിങ്ങളുടെ “ഭാരം യഹോവയുടെമേൽ വെച്ചുകൊൾക.” (സങ്കീർത്തനങ്ങൾ 55:22) നിങ്ങൾ ഒരിക്കലും തനിച്ചല്ല!
സഭാമൂപ്പന്മാർ. ഈ ക്രിസ്തീയപുരുഷന്മാർ, “കാറ്റിന്നു ഒരു മറവും പിശറിന്നു (പെരുമഴയത്ത്) ഒരു സങ്കേതവും” ആയിരിക്കാനുള്ള പരിശീലനം നേടിയവരാണ്. (യശയ്യ 32:2) നിങ്ങളെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടു നേടിയെടുക്കാനും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും അവർക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
നല്ല കൂട്ടുകെട്ട്. നല്ല ക്രിസ്തീയജീവിതം നയിക്കുന്ന സ്ത്രീപുരുഷന്മാരെ നിരീക്ഷിച്ച്, അവർ പരസ്പരം എങ്ങനെയാണ് ഇടപെടുന്നതെന്നു മനസ്സിലാക്കുക. സ്നേഹിക്കുന്നവരുടെ മേലുള്ള സ്വാധീനം ഉപയോഗിച്ച് അവരെ ദുരുപയോഗം ചെയ്യുന്നവരല്ല എല്ലാവരും എന്ന സത്യം നിങ്ങൾ അപ്പോൾ തിരിച്ചറിയും.
ടാനിയ എന്ന ചെറുപ്പക്കാരി ഈ സുപ്രധാനസത്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ചെറുപ്പംമുതൽ ടാനിയ പല പുരുഷന്മാരുടെയും ലൈംഗികചൂഷണത്തിന് ഇരയായി. ടാനിയ പറയുന്നു: “എനിക്ക് അടുപ്പമുണ്ടായിരുന്ന ആണുങ്ങളെല്ലാം എന്നെ വേദനിപ്പിച്ചു.” പക്ഷേ, യഥാർഥസ്നേഹം കാണിക്കുന്ന പുരുഷന്മാരും ഈ ലോകത്തുണ്ടെന്നു ടാനിയ പതിയെപ്പതിയെ മനസ്സിലാക്കി. എങ്ങനെ?
നല്ല ക്രിസ്ത്യാനികളെന്നു പേരുകേട്ട ഒരു ഭാര്യയുടെയും ഭർത്താവിന്റെയും കൂടെ സമയം ചെലവഴിക്കാൻ ടാനിയയ്ക്ക് അവസരം കിട്ടി. അപ്പോൾ ടാനിയയുടെ മനസ്സിലുള്ള ആ തെറ്റിദ്ധാരണ മാറിക്കിട്ടി. “അദ്ദേഹം ഭാര്യയോട് ഇടപെടുന്നതു കണ്ടപ്പോൾ, എല്ലാ ആണുങ്ങളും ഉപദ്രവിക്കുന്നവരല്ല എന്ന് എനിക്കു മനസ്സിലായി. ഭാര്യയെ സംരക്ഷിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അതുതന്നെയാണല്ലോ ദൈവം ഒരു ഭർത്താവിൽനിന്ന് പ്രതീക്ഷിക്കുന്നത്,” ടാനിയ പറയുന്നു. a—എഫെസ്യർ 5:28, 29.
a കടുത്ത വിഷാദം, ആഹാരശീലവൈകല്യം, ഉറക്കമില്ലായ്മ, ആത്മഹത്യ ചെയ്യാനോ സ്വയം മുറിവേൽപ്പിക്കാനോ ഉള്ള പ്രവണത, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ദുരുപയോഗം എന്നീ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഒരു വിദഗ്ധഡോക്ടറുടെ സഹായം തേടുന്നതായിരിക്കും നല്ലത്.