യുവജനങ്ങൾ ചോദിക്കുന്നു
വിഷാദത്തെ എനിക്ക് എങ്ങനെ വരുതിയിലാക്കാം?
നിരാശ കൈകാര്യം ചെയ്യാൻ പഠിക്കുന്നത് നമുക്ക് ഗുണം ചെയ്യും
നിങ്ങൾ എന്തു ചെയ്യും?
പിൻവരുന്ന സാഹചര്യം ചിന്തിക്കുക:
ജെനിഫറിനെ സന്തോഷിപ്പിക്കാൻ ഇനി ഒരു വഴിയും ഇല്ലെന്ന് തോന്നുന്നു. എല്ലാ ദിവസവും ഒരു കാരണവും ഇല്ലാതെ വെറുതെ ഇരുന്ന് അവൾ കരയും. ആൾക്കൂട്ടത്തിൽനിന്ന് മാറി തനിച്ചിരിക്കാനാണ് അവൾക്ക് ഇഷ്ടം. പേരിനു മാത്രം എന്തെങ്കിലും കഴിക്കും. ഒന്നു സ്വസ്ഥമായി ഉറങ്ങാനോ ഒന്നിലും ശ്രദ്ധിക്കാനോ അവൾക്കു കഴിയുന്നില്ല. ‘എനിക്ക് ഇതെന്തു പറ്റി? എന്നെങ്കിലും എനിക്കിനി പഴയതുപോലെ ആകാൻ പറ്റുമോ?’ ജെനിഫറിന്റെ ഇപ്പോഴത്തെ ചിന്ത ഇതാണ്.
മാർക്ക് സ്കൂളിലെ ഒരു മിടുമിടുക്കൻ കുട്ടിയായിരുന്നു. എന്നാൽ ഇപ്പോൾ അവനു സ്കൂൾ എന്നു കേട്ടാൽ വല്ലാത്ത ദേഷ്യമാണ്. ഒരു വിഷയത്തിനും നല്ല മാർക്കില്ല. അവന് ഇഷ്ടമായിരുന്ന സ്പോർട്സിലും ഇപ്പോൾ വലിയ താത്പര്യമൊന്നുമില്ല. ഇപ്പോഴത്തെ അവന്റെ അവസ്ഥ കണ്ടിട്ട് അവന്റെ കൂട്ടുകാർക്ക് ഒരു പിടിയും കിട്ടുന്നില്ല. മാതാപിതാക്കൾക്കോ, വല്ലാത്ത ആശങ്കയും. മാർക്കിന്റെ പ്രശ്നം നിസ്സാരമാണോ അതോ ഗുരുതരമാണോ?
ജെനിഫറിനെയും മാർക്കിനെയും പോലെ നിങ്ങൾക്കും തോന്നിയിട്ടുണ്ടോ? താഴെ കൊടുത്തിരിക്കുന്ന രണ്ടു വഴികൾ നിങ്ങൾക്കു മുന്നിലുണ്ട്:
പ്രശ്നം നിങ്ങൾതന്നെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക
നിങ്ങൾക്കു വിശ്വാസമുള്ള ആരോടെങ്കിലും സംസാരിക്കുക
ഒന്നാമത്തെ വഴി നല്ലതായി തോന്നാം, പ്രത്യേകിച്ച് നിങ്ങൾക്കു സംസാരിക്കാൻ തോന്നുന്നില്ലെങ്കിൽ. പക്ഷേ, അതാണോ ഏറ്റവും നല്ല വഴി? ബൈബിൾ പറയുന്നു: “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. . . . ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും?”—സഭാപ്രസംഗകൻ 4:9, 10.
ഉദാഹരണത്തിന്: അപകടകാരികളും ക്രൂരന്മാരും ആയ ആളുകൾ താമസിക്കുന്ന ഒരു സ്ഥലത്ത് നിങ്ങൾ തനിച്ചായിപ്പോയെന്നു കരുതുക. ഇരുട്ടായി. എല്ലായിടത്തും അപരിചിതർ. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്കുതന്നെ രക്ഷപ്പെടാൻ ശ്രമിക്കാം. അതിലും നല്ലത്, നിങ്ങൾ വിശ്വസിക്കുന്ന ആരുടെയെങ്കിലും സഹായം തേടുന്നതായിരിക്കില്ലേ?
വിഷാദം തോന്നുന്നതിനെ അങ്ങനെയൊരു സ്ഥലത്ത് അകപ്പെട്ടതിനോട് ഉപമിക്കാം. ജീവിതത്തിൽ ഇടയ്ക്കൊക്കെ ഉണ്ടാകുന്ന നിരാശയും വിഷാദവും സമയം കടന്നുപോകുമ്പോൾ തനിയെ മാറിയേക്കാം എന്നതു ശരിയാണ്. പക്ഷേ നിരാശ നീണ്ടുനിൽക്കുകയാണെങ്കിൽ, സഹായം തേടുന്നതുതന്നെയായിരിക്കും ബുദ്ധി.
ബൈബിൾതത്ത്വം: “സ്വയം ഒറ്റപ്പെടുത്തുന്നവൻ . . . ജ്ഞാനത്തെ അപ്പാടേ നിരസിക്കുന്നു.”—സുഭാഷിതങ്ങൾ 18:1.
രണ്ടാമത്തെ വഴി, അതായത് മാതാപിതാക്കളോടോ വിശ്വസിക്കാവുന്ന മുതിർന്ന ഒരാളോടോ സംസാരിക്കുന്നത്. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള ആളുകളുടെ അനുഭവപരിചയത്തിൽനിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകും.
നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: ‘എനിക്ക് ഇപ്പോൾ തോന്നുന്ന പ്രയാസം—അതൊന്നും പറഞ്ഞാൽ മാതാപിതാക്കൾക്കു മനസ്സിലാകില്ല.’ പക്ഷേ അവർക്കു മനസ്സിലാകില്ലെന്ന് ഉറപ്പാണോ? നിങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളല്ല മാതാപിതാക്കൾ അവരുടെ കൗമാരത്തിൽ നേരിട്ടതെങ്കിലും നിങ്ങളെപ്പോലെ അവർക്കും അന്ന് വിഷാദവും നിരാശയും തോന്നിയിട്ടുണ്ടാകും. അതുകൊണ്ട് അവർക്ക് അതിനു പരിഹാരം അറിയാമായിരിക്കും.
ബൈബിൾതത്ത്വം: “പ്രായമായവർ ജ്ഞാനികളായിരിക്കില്ലേ? പ്രായം ചെല്ലുമ്പോൾ വിവേകം വർധിക്കില്ലേ?”—ഇയ്യോബ് 12:12.
ചുരുക്കത്തിൽ: മാതാപിതാക്കളുടെ അടുത്തോ നിങ്ങൾക്കു വിശ്വാസമുള്ള മുതിർന്ന ഒരാളുടെ അടുത്തോ കാര്യങ്ങൾ തുറന്നുപറയുക. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ പറഞ്ഞുതരും.
വൈദ്യചികിത്സ വേണ്ട ഒന്നാണെങ്കിലോ?
എല്ലാ ദിവസവും നിങ്ങൾക്കു വിഷാദം തോന്നുന്നെങ്കിൽ അതു വൈദ്യചികിത്സവേണ്ട കടുത്ത വിഷാദമായിരിക്കാം.
കൗമാരക്കാരിലെ വിഷാദരോഗം പെട്ടെന്നു തിരിച്ചറിയാൻ പറ്റിയെന്നുവരില്ല. ഈ പ്രായത്തിൽ ഇടയ്ക്കൊക്കെ വിഷാദവും നിരാശയും തോന്നുന്നതു സാധാരണമാണെന്നു നിങ്ങൾ കരുതിയേക്കാം. എന്നാൽ അതു തീവ്രവും നീണ്ടുനിൽക്കുന്നതും ആണെങ്കിൽ വളരെ ഗൗരവമായി എടുക്കണം. അതുകൊണ്ട് നിങ്ങളുടെ സങ്കടം ഇത്തരത്തിലുള്ള ഒന്നാണെങ്കിൽ മാതാപിതാക്കളോടു പറയുക, വേണ്ട വൈദ്യസഹായം തേടാൻ മടിക്കരുത്.
ബൈബിൾതത്ത്വം: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—മത്തായി 9:12.
നിങ്ങൾക്കു കടുത്ത വിഷാദരോഗമാണെന്ന് അറിഞ്ഞാൽ, അതിൽ നാണിക്കേണ്ട കാര്യമൊന്നുമില്ല. യുവജനങ്ങളിൽ കണ്ടുവരുന്ന വിഷാദം സാധാരണമാണ്. അത് ചികിത്സിക്കാൻ പറ്റുന്നതുമാണ്. നിങ്ങളുടെ നല്ല സുഹൃത്തുക്കൾ നിങ്ങളെ ഒരിക്കലും വിലകുറച്ചു കാണില്ല.
നുറുങ്ങ്: കാത്തിരിക്കുക. വിഷാദത്തിൽനിന്നു കരകയറാൻ സമയമെടുക്കും. നിങ്ങൾക്കു നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടാകും എന്നു പ്രതീക്ഷിക്കുക. a
സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള പടികൾ
വൈദ്യസഹായം ആവശ്യമാണെങ്കിലും അല്ലെങ്കിലും നീണ്ടുനിൽക്കുന്ന വിഷാദത്തെ തുരത്താൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് ക്രമമായ വ്യായാമം, ആരോഗ്യാവഹമായ ഭക്ഷണരീതി, നല്ല ഉറക്കം എന്നിവ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്. (സഭാപ്രസംഗകൻ 4:6; 1 തിമൊഥെയൊസ് 4:8, അടിക്കുറിപ്പ്.) നിങ്ങൾക്കുണ്ടായ തിരിച്ചടികളും നിങ്ങളുടെ വികാരങ്ങളും വിജയങ്ങളും വിഷാദത്തിൽനിന്ന് കരകയറാൻ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളും എല്ലാം ഒരു ഡയറിയിൽ എഴുതി വെക്കുക.
നിങ്ങൾക്കു വിഷാദരോഗമാണോ? അല്ലെങ്കിൽ സങ്കടപ്പെടുത്തുന്ന ഏതെങ്കിലും അവസ്ഥയിലൂടെ കടന്നുപോകുകയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ഇത് ഓർക്കുക: മറ്റുള്ളവരുടെ സഹായം തേടിക്കൊണ്ടും രോഗം ഭേദമാകുന്നതിനു വേണ്ട പടികൾ സ്വീകരിച്ചുകൊണ്ടും നിങ്ങൾക്കു വിഷാദത്തെ വരുതിയിലാക്കാം.
ബലപ്പെടുത്തുന്ന ബൈബിൾഭാഗങ്ങൾ
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
“നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതിമാൻ വീണുപോകാൻ ദൈവം ഒരിക്കലും അനുവദിക്കില്ല.”—സങ്കീർത്തനം 55:22.
“‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.”—യശയ്യ 41:13.
“അതുകൊണ്ട് അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.”—മത്തായി 6:34.
‘നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെ കാക്കും.’—ഫിലിപ്പിയർ 4:6, 7.
a ആത്മഹത്യ ചെയ്യാൻ തോന്നുന്നെങ്കിൽ നിങ്ങൾക്കു വിശ്വാസമുള്ള, പ്രായപൂർത്തിയായ ആരോടെങ്കിലും ഉടൻതന്നെ പറയുക. കൂടുതൽ വിവരങ്ങൾക്കായി, 2014 ജൂലൈ ലക്കം ഉണരുക!-യിലെ “ഞാൻ എന്തിനു ജീവിക്കണം?” എന്ന നാലു ഭാഗങ്ങളുള്ള ലേഖനം കാണുക.