യുവജനങ്ങൾ ചോദിക്കുന്നു
സംസാരിക്കാനുള്ള കഴിവ് എനിക്ക് എങ്ങനെ മെച്ചപ്പെടുത്താം?
ആളുകളോട് നേരിൽ കണ്ട് സംസാരിക്കേണ്ടത് എന്തുകൊണ്ട്?
മെസ്സേജ് അയയ്ക്കുന്നതുവെച്ച് നോക്കുമ്പോൾ നേരിട്ട് സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്, പേടി തോന്നും എന്നൊക്കെ ചിലർ പറയുന്നു.
“നേരിട്ട് സംസാരിക്കാൻ നല്ല ടെൻഷൻ തോന്നും. കാരണം നമ്മൾ എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ അത് മായ്ച്ചുകളയാനോ തിരുത്താനോ കഴിയില്ലല്ലോ.”—അന്ന.
“മെസ്സേജ് അയയ്ക്കുന്നത്, മുന്നമേ റെക്കോർഡ് ചെയ്തുവെച്ച പരിപാടിപോലെയാണ്. എന്നാൽ ഒരാളോട് നേരിട്ട് സംസാരിക്കുന്നത് ലൈവായി നടത്തുന്നതുപോലെയും. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് സംസാരിക്കാൻ ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും.”—ജീൻ.
എന്തായാലും ജീവിതത്തിൽ നിങ്ങൾ ആളുകളോട് നേരിൽ കണ്ട് സംസാരിക്കേണ്ട സാഹചര്യം വരും. ഉദാഹരണത്തിന്, പുതിയ കൂട്ടുകാരെ കിട്ടാനും ഒരു ജോലി നേടാനും അത് മുന്നോട്ട് കൊണ്ടുപോകാനും വിവാഹപ്രായമാകുമ്പോൾ എതിർലിംഗത്തിൽപ്പെട്ട ഒരാളോട് സംസാരിക്കാനും എല്ലാം ഈ കഴിവ് നിങ്ങൾക്ക് ആവശ്യമാണ്.
എന്നാൽ നിങ്ങൾക്കു നേരിട്ട് സംസാരിക്കാനാകുന്നില്ല എന്നോർത്ത് വിഷമിക്കേണ്ടാ. അത് നിങ്ങൾക്ക് പഠിച്ചെടുക്കാനാകും, നിങ്ങൾ ഒരു നാണംകുണുങ്ങിയാണെങ്കിലും.
“ചിലപ്പോഴൊക്കെ പറയുന്നത് തെറ്റിപ്പോകുന്നതും ചമ്മൽ തോന്നുന്നതും എല്ലാം സ്വാഭാവികമാണ്. അതൊരു തമാശയായി കണ്ട് വിട്ടുകളയണം.”—നീൽ.
എങ്ങനെ ഒരു സംഭാഷണം തുടങ്ങാം?
ചോദ്യങ്ങൾ ചോദിക്കുക. ആളുകൾക്ക് ഇഷ്ടം തോന്നാവുന്ന ഒരു വിഷയം കണ്ടെത്തുക. ആ വിഷയംവെച്ച് എങ്ങനെ ഒരു സംഭാഷണം തുടങ്ങാമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന്:
“കഴിഞ്ഞ അവധിക്ക് എവിടെയെങ്കിലും പോയായിരുന്നോ?”
“ഈ വെബ്സൈറ്റ് കൊള്ളാം. ഇത് മുമ്പ് കണ്ടിട്ടുണ്ടോ?”
“അറിഞ്ഞായിരുന്നോ . . .?”
പൊതുവായ വിഷയമല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കണമെങ്കിൽ, നിങ്ങൾ രണ്ടു പേരും സംസാരിക്കാൻ ഒരുപോലെ ആഗ്രഹിക്കുന്ന എന്തിനെയെങ്കിലുംകുറിച്ചോ നിങ്ങളുടെ ജീവിതത്തിലെ മറ്റെന്തെങ്കിലും സമാനതകളെക്കുറിച്ചോ ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങൾ രണ്ടുപേരും ഒരേ സ്കൂളിലാണോ പഠിക്കുന്നത്? ഒരേ സ്ഥലത്താണോ ജോലി ചെയ്യുന്നത്? അതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കുക.
“നിങ്ങൾക്ക് ഇഷ്ടമുള്ളതും മറ്റുള്ളവർ ഉത്തരം തരുമ്പോൾ നിങ്ങൾക്ക് കേൾക്കാൻ ആകാംക്ഷ തോന്നുന്നതും ആയ ചോദ്യങ്ങൾ ചോദിക്കുക.”—മരിറ്റ്സ.
ശ്രദ്ധിക്കുക: ഒന്നിനു പുറകേ ഒന്നായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവരെ വീർപ്പുമുട്ടിക്കരുത്. അതുപോലെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നതുപോലെയും ആകരുത്. ഉദാഹരണത്തിന്, “ഇയ്യടുത്ത കാലത്ത് നിങ്ങൾക്ക് ഏറ്റവും വിഷമം തോന്നിയത് എപ്പോഴാണ്?” അല്ലെങ്കിൽ “നിങ്ങൾ എന്താണ് എപ്പോഴും നീല കളർ ഡ്രസ്സ് ഇടുന്നത്?” എന്നതുപോലുള്ള ചോദ്യങ്ങൾ അവരെ ബുദ്ധിമുട്ടിച്ചേക്കും. അതിൽ രണ്ടാമത്തെ ചോദ്യം അവരെ കുറ്റപ്പെടുത്തുന്നതായിപ്പോലും തോന്നിപ്പിച്ചേക്കാം.
ചോദ്യം ചെയ്യുന്നതുപോലെ തോന്നാതിരിക്കാൻ, നിങ്ങൾ ഒരു ചോദ്യം ചോദിക്കുന്നതിനു മുമ്പോ ശേഷമോ ആ ചോദ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവരെ അഭിമുഖം നടത്തുന്നതിനു പകരം അവരുമായി സംഭാഷണം നടത്തുക.
ബൈബിൾതത്ത്വം: “മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്. ഉൾക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.”—സുഭാഷിതങ്ങൾ 20:5, പി.ഒ.സി. ബൈബിൾ.
നന്നായി ശ്രദ്ധിക്കുന്ന ഒരാളാകുക. സംസാരിക്കാനുള്ള നിങ്ങളുടെ കഴിവിനെക്കാളും ശ്രദ്ധിക്കാനുള്ള കഴിവാണ് ഒരു സംഭാഷണം നന്നായി കൊണ്ടുപോകാൻ സഹായിക്കുന്നത്.
“ഞാൻ ഒരാളോടു സംസാരിക്കുമ്പോൾ ശരിക്കും കേട്ടിരിക്കും, ആ വ്യക്തിയെക്കുറിച്ച് പുതിയ ഒരു കാര്യം മനസ്സിലാക്കാൻ ശ്രമിക്കും. എന്നിട്ട് അദ്ദേഹം പറഞ്ഞ കാര്യം ഓർത്തുവെക്കും, അങ്ങനെയാകുമ്പോൾ അതെക്കുറിച്ച് ചോദിച്ചുകൊണ്ട് അടുത്ത പ്രാവശ്യം സംഭാഷണം തുടങ്ങാമല്ലോ.”—തമാരാ.
ശ്രദ്ധിക്കുക: അടുത്തതായി ഇനി എന്തു പറയുമെന്ന് ഓർത്ത് ടെൻഷനടിക്കരുത്. നിങ്ങൾ നന്നായി ശ്രദ്ധിക്കുകയാണെങ്കിൽ, ആ വ്യക്തി പറയുന്ന കാര്യത്തിന് നിങ്ങൾക്ക് മറുപടി പറയാനാകും.
ബൈബിൾതത്ത്വം: “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.”—യാക്കോബ് 1:19.
ആത്മാർഥ താത്പര്യം കാണിക്കുക. സംസാരിക്കുന്ന വ്യക്തിയിൽ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ആ സംഭാഷണം നിങ്ങൾ കൂടുതൽ ആസ്വദിക്കും.
“മറ്റേയാൾ പറയുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നെങ്കിൽ, സംസാരത്തിനിടയിൽ നിങ്ങൾക്കു തടസ്സങ്ങൾ വന്നാലും ആ സംഭാഷണം നിങ്ങൾ രണ്ടുപേരും ആസ്വദിക്കും.”—മേരി.
ശ്രദ്ധിക്കുക: വ്യക്തിപരമായ കാര്യങ്ങളിൽ തലയിടരുത്. ഉദാഹരണത്തിന്, “ഈ ഡ്രസ്സ് കൊള്ളാമല്ലോ. ഇതിന് എത്രയായി?” എന്നതുപോലുള്ള ചോദ്യങ്ങൾ മര്യാദയുള്ളതായിരിക്കില്ല.
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
ഒരു സംഭാഷണം എങ്ങനെ അവസാനിപ്പിക്കാം? ജോർഡൻ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ പറയുന്നു, ‘നല്ല എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിങ്ങൾക്കു സംഭാഷണം അവസാനിപ്പിക്കാനാകും. ഇങ്ങനെ എന്തെങ്കിലും പറയാം, “നിങ്ങളോട് സംസാരിക്കാൻ പറ്റിയത് നന്നായി,” അല്ലെങ്കിൽ “പിന്നെ കാണാം” എന്നൊക്കെ. അങ്ങനെ അടുത്ത തവണ നല്ലൊരു സംഭാഷണത്തിനായി വഴിയൊരുക്കാം.’