യുവജനങ്ങൾ ചോദിക്കുന്നു
സെക്സ് ചെയ്യാൻ കൂട്ടുകാർ നിർബന്ധിക്കുന്നെങ്കിലോ?
“ഞാൻ സ്കൂളിലായിരുന്ന സമയത്ത് ആരെങ്കിലും സെക്സ് ചെയ്തെന്നു പറഞ്ഞാൽ മറ്റുള്ളവർക്കും അങ്ങനെ ചെയ്താൽ കൊള്ളാമെന്നു തോന്നുമായിരുന്നു. അല്ലേലും, കൂട്ടുകാരെപ്പോലെ ആയിരിക്കാനാണല്ലോ എല്ലാർക്കും ഇഷ്ടം.”—എലൈൻ, 21.
നിങ്ങൾ പ്രണയിക്കുന്നയാൾ സെക്സിന് നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ?
മറ്റുള്ളവരൊക്കെ സെക്സിൽ ഏർപ്പെടുന്നതുകൊണ്ട് നിങ്ങൾക്കും അങ്ങനെതന്നെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?
ശരിയാണ്, ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങളോ നിങ്ങളുടെ കൂട്ടുകാരോ സെക്സിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ, എടുത്തുചാടി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഈ ലേഖനം ഒന്ന് വായിക്കുക. ശരിയായ ഒരു തീരുമാനമെടുക്കാൻ ഇതിലെ ആശയങ്ങൾ നിങ്ങളെ സഹായിച്ചേക്കും.
തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെറ്റിദ്ധാരണ: ഞാനൊഴികെ എല്ലാവരും സെക്സ് ചെയ്യുന്നുണ്ട്.
യാഥാർഥ്യം: 18 വയസ്സുകാർക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടു പേർ സെക്സ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു. അതിനർഥം 30 ശതമാനത്തിലധികം ചെറുപ്പക്കാർ സെക്സ് ചെയ്തിട്ടില്ലെന്നാണ്. അവരുടെ എണ്ണം എടുത്താൽ അതൊരു വലിയ സംഖ്യ തന്നെ വരും. അതുകൊണ്ട് “എല്ലാവരും” സെക്സ് ചെയ്യുന്നു എന്നു വിചാരിക്കുന്നത് ശരിയല്ല.
തെറ്റിദ്ധാരണ: സെക്സ് ചെയ്താൽ ഞങ്ങളുടെ ഇടയിലെ അടുപ്പം കൂടും.
യാഥാർഥ്യം: ഇങ്ങനെയൊക്കെ പറഞ്ഞായിരിക്കും ആൺകുട്ടികൾ പെൺകുട്ടികളെ സെക്സിനു നിർബന്ധിക്കുന്നത്. എന്നാൽ സംഭവിക്കുന്നത് മിക്കപ്പോഴും നേരെ തിരിച്ചായിരിക്കും, കാര്യം കഴിഞ്ഞാൽ ആൺകുട്ടി പെൺകുട്ടിയെ ഇട്ടിട്ടുപോകും. ബോയ്ഫ്രണ്ടിനു തന്നോട് സ്നേഹമുണ്ടെന്നു വിചാരിച്ച പെൺകുട്ടി ആകെ തകർന്ന അവസ്ഥയിലുമാകും. a
തെറ്റിദ്ധാരണ: സെക്സ് ചെയ്യുന്നത് തെറ്റാണെന്നു ബൈബിൾ പറയുന്നു.
യാഥാർഥ്യം: സെക്സ് ആസ്വദിക്കാമെന്നാണു ബൈബിൾ പറയുന്നത്, എന്നാൽ പരസ്പരം വിവാഹിതരായ ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും ഇടയിൽ മാത്രം.—ഉൽപത്തി 1:28; 1 കൊരിന്ത്യർ 7:3.
തെറ്റിദ്ധാരണ: ബൈബിൾ പറയുന്നതുപോലെ ജീവിച്ചാൽ ഒരു സന്തോഷവും കിട്ടില്ല.
യാഥാർഥ്യം: വിവാഹത്തിനു ശേഷം മാത്രം സെക്സ് ചെയ്യുകയാണെങ്കിൽ നിങ്ങൾ കൂടുതൽ സന്തോഷം ഉള്ളവരായിരിക്കും. കാരണം, വിവാഹത്തിനു മുമ്പ് സെക്സ് ചെയ്യുന്ന മിക്കവരും പിന്നീട് അനുഭവിക്കുന്ന ദുഃഖവും കുറ്റബോധവും മറ്റു പ്രശ്നങ്ങളും ഒഴിവാക്കാൻ നിങ്ങൾക്കാകും.
ചുരുക്കിപ്പറഞ്ഞാൽ: വിവാഹം കഴിക്കുന്നതുവരെ സെക്സ് വേണ്ടെന്നു വെച്ചതുകൊണ്ട് ആരുടെയും ജീവിതം തകർന്നിട്ടില്ല. എന്നാൽ, വിവാഹത്തിനു മുമ്പ് സെക്സ് ചെയ്യുന്നവരുടെ കാര്യം അങ്ങനെയല്ല.
സെക്സ് ചെയ്യാനുള്ള സമ്മർദത്തെ എങ്ങനെ ചെറുക്കാം
ശരിയും തെറ്റും സംബന്ധിച്ചുള്ള നിങ്ങളുടെ ബോധ്യം ശക്തമാക്കുക. ബൈബിൾ പറയുന്നതനുസരിച്ച്, പക്വതയുള്ളവർ ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ പരിശീലിപ്പിച്ചവരാണ്.’ (എബ്രായർ 5:14) ശരിയും തെറ്റും സംബന്ധിച്ച് ഉറച്ച ബോധ്യമുള്ളവർ സമ്മർദത്തിൽ വീണുപോകാൻ സാധ്യത കുറവാണ്.
“ശരിയായ കാര്യം ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിക്കും. അതുകൊണ്ടുതന്നെ എനിക്ക് അത്യാവശ്യം നല്ലൊരു ഇമേജുണ്ട്. എന്റെ പേര് കളഞ്ഞുകുളിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.”—അലീസിയ, 16.
ചിന്തിക്കാനായി: ആളുകളുടെ മുന്നിൽ എങ്ങനെയുള്ള ഒരു പേര് ഉണ്ടായിരിക്കാനാണ് നിങ്ങൾക്ക് ഇഷ്ടം? ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിനുവേണ്ടി ആ പേര് നശിപ്പിക്കുന്നതു ബുദ്ധിയായിരിക്കുമോ?
പരിണിതഫലത്തെക്കുറിച്ച് ചിന്തിക്കുക. “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 6:7) ഒരു നിമിഷം ജീവിതമാകുന്ന വീഡിയോ ഒന്നു ഫാസ്റ്റ് ഫോർവേഡ് അടിച്ചുനോക്കൂ. സെക്സിൽ ഏർപ്പെട്ടിരുന്നെങ്കിൽ നിങ്ങളുടെയും മറ്റേയാളുടെയും ജീവിതം എങ്ങനെ ആകുമായിരുന്നു എന്നു ചിന്തിക്കുക. b
“വിവാഹത്തിനു മുമ്പ് സെക്സ് ചെയ്യുന്ന മിക്കവർക്കും കുറ്റബോധവും വിഷമവും ഒറ്റപ്പെടലും ഒക്കെ തോന്നും. പിന്നെ, സെക്സിലൂടെ പകരുന്ന രോഗങ്ങൾ ഉണ്ടാകാനും പ്രതീക്ഷിക്കാതെ പ്രഗ്നന്റ് ആകാനും സാധ്യതയുണ്ടെന്നു പ്രത്യേകിച്ച് പറയണ്ടല്ലോ.”—സീന, 16.
ചിന്തിക്കാനായി: സെക്സ് സ്മാർട്ട് എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ കൂട്ടുകാർ നിങ്ങളെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നവരാണെങ്കിൽ, ഇതു ചിന്തിക്കുക: അങ്ങനെയുള്ളവരെയാണോ നിങ്ങൾ കൂട്ടുകാരാക്കേണ്ടത്? അവർ പറയുന്നതാണോ നിങ്ങൾ കേൾക്കേണ്ടത്?”
ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കുക. സെക്സ് തെറ്റായ ഒരു കാര്യമല്ല. സത്യത്തിൽ, ഭാര്യയും ഭർത്താവും വിവാഹജീവിതത്തിന്റെ ഈ ഒരു വശം ആസ്വദിക്കണമെന്നാണ് ബൈബിൾ പറയുന്നത്.—സുഭാഷിതങ്ങൾ 5:18, 19.
“മനുഷ്യർ ആസ്വദിക്കുന്നതിനുവേണ്ടി ദൈവം കൊടുത്തിരിക്കുന്ന നല്ലൊരു കാര്യമാണ് സെക്സ്. എന്നാൽ ദൈവം ഉദ്ദേശിച്ചിരിക്കുന്നതുപോലെ, കല്യാണം കഴിച്ചവർക്കിടയിൽ മാത്രമേ അത് പാടുള്ളൂ.”—ജെറമി, 17.
ചിന്തിക്കാനായി: ഭാവിയിൽ കല്യാണം കഴിക്കുകയാണെങ്കിൽ നിങ്ങൾക്കു സെക്സ് ചെയ്യാൻ കഴിയും. അങ്ങനെയാകുമ്പോൾ മുമ്പുപറഞ്ഞ പ്രശ്നങ്ങൾ ഒന്നുമില്ലാതെ അതിന്റെ സന്തോഷം പൂർണമായി ആസ്വദിക്കാനും നിങ്ങൾക്കാകും.
a എപ്പോഴും സെക്സിനു മുൻകൈ എടുക്കുന്നത് ആൺകുട്ടികൾ ആകണമെന്നില്ല. പലപ്പോഴും, പെൺകുട്ടി ആയിരിക്കാം ആൺകുട്ടിയെ സെക്സിനു നിർബന്ധിക്കുന്നത്.
b ആഗ്രഹിക്കാത്ത ഗർഭധാരണവും, അതുപോലെ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രായമനുസരിച്ച് കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഇതിന്റെ പരിണിതഫലങ്ങളിൽ വന്നേക്കാം.