യുവജനങ്ങൾ ചോദിക്കുന്നു
സ്വവർഗരതി തെറ്റാണോ?
“വളർന്നുവന്നപ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം സ്വവർഗത്തോടുള്ള ആകർഷണമായിരുന്നു. ഇതു വളർച്ചയുടെ ഘട്ടത്തിൽ തോന്നുന്ന സ്വാഭാവികമായ ഒരു കാര്യം മാത്രമാണെന്ന് ഞാൻ ആദ്യം വിചാരിച്ചു. പക്ഷെ ആ ചിന്തകൾ ഇന്നും എന്നെ പിന്തുടരുന്നു.”—ഡേവിഡ്, 23
ഡേവിഡ്, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനിയാണ്. അയാൾക്ക്, സ്വന്തം വർഗത്തിലുള്ളവരോട് പ്രേമം തോന്നുമ്പോൾത്തന്നെ ദൈവത്തെ പ്രസാദിപ്പിക്കാനും കഴിയുമോ? സ്വവർഗരതിയെ ദൈവം എങ്ങനെയാണ് കാണുന്നത്?
ബൈബിൾ എന്തു പറയുന്നു?
സംസ്കാരവും കാലവും മാറുന്നതനുസരിച്ച് സ്വവർഗരതിയെക്കുറിച്ചുള്ള ആളുകളുടെ മനോഭാവവും മാറിയേക്കാം. എന്നാൽ ക്രിസ്ത്യാനികൾ ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കുന്നവരോ ‘ഉപദേശങ്ങളുടെ ഓരോ കാറ്റിലും പെട്ട് അങ്ങിങ്ങു പറന്നുനടക്കുന്നവരോ’ അല്ല. (എഫെസ്യർ 4:14) പകരം സ്വവർഗരതിയെക്കുറിച്ചുള്ള (അതുപോലുള്ള മറ്റ് ഏതൊരു നടത്തയെക്കുറിച്ചാണെങ്കിലും) അവരുടെ വീക്ഷണം ബൈബിളിന്റെ നിലവാരത്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ നിലവാരം വ്യക്തമാണ്. അത് ഇങ്ങനെ പറയുന്നു:
“സ്ത്രീയുടെകൂടെ കിടക്കുന്നതുപോലെ ഒരു പുരുഷന്റെകൂടെ കിടക്കരുത്.”—ലേവ്യ 18:22.
‘അതുകൊണ്ട് ദൈവം അവരെ അവരുടെ ഹൃദയത്തിലെ മോഹങ്ങൾക്കനുസരിച്ച് കടിഞ്ഞാണില്ലാത്ത കാമവികാരങ്ങൾക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ സ്വാഭാവികവേഴ്ച വിട്ട് പ്രകൃതിവിരുദ്ധമായതിൽ ഏർപ്പെട്ടു.’—റോമർ 1:24, 26.
“അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? വഞ്ചിക്കപ്പെടരുത്. അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ, സ്വവർഗരതിക്കാർ, കള്ളന്മാർ, അത്യാഗ്രഹികൾ, കുടിയന്മാർ, അധിക്ഷേപിക്കുന്നവർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.”—1 കൊരിന്ത്യർ 6:9, 10.
വാസ്തവത്തിൽ ദൈവത്തിന്റെ നിലവാരങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. ഒരേ വർഗത്തിലുള്ളവരോട് താത്പര്യമുള്ളവരായാലും എതിർലിംഗത്തിലുള്ളവരോട് താത്പര്യമുള്ളവരായാലും അത് അങ്ങനെതന്നെയാണ്. അതുകൊണ്ട് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണ തോന്നുമ്പോൾ എല്ലാവരും ആത്മനിയന്ത്രണം പാലിക്കണം എന്നതാണ് വസ്തുത.—കൊലോസ്യർ 3:5.
അതിന്റെ അർഥം . . . ?
അതിന്റെ അർഥം സ്വവർഗാനുരാഗികളെ വെറുക്കണമെന്നാണോ?
ആരെയും വെറുക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വവർഗാനുരാഗികളായാലും എതിർലിംഗത്തോട് താത്പര്യമുള്ളവരായാലും നമ്മൾ അവരെ വെറുക്കരുത്. പകരം ആളുകളുടെ ജീവിതശൈലി നോക്കാതെ ‘എല്ലാവരോടും സമാധാനത്തിൽ വർത്തിക്കാനാണ്’ ബൈബിൾ നമ്മളോട് ആവശ്യപ്പെടുന്നത്. (എബ്രായർ 12:14) അതുകൊണ്ട് സ്വവർഗാനുരാഗികളെ ഉപദ്രവിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുന്നത് തെറ്റാണ്.
അതിന്റെ അർഥം സ്വവർഗവിവാഹത്തെ അനുവദിക്കുന്ന നിയമങ്ങളെ ക്രിസ്ത്യാനികൾ എതിർക്കണമെന്നാണോ?
ഒരു സ്ത്രീയും പുരുഷനും ഉൾപ്പെടുന്നതാണ് വിവാഹം. ഇതാണ് ദൈവത്തിന്റെ നിലവാരമെന്ന് ബൈബിൾ പറയുന്നു. (മത്തായി 19:4-6) സ്വവർഗവിവാഹം അനുവദിക്കണോ വേണ്ടയോ എന്നതിനു പിന്നിലെ മാനുഷികനിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒരു രാഷ്ട്രീയപ്രശ്നമാണ്, അതൊരു ധാർമികപ്രശ്നമല്ല. രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാൻ ക്രിസ്ത്യാനികളോട് ബൈബിൾ ആവശ്യപ്പെടുന്നു. (യോഹന്നാൻ 18:36) അതുകൊണ്ട് സ്വവർഗവിവാഹത്തെക്കുറിച്ചോ സ്വവർഗരതിയെക്കുറിച്ചോ ഉള്ള ഗവണ്മെന്റിന്റെ നിയമങ്ങളെ അവർ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല.
പക്ഷെ ഇപ്പോൾ ആരെങ്കിലും . . . ?
പക്ഷേ ഇപ്പോൾ ആരെങ്കിലും സ്വവർഗരതിയിൽ തുടരുന്നെങ്കിലോ? ആ വ്യക്തിക്ക് മാറ്റം വരുത്താനാകുമോ?
ആകും. കാരണം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിലർക്ക് അതിന് കഴിഞ്ഞിട്ടുണ്ട്! സ്വവർഗരതിയിൽ തുടരുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു പറഞ്ഞതിനു ശേഷം, “നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു” എന്നു ബൈബിൾ പറയുന്നു.—1 കൊരിന്ത്യർ 6:11.
അതിന്റെ അർഥം സ്വവർഗരതി ശീലമാക്കിയിരുന്ന ഒരു വ്യക്തിക്ക് അതു നിറുത്തിയശേഷം വീണ്ടും അതിനോട് ഒരിക്കലും താത്പര്യം തോന്നുകയില്ല എന്നാണോ? അല്ല. ബൈബിൾ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “പുതിയ വ്യക്തിത്വം ധരിക്കുക. ശരിയായ അറിവ് നേടുന്നതനുസരിച്ച് ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി” പുതുക്കപ്പെടും. (കൊലോസ്യർ 3:10) കാരണം മാറ്റം ഒരു തുടർപ്രക്രിയയാണ്.
എന്നാൽ ഒരു വ്യക്തി ദൈവത്തിന്റെ നിലവാരം പിൻപറ്റാൻ ആഗ്രഹിക്കുകയും അതേസമയം ആ വ്യക്തിക്ക് സ്വവർഗരതിയോടുള്ള പ്രേരണ നിലനിൽക്കുകയും ചെയ്യുന്നെങ്കിലോ?
മറ്റേതൊരു പ്രേരണയുടെയും കാര്യത്തിൽ എന്നപോലെ അതിനെ വേരോടെ പിഴുതുകളഞ്ഞ് അതിനു ചേർച്ചയിൽ പ്രവർത്തിക്കാതിരിക്കാൻ ഓരോ വ്യക്തിക്കും തീരുമാനിക്കാനാകും. അത് എങ്ങനെ? ബൈബിൾ പറയുന്നു: “ദൈവാത്മാവിനെ അനുസരിച്ച് നടക്കുക. അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്തിപ്പെടുത്താൻ നിങ്ങൾ ഒരിക്കലും മുതിരില്ല.”—ഗലാത്യർ 5:16.
ശ്രദ്ധിക്കുക, ആ വ്യക്തിക്ക് ഒരിക്കലും ജഡാഭിലാഷങ്ങൾ ഉണ്ടായിരിക്കുകയില്ല എന്ന് ആ വാക്യം പറയുന്നില്ല. മറിച്ച് ബൈബിൾപഠനം, പ്രാർഥന എന്നിവ ഉൾപ്പെടുന്ന ഒരു ആത്മീയ ദിനചര്യയുണ്ടെങ്കിൽ ഇത്തരം പ്രേരണകളെ ചെറുക്കാനുള്ള ശക്തി അയാൾക്കുണ്ടായിരിക്കും.
തുടക്കത്തിൽ പറഞ്ഞ ഡേവിഡിന്റെ കാര്യത്തിൽ ഇക്കാര്യം സത്യമാണെന്ന് തെളിഞ്ഞു. പ്രത്യേകിച്ച് ഈ പോരാട്ടത്തെക്കുറിച്ച് അവൻ മാതാപിതാക്കളോട് തുറന്നുപറഞ്ഞതോടെ. ഡേവിഡ് പറയുന്നു: “ഒരു വലിയ ഭാരം ചുമലിൽനിന്ന് ഇറക്കിവെച്ചതായി എനിക്കു തോന്നി. ഇക്കാര്യം നേരത്തേ പറഞ്ഞിരുന്നെങ്കിൽ എനിക്ക് എന്റെ കൗമാരകാലം കുറെക്കൂടെ ആസ്വദിക്കാമായിരുന്നു.”
അങ്ങനെ നമ്മൾ ദൈവികനിലവാരങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുമ്പോൾ യഥാർഥസന്തോഷം ആസ്വദിക്കാനാകും. അവ ‘നീതിയുള്ളവയാണ്. അത് ഹൃദയാനന്ദം നൽകുന്നു’ എന്നു മാത്രമല്ല ‘അവയെ പാലിക്കുന്നതിനാൽ വലിയ പ്രതിഫലം ലഭിക്കുകയും ചെയ്യും.’—സങ്കീർത്തനം 19:8, 11.