യുവജനങ്ങൾ ചോദിക്കുന്നു
സൗന്ദര്യത്തെക്കുറിച്ചാണോ എന്റെ ചിന്ത മുഴുവൻ?
ക്വിസ്: സൗന്ദര്യത്തെക്കുറിച്ച് ഞാൻ വേണ്ടതിലധികം ചിന്തിക്കുന്നുണ്ടോ?
താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണു നിങ്ങളുടെ ചിന്തയുമായി ഒത്തുവരുന്നത്?
എന്നെ കാണാൻ കൊള്ളില്ലെന്ന് എനിക്ക് എപ്പോഴും തോന്നും
എന്നെ കാണാൻ കൊള്ളില്ലെന്ന് എനിക്കു ചിലപ്പോഴൊക്കെ തോന്നും
എന്നെ കാണാൻ കൊള്ളില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെ മാറ്റം വരുത്തണമെന്നാണു നിങ്ങൾക്കു തോന്നുന്നത്?
ഉയരം
ഭാരം
ശരീരവടിവ്
മുടി
നിറം
മസിൽ
മറ്റെന്തെങ്കിലും
താഴെ കൊടുത്തിരിക്കുന്ന വാചകം പൂരിപ്പിക്കുക.
എനിക്ക് എന്റെ ശരീരത്തെക്കുറിച്ച് ഏറ്റവും നിരാശ തോന്നുന്നത് . . .
പൊക്കം നോക്കാൻ അളവെടുക്കുമ്പോഴാണ്.
കണ്ണാടിയിൽ നോക്കുമ്പോഴാണ്.
ഞാൻ സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ് (കൂട്ടുകാരുമായി, മോഡലുകളുമായി, ചലച്ചിത്രതാരങ്ങളുമായി).
താഴെ കൊടുത്തിരിക്കുന്ന വാചകം പൂരിപ്പിക്കുക.
ഞാൻ . . . തൂക്കം നോക്കാറുണ്ട്.
എന്നും
ആഴ്ചയിലൊരിക്കൽ
ഇടയ്ക്കൊക്കെ
താഴെ പറയുന്നവയിൽ ഏതാണ് നിങ്ങളുടെ തോന്നലുമായി ഒത്തുവരുന്നത്?
സൗന്ദര്യത്തെക്കുറിച്ചുള്ള വികലമായ വീക്ഷണം. (ഉദാഹരണം: “കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം തടിച്ചുരുണ്ട ഒരു രൂപത്തെയാണു ഞാൻ കാണുന്നത്. മെലിയാൻവേണ്ടി ഞാൻ പട്ടിണി കിടന്നിട്ടുപോലുമുണ്ട്.”—സെറീന.)
സൗന്ദര്യത്തെക്കുറിച്ച് സമനിലയുള്ള വീക്ഷണം. (ഉദാഹരണം: “കൊള്ളില്ലെന്നു തോന്നുന്ന എന്തെങ്കിലുമൊക്കെ നമ്മുടെയെല്ലാം ശരീരഘടനയിലുണ്ടാകും. അതു നമ്മൾ അംഗീകരിച്ചേ മതിയാകൂ. മാറ്റാൻ കഴിയാത്ത കാര്യത്തെക്കുറിച്ച് ഓർത്ത് തല പുണ്ണാക്കുന്നതിൽ ഒരു കഥയുമില്ല!”—നതാന്യ.)
“നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്” എന്നു ബൈബിൾ പറയുന്നു. (റോമർ 12:3) അതിന്റെ അർഥം നമ്മളെക്കുറിച്ച് ഒരു പരിധിവരെ ചിന്തിക്കുന്നത് സ്വാഭാവികമാണെന്നാണ്, അങ്ങനെ ചിന്തിക്കുകയും വേണം. അതുകൊണ്ടാണല്ലോ നമ്മൾ പല്ലു തേക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുന്നത്.
പക്ഷേ, ശരീരഘടനയെക്കുറിച്ച് നിങ്ങൾ അമിതമായി ചിന്തിച്ചുകൂട്ടുന്നുണ്ടോ, അതു നിങ്ങളെ നിരാശയിലാഴ്ത്തുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം. . .
എന്നെ കാണാൻ കൊള്ളില്ലെന്ന് എനിക്കു തോന്നുന്നത് എന്തുകൊണ്ടാണ്?
അതിനു പല കാരണങ്ങളുണ്ട്. അവയിൽ ചിലതാണ്:
മാധ്യമങ്ങളുടെ സ്വാധീനം. “മെലിഞ്ഞ് നല്ല വടിവൊത്ത ശരീരമുണ്ടായിരിക്കുന്നതാണു സൗന്ദര്യം എന്ന ചിന്തയാണു മാധ്യമങ്ങൾ ചെറുപ്പക്കാരുടെ മനസ്സിൽ കുത്തിവെക്കുന്നത്. അതുകൊണ്ട് സങ്കല്പത്തിലെ ആ സുന്ദരിയെപ്പോലെയല്ലെങ്കിൽ എന്നെ കാണാൻ കൊള്ളില്ല എന്നാണു ചെറുപ്പക്കാരുടെ വിചാരം!”—കെല്ലി.
മാതാപിതാക്കളുടെ സ്വാധീനം. “അമ്മ സൗന്ദര്യത്തെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കുന്നയാളാണെങ്കിൽ മകളും ആ വഴിക്കുതന്നെ നീങ്ങാനാണു സാധ്യത. അച്ഛന്റെയും മകന്റെയും കാര്യത്തിലും ഇതു സത്യമാണ്.”—റീത്ത.
ആത്മവിശ്വാസക്കുറവ്. “സൗന്ദര്യത്തെക്കുറിച്ച് വേണ്ടതിലധികം ചിന്തിക്കുന്ന വ്യക്തികൾ കൂടെക്കൂടെ മറ്റുള്ളവരിൽനിന്ന് അഭിനന്ദനം പ്രതീക്ഷിക്കും. എപ്പോഴും അങ്ങനെ അഭിനന്ദിച്ചുകൊണ്ടിരിക്കാൻ പറ്റുമോ?”—ജീൻ.
കാരണം എന്തായാലും നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം . . .
ശരീരഭംഗി വരുത്താൻ ഞാൻ എന്തെങ്കിലും ചെയ്യണോ?
നിങ്ങളുടെ പ്രായത്തിലുള്ള ചില കുട്ടികൾ പറയുന്നത് എന്താണെന്നു നോക്കാം.
“നിങ്ങളുടെ ശരീരഘടനയിൽ നിങ്ങൾക്ക് ഇഷ്ടമല്ലാത്ത പല കാര്യങ്ങളുമുണ്ടാകും. പക്ഷേ അവയിൽ പലതും മാറ്റാൻ കഴിയാത്തവയാണ്. അതുകൊണ്ട് അവ അങ്ങനെതന്നെ അംഗീകരിക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ ചെയ്താൽ മറ്റുള്ളവരും അതു ശ്രദ്ധിക്കില്ല.”—റോറി.
“നല്ല ആരോഗ്യം നിലനിറുത്താൻ ആവശ്യമായതു ചെയ്യുക. നല്ല ആരോഗ്യമുണ്ടെങ്കിൽ നിങ്ങളുടെ യഥാർഥ സൗന്ദര്യം സ്വാഭാവികമായി പുറത്തുവരും. ഒരു നല്ല സുഹൃത്ത് സൗന്ദര്യത്തെക്കാളുപരി നിങ്ങളുടെ വ്യക്തിത്വത്തെയായിരിക്കും വിലമതിക്കുക.”—ഒലീവിയ.
ചുരുക്കിപ്പറഞ്ഞാൽ: സൗന്ദര്യം നിലനിറുത്താൻ നിങ്ങളെക്കൊണ്ടാവുന്നത് ചെയ്യുക. ബാക്കിയെല്ലാം വിട്ടുകളയുക. സൗന്ദര്യത്തെക്കുറിച്ചുള്ള അതിരുകടന്ന ആശങ്ക അപകടം ചെയ്യും. (“ ജൂലിയയുടെ കഥ” വായിക്കുക.)
സമനിലയുള്ള ഒരു കാഴ്ചപ്പാടുണ്ടെങ്കിൽ നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ നിങ്ങളെ ഉൾക്കൊള്ളാൻ നിങ്ങൾക്കു കഴിയും. അതാണ് എറിൻ എന്ന ഒരു പെൺകുട്ടി പഠിച്ച കാര്യം. അവൾ പറയുന്നു: “ശരിയാണ്. എനിക്കു പല കുറവുകളുമുണ്ട്. പക്ഷേ ആ കുറവുകളിൽ മാത്രം ശ്രദ്ധിക്കുമ്പോഴാണ് എനിക്കു വിഷമം തോന്നുന്നത്. ഇപ്പോൾ ഞാൻ പതിവായി വ്യായാമം ചെയ്യാറുണ്ട്, ശരിയായി ഭക്ഷണവും കഴിക്കും. ബാക്കിയെല്ലാം തനിയെ ശരിയായിക്കോളും.”
വരുത്താനാകുന്ന ഏറ്റവും നല്ല മാറ്റം!
സൗന്ദര്യത്തെക്കുറിച്ച് സമനിലയുള്ള ഒരു കാഴ്ചപ്പാടുണ്ടായിരിക്കുമ്പോൾ നിങ്ങൾക്കു നല്ല സന്തോഷം തോന്നും. അതു നിങ്ങളുടെ സൗന്ദര്യത്തിനും മാറ്റുകൂട്ടും. ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും. താഴെ പറയുന്ന ഗുണങ്ങൾ വളർത്തിയെടുക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു:
ഉള്ളതിൽ തൃപ്തരായിരിക്കുക: “കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നതിലും ഭേദം ഉള്ളതുകൊണ്ടു തൃപ്തിപ്പെടുകയാണ്. എപ്പോഴും കൂടുതൽ കൂടുതൽ ആഗ്രഹിക്കുന്നതു നിഷ്ഫലമാണ്. കാറ്റിനെ പിടിക്കാൻ ശ്രമിക്കുമ്പോലെയാണത്.”—സഭാപ്രസംഗകൻ 6:9, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.
വ്യായാമത്തെക്കുറിച്ച് സമനിലയുള്ള കാഴ്ചപ്പാടു നിലനിറുത്തുക. “കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണ്.”—1 തിമൊഥെയൊസ് 4:8.
മനസ്സിന്റെ സൗന്ദര്യം. “കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.”—1 ശമുവേൽ 16:7.
“നമ്മൾ നമ്മളെത്തന്നെ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു മുഖഭാവങ്ങളിലൂടെ വായിച്ചെടുക്കാനാകും. ഉള്ള സൗന്ദര്യത്തിൽ ഒരാൾ തൃപ്തനാണെങ്കിൽ മറ്റുള്ളവർ അതു തിരിച്ചറിയും. സ്വാഭാവികമായി ആളുകൾക്ക് അയാളോട് അടുപ്പം തോന്നും.”—സാറ.
“മുഖസൗന്ദര്യം ഒറ്റനോട്ടത്തിൽ ആളുകൾ ശ്രദ്ധിച്ചേക്കാം. പക്ഷേ നിങ്ങളുടെ മനസ്സിന്റെ സൗന്ദര്യവും നല്ല ഗുണങ്ങളും ആയിരിക്കും ആളുകൾ എന്നും ഓർത്തിരിക്കുക.”—ഫിലിഷ്യ.
സുഭാഷിതങ്ങൾ 11:22; കൊലോസ്യർ 3:10, 12; 1 പത്രോസ് 3:3, 4 എന്നിവയും കാണുക.