ആളുകൾ മരിക്കുന്നത് എന്തുകൊണ്ട്?
ബൈബിളിന്റെ ഉത്തരം
ആളുകൾ മരിക്കുന്നത് എന്തുകൊണ്ട് എന്നു ചിന്തിക്കുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ചും നമുക്ക് പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാകുമ്പോൾ. ബൈബിൾ പറയുന്നു: “മരണത്തിന് ഇടയാക്കുന്ന വിഷമുള്ളു പാപമാണ്. പാപത്തിന്റെ ശക്തിയോ നിയമവും.”—1 കൊരിന്ത്യർ 15:56.
എല്ലാ ആളുകളും പാപം ചെയ്യുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
ആദ്യമനുഷ്യരായ ആദാമും ഹവ്വയും ദൈവത്തോടു പാപം ചെയ്തുകൊണ്ട് സ്വന്തം ജീവൻ നഷ്ടപ്പെടുത്തി. (ഉൽപത്തി 3:17-19) ‘ജീവന്റെ ഉറവായ’ ദൈവത്തിന് എതിരെയുള്ള അവരുടെ മത്സരത്തിന് മരണമല്ലാതെ മറ്റൊരു പരിണതഫലം ഇല്ലായിരുന്നു.—സങ്കീർത്തനം 36:9; ഉൽപത്തി 2:17.
പാപത്തിന്റെ പരിണതഫലങ്ങൾ ആദാം തന്റെ പിൻതലമുറക്കാർക്കെല്ലാം കൈമാറി. ബൈബിൾ പറയുന്നു: “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) പാപികളായതുകൊണ്ടാണ് എല്ലാവരും മരിക്കുന്നത്.—റോമർ 3:23.
മരണം എങ്ങനെ ഇല്ലാതാകും?
‘മരണത്തെ എന്നേക്കുമായി ഇല്ലാതാക്കുന്ന’ ഒരു സമയം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (യശയ്യ 25:8) മരണത്തെ ഇല്ലാതാക്കുന്നതിന് അതിന്റെ മൂലകാരണമായ പാപത്തെ ദൈവം തുടച്ചുനീക്കും. “ലോകത്തിന്റെ പാപം നീക്കിക്കളയുന്ന” യേശുക്രിസ്തുവിനെ ഉപയോഗിച്ച് ദൈവം ഇതു ചെയ്യും.—യോഹന്നാൻ 1:29; 1 യോഹന്നാൻ 1:7.