“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം എന്താണ്?
ബൈബിളിന്റെ ഉത്തരം
“നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്ന കല്പന ബൈബിളിൽ പല പ്രാവശ്യം കാണാം. (പുറപ്പാട് 20:12; ആവർത്തനം 5:16; മത്തായി 15:4; എഫെസ്യർ 6:2, 3) അതിൽ പ്രധാനമായും നാല് ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
അവരെ വിലമതിക്കുക. മാതാപിതാക്കൾ നിങ്ങൾക്കായി ചെയ്ത കാര്യങ്ങളെപ്രതി നന്ദിയുള്ളവരായിരിക്കുമ്പോൾ അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നു എന്നാണ് നിങ്ങൾ കാണിക്കുന്നത്. അവരുടെ മാർഗനിർദേശങ്ങൾ മൂല്യവത്തായി കരുതിക്കൊണ്ടും നിങ്ങൾക്ക് വിലമതിപ്പ് കാണിക്കാം. (സുഭാഷിതങ്ങൾ 7:1, 2; 23:26) മാതാപിതാക്കളെ നിങ്ങളുടെ “മഹത്ത്വം” ആയി കാണാൻ, അതായത് അവരെപ്രതി അഭിമാനംകൊള്ളാൻ, ബൈബിൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.—സുഭാഷിതങ്ങൾ 17:6.
അവരുടെ അധികാരം അംഗീകരിക്കുക. പ്രത്യേകിച്ച് ചെറുപ്പമായിരിക്കുമ്പോൾ മാതാപിതാക്കൾക്ക് കീഴ്പെട്ടിരിക്കുന്നത് അവരെ ബഹുമാനിക്കുന്നതിനു തുല്യമാണ്. ദൈവം അവർക്ക് ആ അധികാരം കൊടുത്തിരിക്കുന്നു. കൊലോസ്യർ 3:20 ചെറുപ്പക്കാരോടു പറയുന്നു: “എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്.” ചെറുപ്പമായിരുന്നപ്പോൾ യേശുപോലും മാതാപിതാക്കളെ മനസ്സോടെ അനുസരിച്ചു.—ലൂക്കോസ് 2:51.
അവരോടു ബഹുമാനത്തോടെ ഇടപെടുക. (ലേവ്യ 19:3; എബ്രായർ 12:9) നിങ്ങൾ എന്തു പറയുന്നു, അത് എങ്ങനെ പറയുന്നു എന്നത് ഇക്കാര്യത്തിൽ ഉൾപ്പെടുന്നു. എന്നാൽ ചില മാതാപിതാക്കളെ ബഹുമാനിക്കുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുന്ന വിധത്തിൽ അവർ ചിലപ്പോഴൊക്കെ പെരുമാറാറുണ്ട് എന്നത് സത്യംതന്നെ. അപ്പോൾപ്പോലും അനാദരവോടെയുള്ള സംസാരവും പ്രവൃത്തികളും ഒഴിവാക്കിക്കൊണ്ട് കുട്ടികൾക്ക് മാതാപിതാക്കളെ ബഹുമാനിക്കാനാകും. (സുഭാഷിതങ്ങൾ 30:17) ഒരുവന്റെ അപ്പനെയോ അമ്മയെയോ നിന്ദിച്ച് സംസാരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ബൈബിൾ പറയുന്നു.—മത്തായി 15:4.
അവർക്കായി കരുതുക. നിങ്ങളുടെ മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ അവർക്ക് ചില സഹായങ്ങൾ ചെയ്തുകൊടുക്കേണ്ടി വന്നേക്കാം. അവർക്ക് ആവശ്യമായത് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ പരമാവധി ചെയ്തുകൊണ്ട് നിങ്ങൾക്ക് അവരെ ബഹുമാനിക്കാനാകും. (1 തിമൊഥെയൊസ് 5:4, 8) ഉദാഹരണത്തിന്, മരിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ അമ്മയ്ക്കുവേണ്ടി കരുതുന്നതിനായുള്ള ക്രമീകരണം യേശു ചെയ്തു.—യോഹന്നാൻ 19:25-27.
അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നു എന്നു പറയണമെങ്കിൽ നിങ്ങളുടെ വിവാഹജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ അവരെ അനുവദിക്കണം.
വസ്തുത: മറ്റെല്ലാ കുടുംബബന്ധങ്ങളെക്കാളും പ്രാധാന്യം വിവാഹബന്ധത്തിനു നൽകണമെന്നാണ് ബൈബിൾ കല്പിക്കുന്നത്. “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും” എന്ന് ഉൽപത്തി 2:24 പറയുന്നു. (മത്തായി 19:4, 5) എന്നിരുന്നാലും വിവാഹിതദമ്പതികൾക്ക് മാതാപിതാക്കളുടെയോ, ഇണയുടെ മാതാപിതാക്കളുടെയോ ഉപദേശത്തിൽനിന്ന് പ്രയോജനം നേടാനാകും. (സുഭാഷിതങ്ങൾ 23:22) എന്നാൽ തങ്ങളുടെ വിവാഹജീവിതത്തിൽ അവരെ എത്രത്തോളം ഉൾപ്പെടുത്തണം എന്ന കാര്യത്തിന് ഒരു അതിർവരമ്പ് വെക്കാൻ ദമ്പതികൾ തീരുമാനിച്ചേക്കാം.—മത്തായി 19:6.
തെറ്റിദ്ധാരണ: നിങ്ങളുടെ അപ്പനും അമ്മയ്ക്കും സമ്പൂർണമായ അധികാരമുണ്ട്.
വസ്തുത: കുടുംബത്തിനുള്ളിൽ അധികാരം പ്രയോഗിക്കാൻ ദൈവം മാതാപിതാക്കളെ അനുവദിക്കുന്നെങ്കിലും മനുഷ്യന്റെ എല്ലാ അധികാരത്തിനും പരിധികളുണ്ട്. ഇവയ്ക്കെല്ലാം മീതെയാണ് ദൈവത്തിന്റെ അധികാരം. ഉദാഹരണത്തിന്, ദൈവത്തെ ധിക്കരിക്കാൻ യേശുവിന്റെ ശിഷ്യന്മാരോട് ഒരു ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ‘’ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” എന്നാണ് അവർ മറുപടി പറഞ്ഞത്. (പ്രവൃത്തികൾ 5:27-29) അതുകൊണ്ട്, “കർത്താവ് ആഗ്രഹിക്കുന്നതുപോലെ,” അതായത് ദൈവനിയമത്തിന് എതിരല്ലാത്ത കാര്യങ്ങളിലെല്ലാം കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുന്നു.—എഫെസ്യർ 6:1.
തെറ്റിദ്ധാരണ: മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ അവരുടെ മതവിശ്വാസം പിൻപറ്റുന്നത് ഉൾപ്പെടുന്നു.
വസ്തുത: നമ്മളെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം സത്യം തന്നെയാണോയെന്ന് പരിശോധിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (പ്രവൃത്തികൾ 17:11; 1 യോഹന്നാൻ 4:1) അങ്ങനെ ചെയ്യുന്ന ഒരു വ്യക്തി മാതാപിതാക്കളുടേതിൽനിന്ന് വ്യത്യസ്തമായ ഒരു വിശ്വാസം കാലക്രമേണ തിരഞ്ഞെടുത്തേക്കാം. ഇത്തരത്തിൽ വ്യത്യസ്തമായ വിശ്വാസം സ്വീകരിച്ച വിശ്വസ്തരായ അനേകം ദൈവദാസരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അബ്രാഹാം, രൂത്ത്, അപ്പോസ്തലനായ പൗലോസ് എന്നിവർ ഇതിന് ഉദാഹരണങ്ങളാണ്.—യോശുവ 24:2, 14, 15; രൂത്ത് 1:15, 16; ഗലാത്യർ 1:14-16, 22-24.
തെറ്റിദ്ധാരണ: അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നു എന്നു പറയണമെങ്കിൽ പൂർവികരെ ആരാധിക്കുന്ന ആചാരത്തിൽ പങ്കുകൊള്ളേണ്ടത് ആവശ്യമാണ്.
വസ്തുത: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ” എന്നു ബൈബിൾ പറയുന്നു. (ലൂക്കോസ് 4:8) അതിനാൽ പൂർവികരെ ആരാധിക്കുന്നത് ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. മാത്രമല്ല “മരിച്ചവർ ഒന്നും അറിയുന്നില്ല” എന്നും ബൈബിൾ പഠിപ്പിക്കുന്നു. അവരെ ആദരിച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിയും അവർ അറിയുന്നില്ല. എന്നു മാത്രമല്ല ജീവിച്ചിരിക്കുന്നവരെ സഹായിക്കാനോ ഉപദ്രവിക്കാനോ അവർക്ക് കഴിയുകയുമില്ല.—സഭാപ്രസംഗകൻ 9:5, 10; യശയ്യ 8:19.