ബഹുഭാര്യാത്വം സ്വീകാര്യമാണോ?
ബൈബിളിന്റെ ഉത്തരം
ഒന്നിലധികം ഭാര്യമാരുണ്ടായിരിക്കാൻ പുരുഷനെ ദൈവം കുറെക്കാലത്തേക്ക് അനുവദിച്ചിരുന്നു എന്നതു ശരിതന്നെ. (ഉൽപത്തി 4:19; 16:1-4; 29:18-29) എന്നാൽ ദൈവമല്ല ബഹുഭാര്യാത്വത്തിന് തുടക്കം കുറിച്ചത്. ദൈവം ആദാമിന് ഒരു ഭാര്യയെ മാത്രമേ നൽകിയുള്ളൂ.
ഒരു പുരുഷന് ഒരു ഭാര്യ എന്ന തന്റെ നിലവാരം പുനഃസ്ഥാപിക്കാൻ ദൈവം യേശുക്രിസ്തുവിനെ നിയോഗിച്ചു. (യോഹന്നാൻ 8:28) വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: ‘ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു. “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും.”’—മത്തായി 19:4, 5.
യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ ദൈവാത്മാവിനാൽ പ്രചോദിതനായി ഇങ്ങനെ എഴുതി: “ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.” (1 കൊരിന്ത്യർ 7:2) ക്രിസ്തീയസഭയിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾക്ക് യോഗ്യത നേടുന്ന വിവാഹിതനായ ഒരു പുരുഷൻ ‘ഒരു ഭാര്യ മാത്രമുള്ളവൻ’ ആയിരിക്കണം എന്നും ബൈബിൾ പറയുന്നു.—1 തിമൊഥെയൊസ് 3:2, 12.