യേശു രക്ഷകനായിരിക്കുന്നത് ഏതു വിധത്തിൽ?
ബൈബിളിന്റെ ഉത്തരം
തന്റെ ജീവൻ മോചനവിലയായി നൽകിക്കൊണ്ട് യേശു വിശ്വസ്തരായ മനുഷ്യരെ രക്ഷിച്ചു. (മത്തായി 20:28) അതുകൊണ്ട് ബൈബിൾ യേശുവിനെ “ലോകത്തിന്റെ രക്ഷകൻ” എന്നു വിളിക്കുന്നു. (1 യോഹന്നാൻ 4:14) കൂടാതെ, “മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല; മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല” എന്നും ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 4:12.
തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി യേശു “മരണം വരിച്ചു.” (എബ്രായർ 2:9; യോഹന്നാൻ 3:16) അതിനു ശേഷം ദൈവം “യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.” (പ്രവൃത്തികൾ 3:15) ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിലേക്കു പോയി. സ്വർഗത്തിലായിരിക്കുന്ന യേശു ‘തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.’—എബ്രായർ 7:25.
യേശു നമുക്കുവേണ്ടി അപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?
നമ്മളെല്ലാം പാപികളാണ്. (റോമർ 3:23) പാപം നമുക്കും ദൈവത്തിനും ഇടയിലുള്ള ഒരു തടസ്സമാണ്. പാപം നമ്മളെ മരണത്തിലേക്ക് തള്ളിവിടുന്നു. (റോമർ 6:23) എന്നാൽ, യേശു നൽകിയ മോചനവിലയിൽ വിശ്വസിക്കുന്നവർക്കുവേണ്ടി യേശു ഒരു ‘അഭിഭാഷകനായി’ പ്രവർത്തിക്കുന്നു. (1 യോഹന്നാൻ 2:1, അടിക്കുറിപ്പ്.) തന്റെ ബലിമരണത്തിന്റെ അടിസ്ഥാനത്തിൽ, അവരുടെ പ്രാർഥനകൾ കേൾക്കാനും അവരുടെ പാപങ്ങൾ ക്ഷമിക്കാനും യേശു അവർക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നു. (മത്തായി 1:21; റോമർ 8:34) ഈ അപേക്ഷകൾ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലായതുകൊണ്ട് ദൈവം അതു കേൾക്കുന്നു. ദൈവം യേശുവിനെ ലോകത്തിലേക്ക് അയച്ചത് “അവനിലൂടെ ലോകം രക്ഷ നേടാനാണ്.”—യോഹന്നാൻ 3:17.
രക്ഷ നേടാനായി യേശുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ?
പോരാ. രക്ഷ നേടാൻ യേശുവിൽ വിശ്വസിക്കണമെങ്കിലും അതുമാത്രം മതിയാകുന്നില്ല. (പ്രവൃത്തികൾ 16:30, 31) ബൈബിൾ പറയുന്നു: “ശ്വാസമില്ലാത്ത ശരീരം ചത്തതായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും ചത്തതാണ്.” (യാക്കോബ് 2:26) രക്ഷ നേടുന്നതിന് നമ്മൾ:
യേശുവിനെക്കുറിച്ചും പിതാവായ യഹോവയെക്കുറിച്ചും അറിയണം.—യോഹന്നാൻ 17:3.
അവരിൽ വിശ്വാസം വളർത്തിയെടുക്കണം.—യോഹന്നാൻ 12:44; 14:1.
അവരുടെ കല്പനകൾ അനുസരിച്ചുകൊണ്ട് നമ്മുടെ വിശ്വാസം പ്രകടമാക്കണം. (ലൂക്കോസ് 6:46; 1 യോഹന്നാൻ 2:17) തന്നെ “കർത്താവേ” എന്നു വിളിക്കുന്ന എല്ലാവരും അല്ല “സ്വർഗസ്ഥനായ (തന്റെ) പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു” രക്ഷ പ്രാപിക്കുന്നതെന്ന് യേശു പഠിപ്പിച്ചു.—മത്തായി 7:21.
പ്രതികൂലസാഹചര്യങ്ങളിലും മടുത്തു പോകാതെ വിശ്വാസം കാണിക്കണം. “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും” എന്നു പറഞ്ഞപ്പോൾ യേശു അതാണ് വ്യക്തമാക്കിയത്.—മത്തായി 24:13.