വെളിപാട് 13-ാം അധ്യായത്തിലെ ഏഴു തലയുള്ള കാട്ടുമൃഗം എന്തിനെ ചിത്രീകരിക്കുന്നു?
ബൈബിളിന്റെ ഉത്തരം
വെളിപാട് 13:1-ൽ പറഞ്ഞിരിക്കുന്ന ഏഴു തലയുള്ള കാട്ടുമൃഗം ലോകമെങ്ങുമുള്ള രാഷ്ട്രീയവ്യവസ്ഥിതിയെ ചിത്രീകരിക്കുന്നു.
അതിന് അധികാരവും ശക്തിയും സിംഹാസനവും ഉണ്ട് എന്നു പറഞ്ഞിരിക്കുന്നതിനാൽ ഇത് ഒരു രാഷ്ട്രീയവ്യവസ്ഥിതിയാണെന്ന് സൂചിപ്പിക്കുന്നു.—വെളിപാട് 13:2.
അത് “എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ” ഭരണം നടത്തുന്നു. അതുകൊണ്ട് അത് ഏതെങ്കിലും ഒരു ദേശീയഗവൺമെന്റിനെക്കാൾ ഉയർന്നതാണ് എന്നു വ്യക്തം.—വെളിപാട് 13:7.
ദാനിയേൽ 7:2-8-ലെ പ്രവചനത്തിൽ വർണിച്ചിരിക്കുന്ന നാലു കാട്ടുമൃഗങ്ങളുടെ പ്രത്യേകതകളുമായി ഈ മൃഗം ഒത്തുവരുന്നു. ഇതിന്റെ ചില പ്രത്യേകതകൾ: പുള്ളിപ്പുലിയോടു സദൃശം, കരടിയുടേതുപോലുള്ള പാദം, സിംഹത്തിന്റേതുപോലുള്ള വായ്, പത്തു കൊമ്പുകൾ. ദാനിയേൽ പ്രവചനത്തിലെ മൃഗങ്ങൾ, സാമ്രാജ്യങ്ങളുടെ മേൽ ഒന്നിനു പുറകേ ഒന്നായി അധികാരം നടത്തിയിട്ടുള്ള രാജാക്കന്മാരോ രാഷ്ട്രീയഗവൺമെന്റുകളോ ആണ്. (ദാനിയേൽ 7:17, 23) അതുകൊണ്ട് വെളിപാട് 13-ാം അധ്യായത്തിലെ കാട്ടുമൃഗം ഒരു സംയുക്തരാഷ്ട്രീയസംഘടനയെ ചിത്രീകരിക്കുന്നു.
അത് “കടലിൽനിന്ന്. . . കയറിവരുന്ന”താണ്, അതായത്, മനുഷ്യഗവൺമെന്റുകളുടെ പ്രഭവസ്ഥാനമായ പ്രക്ഷുബ്ധമായ മനുഷ്യസാഗരത്തിൽനിന്ന്.—വെളിപാട് 13:1; യശയ്യ 17:12, 13.
ഈ കാട്ടുമൃഗത്തിന്റെ പേര് അല്ലെങ്കിൽ സംഖ്യ “ഒരു മനുഷ്യന്റെ സംഖ്യയാണ്” എന്നു ബൈബിൾ പറയുന്നു, അതായത് 666. (വെളിപാട് 13:17, 18) ആ പ്രയോഗം സൂചിപ്പിക്കുന്നത് വെളിപാട് 13-ാം അധ്യായത്തിലെ കാട്ടുമൃഗത്തിന് ഒരു മനുഷ്യന്റെ അസ്തിത്വമാണുള്ളത് എന്നാണ്. അല്ലാതെ ആത്മീയമോ പൈശാചികമോ അല്ല.
ചില കാര്യങ്ങളിൽ രാഷ്ട്രങ്ങൾ തമ്മിൽ വിയോജിപ്പുണ്ടെങ്കിലും ദൈവരാജ്യഭരണത്തിനു കീഴ്പെടാതെ തങ്ങളുടെ അധികാരം നിലനിറുത്തുന്ന കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ്. (സങ്കീർത്തനം 2:2) അർമഗെദോനിൽ യേശുക്രിസ്തുവിന്റെ നേതൃത്വത്തിലുള്ള സ്വർഗീയസൈന്യം രാഷ്ട്രങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുമ്പോഴും രാഷ്ട്രങ്ങൾ ഒന്നിച്ചുതന്നെ നിൽക്കും. എന്നാൽ ഈ യുദ്ധത്തിന് ഒടുവിൽ രാഷ്ട്രങ്ങൾ നശിപ്പിക്കപ്പെടും.—വെളിപാട് 16:14, 16; 19:19, 20.
“പത്തുകൊമ്പും ഏഴുതലയും”
ചില സംഖ്യകൾ പ്രതീകാത്മകമായാണു ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, പത്തും ഏഴും പൂർണതയെ കുറിക്കുന്നു. വെളിപാട് 13-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന “പത്തുകൊമ്പും ഏഴുതലയും” ഉള്ള കാട്ടുമൃഗത്തിന്റെ അർഥം എന്താണെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സൂചന വെളിപാട് 17-ാം അധ്യായത്തിലുണ്ട്. ഈ ‘മൃഗത്തിന്റെ പ്രതിമയായ’ ഏഴുതലയും പത്തുകൊമ്പും ഉള്ള കടുഞ്ചുവപ്പുള്ള കാട്ടുമൃഗത്തെക്കുറിച്ച് അവിടെ പറയുന്നു. (വെളിപാട് 13:1, 14, 15; 17:3) കടുഞ്ചുവപ്പുള്ള ഈ കാട്ടുമൃഗത്തിന്റെ ഏഴു തലകൾ “ഏഴുരാജാക്കന്മാർ” അഥവാ ഗവൺമെന്റുകളാണെന്നു ബൈബിൾ പറയുന്നു.—വെളിപാട് 17:9, 10.
സമാനമായി, വെളിപാട് 13:1-ലെ കാട്ടുമൃഗത്തിന്റെ ഏഴു തലകൾ ഏഴു ഗവൺമെന്റുകളെയാണ് ചിത്രീകരിക്കുന്നത്. ചരിത്രത്തിലുടനീളം ആധിപത്യം നടത്തിയിട്ടുള്ളതും ദൈവജനത്തെ ഞെരുക്കുന്നതിൽ മുൻനിരയിൽ നിന്നിട്ടുള്ളതും ആയ ഈജിപ്ത്, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്, റോം, ആംഗ്ലോ-അമേരിക്ക എന്നീ രാഷ്ട്രീയശക്തികളെ അതു കുറിക്കുന്നു. ചെറുതും വലുതും ആയ പരമാധികാര രാഷ്ട്രങ്ങളെയെല്ലാമാണു പത്തു കൊമ്പുകൾ കുറിക്കുന്നത്. ഓരോ കൊമ്പിനും മുകളിലുള്ള കിരീടങ്ങൾ ചിത്രീകരിക്കുന്നത് എല്ലാ പരമാധികാരരാഷ്ട്രങ്ങളും അക്കാലത്തെ പ്രധാന ലോകശക്തിയോടൊപ്പം ഭരണാധികാരം പ്രയോഗിക്കും എന്നാണ്.