ബൈബിൾവാക്യങ്ങളുടെ വിശദീകരണം
എബ്രായർ 4:12—‘ദൈവത്തിന്റെ വചനം ജീവനും ചൈതന്യവും ഉള്ളതാണ്’
“ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളതും ആണ്. ദേഹിയെയും ആത്മാവിനെയും വേർതിരിക്കുംവിധം അത് ഉള്ളിലേക്കു തുളച്ചുകയറുന്നു; മജ്ജയെയും സന്ധികളെയും വേർപെടുത്തുന്നു. അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.”—എബ്രായർ 4:12, പുതിയ ലോക ഭാഷാന്തരം.
“ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”—എബ്രായർ 4:12, സത്യവേദപുസ്തകം.
എബ്രായർ 4:12-ന്റെ അർഥം
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ സന്ദേശത്തിന് ആളുകളുടെ ഉള്ളിലെ യഥാർഥ ചിന്തയെയും ഉദ്ദേശ്യങ്ങളെയും പുറത്തുകൊണ്ടുവരാനുള്ള ശക്തിയുണ്ട്. അതുപോലെ ആളുകളെ മെച്ചപ്പെട്ട വ്യക്തികളാക്കാനും അതിനു കഴിയും.
‘ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളത്.’ ഇവിടെ “ദൈവത്തിന്റെ വാക്കുകൾ” എന്ന പ്രയോഗം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളെയോ ഉദ്ദേശ്യങ്ങളെയോ അർഥമാക്കുന്നു. a ആ ഉദ്ദേശ്യങ്ങളിൽ ഒന്നാണ് അനുസരണമുള്ള മനുഷ്യർ ഈ ഭൂമിയിൽ സമാധാനത്തോടെയും ഐക്യത്തോടെയും എന്നേക്കും ജീവിക്കണം എന്നത്.—ഉൽപത്തി 1:28; സങ്കീർത്തനം 37:29; വെളിപാട് 21:3, 4.
ദൈവത്തിന്റെ വാക്കുകൾ അഥവാ ഉദ്ദേശ്യം ‘ജീവനുള്ളതാണ്’ എന്നു പറയുന്നത് എന്തുകൊണ്ടാണ്? അങ്ങനെ പറയാനുള്ള ഒരു കാരണം, അതിൽ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളെ സ്വാധീനിക്കാനുള്ള ശക്തി അതിനുണ്ട്. അങ്ങനെ അത് അവർക്ക് പ്രത്യാശയും ജീവിതത്തിന് ഉദ്ദേശ്യവും നൽകുന്നു. (ആവർത്തനം 30:14; 32:47) അതുപോലെ ദൈവത്തിന്റെ വാഗ്ദാനം ജീവനുള്ളതാണ് എന്നു പറയുന്നതിന്റെ മറ്റൊരു കാരണം ജീവനുള്ള ദൈവം തന്റെ വാഗ്ദാനങ്ങൾ പൂർണമായി നിവർത്തിക്കുന്നതിനുവേണ്ടി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. (യോഹന്നാൻ 5:17) മനുഷ്യരിൽനിന്ന് വ്യത്യസ്തമായി ദൈവം ഒരിക്കലും ഒരു വാഗ്ദാനം കൊടുത്തിട്ട് അതു മറന്നുകളയുകയോ അതു നിവർത്തിക്കാൻ പരാജയപ്പെടുകയോ ഇല്ല. (സംഖ്യ 23:19) ദൈവത്തിന്റെ വാക്കുകൾ ‘ഫലം കാണാതെ ദൈവത്തിന്റെ അടുത്തേക്കു മടങ്ങിവരില്ല’ എന്നു ബൈബിൾ പറയുന്നു.—യശയ്യ 55:10, 11.
‘ദൈവത്തിന്റെ വാക്കുകൾ ശക്തി ചെലുത്തുന്നു.’ ‘ശക്തി ചെലുത്തുന്നത്’ എന്ന പ്രയോഗത്തെ “ശക്തിയുള്ളത്,” “ചൈതന്യമുള്ളത്,” “ആ വാക്കുകൾകൊണ്ട് എന്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവോ അതെല്ലാം നടപ്പാക്കുന്നു” എന്നെല്ലാം പരിഭാഷപ്പെടുത്താം. അതെ, ദൈവമായ യഹോവ b പറയുന്നതോ വാഗ്ദാനം ചെയ്യുന്നതോ ആയ കാര്യങ്ങളെല്ലാം ഉറപ്പായും നടക്കും. (സങ്കീർത്തനം 135: 6; യശയ്യ 46:10) ശരിക്കുംപറഞ്ഞാൽ നമ്മുടെ പ്രതീക്ഷകളെ കടത്തിവെട്ടുന്ന രീതിയിൽ തന്റെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ദൈവത്തിനാകും.—എഫെസ്യർ 3:20. c
ദൈവവചനത്തിനു മൂല്യം കല്പിക്കുന്നവരുടെ ജീവിതത്തിലും വ്യക്തിത്വത്തിലും നല്ല മാറ്റങ്ങൾ വരുത്താൻ സഹായിച്ചുകൊണ്ടും ദൈവവചനം ‘ശക്തി ചെലുത്തുന്നു.’ ദൈവം പഠിപ്പിക്കുന്ന കാര്യങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. അതായത് അവരുടെ ചിന്തകളെയും ജീവിതരീതിയെയും ലക്ഷ്യങ്ങളെയും അതു സ്വാധീനിക്കുന്നു. (റോമർ 12:2; എഫെസ്യർ 4:24) അങ്ങനെ ദൈവവചനം ദൈവത്തിൽനിന്നുള്ളതായി സ്വീകരിക്കുന്നവരിൽ ‘അതു പ്രവർത്തിക്കുന്നു.’—1 തെസ്സലോനിക്യർ 2:13.
“ദൈവത്തിന്റെ വാക്കുകൾ . . . ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയുള്ളതും ആണ്.” ആലങ്കാരികമായി പറഞ്ഞാൽ, മനുഷ്യനിർമിതമായ ഏതു വാളിനെക്കാളും മൂർച്ചയും തുളച്ചുകയറാനുള്ള ശക്തിയും ദൈവവചനത്തിനുണ്ട്. അതായത് ഒരു മനുഷ്യന്റെയും പഠിപ്പിക്കലുകൾക്ക് കഴിയാത്തത്ര രീതിയിൽ ദൈവത്തിന്റെ വചനത്തിന് ഒരാളുടെ ഹൃദയത്തെ തൊടാൻ, അയാളുടെ ഉള്ളിലെ വ്യക്തിയെ സ്വാധീനിക്കാൻ കഴിയും. അതെക്കുറിച്ചാണ് എബ്രായർ 4:12-ൽ തുടർന്ന് പറയുന്നത്.
‘ദൈവത്തിന്റെ വാക്കുകൾ ദേഹിയെയും ആത്മാവിനെയും വേർതിരിക്കുംവിധം ഉള്ളിലേക്കു തുളച്ചുകയറുന്നു; മജ്ജയെയും സന്ധികളെയും വേർപെടുത്തുന്നു.’ ബൈബിളിൽ “ദേഹി” എന്ന പദം ഒരു വ്യക്തി പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിനെയും “ആത്മാവ്” എന്ന പദം ആ വ്യക്തി ഉള്ളിൽ എങ്ങനെയുള്ള ഒരാളാണ് എന്നതിനെയും കുറിക്കുന്നു. (ഗലാത്യർ 6:18) ആലങ്കാരികമായി പറഞ്ഞാൽ, ദൈവത്തിന്റെ വാക്കുകൾ നമ്മുടെ ‘മജ്ജയിലേക്കു’ തുളച്ചുകയറുന്നു, അതായത് ഉള്ളിന്റെയുള്ളിലെ ചിന്തകളിലേക്കും വികാരങ്ങളിലേക്കും. അങ്ങനെ മറ്റു മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ഉള്ളിന്റെയുള്ളിലെ വ്യക്തി എങ്ങനെയുള്ളതാണ് എന്നു കാണിച്ചുതന്നുകൊണ്ട് നമ്മളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ യഹോവയുടെ പഠിപ്പിക്കലുകൾക്ക് ആകും. അതു നമുക്കും നമ്മുടെ സ്രഷ്ടാവിനും സന്തോഷം നൽകും.
‘ദൈവത്തിന്റെ വാക്കുകൾക്ക് ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്.’ ഒരു വ്യക്തി ദൈവവചനത്തോടു പ്രതികരിക്കുന്ന രീതിയിൽനിന്ന് അയാളുടെ ചിന്തകൾ, അതായത് അയാളുടെ ഉദ്ദേശ്യങ്ങളും ആന്തരവും എന്താണെന്നു മനസ്സിലാക്കാനാകും. ആ കാര്യങ്ങളായിരിക്കും അദ്ദേഹത്തിന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി ദൈവവചനത്തോട് നല്ല രീതിയിൽ പ്രതികരിക്കുകയും ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയാണെങ്കിൽ അദ്ദേഹം താഴ്മയുള്ള, ആത്മാർഥഹൃദയനായ വ്യക്തിയാണെന്ന് അതിലൂടെ മനസ്സിലാക്കാം. സ്രഷ്ടാവിനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം ആ വ്യക്തിക്കുണ്ട്. അതേസമയം, ഒരു വ്യക്തി ദൈവവചനത്തിന്റെ കുറ്റവും കുറവും കണ്ടുപിടിക്കാൻ ശ്രമിക്കുകയാണെങ്കിൽ അയാൾ തനിക്ക് അഹങ്കാരവും സ്വാർഥതയും പോലുള്ള മോശം ഗുണങ്ങൾ ഉണ്ടെന്നു കാണിക്കുകയായിരിക്കും. ദൈവത്തിന് ഇഷ്ടമില്ലാത്ത പ്രവൃത്തികൾ ന്യായീകരിക്കാൻ അയാൾ ശ്രമിച്ചേക്കാം.—യിരെമ്യ 17:9; റോമർ 1:24-27.
ഒരു പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച്, ദൈവവചനത്തിന് “ഒരു വ്യക്തിയുടെ ഉള്ളിന്റെയുള്ളിലേക്കു കടന്നുചെല്ലാനാകും.” ഒരു വ്യക്തി ഉള്ളിന്റെയുള്ളിൽ എങ്ങനെയുള്ള ഒരാളാണെന്ന് ദൈവത്തിനു കാണാൻ കഴിയും, ഒന്നും മറഞ്ഞിരിക്കുന്നില്ല. അതുപോലെ ദൈവവചനത്തിന് ആ കാര്യങ്ങളെല്ലാം കാണിച്ചുതരാനും ആകും. എബ്രായർ 4:13 ഇങ്ങനെ പറയുന്നു: “എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.”
എബ്രായർ 4:12-ന്റെ സന്ദർഭം
ബൈബിളിലെ എബ്രായർ എന്ന പുസ്തകം എ.ഡി. 61-ൽ അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി എഴുതിയ ഒരു കത്താണ്. യരുശലേമിലും യഹൂദയിലും ഉള്ള ജൂതക്രിസ്ത്യാനികൾക്കാണ് അദ്ദേഹം അത് എഴുതിയത്.
3, 4 അധ്യായങ്ങളിൽ പുരാതന ഇസ്രായേല്യർ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പിൻദൃഷ്ടാന്തം ആയിരിക്കുന്നത് എങ്ങനെയാണെന്ന് പൗലോസ് വിശദീകരിക്കുന്നു. (എബ്രായർ 3:8-12; 4:11) ഇസ്രായേല്യരെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കും എന്നും ദൈവം കൊടുക്കുന്ന ദേശത്ത് അവർ “സുരക്ഷിതരായി ജീവിക്കും” എന്നും യഹോവ ഉറപ്പുകൊടുത്തതാണ്. (ആവർത്തനം 12:9, 10) എന്നാൽ ഈജിപ്ത് വിട്ടുപോന്ന ഇസ്രായേല്യരുടെ ആ തലമുറയ്ക്ക് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസം കുറവായിരുന്നു. അവർ ദൈവത്തോട് തുടർച്ചയായി അനുസരണക്കേടു കാണിച്ചു. അതിന്റെ ഫലമായി അവർക്ക് ‘ദൈവത്തിന്റെ സ്വസ്ഥതയിൽ’ പ്രവേശിക്കാനും ദൈവവുമായി ഒരു സമാധാനബന്ധം ആസ്വദിക്കാനും കഴിഞ്ഞില്ല. അവർ വിജനഭൂമിയിൽവെച്ചുതന്നെ മരിച്ചു. അവരുടെ പിൻതലമുറക്കാർ ദൈവം വാഗ്ദാനം ചെയ്ത ആ ദേശത്ത് പ്രവേശിച്ചെങ്കിലും അവരും ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നീട് ആ ജനത്തിന് വലിയ കഷ്ടതകൾ അനുഭവിക്കേണ്ടിവന്നു.—നെഹമ്യ 9:29, 30; സങ്കീർത്തനം 95:9-11; ലൂക്കോസ് 13:34, 35.
ക്രിസ്ത്യാനികൾ അവിശ്വസ്തരായ ഈ ഇസ്രായേല്യരിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പൗലോസ് പറയുന്നു. ആ ജനത്തെപ്പോലെയാകാതെ ദൈവവചനം അനുസരിച്ചുകൊണ്ടും ദൈവത്തിന്റെ വാഗ്ദാനങ്ങൾ പൂർണമായി വിശ്വസിച്ചുകൊണ്ടും നമുക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകും.—എബ്രായർ 4:1-3, 11.
എബ്രായർ എന്ന പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a എബ്രായർ 4:12-ലെ “ദൈവത്തിന്റെ വാക്കുകൾ” എന്ന പ്രയോഗം ബൈബിളിനെ മാത്രമല്ല അർഥമാക്കുന്നത്. എങ്കിലും ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് ദൈവം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട് എബ്രായർ 4:12-ലെ ആ പ്രയോഗം ബൈബിളിനെ കുറിക്കുന്നു എന്ന് പറയാനാകും.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.
c “എഫെസ്യർ 3:20—‘നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന ദൈവം’” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.”