ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഗലാത്യർ 6:9—“നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്”
“അതുകൊണ്ട് നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്. തളർന്നുപോകാതിരുന്നാൽ തക്കസമയത്ത് നമ്മൾ കൊയ്യും.”—ഗലാത്യർ 6:9, പുതിയ ലോക ഭാഷാന്തരം.
“നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9, സത്യവേദപുസ്തകം.
ഗലാത്യർ 6:9-ന്റെ അർഥം
ഇവിടെ അപ്പോസ്തലനായ പൗലോസ് നന്മ ചെയ്യുന്നതിൽ അതായത്, ദൈവത്തിന്റെ കണ്ണിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ തുടരാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ ദൈവം അവർക്കു പ്രതിഫലം നൽകുമെന്ന് ഉറപ്പുണ്ടായിരിക്കാനാകും.
“നിറുത്തിക്കളയരുത്.” ഈ പ്രയോഗത്തെ “നാം മടുത്തുപോകരുത്” എന്നും വിവർത്തനം ചെയ്യാം. ഇതിന്റെ മൂലഭാഷാന്തരം നോക്കിയാൽ അതിന് നിരുത്സാഹപ്പെട്ടുപോകാതിരിക്കുക, ഉത്സാഹം നഷ്ടപ്പെട്ടുപോകാതിരിക്കുക എന്ന അർഥവും വരാം. അപ്പോസ്തലനായ പൗലോസ് ഈ വാക്യത്തിൽ തന്നെയും ഉൾപ്പെടുത്തിയതിലൂടെ നിരുത്സാഹത്തിന് എതിരെ തനിക്കും പോരാടേണ്ടിവന്നിട്ടുണ്ട് എന്നു സമ്മതിച്ചുപറയുകയായിരുന്നു.—റോമർ 7:21-24.
‘നന്മ ചെയ്യുന്നതിൽ’ അതായത് നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ, ഒരു ക്രിസ്ത്യാനി ദൈവസേവനത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടും. അതിൽ ഒന്നാണ് ഒരാൾ സഹാരാധകർക്കുവേണ്ടിയോ മറ്റുള്ളവർക്കുവേണ്ടിയോ ചെയ്യുന്ന നന്മപ്രവൃത്തികൾ.—ഗലാത്യർ 6:10.
“തളർന്നുപോകാതിരുന്നാൽ തക്കസമയത്ത് നമ്മൾ കൊയ്യും.” ഒരു കൃഷിക്കാരൻ വിതയ്ക്കുന്ന വിത്ത് വളരാൻ സമയമെടുക്കുന്നതുപോലെ നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ പ്രയോജനങ്ങൾ കണ്ടുതുടങ്ങാനും ചിലപ്പോൾ സമയമെടുത്തേക്കാമെന്ന് പൗലോസ് ഇവിടെ പറയുകയാണ്. കൊയ്യുന്നതിനെക്കുറിച്ച് പറഞ്ഞതിലൂടെ പൗലോസ് 7-ാം വാക്യത്തിൽ കാണുന്ന അടിസ്ഥാനസത്യവുമായി ഈ വാക്യത്തെ ബന്ധപ്പെടുത്തുകയാണ്: “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ കണ്ണിൽ നല്ല കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിത്യജീവൻ ഉൾപ്പെടെയുള്ള വലിയ പ്രതിഫലം അദ്ദേഹം കൊയ്യും.—റോമർ 2:6, 7; ഗലാത്യർ 6:8.
ഗലാത്യർ 6:9-ന്റെ സന്ദർഭം
ഏതാണ്ട് എ.ഡി. 50-നും 52-നും ഇടയിൽ അപ്പോസ്തലനായ പൗലോസ് ഗലാത്യയിലുള്ള ക്രിസ്ത്യാനികൾക്ക് എഴുതിയ കത്താണ് ഇത്. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും എന്നാൽ അതേസമയം യേശുവിനെക്കുറിച്ചുള്ള സത്യം വളച്ചൊടിക്കുകയും ചെയ്തിരുന്നവരുടെ സ്വാധീനത്തിൽനിന്ന് മറ്റുള്ളവരെ സംരക്ഷിക്കാനാണ് അദ്ദേഹം ഈ കത്ത് എഴുതിയത്. (ഗലാത്യർ 1:6, 7) പുരാതന ഇസ്രായേല്യർക്ക് മോശയിലൂടെ കിട്ടിയ നിയമം ക്രിസ്ത്യാനികൾ അനുസരിക്കണമെന്ന് ഈ വ്യാജോപദേഷ്ടാക്കൾ നിർബന്ധംപിടിച്ചു. (ഗലാത്യർ 2:15, 16) എന്നാൽ മോശയുടെ നിയമത്തിന്റെ ഉദ്ദേശ്യം പൂർത്തിയായെന്നും ദൈവത്തിന്റെ ആരാധകർ ഇനിമേൽ ആ നിയമത്തിനു കീഴിലല്ലെന്നും പൗലോസ് വിശദീകരിച്ചു.—റോമർ 10:4; ഗലാത്യർ 3:23-25.
പൗലോസ് സഹക്രിസ്ത്യാനികളോട് ‘നന്മ ചെയ്യുന്നതിൽ’ തുടരാൻ പറഞ്ഞപ്പോൾ മോശയുടെ നിയമം അനുസരിക്കുന്നതല്ല ഉദ്ദേശിച്ചത്, പകരം ‘ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നതാണ്.’ അതിൽ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിനെക്കുറിച്ച് യേശു പഠിപ്പിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടും.—ഗലാത്യർ 6:2; മത്തായി 7:12; യോഹന്നാൻ 13:34.
ഗലാത്യരുടെ പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.