ആരുടെ കരവിരുത്?
ജാപ്പനീസ് മരത്തവളയുടെ കരച്ചിൽ
നിറുത്താതെ കരയുന്നതിനു പേരുകേട്ടവരാണ് ജാപ്പനീസ് മരത്തവളകൾ. അവ ഒരു അടുക്കുംചിട്ടയും ഇല്ലാതെ തോന്നിയതുപോലെ കരയുന്നതായിട്ടായിരിക്കാം നമുക്കു തോന്നുന്നത്. എങ്കിലും, ശബ്ദം ഉണ്ടാക്കുന്ന തവളക്കൂട്ടങ്ങളുടെ ഇടയിലും ഓരോ ആൺതവളകളുടെയും ശബ്ദം നമുക്കു തിരിച്ചറിയാനാകും. ഇതിന്റെ രഹസ്യം എന്താണെന്നു ജപ്പാനിലുള്ള ഗവേഷകർ തവളകളെക്കുറിച്ച് പഠിച്ചപ്പോൾ മനസ്സിലാക്കി. പെൺതവളകളെ കേൾപ്പിക്കാൻ ഈ ആൺതവളകൾ പരസ്പരം ഒത്തിണക്കത്തോടെയാണു ശബ്ദം പുറപ്പെടുവിക്കുന്നത്.
സവിശേഷത: പെൺതവളകളെ ആകർഷിക്കാൻവേണ്ടിയാണ് ആൺ ജാപ്പനീസ് മരത്തവളകൾ ശബ്ദം ഉണ്ടാക്കുന്നത്. അവയുടെ തൊണ്ടയുടെ അടിയിലായി വീർപ്പിക്കുകയും ചുരുക്കുകയും ചെയ്യാവുന്ന ഒരു സ്വനസഞ്ചി (vocal sac) ഉണ്ട്. സ്വനതന്തുക്കളിൽനിന്ന് (vocal cord) പുറപ്പെടുന്ന ശബ്ദം, ഈ സ്വനസഞ്ചിയിലൂടെ കടക്കുമ്പോൾ പ്രതിധ്വനിച്ച് കൂടുതൽ ഉച്ചത്തിൽ പുറത്തുവരുന്നു.
ഓരോ ആൺതവളയുടെയും ശബ്ദം വേർതിരിച്ചറിയാൻ കഴിയുന്നത് എങ്ങനെയാണ്? കൂട്ടമായി കരയുന്ന ഈ ജാപ്പനീസ് മരത്തവളകൾ ഒരു ക്രമവും ഇല്ലാതെയല്ല, പകരം ഓരോന്നും അവയുടെ ഊഴമനുസരിച്ചാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഓരോ തവളയുടെയും ശബ്ദം വേർതിരിച്ച് കേൾക്കാനാകും. അതായത്, ഒരു തവളയുടെ ശബ്ദം മറ്റൊന്നിന്റേതുമായി കൂടിച്ചേരില്ല. അവയ്ക്ക് അധികം ഊർജമെടുക്കേണ്ടിയും വരില്ല. അതുപോലെ, ഓരോ തവളയ്ക്കും അതിന്റെ അടുത്ത ഊഴം വരുന്നതുവരെ ശബ്ദം ഉണ്ടാക്കുന്നത് ഒന്നു നിറുത്താനുമാകും.
ജാപ്പനീസ് മരത്തവളകൾ ഇങ്ങനെ ഊഴമനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്ന വിദ്യ, ഗവേഷകർ ഇന്ന് വയർലെസ്സ് സങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ (data transmission), ഡാറ്റായുടെ ഓരോ യൂണിറ്റും (data packets), ഊഴമനുസരിച്ചാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ഒരു യൂണിറ്റ് മറ്റൊന്നിനു തടസ്സമാകുന്നില്ല. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വിവരക്കൈമാറ്റം ശരിയായി നടക്കും, അധികം ഊർജവും ചെലവാകില്ല.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഊഴമനുസരിച്ച് ശബ്ദം പുറപ്പെടുവിക്കാനുള്ള ജാപ്പനീസ് മരത്തവളകളുടെ ഈ കഴിവ് പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?