ആരുടെ കരവിരുത്?
ഡയബോളിക്കൽ അയൺക്ലാഡ് വണ്ടിന്റെ പുറംതോട്
വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്താണ് ഡയബോളിക്കൽ അയൺക്ലാഡ് വണ്ടുകൾ (Phloeodes diabolicus) കാണപ്പെടുന്നത്. അതിന്റെ ശരീരഭാരത്തെക്കാൾ ഏകദേശം 39,000 മടങ്ങ് ഭാരം താങ്ങാനുള്ള ശേഷി ഈ വണ്ടിനുണ്ട് എന്ന് ഗവേഷകർ പറയുന്നു. ഒരു കാർ കയറി ഇറങ്ങിയാലും അതിന് ഒന്നും സംഭവിക്കില്ല. ഇത്രയധികം ആഘാതം ഉണ്ടായാലും ഈ കുഞ്ഞ് വണ്ട് അതിനെ അതിജീവിക്കുന്നത് എങ്ങനെയാണ്?
ഈ വണ്ടിന്റെ പുറംതോടിന്റെ മുകൾഭാഗവും താഴ്ഭാഗവും കൂടിച്ചേരുന്നത് ഇരുവശങ്ങളിലുമുള്ള വരമ്പുകളിലാണ് (ridges). അതിൽ ഒരു തരം വരമ്പ് ആഘാതമുണ്ടാകുമ്പോൾ രൂപമാറ്റം സംഭവിക്കാതെ ശക്തമായി പ്രതിരോധിക്കുന്നു. അങ്ങനെ പ്രധാനപ്പെട്ട അവയവങ്ങളെ അതു സംരക്ഷിക്കുന്നു. മറ്റൊരു തരം വരമ്പ് അൽപ്പംകൂടെ വഴക്കമുള്ളതാണ്, താരതമ്യേന എളുപ്പത്തിൽ രൂപമാറ്റം സംഭവിക്കും. വേറൊരു തരം വരമ്പ് വണ്ടിന്റെ പുറംതോടിന്റെ പ്രതലം ചലിക്കാൻ സഹായിക്കുന്നവയാണ്, അതു വഴക്കമുള്ളവയാണ്. അതുകൊണ്ട് ഈ പ്രാണിക്ക് മരത്തൊലിയുടെ ഉള്ളിൽ കയറിയിരിക്കാനും പാറകളിലെ ചെറിയ വിള്ളലുകൾക്കിടയിൽ ഒളിച്ചിരിക്കാനും കഴിയുന്നു.
ഈ വണ്ടിന്റെ പുറംതോടിന്റെ ഇടത്തെയും വലത്തെയും ഭാഗങ്ങൾ മുകൾ അറ്റത്ത് യോജിക്കുന്നിടത്ത് പരസ്പരം കോർത്തുകിടക്കുന്ന നിരകളുണ്ട്. അതു കണ്ടാൽ ജിഗ്സോ പസിലിന്റെ കഷണങ്ങൾ പരസ്പരം കൂട്ടിപ്പിടിപ്പിച്ചിരിക്കുന്നതുപോലെ തോന്നും. ഈ നിരകളെ ബ്ലേഡുകൾ എന്നാണ് വിളിക്കുന്നത്. ഇങ്ങനെയൊരു ഘടനയുള്ളതുകൊണ്ട് മുകളിൽനിന്ന് എന്തെങ്കിലും ഭാരം വന്നാൽ അതിന്റെ സമ്മർദം ഒരു സ്ഥലത്തുതന്നെ കേന്ദ്രീകരിക്കാതെ പല സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കും. ഈ ബ്ലേഡുകളുടെ പല പാളികളെ യോജിപ്പിച്ചുനിറുത്തുന്നത് ചില പ്രോട്ടീനുകളാണ്. ഭാരമോ സമ്മർദമോ താങ്ങേണ്ടിവരുമ്പോൾ ഈ പ്രോട്ടീനുകളിൽ ചില വിള്ളലുകൾ ഉണ്ടാകും. ഈ വിള്ളലുകൾ സമ്മർദം ഉണ്ടാകുമ്പോൾ പുറംതോട് പൊട്ടിപ്പോകാതിരിക്കാൻ സഹായിക്കും. കൂടാതെ പ്രോട്ടീനുകളിൽ ഉണ്ടാകുന്ന വിള്ളലുകൾ പിന്നീട് തനിയെ കൂടിച്ചേരുകയും ചെയ്യും.
വലിയ ആഘാതമോ സമ്മർദമോ പ്രതിരോധിക്കാൻ കഴിയുന്ന വിധത്തിൽ വാഹനങ്ങളും പാലങ്ങളും കെട്ടിടങ്ങളും പോലുള്ളവ നിർമിക്കാൻ ഈ വണ്ടിന്റെ പുറംതോടിന്റെ രൂപകൽപന അനുകരിക്കുന്നത് സഹായകമായേക്കും എന്ന് ഗവേഷകർ പറയുന്നു.
നിങ്ങൾക്ക് എന്ത് തോന്നുന്നു? ഡയബോളിക്കൽ അയൺക്ലാഡ് വണ്ടിന്റെ പുറംതോട് പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?