ആരുടെ കരവിരുത്?
ചെവികൊണ്ട് കാണുന്ന വവ്വാലുകൾ!
കാഴ്ചശക്തി ഉണ്ടെങ്കിലും രാത്രിയുടെ ഇരുട്ടിൽ ചുറ്റുമുള്ള കാര്യങ്ങൾ തിരിച്ചറിയുന്നതിനു മിക്ക ഇനം വവ്വാലുകളും ഒരു വിദ്യ ഉപയോഗിക്കുന്നു. അവ ചെയ്യുന്നത് ഇതാണ്—ഒരു വസ്തുവിൽ തട്ടി തിരിച്ചുവരുന്ന ശബ്ദതരംഗങ്ങൾവെച്ച് അതിലേക്കുള്ള ദൂരം അവ മനസ്സിലാക്കുന്നു. അതിനെ എക്കോലോക്കേഷൻ എന്നാണ് വിളിക്കുന്നത്. ഉദാഹരണത്തിന്, ഒരു പ്രാണി ചിറകടിക്കുന്ന വേഗത മനസ്സിലാക്കിക്കൊണ്ട് അത് ഒരു കൊതുകാണോ ഈച്ചയാണോ എന്നുപോലും ചില വവ്വാലുകൾക്കു തിരിച്ചറിയാൻ കഴിയും.
സവിശേഷത: മിക്ക വവ്വാലുകളും മൂക്കിലൂടെയോ വായിലൂടെയോ തുടർച്ചയായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദതരംഗങ്ങൾ ഒരു വസ്തുവിൽ തട്ടി പ്രതിധ്വനിക്കുമ്പോൾ അവയുടെ നീളൻ ചെവികൾ അതു പിടിച്ചെടുക്കുന്നു. പ്രതിധ്വനിച്ചുവരുന്ന ഈ ശബ്ദം അഥവാ എക്കോ ഉപയോഗിച്ചുകൊണ്ട് ഒരു വവ്വാലിനു ചുറ്റുപാടിന്റെ ഒരു 3-ഡി ചിത്രം സങ്കൽപ്പിക്കാൻ ആകുന്നു. അങ്ങനെ ഒരു വസ്തുവിന്റെ സ്ഥാനം, ആകൃതി, അതിലേക്കുള്ള ദൂരം എന്നിവ വവ്വാലുകൾ തിരിച്ചറിയുന്നു. മറ്റു വവ്വാലുകളുടെ ശബ്ദങ്ങൾക്ക് ഇടയിൽപോലും അവയ്ക്ക് ഇത് സാധ്യമാണ്.
വവ്വാലുകളുടെ ഈ എക്കോലോക്കേഷൻ വളരെ കൃത്യമായിരിക്കണം. വെറും ഒരു മില്ലിസെക്കന്റിന്റെ (ഒരു സെക്കന്റിന്റെ 1000-ൽ ഒന്ന്) പിഴവു മതി 17 സെന്റിമീറ്റർ (6.7 ഇഞ്ച്) വ്യത്യാസത്തിൽ ലക്ഷ്യം മാറിപ്പോകാൻ. ഒരു മില്ലിസെക്കന്റിന്റെ കൃത്യത പാലിക്കുക എന്നത് “അസാധ്യമായി തോന്നുന്നു” എന്നാണ് ചില ഗവേഷകർ പറയുന്നത്. എങ്കിലും പരീക്ഷണങ്ങൾ കാണിക്കുന്നത്, പ്രതിധ്വനിച്ചുവരുന്ന ശബ്ദത്തിന്റെ വേഗതയിൽ വരുന്ന പത്തു നാനോസെക്കന്റുകളുടെ (ഒരു സെക്കന്റിന്റെ പത്തു കോടിയിൽ ഒന്ന്) വ്യത്യാസംപോലും അവയ്ക്കു തിരിച്ചറിയാൻ കഴിയുമെന്നാണ്. അങ്ങനെ ഒരു വസ്തുവിലേക്കുള്ള ദൂരം അളക്കുമ്പോൾ ഒരു മില്ലിമീറ്ററോ അതിൽ കുറവോ അളവിലുള്ള വ്യത്യാസംപോലും അവയ്ക്കു മനസ്സിലാക്കാൻ കഴിയും!
എക്കോലോക്കേഷൻ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ഇലക്ട്രോണിക് ഉപകരണം ഗവേഷകർ വികസിപ്പിച്ചിരിക്കുന്നു. ചുറ്റുപാട് മനസ്സിലാക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും അന്ധരെ സഹായിക്കുന്ന ഒരു വടിയാണ് അത്. മരത്തിന്റെ കൊമ്പുപോലെയുള്ള, തലയുടെ ഉയരത്തിൽ വരുന്ന തടസ്സങ്ങൾപോലും തിരിച്ചറിയാൻ ഇത് ഉപയോഗിച്ച് സാധിക്കും. ‘ബാറ്റ്കേൻ’ എന്ന ഈ വടി വികസിപ്പിച്ചെടുത്തവരുടെ കൂട്ടത്തിലുള്ള ബ്രയാൻ ഹോയെലും ഡെൻ വാട്ടേഴ്സും, അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “എക്കോലോക്കേഷൻ എന്ന വിദ്യ ഉപയോഗിക്കാനുള്ള വവ്വാലുകളുടെ കഴിവിനെക്കുറിച്ച് മനസ്സിലാക്കിയതാണ് ഇത്തരമൊരു വടി വികസിപ്പിക്കാൻ ഞങ്ങൾക്കു പ്രചോദനമായത്.”
നിങ്ങൾക്ക് എന്ത് തോന്നുന്നു? എക്കോലോക്കേഷൻ ചെയ്യാനുള്ള വവ്വാലുകളുടെ ഈ അസാധാരണമായ കഴിവ് പരിണമിച്ചുണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?