ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ആയോധനകലകളായിരുന്നു എന്റെ ഹരം”
ജനനം: 1962
രാജ്യം: അമേരിക്കൻ ഐക്യനാടുകൾ
ചരിത്രം: ആയോധനകലയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ചു
എന്റെ പഴയ കാലം
എന്റെ എതിരാളിക്കുണ്ടായ പരുക്ക് ഞാൻ വിചാരിച്ചതിലും വലുതായിരുന്നു. മത്സരത്തിനിടയിൽ അറിയാതെ ഞാൻ അദ്ദേഹത്തിന്റെ മൂക്കിലാണ് ഇടിച്ചത്. എനിക്ക് കുറ്റബോധം തോന്നി. ആയോധനകലകൾ അഭ്യസിക്കുന്നത് നിറുത്തിയാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ എന്തുകൊണ്ടായിരിക്കും ഈ ഒരു തെറ്റിന്റെ പേരിൽ ഈ കളിതന്നെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചത്? അത് പറയുന്നതിനു മുമ്പ്, ഞാൻ എങ്ങനെയാണ് ഈ കായികാഭ്യാസത്തിന്റെ ലോകത്തിലേക്കു വന്നത് എന്നു പറയാം.
യു.എസ്.എ-യിലെ ന്യൂയോർക്കിലുള്ള ബഫല്ലോയിലാണ് ഞാൻ വളർന്നത്. നല്ല ഭക്തിയുള്ള ഒരു കത്തോലിക്കാ കുടുംബമായിരുന്നു എന്റേത്. ഞാൻ സൺഡേ സ്കൂളുകൾക്ക് പോയിരുന്നു, പള്ളിയിലെ അൾത്താര ബാലനും ആയിരുന്നു. ഞാനും എന്റെ ചേച്ചിയും ജീവിതത്തിൽ വിജയിക്കണമെന്ന് ഞങ്ങളുടെ മാതാപിതാക്കൾ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ പഠനത്തോടൊപ്പം കായികാഭ്യാസങ്ങൾക്കു ചേരാനും പാർട്ട്ടൈം ആയി ജോലി ചെയ്യാനും അവർ അനുവദിച്ചിരുന്നു. പക്ഷേ പഠിത്തത്തിൽ ഒരു കുറവും വരാൻ പാടില്ലെന്നു മാത്രം. ഇതൊക്കെക്കൊണ്ട് ചെറുപ്പംതൊട്ടേ ഞാൻ നല്ല അച്ചടക്കത്തോടെയാണ് വളർന്നത്.
17 വയസ്സുമുതൽ ഞാൻ ആയോധനകലകൾ പഠിക്കാൻ തുടങ്ങി. കുറേ വർഷങ്ങൾ ആഴ്ചയിൽ ആറു ദിവസം മൂന്നു മണിക്കൂർ വെച്ച് ഞാൻ പ്രാക്ടീസ് ചെയ്തിരുന്നു. ഇനി മനസ്സിലും ഞാൻ പ്രാക്ടീസ് ചെയ്യും, കളിക്കുന്ന രീതികളെക്കുറിച്ചും വിദ്യകളെക്കുറിച്ചുമൊക്കെ ചിന്തിച്ചുകൊണ്ട്. മെച്ചപ്പെടാൻ വേണ്ടി ഒരുപാട് വീഡിയോകളും കാണുമായിരുന്നു. കണ്ണു കെട്ടി പ്രാക്ടീസ് ചെയ്യുന്നത് എനിക്ക് വലിയ ആവേശമായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും അങ്ങനെ ചെയ്തിരുന്നു. ഇഷ്ടികകളും പലകകളും ഒക്കെ ഒറ്റ അടികൊണ്ട് ഞാൻ തകർക്കും. ഞാൻ ഒരു താരമായി, മത്സരങ്ങളിൽ സമ്മാനങ്ങളും ട്രോഫികളും ഒക്കെ വാരിക്കൂട്ടി. അങ്ങനെ ആയോധനകലകളായി പിന്നെ എന്റെ ജീവിതം.
ജീവിതത്തിൽ ഞാൻ വിജയിച്ചെന്ന് എനിക്കു തോന്നി. ഉയർന്ന റാങ്കോടെ ഞാൻ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കി. പ്രസിദ്ധമായ ഒരു കമ്പനിയിൽ കമ്പ്യൂട്ടർ എൻജിനീയറായി ജോലി ചെയ്തു. സ്വന്തമായി ഒരു വീട്, ഒരു ഗേൾഫ്രണ്ട്, അങ്ങനെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ ജീവിതം. പുറമേനിന്ന് നോക്കുമ്പോൾ എന്റെ ജീവിതം എത്ര അടിപൊളിയാണെന്നു തോന്നും. പക്ഷേ ജീവിതത്തെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടുകയായിരുന്നു.
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഞാൻ ആഴ്ചയിൽ രണ്ടു ദിവസം പള്ളിയിൽ പോകാൻ തുടങ്ങി. ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ഞാൻ അവനോട് ചോദിച്ചു: “ശരിക്കും ഈ ജീവിതത്തിന് ഒരു അർഥമുണ്ടോ? ലോകം മുഴുവൻ പ്രശ്നങ്ങളും അനീതികളും ആണ്.” അവനും അതേ ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും ബൈബിളിൽനിന്നാണ് അതിനെല്ലാം ഉത്തരം കിട്ടിയതെന്നും അവൻ പറഞ്ഞു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്നൊരു പുസ്തകവും തന്നു. അവൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടെന്നും എന്നോടു പറഞ്ഞു. ആദ്യം എനിക്ക് മടി തോന്നി. കാരണം ഞാൻ വിചാരിച്ചിരുന്നത് വേറെ മതങ്ങളുടെയൊന്നും പുസ്തകങ്ങൾ വായിക്കരുത് എന്നായിരുന്നു. എന്തായാലും എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ആഗ്രഹിച്ചതുകൊണ്ട് ഞാൻ അത് വായിക്കാൻ തീരുമാനിച്ചു. സാക്ഷികൾ പഠിപ്പിക്കുന്നതിൽ കാര്യമുണ്ടോ എന്ന് അറിയാമല്ലോ’ എന്നു ഞാൻ കരുതി.
ബൈബിളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ എന്നെ ശരിക്കും അതിശയിപ്പിച്ചു. മനുഷ്യർ ഭൂമിയിലെ പറുദീസയിൽ എന്നെന്നും ജീവിക്കണം എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യമെന്നും ആ ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ലെന്നും ഞാൻ മനസ്സിലാക്കി. (ഉൽപത്തി 1:28) എന്റെ കൈയിലുണ്ടായിരുന്ന ജെയിംസ് രാജാവിന്റെ ഭാഷാന്തരം ബൈബിളിൽ യഹോവ എന്ന ദൈവനാമം കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. കർത്താവിന്റെ പ്രാർഥന ചൊല്ലിയപ്പോഴെല്ലാം ഈ പേരിനെക്കുറിച്ചാണല്ലോ പ്രാർഥിച്ചത് എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. (സങ്കീർത്തനം 83:18; മത്തായി 6:9) മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ ദൈവം ഇപ്പോൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും എനിക്കു മനസ്സിലായി. ആ കാര്യങ്ങൾ എല്ലാം കൃത്യമാണെന്ന് എനിക്കു ബോധ്യപ്പെട്ടു. അപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങിന് ആദ്യമായി പോയത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. നല്ല സ്നേഹമുള്ള ആളുകൾ. എല്ലാവരും എന്നെ ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു. ഞാൻ പോയ ആദ്യത്തെ മീറ്റിങ്ങിൽ ഒരു പ്രത്യേക പൊതുപ്രസംഗം ഉണ്ടായിരുന്നു. ദൈവം കേൾക്കുന്ന പ്രാർഥനകളെക്കുറിച്ച് ആയിരുന്നു അത്. സഹായത്തിനായി ഞാൻ ദൈവത്തോട് പ്രാർഥിക്കുകയായിരുന്നല്ലോ. അതുകൊണ്ട് ആ വിഷയം എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ ഞാൻ പോയത് യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് ആയിരുന്നു. ഈ മീറ്റിങ്ങുകളിലെല്ലാം ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, കൊച്ചുകുട്ടികൾപോലും ബൈബിൾ എടുത്ത് തിരുവെഴുത്തുകൾ നോക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ വാക്യങ്ങൾ എടുക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് സാക്ഷികൾ എന്നെ ശരിക്കും സഹായിച്ചു, വാക്യങ്ങൾ എടുക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് പഠിപ്പിച്ചു തന്നു.
സാക്ഷികളുടെ മീറ്റിങ്ങുകളിൽ അവർ പരിപാടികൾ നടത്തുന്ന വിധം എനിക്ക് ഇഷ്ടപ്പെട്ടു. ഓരോ തവണ മീറ്റിങ്ങിനു പോയപ്പോഴും അവരോടുള്ള മതിപ്പ് കൂടിക്കൂടി വന്നു. മീറ്റിങ്ങുകളിൽനിന്ന് ഞാൻ ഒരുപാട് പഠിച്ചു. മീറ്റിങ്ങ് കഴിഞ്ഞ് പോരുമ്പോൾ നല്ല ഉണർവും ഉന്മേഷവും ആണ് തോന്നുക. അങ്ങനെ ഒരു യഹോവയുടെ സാക്ഷി എന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി.
എന്റെ പള്ളിയിൽ കണ്ട കാര്യങ്ങളേ അല്ല ഞാൻ യഹോവയുടെ സാക്ഷികളുടെ ഇടയിൽ കണ്ടത്. സാക്ഷികളുടെ ഇടയിൽ ശരിക്കുമുള്ള ഐക്യം ഉണ്ടായിരുന്നു. ദൈവത്തെ സന്തോഷിപ്പിക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്ന ആത്മാർഥതയുള്ള ഒരു കൂട്ടമാണ് അവരെന്ന് എനിക്കു മനസ്സിലായി. യഥാർഥ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന പരസ്പര സ്നേഹം അവരുടെ ഇടയിലുണ്ടെന്ന് എനിക്ക് ശരിക്കും ബോധ്യമായി.—യോഹന്നാൻ 13:35.
ബൈബിൾ പഠിക്കുന്തോറും ഞാൻ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി തുടങ്ങി. കാരണം ബൈബിളിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ആയോധനകലകൾ ഉപേക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയില്ല. കാരണം പരിശീലനവും മത്സരങ്ങളും എല്ലാം ഞാൻ അത്രയ്ക്ക് ആസ്വദിച്ചിരുന്നു. ഇക്കാര്യം എന്നെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “കുഴപ്പമില്ല, ഇപ്പോൾ ബൈബിൾ പഠനവുമായി മുന്നോട്ടുപോകാം. എന്തായാലും നീ ശരിയായ തീരുമാനം എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന്. ഞാൻ കേൾക്കാൻ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. ബൈബിൾ പഠിക്കുന്തോറും യഹോവയെ സന്തോഷിപ്പിക്കാനുള്ള എന്റെ ആഗ്രഹവും കൂടിക്കൂടി വന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ തുടക്കത്തിൽ പറഞ്ഞ ആ സംഭവം നടന്നത്. കളിക്കിടയിൽ അറിയാതെ ഞാൻ എന്റെ എതിരാളിയുടെ മൂക്കിൽ ഇടിച്ചു. ആ സംഭവം എന്നെ ശരിക്കും ചിന്തിപ്പിച്ചു. ആയോധനകലകൾ അഭ്യസിക്കുന്ന എനിക്ക് ക്രിസ്തുവിന്റെ സമാധാനപ്രിയനായ ഒരു അനുഗാമിയാകാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചു. യഹോവയുടെ വാക്കുകൾ അനുസരിക്കുന്ന ആളുകൾ ‘ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കില്ല’ എന്ന് യശയ്യ 2:3, 4 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. അന്യായത്തിന് ഇരയാകുമ്പോഴും അക്രമത്തിലൂടെ തിരിച്ചടിക്കരുതെന്ന് യേശുവും പഠിപ്പിച്ചിട്ടുണ്ടല്ലോ. (മത്തായി 26:52) അങ്ങനെ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആ കായികാഭ്യാസം ഞാൻ ഉപേക്ഷിച്ചു.
അതിനുശേഷം “ദൈവഭക്തനാകുക എന്ന ലക്ഷ്യംവെച്ച് നിന്നെത്തന്നെ പരിശീലിപ്പിക്കുക” എന്ന ബൈബിളിന്റെ ഉപദേശം ഞാൻ അനുസരിക്കാൻ തുടങ്ങി. (1 തിമൊഥെയൊസ് 4:7) മുമ്പ് കായികാഭ്യാസത്തിനുവേണ്ടി ചെലവഴിച്ചിരുന്ന സമയവും ശ്രമവും എല്ലാം ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് ആത്മീയകാര്യങ്ങൾക്ക് വേണ്ടിയാണ്. ഞാൻ ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങളോട് എന്റെ കാമുകിക്ക് യോജിപ്പില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു. 1987 ജനുവരി 24-ന് ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു. താമസിയാതെ, ഞാൻ മുഴുസമയ ശുശ്രൂഷ തുടങ്ങി. അങ്ങനെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ എന്റെ സമയം ഉപയോഗിച്ചു. അന്നുമുതൽ ഞാൻ മുഴുസമയ ശുശ്രൂഷയിൽത്തന്നെയാണ്. ഇപ്പോൾ കുറച്ചു കാലമായി യു.എസ്.എ-യിലെ ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് പ്രവർത്തിക്കുന്നു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ദൈവത്തെക്കുറിച്ചുള്ള സത്യം ഞാൻ മനസ്സിലാക്കി. ഞാൻ അന്വേഷിച്ചു നടന്നത് എനിക്ക് കിട്ടി. പണ്ട് തോന്നിയ ശൂന്യത ഇപ്പോൾ എനിക്കു തോന്നുന്നില്ല. ജീവിതത്തിന് ഇപ്പോൾ ഒരു അർഥമുണ്ട്, ഉദ്ദേശ്യമുണ്ട്, ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുമുണ്ട്. ശരിക്കുമുള്ള സന്തോഷം ഇപ്പോൾ ഞാൻ ആസ്വദിക്കുന്നു. ഞാൻ ഇപ്പോഴും വ്യായാമമൊക്കെ ചെയ്യാറുണ്ട്. പക്ഷേ അതിനൊന്നുമല്ല ഞാൻ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. ഇന്ന് യഹോവയെ സേവിക്കുന്നതിനാണ് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം.
ആയോധനകല അഭ്യസിച്ചിരുന്ന സമയത്ത് ചുറ്റുമുള്ള ആളുകളെക്കുറിച്ച് എനിക്ക് എപ്പോഴും ഒരു ജാഗ്രതയുണ്ടായിരുന്നു. ആരെങ്കിലും എന്നെ ആക്രമിച്ചാൽ എങ്ങനെ സ്വയം സംരക്ഷിക്കാം എന്നായിരുന്നു എപ്പോഴും എന്റെ ചിന്ത. ഇന്നും ചുറ്റുമുള്ള ആളുകളെക്കുറിച്ച് എനിക്ക് ചിന്തയുണ്ട്. പക്ഷേ അവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണെന്നു മാത്രം. ഉദാരമായി കൊടുക്കുന്ന ഒരു വ്യക്തി ആകാൻ ബൈബിൾ എന്നെ സഹായിച്ചു, എന്റെ ഭാര്യയായ ബ്രൻഡയ്ക്ക് നല്ലൊരു ഭർത്താവാകാനും.
ഒരു കാലത്ത് ആയോധനകലകൾ ആയിരുന്നു എന്റെ ഹരം. പക്ഷേ ഇന്ന് എന്റെ മനസ്സ് മുഴുവൻ ആത്മീയകാര്യങ്ങളാണ്. ബൈബിൾ പറയുന്നത് എത്ര ശരിയാണ്: “കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണ്. പക്ഷേ ദൈവഭക്തി എല്ലാ കാര്യങ്ങൾക്കും ഉപകരിക്കുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതം മാത്രമല്ല വരാനിരിക്കുന്ന ജീവിതവും വാഗ്ദാനം ചെയ്യുന്നു.”—1 തിമൊഥെയൊസ് 4:8.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അച്ചടിക്കുന്നില്ല.