ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഒടുവിൽ ഞങ്ങൾ ഒന്നിച്ചു
ജനനം: 1954
രാജ്യം: ഫിലിപ്പീൻസ്
ചരിത്രം: ദുഷ്ടനായ പിതാവിൽനിന്ന് രക്ഷപ്പെട്ടോടി
മുൻകാലജീവിതം
വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശനസ്ഥലമാണ് ഫിലിപ്പീൻസിലെ പഗ്സൻഹാൻ പട്ടണത്തിന് അടുത്തുള്ള പ്രശസ്തമായ വെള്ളച്ചാട്ടം. അതിന് അടുത്താണ് എന്റെ പിതാവ് നാർദോ ലെറോൺ വളർന്നുവന്നത്. പട്ടിണിയും പരിവട്ടവുമായിരുന്നു അദ്ദേഹത്തിന്. ഗവൺമെന്റിൽ അഴിമതി, പോലീസിൽ അഴിമതി, ജോലിസ്ഥലത്ത് അഴിമതി ഇതൊക്കെ കണ്ടിട്ട് അദ്ദേഹത്തിന് കടുത്ത ദേഷ്യവും അമർഷവും തോന്നി.
ഞങ്ങൾ എട്ടു മക്കളെയും വളർത്താൻ എന്റെ മാതാപിതാക്കൾ വളരെ പാടുപെട്ടു. കുന്നും പ്രദേശത്തെ കൃഷി നോക്കുന്നതിന് മിക്കപ്പോഴും അവർ വീട്ടിൽനിന്ന് മാറി താമസിച്ചിരുന്നു. എനിക്കും എന്റെ ചേട്ടൻ റോഡീലീയൊയ്ക്കും മിക്കപ്പോഴും ഞങ്ങളുടെ കാര്യങ്ങൾ സ്വന്തമായി നോക്കണമായിരുന്നു. പലപ്പോഴും പട്ടിണിയായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾക്ക് അധികമൊന്നും കളിക്കാൻ പറ്റിയിട്ടില്ല. ഏഴാം വയസ്സുമുതൽ ഞങ്ങൾക്ക് ഒരു തെങ്ങുംതോപ്പിൽ പണിക്കു പോകേണ്ടിവന്നു. കുത്തനെയുള്ള മലമ്പാതയിലൂടെ തേങ്ങയും ചുമന്നുകൊണ്ടു പോകണമായിരുന്നു. ഭാരം ഒത്തിരി കൂടുതലാണെങ്കിൽ ഞങ്ങളോടു വലിച്ചുകൊണ്ടുപോകാൻ പറയും.
പിതാവ് ഞങ്ങളെ ഒരുപാട് അടിക്കുമായിരുന്നു. അതിലും കഷ്ടം അദ്ദേഹം അമ്മയെ അടിക്കുന്നതു കാണുന്നതായിരുന്നു. ഞങ്ങൾ അത് നിർത്തിക്കാൻ നോക്കിയെങ്കിലും നടന്നില്ല. വലുതാകുമ്പോൾ പിതാവിനെ കൊല്ലാമെന്ന് ഞാനും ചേട്ടനും രഹസ്യമായി പറഞ്ഞൊത്തു. സ്നേഹമുള്ള ഒരു പിതാവിനെ കിട്ടാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ!
പിതാവിന്റെ അക്രമം കണ്ട് ദേഷ്യവും മടുപ്പും വന്ന ഞാൻ 14-ാം വയസ്സിൽ വീടു വിട്ടു. കുറച്ച് കാലം തെരുവുകളിൽ താമസിച്ചു. മരിഹ്വാന എന്ന ലഹരിവസ്തു ഉപയോഗിക്കാൻ തുടങ്ങി. വിനോദസഞ്ചാരികളെ വെള്ളച്ചാട്ടം കാണിക്കാൻ ബോട്ടിൽ കൊണ്ടുപോകുന്നതായി പിന്നീട് എന്റെ ജോലി.
കുറച്ചു വർഷങ്ങൾക്കു ശേഷം മനിലയിൽ ഞാൻ സർവ്വകലാശാല വിദ്യാഭ്യാസം തുടങ്ങി. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ജോലിക്കുവേണ്ടി പഗ്സൻഹാനിൽ തിരിച്ചുവരേണ്ടതുകൊണ്ട് എനിക്കു പഠിക്കാൻ കുറച്ചു സമയമേ കിട്ടിയിരുന്നുള്ളൂ. വെറുതെ എങ്ങോട്ടെന്നില്ലാതെ ഓടുന്നതുപോലെയായി എന്റെ ജീവിതം. മരിഹ്വാനയ്ക്ക് എന്റെ ടെൻഷൻ കുറയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ മെഥാംഫാറ്റമീൻസ്, കൊക്കെയ്ൻ, ഹെറോയിൻ തുടങ്ങിയ ലഹരിവസ്തുക്കൾ പരീക്ഷിക്കാൻ തുടങ്ങി. അത് എന്നെ ലൈംഗിക അധാർമികതയിലേക്കു നയിച്ചു. ദാരിദ്ര്യം, അനീതി, കഷ്ടപ്പാട് ഇവരൊക്കെയായി എന്റെ കൂട്ടുകാർ. ഇതിനൊക്കെ കാരണക്കാർ ഗവൺമെന്റാണെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ അതിനെ വെറുത്തു. “ജീവിതം, ഇതെന്താ ഇങ്ങനെ?” എന്നു ഞാൻ ദൈവത്തോടു ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിനുള്ള ഉത്തരം തരാൻ ഒരു മതത്തിനും കഴിഞ്ഞില്ല. അങ്ങനെ എന്റെ ദുഃഖം മറക്കാൻ ഞാൻ ലഹരിയുടെ ലോകത്തിലേക്കു ഊളിയിട്ടിറങ്ങി.
1972-ൽ ഫിലിപ്പീൻസിലെ വിദ്യാർഥികൾ ഗവൺമെൻറിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒരു പ്രതിഷേധപ്രകടനത്തിൽ ഞാനും പങ്കെടുത്തു. അത് അക്രമാസക്തമായി. കുറെ പേർ അറസ്റ്റിലായി. മാസങ്ങൾക്കു ശേഷം രാജ്യമൊട്ടാകെ പട്ടാളനിയമം പ്രഖ്യാപിച്ചു.
വീണ്ടും ഞാൻ തെരുവിലെത്തി. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തതുകൊണ്ട് അധികാരികളെ പേടിച്ചാണ് ഞാൻ അവിടെ കഴിഞ്ഞത്. മയക്കുമരുന്നുശീലം തുടർന്നുകൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ ഞാൻ കക്കാനും പണക്കാർക്കും വിദേശികൾക്കും അനാശാസ്യപ്രവർത്തനം നടത്താൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനും തുടങ്ങി. മരിച്ചാൽ എന്ത് ജീവിച്ചാൽ എന്ത് എന്ന മട്ടിലായി ഞാൻ.
അതിനിടെ എന്റെ അമ്മയും അനിയനും യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങി. കലി വന്ന എന്റെ പിതാവ് അവരുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ കത്തിച്ചുകളഞ്ഞു. എന്നാൽ സഹിച്ചുനിന്ന അവർ സ്നാനമേറ്റ് സാക്ഷികളായി.
ഭൂമിയിലെങ്ങും ഒരു അനീതിയും ഇല്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെപ്പറ്റി ഒരു സാക്ഷി എന്റെ പിതാവിനോട് ഒരിക്കൽ സംസാരിച്ചു. (സങ്കീർത്തനം 72:12-14) അത് എന്റെ പിതാവിന് വളരെ ഇഷ്ടമായി. അതെക്കുറിച്ച് സ്വന്തമായി ഒരു പഠനം നടത്താൻ അദ്ദേഹം തീരുമാനിച്ചു. ബൈബിളിൽ ദൈവം വാഗ്ദാനം ചെയ്യുന്ന ഒരു ഗവൺമെന്റിനെക്കുറിച്ചു മാത്രമല്ല അദ്ദേഹം കണ്ടത്. പിതാക്കന്മാരിൽനിന്നും ഭർത്താക്കന്മാരിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത് എന്താണെന്നും അദ്ദേഹം മനസ്സിലാക്കി. (എഫെസ്യർ 5:28; 6:4) കുറച്ചു കാലത്തിനു ശേഷം എന്റെ പിതാവും മറ്റ് കൂടപ്പിറപ്പുകളും സാക്ഷികളായി. വീട്ടിൽനിന്ന് ദൂരെയായിരുന്ന ഞാൻ ഇതൊന്നും അറിഞ്ഞില്ല.
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
1978-ൽ ഞാൻ ഓസ്ട്രേലിയയിലേക്കു താമസം മാറി. സമാധാനവും സമ്പദ്സമൃദ്ധിയും നിറഞ്ഞ ആ രാജ്യത്തുപോലും എനിക്ക് മനസ്സമാധാനം കിട്ടിയില്ല. എന്റെ മയക്കുമരുന്നുശീലവും മദ്യപാനവും ഞാൻ തുടർന്നു. ആ വർഷംതന്നെ യഹോവയുടെ സാക്ഷികൾ എന്നെ സന്ദർശിച്ചു. സമാധാനം നിറഞ്ഞ ഭൂമിയെക്കുറിച്ച് അവർ ബൈബിളിൽനിന്ന് കാണിച്ചത് എനിക്ക് ഇഷ്ടമായി. എങ്കിലും അവരെ അത്ര പരിചയമില്ലാത്തതുകൊണ്ട് ചെറിയൊരു പേടിയുമുണ്ടായിരുന്നു.
അധികം താമസിക്കാതെ ഞാൻ ഏതാനും ആഴ്ചത്തേക്കു ഫിലിപ്പീൻസിലേക്കു പോയി. പിതാവ് നല്ലൊരു വ്യക്തിയാകാൻ കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്ന് കൂടപ്പിറപ്പുകൾ എന്നോടു പറഞ്ഞു. പക്ഷേ അപ്പോഴും എനിക്ക് എന്റെ പിതാവിനോട് ഉള്ളിൽ ദേഷ്യമായിരുന്നു. അദ്ദേഹവുമായി ഒരു ബന്ധത്തിനും ഞാൻ ആഗ്രഹിച്ചില്ല.
ജീവിതത്തിൽ ഇത്രയധികം കഷ്ടപ്പാടും അനീതിയും ഉള്ളതിന്റെ കാരണത്തെക്കുറിച്ച് എന്റെ അനിയത്തി ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. ജീവിതാനുഭവം കുറവുള്ള കൗമാരക്കാരിയായ പെങ്ങൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നപ്പോൾ ഞാൻ അമ്പരന്നുപോയി. ഞാൻ പോരുന്നതിനു മുമ്പ് പിതാവ് എനിക്കു നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും a എന്ന പുസ്തകം തന്നു. “മറ്റൊന്നിന്റെയും പുറകെ പോകേണ്ട. നീ അന്വേഷിക്കുന്നത് കണ്ടെത്താൻ ഈ പുസ്തകം നിന്നെ സഹായിക്കും” എന്ന് അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിൽ ചെല്ലുമ്പോൾ യഹോവയുടെ സാക്ഷികളെ കണ്ടുപിടിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
ഞാൻ ബ്രിസ്ബേനിലെ എന്റെ വീട്ടിലെത്തിയപ്പോൾ പിതാവ് പറഞ്ഞതുപോലെതന്നെ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ കണ്ടുപിടിച്ചു. ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി. അഴിമതിയില്ലാത്ത ഒരു ഗവൺമെൻറ് ഭാവിയിൽ നമ്മളെ ഭരിക്കും എന്ന കാര്യം ദാനിയേൽ ഏഴും യശയ്യ ഒമ്പതും അധ്യായങ്ങളിലേതുപോലുള്ള പ്രവചനങ്ങളിൽനിന്ന് ഞാൻ മനസ്സിലാക്കി. പറുദീസാഭൂമിയിലെ ജീവിതത്തെക്കുറിച്ച് ഞാൻ പഠിച്ചു. ദൈവത്തിന് ഇഷ്ടമുള്ള ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിന് ഞാൻ എന്റെ വികാരങ്ങൾ നിയന്ത്രിക്കണമായിരുന്നു. മദ്യവും മയക്കുമരുന്ന് ഉപയോഗവും കുത്തഴിഞ്ഞ ജീവിതരീതിയും ഒക്കെ ഉപേക്ഷിക്കുകയും വേണമായിരുന്നു. എന്റെ കൂടെ ജീവിച്ചിരുന്ന പെൺകുട്ടിയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിച്ചു. കൂടാതെ എന്റെ ദുശ്ശീലങ്ങളും ഞാൻ നിറുത്തി. യഹോവയിലുള്ള എന്റെ ആശ്രയം വർധിച്ചപ്പോൾ മറ്റു മാറ്റങ്ങൾ വരുത്താനുള്ള സഹായത്തിനായി ഞാൻ പ്രാർഥിച്ചു.
ഞാൻ പഠിക്കുന്ന കാര്യങ്ങൾക്ക് ഒരാളെ മാറ്റാൻ കഴിയുമെന്ന് പതിയെപ്പതിയെ എനിക്കു മനസ്സിലായി. ശ്രമം ചെയ്താൽ ഒരാൾക്കു “പുതിയ വ്യക്തിത്വം” ധരിക്കാം എന്നു ബൈബിൾ പറയുന്നുണ്ട്. (കൊലോസ്യർ 3:9, 10) ഞാൻ അതിനു ശ്രമിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; പിതാവ് ആളാകെ മാറിയെന്ന് പറഞ്ഞുകേട്ടത് ശരിയായിരിക്കുമെന്ന്. ദേഷ്യവും വെറുപ്പും കളഞ്ഞ് പിതാവുമായി സമാധാനത്തിലാകാൻ ഞാൻ ആഗ്രഹിച്ചു. ഒടുവിൽ കുട്ടിക്കാലംമുതൽ മനസ്സിൽ കൊണ്ടുനടന്ന പക ഉപേക്ഷിച്ച് പിതാവിനോടു ക്ഷമിക്കാൻ ഞാൻ തയ്യാറായി.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ചെറുപ്പക്കാരനായ ഞാൻ മറ്റുള്ളവരുടെ മോശമായ ശീലങ്ങളും പെരുമാറ്റങ്ങളും മിക്കപ്പോഴും അനുകരിച്ചിരുന്നു. ബൈബിളിന്റെ മുന്നറിയിപ്പ് എന്റെ കാര്യത്തിൽ സത്യമായി; ചീത്ത കൂട്ടുകെട്ട് എന്നെ വഴിതെറ്റിച്ചു. (1 കൊരിന്ത്യർ 15:33) പക്ഷേ യഹോവയുടെ സാക്ഷികളിൽനിന്ന് എനിക്കു വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടുകാരെ കിട്ടി. നല്ലൊരു വ്യക്തിയാകാൻ അവർ എന്നെ സഹായിച്ചു. അവരുടെ ഇടയിൽനിന്നാണ് ഞാൻ എന്റെ ജീവിതസഖിയായി ലോറേറ്റയെ സ്വന്തമാക്കിയത്. ഞങ്ങൾ ഒരുമിച്ച്, ആളുകളെ സഹായിക്കാൻ ബൈബിളിന് എങ്ങനെ കഴിയുമെന്നു പഠിപ്പിക്കുന്നു.
എന്റെ പിതാവിന് ഒരിക്കലും ആയിത്തീരാൻ പറ്റില്ലെന്നു ഞാൻ വിചാരിച്ച നിലയിലേക്ക് അദ്ദേഹത്തിനു വരാനായി—സ്നേഹമുള്ള ഭർത്താവ്, താഴ്മയുള്ള, സമാധാനപ്രിയനായ ഒരു ക്രിസ്ത്യാനി. ബൈബിളിനു നന്ദി. 1987-ൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റശേഷം കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി എന്റെ പിതാവ് എന്നെ കെട്ടിപ്പിടിച്ചു!
35 വർഷത്തിലധികം പിതാവ് അമ്മയോടൊപ്പം ബൈബിൾ നൽകുന്ന പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെച്ചു. അദ്ദേഹം മറ്റുള്ളവരെ സഹായിക്കുന്നതിനു പേരുകേട്ട വ്യക്തിയായി മാറി. മാത്രമല്ല അദ്ദേഹം നല്ല കഠിനാധ്വാനിയും കരുതലുള്ളയാളും ആയിരുന്നു. ആ വർഷങ്ങളിൽ ഞാൻ അദ്ദേഹത്തെ ആദരിക്കാനും സ്നേഹിക്കാനും പഠിച്ചു. അദ്ദേഹത്തിന്റെ മകൻ എന്ന് അറിയപ്പെടുന്നതിൽ എനിക്ക് അഭിമാനം തോന്നി! 2016-ൽ അദ്ദേഹം മരണമടഞ്ഞു. സ്നേഹത്തോടെയാണ് ഞാൻ ഇന്ന് അദ്ദേഹത്തെ ഓർക്കുന്നത്. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ ബാധകമാക്കിയപ്പോൾ ഞങ്ങൾക്കു രണ്ടു പേർക്കും വലിയ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. പഴയ പകയുടെ ഒരു കണികപോലും ഇന്ന് എന്നിലില്ല. എല്ലാ കുടുംബങ്ങളിലെയും പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പുതന്നിരിക്കുന്ന സ്വർഗീയപിതാവും ദൈവവുമായ യഹോവയെ കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്കു വളരെ നന്ദിയുണ്ട്.
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അച്ചടിക്കുന്നില്ല.