യഹോവയുടെ സാക്ഷികൾ കുടുംബബന്ധങ്ങൾ തകർക്കുകയാണോ അതോ ശക്തിപ്പെടുത്തുകയാണോ?
തങ്ങളുടെയും അയൽക്കാരുടെയും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. കുടുംബം എന്ന ക്രമീകരണത്തിന് തുടക്കംകുറിച്ച ദൈവത്തെ ഞങ്ങൾ ആദരിക്കുന്നു. (ഉല്പത്തി 2:21-24; എഫെസ്യർ 3:14, 15) ദൈവം ബൈബിളിലൂടെ പഠിപ്പിക്കുന്ന തത്ത്വങ്ങൾ, ശക്തവും സന്തുഷ്ടവും ആയ വിവാഹജീവിതം നയിക്കാൻ ലോകമെങ്ങുമുള്ള അനേകരെ സഹായിച്ചിട്ടുണ്ട്.
യഹോവയുടെ സാക്ഷികൾ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന വിധം
ബൈബിളിലെ ബുദ്ധിയുപദേശങ്ങൾ പാലിക്കാൻ ഞങ്ങൾ കഠിനശ്രമം ചെയ്യുന്നു, അങ്ങനെ ചെയ്യുന്നത് കൂടുതൽ മെച്ചപ്പെട്ട ഭാര്യാഭർത്താക്കന്മാരോ മാതാപിതാക്കളോ ആകാൻ ഞങ്ങളെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 31:10-31; എഫെസ്യർ 5:22–6:4; 1 തിമൊഥെയൊസ് 5:8) വ്യത്യസ്തവിശ്വാസങ്ങളുള്ള കുടുംബങ്ങളിൽപ്പോലും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ സഹായിക്കുന്നു. (1 പത്രോസ് 3:1, 2) സാക്ഷികളല്ലാത്ത ചിലരുടെ (ഇവരുടെ ഇണകൾ യഹോവയുടെ സാക്ഷികളാണ്.) അഭിപ്രായങ്ങൾ പരിചിന്തിക്കുക:
“ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ആറ് വർഷങ്ങൾ വഴക്കും നിരാശയും നിറഞ്ഞതായിരുന്നു. എന്നാൽ, ഈവെറ്റീ ഒരു യഹോവയുടെ സാക്ഷിയായപ്പോൾ അവൾ കൂടുതൽ സ്നേഹത്തോടെയും ക്ഷമയോടെയും ഇടപെടാൻ തുടങ്ങി. അവൾ വരുത്തിയ മാറ്റങ്ങൾ ഞങ്ങളുടെ വിവാഹജീവിതം മെച്ചപ്പെടുത്തി.”—ബ്രസീലിൽനിന്നുള്ള ക്ലോവീർ.
“എന്റെ ഭർത്താവ് ചാൻസാ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ഞാൻ എതിർത്തു. കാരണം, അവർ കുടുംബം കലക്കുന്നവരാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ബൈബിൾ ഞങ്ങളുടെ കുടുംബജീവിതത്തിൽ പ്രയോജനം ചെയ്തെന്ന് അന്നുമുതൽ ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു.”—സാംബിയയിൽ നിന്നും ആഗ്നസ്.
ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനമൊഴികൾ പ്രാവർത്തികമാക്കുന്നത് പിൻവരുന്ന കാര്യങ്ങളിൽ എങ്ങനെ സഹായിക്കുമെന്ന് ഞങ്ങൾ പ്രസംഗവേലയിൽ അയൽക്കാർക്ക് കാണിച്ചുകൊടുക്കുന്നു:
ഇണ മതം മാറുന്നത് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?
ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കുമെന്നത് ശരിയാണ്. ഉദാഹരണത്തിന്, സോഫ്രെസ് എന്ന കമ്പനി 1998-ൽ പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ട് പ്രകാരം, ദമ്പതികളിൽ ഒരാൾ മാത്രം സാക്ഷിയായിട്ടുള്ള ഇരുപതു വിവാഹങ്ങളിൽ ഒന്നിന്, ഇണ യഹോവയുടെ സാക്ഷിയായപ്പോൾ കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
തന്റെ ഉപദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നവർക്ക് ചിലപ്പോഴൊക്കെ കുടുംബത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. (മത്തായി 10:32-36) റോമൻ സാമ്രാജ്യത്തിൻകീഴിൽ, “ക്രിസ്ത്യാനിത്വം കുടുംബം തകർക്കുന്ന ഒന്നാണെന്ന് ആരോപിക്കപ്പെട്ടിരുന്ന”തായി ചരിത്രകാരനായ വിൽ ഡ്യൂറന്റ് രേഖപ്പെടുത്തിയിരിക്കുന്നു. a ഇന്ന് യഹോവയുടെ സാക്ഷികളിൽ ചിലരും ഈ ആരോപണം നേരിടുന്നു. എന്നാൽ പ്രശ്നങ്ങൾക്കു കാരണം സാക്ഷികളാണെന്നാണോ അതിന്റെ അർഥം?
യഹോവയുടെ സാക്ഷികൾ കുടുംബം തകർക്കുന്നുവെന്ന ആരോപണത്തിന്മേൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി, വിധി പ്രസ്താവിക്കുകയുണ്ടായി. സാക്ഷികളല്ലാത്ത കുടുംബാംഗങ്ങൾ, “മതവിശ്വാസിയായ തങ്ങളുടെ ബന്ധുവിന് തന്റെ മതം അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കാനോ ആദരിക്കാനോ” തയ്യാറാകാത്തതാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഇങ്ങനെ കൂട്ടിച്ചേർത്തു: “വ്യത്യസ്ത വിശ്വാസങ്ങളുള്ള കുടുംബങ്ങളിലെല്ലാം സാധാരണമായിരിക്കുന്ന ഈ സ്ഥിതിവിശേഷം യഹോവയുടെ സാക്ഷികളുടെ കാര്യത്തിലും സംഭവിക്കുന്നു.” b വ്യത്യസ്ത വിശ്വാസങ്ങൾമൂലം പ്രശ്നങ്ങൾ നേരിടുമ്പോഴും യഹോവയുടെ സാക്ഷികൾ ബൈബിളിന്റെ പിൻവരുന്ന ബുദ്ധിയുപദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. “ആർക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്. . . . സകല മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കാൻ പരമാവധി ശ്രമിക്കുവിൻ.”—റോമർ 12:17, 18.
യഹോവയുടെ സാക്ഷികൾ സ്വന്തം മതത്തിലുള്ളവരെ മാത്രം വിവാഹം കഴിക്കുന്നത് എന്തുകൊണ്ട്?
“കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ,” അതായത് തങ്ങളുടെ അതേ വിശ്വാസത്തിൽപ്പെട്ട ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ബൈബിൾബുദ്ധിയുപദേശം സാക്ഷികൾ പിൻപറ്റുന്നു. (1 കൊരിന്ത്യർ 7:39) ഈ കല്പന തിരുവെഴുത്തുപരവും പ്രായോഗികവും ആണ്. ഉദാഹരണത്തിന്, വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ c 2010-ൽ വന്ന ഒരു ലേഖനത്തിൽ പറയുന്ന പ്രകാരം, “ഒരേ മതവും ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള വിവാഹദമ്പതികൾ” കൂടുതൽ ദൃഢമായ കുടുംബബന്ധം ആസ്വദിക്കാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും, സാക്ഷിയല്ലാത്ത ഇണയിൽനിന്ന് വേർപെട്ടിരിക്കാൻ യഹോവയുടെ സാക്ഷികൾ അവരെ പ്രോത്സാഹിപ്പിക്കുന്നില്ല. ബൈബിൾ പറയുന്നു: “ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കുകയും അവൾക്ക് അവനോടുകൂടെ പാർക്കാൻ മനസ്സായിരിക്കുകയും ചെയ്താൽ അവൻ അവളെ ഉപേക്ഷിക്കരുത്. ഒരു സ്ത്രീക്ക് അവിശ്വാസിയായ ഭർത്താവ് ഉണ്ടായിരിക്കുകയും അവന് അവളോടുകൂടെ പാർക്കാൻ മനസ്സായിരിക്കുകയും ചെയ്താൽ അവൾ തന്റെ ഭർത്താവിനെ ഉപേക്ഷിക്കരുത്.” (1 കൊരിന്ത്യർ 7:12, 13) യഹോവയുടെ സാക്ഷികൾ ഈ കല്പന അനുസരിക്കുന്നു.