അറ്റ്ലാന്റാ യഹോവയുടെ സാക്ഷികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു
“ദൈവരാജ്യത്തിനുവേണ്ടി സേവിക്കാനുള്ള നിങ്ങളുടെ തീക്ഷ്ണമായ ആഗ്രഹത്തെയും ആവേശത്തെയും പ്രതി നിങ്ങളുടെ സംഘടനയിലുള്ളവരെ ഞാൻ അഭിവാദനം ചെയ്യുന്നു. സഹാരാധകരോടും സമൂഹത്തോടും നിങ്ങൾ കാണിക്കുന്ന അകമഴിഞ്ഞ സ്നേഹവും അവർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഞങ്ങൾ അതിയായി വിലമതിക്കുന്നു.”
യു.എസ്.എ-യിലെ ജോർജിയയിലുള്ള അറ്റ്ലാന്റാ നഗരത്തിന്റെ മേയറായ കെസിം റീഡിന്റെ കത്തുകളിലെ വാചകങ്ങളാണ് ഇവ. അവിടെ നടക്കാനിരുന്ന യഹോവയുടെ സാക്ഷികളുടെ വലിയ മൂന്ന് കൺവെൻഷനുകൾക്ക് സ്വാഗതം അരുളുന്ന ഒരു കത്തായിരുന്നു അത്.
കൂടാതെ, അറ്റ്ലാന്റാ നഗരസഭ കൺവെൻഷൻ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു അറിയിപ്പ് പുറത്തിറക്കി. അതിൽ ഇങ്ങനെ പറയുന്നു: “നൂറുകണക്കിന് ജാതികളിലും ഭാഷകളിലും ആയി 80 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും ഉണ്ടെങ്കിലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ ലക്ഷ്യമാണുള്ളത് . . . നിങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുള്ള സകലത്തിന്റെയും സ്രഷ്ടാവായ യഹോവയെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിക്കുന്നു.”
2014 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മൂന്ന് കൺവെൻഷനുകൾ അവിടെ നടന്നു. അതിൽ രണ്ടെണ്ണം ഇംഗ്ലീഷിലും ഒന്ന് സ്പാനിഷ് ഭാഷയിലും ആയിരുന്നു. കുറഞ്ഞത് 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തു. റഷ്യൻ, ജാപ്പനീസ് എന്നീ ഭാഷകൾ സംസാരിക്കുന്നവർക്കായി ഇംഗ്ലീഷിലുള്ള പരിപാടികൾ അവരുടെ ഭാഷയിലേക്ക് ഒരേസമയം മൊഴിമാറ്റം ചെയ്യപ്പെട്ടു. മൂന്ന് സമ്മേളനങ്ങളിലുമായി 95,689 പേർ പങ്കെടുത്തു.
2014-ൽ ഒമ്പത് രാജ്യങ്ങളിലായി യഹോവയുടെ സാക്ഷികൾ 24 വലിയ അന്തർദേശീയ കൺവെൻഷനുകൾ നടത്തി. ഐക്യനാടുകളിലെ വിവിധ സ്ഥലങ്ങളിലായി 16-ഓളം കൺവെൻഷനുകൾ നടത്തുകയുണ്ടായി.