ആഫ്രിക്കയിലെ അന്ധർക്കു സഹായം
വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പല വികസ്വരരാജ്യങ്ങളിലും അന്ധർക്കു സൗകര്യങ്ങൾ കുറവാണ്. സഹായിക്കുന്നതിനു പകരം ചിലപ്പോഴെങ്കിലും സമൂഹം അവരെ ഒറ്റപ്പെടുത്തുന്നു. കാഴ്ചയുള്ളവർക്ക് എളുപ്പം ചെയ്യാൻപറ്റുന്ന പലതും അന്ധർക്കു ചെയ്യാൻ കഴിയില്ല. ഉദാഹരണത്തിന്, കടയിൽ പോയി സാധനം വാങ്ങുന്നതും പോകാനുള്ള ബസ്സ് കണ്ടുപിടിക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും മറ്റും അവർക്കു ബുദ്ധിമുട്ടാണ്. വായനയും പ്രശ്നമായിരുന്നേക്കാം. കാരണം, എല്ലാവർക്കും ബ്രയിൽ ലിപി വശമില്ല. ഇനി, അറിയാമെങ്കിൽത്തന്നെ അവരുടെ ഭാഷയിലുള്ള ബ്രയിൽപ്രസിദ്ധീകരണങ്ങൾ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല.
100-ലധികം വർഷമായി യഹോവയുടെ സാക്ഷികൾ അന്ധർക്കുവേണ്ടി പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നു. മലാവിയിലെ ഒരു ഭാഷയായ ചിചെവയിൽ ബ്രയിൽപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി അടുത്തകാലത്ത് യഹോവയുടെ സാക്ഷികൾ ബ്രയിൽ ലിപിയിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനും ബയൻഡു ചെയ്യുന്നതിനും ഉള്ള ഉപകരണങ്ങൾ നെതർലൻഡ്സിൽനിന്ന് അങ്ങോട്ട് അയച്ചു.
യഹോവയുടെ സാക്ഷികളുടെ ബ്രസീൽ ബ്രാഞ്ചോഫീസിൽനിന്നുള്ള ലിയോയ്ക്ക് ബ്രയിൽപ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിൽ പരിചയമുണ്ടായിരുന്നു. അദ്ദേഹം മലാവിയിൽ ചെന്ന് അഞ്ചു പേർ അടങ്ങുന്ന ഒരു സംഘത്തെ ബ്രയിൽപ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും അതിനുവേണ്ടി സാക്ഷികൾ തയ്യാറാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാമും പഠിപ്പിച്ചു. ചിചെവ ഭാഷയിലെ സാധാരണ ലിപികൾ ബ്രെയിലിലേക്കു മാറ്റുന്നതിന് ഈ പ്രോഗ്രാമിൽ രണ്ടു ലിപിയുടെയും അക്ഷരങ്ങൾ അടങ്ങുന്ന ഒരു പട്ടിക ഒരുക്കണം. ഈ പ്രോഗ്രാം ഉപയോഗിച്ച്, വിവരങ്ങൾ ബ്രയിൽ ലിപിയിലേക്കു മാറ്റാൻ മാത്രമല്ല, അന്ധർക്ക് എളുപ്പം വായിക്കാൻ പറ്റുന്ന വിധത്തിലാക്കാനും കഴിയും. ബ്രയിൽ ലിപിയിലുള്ള സാഹിത്യങ്ങളെക്കുറിച്ച് മലാവിയിലുള്ള ചിലർ പറഞ്ഞത് എന്താണെന്നു നോക്കാം.
സ്വന്തമായി ഒരു റേഡിയോ പ്രോഗ്രാം നടത്തുന്ന അന്ധയായ ചെറുപ്പക്കാരിയാണ് മുന്യാരഡസി. ഒപ്പം മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ മാസന്തോറും 70 മണിക്കൂർ ചെലവഴിക്കുന്നുമുണ്ട്. മുന്യാരഡസി പറയുന്നു: “മുമ്പൊക്കെ ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണങ്ങളാണ് എനിക്കു ബ്രയിലിൽ കിട്ടിയിരുന്നത്. എന്നാൽ മാതൃഭാഷയിൽ അവ ലഭിക്കാൻ തുടങ്ങിയതോടെ അവ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. സഹവിശ്വാസികൾ ഒരുപാടു ശ്രമവും പണവും ചെലവഴിച്ച് ബ്രയിലിലുള്ള പ്രസിദ്ധീകരണങ്ങൾ ഞങ്ങളുടെ ഭാഷയിൽ ലഭ്യമാക്കുന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. ഞങ്ങളെ അവർ മറന്നിട്ടില്ല, ഞങ്ങളെയും വളരെ വിലപ്പെട്ടവരായി കാണുന്നു എന്നൊക്കെ തിരിച്ചറിയാൻ ഇത് എന്നെ സഹായിച്ചു.”
വടക്കൻ മലാവിയിലാണ് ഫ്രാൻസിസ് താമസിക്കുന്നത്. കാഴ്ചശക്തിയില്ലാത്തതുകൊണ്ട്, മുമ്പൊക്കെ മറ്റാരെങ്കിലും അദ്ദേഹത്തിനു വായിച്ചുകൊടുക്കണമായിരുന്നു. എന്നാൽ ആദ്യമായി ചിചെവ ബ്രയിലിൽ പ്രസിദ്ധീകരണങ്ങൾ കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: “എനിക്ക് ഇതു വിശ്വസിക്കാൻ പറ്റുന്നില്ല! ഞാൻ സ്വപ്നം കാണുകയാണോ?”
അന്ധയായ ലോയിസ് എല്ലാ മാസത്തിലും ഒരു നിശ്ചിത മണിക്കൂർ ദൈവവേലയ്ക്കുവേണ്ടി മാറ്റിവെക്കുന്നു. ജീവിതം മെച്ചപ്പെടുത്തുന്നതിന് 52 പേരെ സഹായിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. എങ്ങനെ? ആളുകളെ ബൈബിൾ പഠിപ്പിക്കുമ്പോൾ ലോയിസ്, യഹോവയുടെ സാക്ഷികൾ പുറത്തിറക്കുന്ന ബ്രയിലിലുള്ള പ്രസിദ്ധീകരണം ഉപയോഗിക്കുന്നു. അവരുടെ വിദ്യാർഥികൾ ഉപയോഗിക്കുന്നതാകട്ടെ, സാധാരണ ലിപിയിൽ അച്ചടിച്ച പ്രസിദ്ധീകരണങ്ങളും.
മുമ്പു പറഞ്ഞ, ബ്രസീലുകാരനായ ലിയോ പറഞ്ഞു: “ബ്രയിലിലുള്ള ബൈബിൾപ്രസിദ്ധീകരണങ്ങൾ ആളുകളുടെ കൈയിൽ കൊടുക്കുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാനാകില്ല. അവരുടെ സ്വന്തം ഭാഷയിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ ലഭ്യമാണെന്ന് അറിയുമ്പോഴുള്ള അവരുടെ സന്തോഷം ഒന്നു കാണേണ്ടതാണ്! യഹോവയോടു തങ്ങൾ വളരെ നന്ദിയുള്ളവരാണെന്നു പലരും പറഞ്ഞു. ക്രിസ്തീയ യോഗങ്ങൾക്കും പ്രസംഗപ്രവർത്തനത്തിനും സ്വന്തമായി തയ്യാറാകാൻ പറ്റുന്നതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. അവരുടെ വ്യക്തിപരമായ പഠനം ഇപ്പോൾ ശരിക്കും വ്യക്തിപരമായ പഠനമാണ്! കാരണം വായിക്കാനായി അവർക്ക് ഇപ്പോൾ മറ്റാരെയും ആശ്രയിക്കേണ്ടല്ലോ. യഹോവയോട് അടുക്കാനും ആത്മീയമായി വളരാൻ കുടുംബാംഗങ്ങളെ സഹായിക്കാനും ഈ പ്രസിദ്ധീകരണങ്ങൾ അവരെ സഹായിക്കുന്നു.”