തായ്ലൻഡിലെ സ്കൂൾ കുട്ടികളെ വിജയത്തിലെത്താൻ സഹായിക്കുന്നു
രണ്ടായിരത്തിപ്പന്ത്രണ്ട് ഡിസംബറിന്റെ ആരംഭത്തോടെ, തായ്ലൻഡിലെ യഹോവയുടെ സാക്ഷികൾ സ്കൂൾ കുട്ടികളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒരു പ്രത്യേകപരിപാടി ആസൂത്രണം ചെയ്തു. മുതിർന്ന 20-ഓളം സാക്ഷികൾ ബാങ്കോക്കിലെ സ്കൂളുകൾ സന്ദർശിക്കാൻ തീരുമാനിക്കുകയും അവിടെ മേൽനോട്ടം വഹിക്കുന്നവരെ കണ്ട് അവിടത്തെ അധ്യാപകർക്കും കുട്ടികൾക്കും 2012 ഒക്ടോബർ ഉണരുക! കൊടുക്കാൻ ക്രമീകരിച്ചു. “സ്കൂളിൽ വിജയം വരിക്കാൻ എങ്ങനെ കഴിയും” (ഇംഗ്ലീഷ്) എന്നതായിരുന്നു ആ മാസികയുടെ മുഖ്യവിഷയം.
ആ പരിപാടി വളരെ വിജയകരമായിരുന്നു, സാക്ഷികൾ രാജ്യത്തുടനീളം ഇത് വ്യാപിപ്പിച്ചു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ അവർ 830 സ്കൂളുകളുമായി ബന്ധപ്പെട്ടു. അതിലൂടെ, അവിടെയുള്ള അധ്യാപകർക്കും കുട്ടികൾക്കും ഉണരുക!യുടെ ആ പതിപ്പ് വളരെ ഇഷ്ടമായെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വർധിച്ച ഈ ആവശ്യത്തെ മാനിച്ച് ആ പതിപ്പ് മൂന്ന് തവണ വീണ്ടും അച്ചടിക്കേണ്ടതായിവന്നു. തുടക്കത്തിൽ ഏതാണ്ട് 2012 ഒക്ടോബർ ഉണരുക!യുടെ 30,000 പ്രതികളാണ് ആവശ്യമായി വന്നത്. എന്നാൽ, അതിലെ വിഷയത്തിന് വളരെ പ്രചാരം ലഭിച്ചതുകൊണ്ട് 6,50,000-ലധികം പ്രതികൾ പിന്നീട് വിതരണം ചെയ്യാനായി!
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും ഉണരുക!യുടെ മൂല്യം തിരിച്ചറിയാനായി. ഒരു അധ്യാപകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ മാസിക, കുട്ടികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിനും ഒരു ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നതിനും അവരെ സഹായിക്കുന്നു.” ചില സ്കൂളുകൾ ഇതിലെ വിഷയങ്ങൾ അവരുടെ പതിവ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. മറ്റു ചിലർ, സ്കൂളുകളിൽ നടത്താറുള്ള വായനാപരിശീലനത്തിനായി ഈ മാസിക ഉപയോഗിച്ചു. മറ്റൊരു സ്കൂൾ, ഈ മാസികയിൽ വന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ടുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു, ഏറ്റവും നല്ല റിപ്പോർട്ടിന് സമ്മാനം നൽകുകയും ചെയ്തു.
ഈ മാസികയിൽ വന്ന “ചെറുപ്രായത്തിൽ പൊണ്ണത്തടിക്ക് എതിരെ വിജയം വരിക്കൽ” (ഇംഗ്ലീഷ്) എന്ന ലേഖനം ഒരു വിദ്യാർഥിക്ക് വളരെ ഇഷ്ടപ്പെട്ടു. പൊണ്ണത്തടി ഒരു സാധാരണ പ്രശ്നമായി തീർന്നിരിക്കുകയാണെന്നും കുട്ടികൾക്ക് ഈ വിഷയത്തെപ്പറ്റി മറ്റുള്ളവരോട് തുറന്നു പറയുക ബുദ്ധിമുട്ടാണെന്നും അവൾ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ ലേഖനത്തിലൂടെ “പെട്ടെന്ന് മനസ്സിലാക്കാനാകുന്നതും എളുപ്പം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനാകുന്നതും ആയ ബുദ്ധിയുപദേശം എനിക്ക് തന്നതിന് ഞാൻ നന്ദി അറിയിക്കുന്നു” എന്ന് അവൾ പറഞ്ഞു.
മാതാപിതാക്കൾക്കുപോലും ഇതിലെ വിഷയങ്ങൾ ഇഷ്ടപ്പെട്ടു. ഒരു അമ്മ തന്റെ വീട് സന്ദർശിച്ച സാക്ഷികളോട് ഈ മാസികയെപ്രതിയുള്ള നന്ദി ഇപ്രകാരം അറിയിച്ചു: “സ്കൂളിൽ നല്ല കുട്ടിയായിരിക്കാനുള്ള ചില മാർഗനിർദേശങ്ങൾ എന്റെ മോൾക്ക് ഇതിലൂടെ ലഭിച്ചു.”
തായ്ലൻഡിലെ യഹോവയുടെ സാക്ഷികളുടെ ഒരു വക്താവായ പീകയ് പീട്രയോടിൻ ഇങ്ങനെ പറഞ്ഞു: “സകല മനുഷ്യർക്കും പ്രയോജനം ചെയ്യുന്ന ഒരിക്കലും കാലഹരണപ്പെടാത്ത ബൈബിളിലെ ജ്ഞാനം ഉണരുക! എടുത്തുകാണിക്കുന്നു. യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധ്യമുള്ളവരാണ്. അതുകൊണ്ട്, ഈ പതിപ്പ് എല്ലാവർക്കും വില ഈടാക്കാതെ ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.”