ലഹരിയുടെ കുരുക്കിൽനിന്ന് പുറത്തുകടക്കാൻ ബൈബിൾ സഹായിക്കുമോ?
മയക്കുമരുന്നിന്റെയും മറ്റു ലഹരി പദാർഥങ്ങളുടെയും വലയിൽ കുരുങ്ങി ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഈ പ്രശ്നം ഒന്നുകൂടെ കൂടിയിട്ടേയുള്ളൂ. എന്നാൽ ബൈബിളിലെ ജ്ഞാനമൊഴികൾക്ക് ഇക്കാര്യത്തിൽ പലരെയും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലഹരിയുടെ പിടിയിൽനിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ബൈബിളിനു നിങ്ങളെയും സഹായിക്കാനാകും. a
ഈ ലേഖനത്തിൽ
അഡിക്ഷൻ—സഹായത്തിനായി ബൈബിളിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
ഏകാന്തതയും ടെൻഷനും ഉത്കണ്ഠയും വിഷാദവും ഒക്കെ അനുഭവിക്കുന്നവരാണ് മിക്കപ്പോഴും ലഹരിയുടെ കുരുക്കിൽ പെടുന്നതെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചാലേ ലഹരിയിൽനിന്നും പുറത്തുകടക്കാൻ കഴിയുകയുള്ളൂ. ബൈബിൾ അതിനു നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആവശ്യമായ വിശ്വാസം വളർത്താൻ ബൈബിളിനാകും. അതുപോലെ ദൈവവുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ എങ്ങനെ കഴിയുമെന്ന് അതു നിങ്ങൾക്കു കാണിച്ചുതരും. (സങ്കീർത്തനം 25:14) ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ ഒരിക്കലും തനിയെ പരിഹരിക്കാൻ പറ്റില്ലെന്നു തോന്നുന്ന പ്രശ്നങ്ങൾപോലും നിങ്ങൾക്കു പരിഹരിക്കാൻ കഴിയും.—മർക്കോസ് 11:22-24.
ആസക്തിയിൽനിന്ന് പുറത്തുകടക്കാൻ ബൈബിൾ പറയുന്ന നാലു കാര്യങ്ങൾ
1. ദൈവമായ യഹോവയെ b അറിയുക. (യോഹന്നാൻ 17:3) യഹോവ സ്രഷ്ടാവും അളവറ്റ ശക്തിയുടെ ഉറവിടവും ആണ്. എന്നാൽ അതിനെക്കാളും വലിയ കാര്യം, യഹോവ നിങ്ങളുടെ സ്നേഹവാനായ സ്വർഗീയ പിതാവാണ്. നിങ്ങളുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാനും നിങ്ങൾക്കുവേണ്ടി തന്റെ ശക്തി ഉപയോഗിക്കാനും ദൈവം ആഗ്രഹിക്കുന്നു. (യശയ്യ 40:29-31; യാക്കോബ് 4:8) ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് പ്രയോജനം നേടാൻ നിങ്ങൾ ശ്രമിക്കുന്നെങ്കിൽ നിങ്ങൾക്കായി മനോഹരമായ ഒരു ഭാവിയാണ് ദൈവം കരുതിവെച്ചിരിക്കുന്നത്.—യിരെമ്യ 29:11; യോഹന്നാൻ 3:16.
2. യഹോവയോട് സഹായം ചോദിക്കുക. നിങ്ങളെ സഹായിക്കണേ എന്നു ദൈവത്തോട് പ്രാർഥിക്കുക. ആസക്തിയിൽനിന്ന് പുറത്തുകടക്കാനും അങ്ങനെ നിങ്ങൾ ദൈവത്തിനു ‘വിശുദ്ധരും സ്വീകാര്യരും’ ആയിരിക്കാനും ദൈവം സഹായിക്കും. (റോമർ 12:1) പരിശുദ്ധാത്മാവിലൂടെ അഥവാ പ്രവർത്തനനിരതമായ ശക്തിയിലൂടെ ദൈവം നിങ്ങൾക്ക് “അസാധാരണശക്തി” തരും. (2 കൊരിന്ത്യർ 4:7; ലൂക്കോസ് 11:13) ഈ ശക്തി ലഹരിയുടെ പിടിയിൽനിന്ന് പുറത്തുകടക്കാനും ദൈവത്തിന് ഇഷ്ടപ്പെടുന്ന “പുതിയ വ്യക്തിത്വം” വളർത്തിയെടുക്കാനും നിങ്ങളെ സഹായിക്കും.—കൊലോസ്യർ 3:9, 10.
3. ദൈവത്തിന്റെ ചിന്തകൾകൊണ്ട് മനസ്സ് നിറയ്ക്കുക. (യശയ്യ 55:9) നിങ്ങളുടെ ‘ചിന്താരീതി പുതുക്കിക്കൊണ്ടേയിരിക്കാൻ’ ദൈവം സഹായിക്കും, അങ്ങനെ അഡിക്ഷനിൽനിന്ന് പുറത്തുകടക്കാൻ നിങ്ങൾക്കാകും. (എഫെസ്യർ 4:23) ദൈവത്തിന്റെ ചിന്തകൾ ഉള്ളത് ബൈബിളിലാണ്. അതുകൊണ്ട് നിങ്ങൾ അത് എന്നും വായിക്കണം. (സങ്കീർത്തനം 1:1-3) ബൈബിൾ പഠിപ്പിക്കുന്നതു മനസ്സിലാക്കാൻ മറ്റുള്ളവരുടെ സഹായം സ്വീകരിച്ചതു പലർക്കും ഗുണം ചെയ്തിട്ടുണ്ട്. (പ്രവൃത്തികൾ 8:30, 31) അത്തരത്തിലുള്ള ഒരു സൗജന്യ ബൈബിൾപഠനപരിപാടി യഹോവയുടെ സാക്ഷികൾക്കുണ്ട്. കൂടാതെ ഞങ്ങളുടെ മീറ്റിങ്ങിൽ പങ്കെടുക്കാനും നിങ്ങളെ ക്ഷണിക്കുന്നു. ബൈബിൾ എന്താണു പറയുന്നതെന്നും അതനുസരിച്ച് എങ്ങനെ ജീവിക്കാമെന്നും ആണ് ആ മീറ്റിങ്ങുകളിൽ ഞങ്ങൾ പഠിക്കുന്നത്.
4. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക. അഡിക്ഷനിൽനിന്ന് പുറത്തുകടക്കാൻ നിങ്ങൾ തീരുമാനിച്ചാലും കൂട്ടുകാർ നല്ലതല്ലെങ്കിൽ നിങ്ങൾക്ക് അതിന് കഴിയാതെവരും. എന്നാൽ നല്ല കൂട്ടുകാരാണെങ്കിൽ അവർ നിങ്ങളെ സഹായിക്കും. (സുഭാഷിതങ്ങൾ 13:20) അത്തരം കൂട്ടുകാരെ ദൈവം തരുന്നുണ്ട്, തന്റെ ആരാധകർക്കിടയിൽനിന്ന്. നിങ്ങൾ അവരെ കൂട്ടുകാരാക്കാനും അവരുടെ സൗഹൃദത്തിൽനിന്ന് പ്രയോജനം നേടാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്കീർത്തനം 119:63; റോമർ 1:12) ഇനി നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റു ചില കൂട്ടുകാരുണ്ട്. വിനോദത്തിനുവേണ്ടി നിങ്ങൾ കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന കാര്യങ്ങളിലെ കഥാപാത്രങ്ങളാണ് അവർ. അതുകൊണ്ട് വിനോദപരിപാടികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായതു ചെയ്യാനുള്ള നിങ്ങളുടെ തീരുമാനത്തെ ദുർബലമാക്കുന്ന എന്തും ഒഴിവാക്കുക.—സങ്കീർത്തനം 101:3; ആമോസ് 5:14.
അഡിക്ഷനെ മറികടക്കാൻ സഹായിക്കുന്ന ബൈബിൾവാക്യങ്ങൾ
സങ്കീർത്തനം 27:10: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ സ്വീകരിക്കും.”
“എന്റെ അപ്പൻ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് എപ്പോഴും നഷ്ടബോധമായിരുന്നു. പക്ഷേ യഹോവ ഒരു യഥാർഥവ്യക്തിയാണെന്നും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾമുതൽ എന്റെ ജീവിതംകൊണ്ട് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് എനിക്കു തോന്നി. അത് ലഹരിവസ്തുക്കളുടെ പിടിയിൽനിന്ന് പുറത്തുകടക്കാൻ എന്നെ സഹായിച്ചു.”—ഹെയ്റ്റിയിൽനിന്നുള്ള വിൽബി.
സങ്കീർത്തനം 50:15: “കഷ്ടകാലത്ത് എന്നെ വിളിക്കൂ! ഞാൻ നിന്നെ രക്ഷിക്കും.”
“എന്റെ അഡിക്ഷനെ തോൽപ്പിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും പലപ്പോഴും വീണുപോയി. അപ്പോഴൊക്കെ മടുത്തുപോകാതിരിക്കാൻ ഈ വാക്യമാണ് എന്നെ സഹായിച്ചത്. യഹോവ തന്റെ ആ വാക്കു പാലിക്കുകതന്നെ ചെയ്തു.”—യുക്രെയിനിൽനിന്ന് സെർഹി.
സുഭാഷിതങ്ങൾ 3:5, 6: “പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.”
“എന്നെത്തന്നെ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കാൻ ഈ വാക്യങ്ങൾ എന്നെ സഹായിച്ചു. യഹോവയുടെ ശക്തിയാൽ എന്റെ ജീവിതം അടിമുടി മാറ്റാൻ എനിക്കു കഴിഞ്ഞു.”—ഇറ്റലിയിൽനിന്ന് മിഖെല.
യശയ്യ 41:10: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.”
“മയക്കുമരുന്ന് കിട്ടാതാകുമ്പോൾ എനിക്കാകെ ഭ്രാന്ത് പിടിക്കുമായിരുന്നു. അത്തരത്തിൽ ടെൻഷൻ എന്നെ വരിഞ്ഞുമുറുക്കുമ്പോൾ ദൈവം സഹായിക്കുമെന്ന് ഈ തിരുവെഴുത്ത് എനിക്ക് ഉറപ്പ് നൽകി. ദൈവം സഹായിക്കുകയും ചെയ്തു.”—സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ആൻഡി.
1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്: “വഴിതെറ്റിക്കപ്പെടരുത്. ചീത്ത കൂട്ടുകെട്ടു നല്ല ധാർമികമൂല്യങ്ങളെ നശിപ്പിക്കുന്നു.”
“മോശം കൂട്ടുകാരാണ് ലഹരിയുടെ ലോകത്തേക്ക് എന്നെ വലിച്ചുകൊണ്ടുപോയത്. ആ കൂട്ടുകെട്ടൊക്കെ ഒന്നു നിറുത്തി നല്ല ശീലങ്ങളുള്ള ഫ്രണ്ട്സിനെ പരിചയപ്പെട്ടപ്പോഴാണ് എനിക്ക് അതിൽനിന്ന് പുറത്തുകടക്കാനായത്.”—കെനിയയിൽനിന്ന് ഐസക്ക്.
2 കൊരിന്ത്യർ 7:1: ‘ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കുക.’
“ശരീരത്തെ ശുദ്ധീകരിക്കാനും ലഹരിക്ക് അടിപ്പെട്ട് സ്വയം നശിക്കുന്നത് ഒഴിവാക്കാനും എന്നെ പ്രചോദിപ്പിച്ചത് ഈ വാക്കുകളാണ്. അതുകൊണ്ടുതന്നെ ഞാൻ ശ്രമം ഉപേക്ഷിച്ചില്ല.”—കൊളംബിയയിൽനിന്ന് റോസ.
ഫിലിപ്പിയർ 4:13: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”
“ഇതിൽനിന്ന് പുറത്തുകടക്കാൻ എന്നെക്കൊണ്ട് തന്നെ പറ്റില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് എന്നെ സഹായിക്കണേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. ദൈവം എനിക്ക് ആവശ്യമായ ശക്തി തന്നു.”—ഇറ്റലിയിൽനിന്ന് പാട്രിറ്റ്സിയ.
ബൈബിളിന്റെ സഹായത്താൽ ആസക്തിയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞവർ
ജോസഫ് ഈരൻബോഗൻ അക്രമം നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നുവന്ന ആളായിരുന്നു. മദ്യം, പുകയില, കഞ്ചാവ്, ഹെറോയിൻ എന്നിവയ്ക്ക് അടിമയായിരുന്നു അദ്ദേഹം. ഇതിന്റെയൊക്കെ അമിതമായ ഉപയോഗം കാരണം പല തവണ മരണത്തിന്റെ വക്കോളം എത്തി. തനിക്കു മാറ്റം വരുത്താൻ കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് ഒരു ബൈബിൾഭാഗമാണ്. അദ്ദേഹത്തിന്റെ ജീവിതകഥ വായിക്കാൻ “സ്ത്രീകളെ ബഹുമാനിക്കാനും ആത്മാഭിമാനം വളർത്തിയെടുക്കാനും ഞാൻ പഠിച്ചു” എന്ന ലേഖനം കാണുക.
ഡിമിട്രായ് കോർഷ്നൗ മദ്യത്തിന് അടിമയായിരുന്നു. കുടിയൊന്ന് നിറുത്താൻ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ വിജയിക്കാൻ എന്താണ് അദ്ദേഹത്തെ സഹായിച്ചത് എന്ന് അറിയാൻ ‘ഞാൻ ജീവിതം മടുത്തു’ എന്ന വീഡിയോ കാണുക.
ബൈബിളനുസരിച്ച് അഡിക്ഷനു ചികിത്സ തേടുന്നത് തെറ്റാണോ?
അല്ല. ബൈബിൾ പറയുന്നു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.” (മത്തായി 9:12) ഇതിനോടു യോജിക്കുന്നതാണ് മയക്കുമരുന്ന് ആസക്തിയുമായി ബന്ധപ്പെട്ട യു.എസ്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പ്രസ്താവനയും: “മയക്കുമരുന്നിനോടുള്ള ആസക്തി ഒരു രോഗമാണ്, സങ്കീർണമായ ഒന്ന്. ഉറച്ചതീരുമാനം എടുത്തതുകൊണ്ട് മാത്രം പലപ്പോഴും അതിൽനിന്ന് പുറത്ത് കടക്കാനാകില്ല.” നമ്മുടെ മനോബലത്തെക്കാൾ ഒക്കെ വളരെ ശക്തമാണു ദൈവം തരുന്ന സഹായം എന്നതു ശരിയാണ്. എങ്കിലും ബൈബിളിന്റെ ഉപദേശം സ്വീകരിച്ച് ആസക്തിയുടെ അടിമത്തത്തിൽനിന്ന് പുറത്തുകടന്നിട്ടുള്ള പലരും വൈദ്യസഹായംകൂടെ സ്വീകരിച്ചവരാണ്. c ഉദാഹരണത്തിന് അലന്റെ കാര്യം ചിന്തിക്കുക. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഞാൻ കുടി നിറുത്താൻ ശ്രമിച്ചപ്പോൾ എന്റെ ശരീരം അതിനു സമ്മതിക്കുന്നുണ്ടായിരുന്നില്ല. വല്ലാത്ത വേദനയും അസ്വസ്ഥതയും ഒക്കെ എനിക്ക് അനുഭവപ്പെട്ടു. എനിക്കു കിട്ടുന്ന ആത്മീയസഹായത്തോടൊപ്പം വൈദ്യസഹായവുംകൂടെ ഞാൻ സ്വീകരിക്കണമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.”
മയക്കുമരുന്ന് ചേർന്ന മരുന്നുകൾ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ബൈബിൾ പറയുന്നുണ്ടോ?
ഇല്ല. രോഗം ചികിത്സിക്കുന്നതിനോ മരണക്കിടക്കയിൽ ആയിരിക്കുന്നവരുടെ വേദന ശമിപ്പിക്കുന്നതിനോ ആയി മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 31:6; 1 തിമൊഥെയൊസ് 5:23) ഇതുപോലെ, മയക്കുമരുന്ന് ചേർന്ന ചില മരുന്നുകൾ വേദനാസംഹാരിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ മദ്യത്തിന്റെ കാര്യംപോലെതന്നെ ഇവയും വളരെയധികം അഡിക്ഷൻ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് നിങ്ങൾക്കു കുറിച്ചുതരുന്ന വേദനാസംഹാരികൾ ഉപയോഗിക്കുമ്പോൾ, ഉണ്ടായേക്കാവുന്ന അപകടം മനസ്സിലാക്കി ജാഗ്രത പാലിക്കുന്നത് നല്ലതാണ്.—സുഭാഷിതങ്ങൾ 22:3.
a മയക്കുമരുന്ന് ആസക്തിയെ എങ്ങനെ തരണം ചെയ്യാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പ്രധാനമായും പറയുന്നതെങ്കിലും, ഏത് ആസക്തിയെയും മറികടക്കാൻ ഇതിലെ ബൈബിൾതത്ത്വങ്ങൾ നിങ്ങളെ സഹായിക്കും. മദ്യം, പുകയില, ഭക്ഷണം, ചൂതാട്ടം, അശ്ലീലം, സോഷ്യൽമീഡിയ എന്നിവയൊക്കെ അതിനുള്ള ചില ഉദാഹരണങ്ങളാണ്.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.
c ഇതിനോടു ബന്ധപ്പെട്ട അനേകം ചികിത്സാകേന്ദ്രങ്ങളും ഹോസ്പിറ്റലുകളും അഡിക്ഷനിൽനിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന മറ്റു പരിപാടികളും നിലവിലുണ്ട്. എന്നാൽ ഇവ ഓരോന്നും ശ്രദ്ധയോടെ വിലയിരുത്തി ഏറ്റവും നല്ലത് ഏതാണെന്ന് ഓരോരുത്തരും തീരുമാനിക്കണം.—സുഭാഷിതങ്ങൾ 14:15.