ദാവീദ് രാജാവ് ചരിത്രപുരുഷനാണെന്നു തെളിയിക്കുന്ന പുരാവസ്തുശാസ്ത്ര കണ്ടെത്തൽ
ബൈബിൾ പറയുന്നതനുസരിച്ച്, ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ് ബി.സി. 11-ാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നത്. നൂറുകണക്കിനു വർഷം അദ്ദേഹത്തിന്റെ പിൻതലമുറക്കാർ അവിടം ഭരിച്ചിരുന്നു. എന്നാൽ ചില വിമർശകർ വാദിക്കുന്നത് ആളുകൾ പിന്നീട് എപ്പോഴോ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥാപാത്രമാണു ദാവീദ് എന്നാണ്. വാസ്തവത്തിൽ ദാവീദ് എന്നു പറയുന്ന ഒരു രാജാവുണ്ടായിരുന്നോ?
1993-ൽ പുരാവസ്തുശാസ്ത്രജ്ഞനായ അവ്രഹാം ബീരാനും സംഘവും വടക്കേ ഇസ്രയേലിലെ ടെൽ ദാനിൽനിന്ന് കണ്ടെടുത്ത ഒരു ശിലാശകലത്തിൽ സെമിറ്റിക് ലിപിയിൽ ‘ദാവീദുഗൃഹത്തെക്കുറിച്ച്’ പറഞ്ഞിരിക്കുന്ന ഒരു ആലേഖനം കണ്ടെത്തി. അതു ബി.സി. ഒൻപതാം നൂറ്റാണ്ടിലേതായിരുന്നു. സാധ്യതയനുസരിച്ച്, ഇസ്രായേല്യരുടെ മേൽ നേടിയ വിജയങ്ങൾ എടുത്തുകാണിക്കാൻ അരാമ്യർ സ്ഥാപിച്ച ഒരു സ്മാരകത്തിന്റെ ഭാഗമാണ് ഇത്.
ബൈബിൾചരിത്ര ദൈനന്ദിനിയിലെ (ഇംഗ്ലീഷ്) ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു: “‘ദാവീദുഗൃഹത്തെക്കുറിച്ചുള്ള’ ആലേഖനത്തെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. . . . എന്നാലും മിക്ക ബൈബിൾപണ്ഡിതന്മാരും പുരാവസ്തുശാസ്ത്രജ്ഞരും ബൈബിളിലെ ദാവീദ് രാജാവ് ചരിത്രപുരുഷനാണെന്നു തെളിയിക്കുന്ന ആദ്യത്തെ ഈടുറ്റ തെളിവായി ടെൽ ദാൻ ശിലയെ ഒരുപോലെ അംഗീകരിക്കുന്നെന്ന വസ്തുത, അതിനെ ബൈബിൾ പുരാവസ്തുശാസ്ത്ര അവലോകനം (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്ത ബൈബിൾ പുരാവസ്തുശാസ്ത്ര കണ്ടെത്തലുകളിൽ ഏറ്റവും വലിയ ഒന്നാക്കി മാറ്റുന്നു.”