സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാത്ത കാലം—വെറുമൊരു സ്വപ്നമോ?
പല രാജ്യങ്ങളിലും സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാണ്. ആളുകൾ തെരുവിലേക്കിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നത് അവിടങ്ങളിൽ പതിവുകാഴ്ചയായി മാറിയിരിക്കുന്നു. എരിതീയിൽ എണ്ണ ഒഴിച്ചതുപോലെയാണ് കോവിഡ്-19 മഹാമാരി വന്നത്. ലോക്ഡൗണും സാധനങ്ങളുടെ ലഭ്യതക്കുറവും ആരോഗ്യമേഖലയിലെ പരിമിതികളും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അങ്ങനെ, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിടവ് ഇപ്പോൾ കൂടുതൽ വ്യക്തമായിരിക്കുന്നു.
ലോകത്തെ വരിഞ്ഞുമുറുക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് എന്നെങ്കിലും ഒരു അവസാനമുണ്ടാകുമോ? തീർച്ചയായും. ദൈവം ആ പ്രശ്നങ്ങൾ പരിഹരിക്കും. അത് എങ്ങനെയാണ് പരിഹരിക്കുന്നതെന്നും ദൈവം പറഞ്ഞിട്ടുണ്ട്.
ദൈവം എന്തൊക്കെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും?
പ്രശ്നം: എല്ലാ ആളുകളുടെയും ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന ഒരു സമ്പദ്വ്യവസ്ഥ ഉണ്ടാക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല.
പരിഹാരം: ദൈവം മനുഷ്യരുടെ ഗവൺമെന്റുകളെ മാറ്റി അവയുടെ സ്ഥാനത്ത് തന്റെ ഭരണം കൊണ്ടുവരും. അതിനെയാണ് ദൈവരാജ്യം എന്നു പറയുന്നത്. അതു സ്വർഗത്തിൽനിന്ന് ഭൂമിയെ മുഴുവനും ഭരിക്കും.—ദാനിയേൽ 2:44; മത്തായി 6:10.
പ്രയോജനം: ദൈവരാജ്യം മുഴുഭൂമിയെയും ഭരിക്കുന്ന ഒരൊറ്റ ഗവൺമെന്റ് ആയതുകൊണ്ട് അത് എല്ലാ ആളുകളുടെയും ആവശ്യങ്ങൾ ഏറ്റവും നന്നായി നടത്തും. പിന്നീട് ഒരിക്കലും ആളുകൾക്ക് ദാരിദ്ര്യമുണ്ടായിരിക്കില്ല. അതുപോലെ ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങൾപോലും നടത്താൻ പറ്റാതെ വരുമോ എന്ന ആശങ്കയും ഉണ്ടാകില്ല. (സങ്കീർത്തനം 9:7-9, 18) പകരം, അവർക്ക് ആസ്വദിക്കാൻ കഴിയുന്ന ജോലിയുണ്ടായിരിക്കും. ആ അധ്വാനത്തിന് തക്ക പ്രതിഫലം കിട്ടുകയും ചെയ്യും. അങ്ങനെ കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കും. ബൈബിൾ ഇങ്ങനെ ഉറപ്പു തരുന്നു: “അവർ വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്; മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്.”—യശയ്യ 65:21, 22.
പ്രശ്നം: കഷ്ടപ്പാടിനും സാമ്പത്തിക ഞെരുക്കത്തിനും വഴിവെക്കുന്ന സാഹചര്യങ്ങളിൽനിന്ന് ആരും ഒഴിവുള്ളവരല്ല.
പരിഹാരം: ദൈവം തന്റെ ഭരണത്തിലൂടെ ആളുകളുടെ പേടിയും ആശങ്കയും ഒക്കെ നീക്കും.
പ്രയോജനം: നമുക്ക് ദൈവത്തിന്റെ പരിപാലനം ഉണ്ടായിരിക്കും. അതുകൊണ്ട് നമ്മുടെ വസ്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങളുണ്ടാകാൻ ദൈവം അനുവദിക്കില്ല. ഉദാഹരണത്തിന്, യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും മഹാമാരികളും ഒക്കെ അന്ന് പഴങ്കഥയായി മാറിയിരിക്കും. (സങ്കീർത്തനം 46:9; 72:16; യശയ്യ 33:24) ദൈവം പറയുന്നു: “എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും, സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.”—യശയ്യ 32:18.
പ്രശ്നം: മിക്കപ്പോഴും സ്വാർഥരും അത്യാഗ്രഹികളും ആയ ആളുകൾ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നു.
പരിഹാരം: ദൈവരാജ്യത്തിന്റെ പ്രജകൾ സ്വന്തം കാര്യം മാത്രം നോക്കുന്നവരായിരിക്കില്ല. അവർ മറ്റുള്ളവരെ ആത്മാർഥമായി സ്നേഹിക്കാൻ പഠിക്കും.—മത്തായി 22:37-39.
പ്രയോജനം: ദൈവരാജ്യത്തിൻകീഴിൽ എല്ലാവരും ദൈവത്തിന്റെ സ്നേഹം അനുകരിക്കും. ആ സ്നേഹം “സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) ബൈബിൾ ഇങ്ങനെ പറയുന്നു: “അവ എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല, ഒരു ദ്രോഹവും ചെയ്യില്ല. കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി മുഴുവൻ യഹോവയുടെ a പരിജ്ഞാനം നിറഞ്ഞിരിക്കും.”—യശയ്യ 11:9.
ഉടനെതന്നെ ലോകത്തിൽ ഒരു വലിയ മാറ്റം വരാൻപോകുകയാണെന്ന് ബൈബിൾ പറയുന്നു. അപ്പോൾ സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറ്റുമെന്ന ദൈവത്തിന്റെ വാഗ്ദാനവും നടക്കും. b (സങ്കീർത്തനം 12:5) എന്നാൽ അതുവരെ നമ്മൾ സാമ്പത്തിക പ്രശ്നങ്ങളെ നേരിട്ടേ മതിയാവൂ. അതിനും നമ്മളെ ബൈബിളിലെ ഉപദേശങ്ങൾ സഹായിക്കും. ഉദാഹരണത്തിന്, “വരവ് കുറയുമ്പോൾ ചെലവും കുറയ്ക്കാം,” “പണമാണോ നിങ്ങൾക്ക് എല്ലാം?” എന്നീ ലേഖനങ്ങൾ കാണുക.
a [അടിക്കുറിപ്പുകൾ]
b ബൈബിൾ വിശ്വസിക്കാവുന്നതിന്റെ കാരണം മനസ്സിലാക്കാൻ “ബൈബിൾ—സത്യത്തിന്റെ ആശ്രയയോഗ്യമായ ഉറവിടം” എന്ന ലേഖനം കാണുക.