മതം—കാശുണ്ടാക്കാനുള്ള ഒരു ബിസിനെസ്സോ?
നിങ്ങൾക്ക് എന്തു തോന്നുന്നു? ഇന്നു പല മതങ്ങളുടെയും മുഖ്യശ്രദ്ധ ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിലാണോ, അതോ കാശുണ്ടാക്കുന്നതിലാണോ? അവർ പലപ്പോഴും സേവനങ്ങളും സാധനങ്ങളും ഒക്കെ വിറ്റ് ധാരാളം പണമുണ്ടാക്കുന്നു. ഇനി, മതങ്ങളിൽ നേതൃത്വം എടുക്കുന്ന ചിലരുടെ കാര്യമോ? അവർക്കു ലഭിക്കുന്നത് കനത്ത ശമ്പളമാണ്, നയിക്കുന്നത് ആഡംബര ജീവിതവും. നമുക്ക് ഇതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം:
ഒരു കത്തോലിക്കാ ബിഷപ്പിനെക്കുറിച്ചുള്ള അന്വേഷണം ഈ കാര്യങ്ങളാണ് വെളിപ്പെടുത്തിയത്: അദ്ദേഹം 13 വർഷക്കാലയളവുകൊണ്ട് പള്ളിയുടെ പണം ഉപയോഗിച്ച് ഏതാണ്ട് 150 പ്രാവശ്യം സ്വകാര്യ ജെറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുകയും 200-ഓളം പ്രാവശ്യം അത്യാഡംബര ലിമസീൻ കാറുകളിൽ സഞ്ചരിക്കുകയും ചെയ്തു. അതുപോലെ അദ്ദേഹം താമസിച്ചിരുന്ന പള്ളിവക കെട്ടിടം പുതുക്കിപ്പണിയുന്നതിനായി ഏകദേശം 30 കോടി രൂപയാണ് ചെലവഴിച്ചത്.
ആഫ്രിക്കൻരാജ്യത്തിലെ ഒരു സുവിശേഷകൻ നടത്തുന്ന മതശുശ്രൂഷയിൽ പങ്കുപറ്റാൻ പതിനായിരക്കണക്കിന് ആളുകളാണ് കൂടിവരുന്നത്. അദ്ദേഹത്തിന്റെ ആരാധനാലയത്തിൽ “അത്ഭുത എണ്ണ” മുതൽ സ്വന്തം പടം പ്രിന്റ് ചെയ്തിട്ടുള്ള ടൗവലുകളും ടീ-ഷർട്ടുകളും വരെയാണ് വിൽക്കുന്നത്. അവിടെ കൂടിവരുന്ന ആളുകൾ പാവപ്പെട്ടവരാണെങ്കിലും അവരെ പിഴിഞ്ഞ് അദ്ദേഹം ധാരാളം കാശുണ്ടാക്കിയിട്ടുണ്ട്.
ചൈനയിലെ ബുദ്ധമതക്കാരുടെ നാലു വിശുദ്ധ പർവതങ്ങളിലെ തീർഥാടനകേന്ദ്രങ്ങളിൽ രണ്ടെണ്ണം സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളാണ്. അവിടത്തെ പ്രശസ്തമായ ഷാവോലിൻ ക്ഷേത്രം പല വാണിജ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. അതിന്റെ മേലധികാരിയായ സന്യാസിയെ ആളുകൾ വിളിക്കുന്നത് “സി ഇ ഒ സന്യാസി” എന്നാണ്. ഒരു കമ്പനിയുടെ മേലധികാരി എന്നാണ് ആ പ്രയോഗത്തിന്റെ അർഥം.
അമേരിക്കയിലെ കമ്പനികളിൽ ഈയിടെയായി കണ്ടുവരുന്ന ഒരു രീതിയാണ് ആത്മീയ കൺസൾട്ടന്റുകളെ നിയമിക്കുന്നത്. ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച്, ഇങ്ങനെ നിയമിക്കപ്പെടുന്നവർ ആ കമ്പനിയിലെ ജോലിക്കാർക്കും ഇടപാടുകാർക്കും വേണ്ടി മതപരമായി ചടങ്ങുകൾ ചെയ്യുകയും മതോപദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.
മതത്തെ പണമുണ്ടാക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? മതപരമായ പ്രവർത്തനങ്ങളിൽനിന്ന് ലാഭമുണ്ടാക്കുന്നവരെപ്പറ്റി ദൈവം എന്താണ് വിചാരിക്കുന്നതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മതവും ബിസിനെസ്സും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിനെ ദൈവം എങ്ങനെയാണ് കാണുന്നത്?
അതു ദൈവത്തിന് ഇഷ്ടമല്ല. മുൻകാലത്ത് ദൈവത്തിന്റെ പേരിൽ “കൂലി വാങ്ങി” ഉപദേശം കൊടുത്ത പുരോഹിതന്മാരെ ദൈവം അംഗീകരിച്ചില്ല എന്നു ബൈബിൾ പറയുന്നു. (മീഖ 3:11) തന്റെ ആരാധനാലയത്തിൽ അത്യാഗ്രഹത്തോടെ കച്ചവടം നടത്തിയവരെ ദൈവം കുറ്റം വിധിച്ചു. അതെപ്പറ്റി ബൈബിൾ പറയുന്നത്, അവർ ആലയത്തെ ‘കവർച്ചക്കാരുടെ ഗുഹയാക്കി’ എന്നാണ്.—യിരെമ്യ 7:11.
സാമ്പത്തികനേട്ടത്തിനുവേണ്ടി മതത്തെ കരുവാക്കുന്നവരെക്കുറിച്ച് ദൈവത്തിനുള്ള അതേ വീക്ഷണംതന്നെയാണ് യേശുവിനും. യേശു ഭൂമിയിലായിരുന്ന സമയത്ത് ചില മതനേതാക്കന്മാർ യെരുശലേമിലെ ആലയത്തിനുള്ളിൽ കച്ചവടം നടത്താൻ ആളുകളെ അനുവദിച്ചിരുന്നു. അത്യാഗ്രഹികളായ ആ കച്ചവടക്കാരിൽനിന്ന് അവർ ലാഭവും കൈപ്പറ്റിയിരുന്നു. ആലയത്തിൽ ആരാധനയ്ക്കു വന്ന ആത്മാർഥരായ ആളുകളെ അവർ ചൂഷണം ചെയ്തു. വക്രബുദ്ധിക്കാരായ ആ കച്ചവടക്കാരെ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു ആലയത്തിൽനിന്ന് ഓടിച്ചുകളഞ്ഞു: “എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു മതിയാക്കൂ!”—യോഹന്നാൻ 2:14-16.
യേശു ശുശ്രൂഷ നടത്തിയതും ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലാണ്. (യോഹന്നാൻ 8:28, 29) ദൈവത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുന്നതിന് യേശു അവരുടെ കൈയിൽനിന്ന് പണമൊന്നും വാങ്ങിയില്ല. അതുപോലെ യേശു അത്ഭുതകരമായി, വിശന്നിരിക്കുന്നവർക്കു ഭക്ഷണം കൊടുത്തതും രോഗികളെ സുഖപ്പെടുത്തിയതും മരിച്ചവരെ ഉയിർപ്പിച്ചതും ഒക്കെ സൗജന്യമായിട്ടാണ്. ശുശ്രൂഷ ചെയ്യുന്നതിൽനിന്ന് പണമുണ്ടാക്കാൻ യേശു ഒരിക്കലും ഉദ്ദേശിച്ചില്ല. യേശുവിന് സ്വന്തമായി ഒരു വീടുപോലും ഇല്ലായിരുന്നു.—ലൂക്കോസ് 9:58.
ആദ്യകാലക്രിസ്ത്യാനികൾക്കു മതം കാശുണ്ടാക്കാനുള്ള വഴിയായിരുന്നോ?
മതപരമായ പ്രവൃത്തികളിൽനിന്ന് സാമ്പത്തികലാഭമുണ്ടാക്കരുതെന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക” എന്നാണ് യേശു അതെപ്പറ്റി പറഞ്ഞത്. (മത്തായി 10:8) പിന്നീട് ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ട യേശുവിന്റെ ആദ്യത്തെ അനുഗാമികൾ ഈ നിർദേശത്തിനു ചേർച്ചയിലാണു പ്രവർത്തിച്ചത്. നമുക്കു ചില ഉദാഹരണങ്ങൾ നോക്കാം:
യേശുവിനോടൊപ്പം ശുശ്രൂഷയിൽ പങ്കെടുത്ത അപ്പോസ്തലനായ പത്രോസിനുണ്ടായ ഒരു അനുഭവം നോക്കാം. അധികാരവും സ്വാധീനവും മോഹിച്ച ശിമോൻ എന്ന ഒരാൾ അതു കിട്ടുന്നതിനുവേണ്ടി പണം തരാമെന്നു പത്രോസിനോടു പറഞ്ഞു. പത്രോസ് ഉടനെതന്നെ അതു നിരസിച്ചിട്ട് ശക്തമായ ഭാഷയിൽ ശിമോനെ തിരുത്തി: “ദൈവം സൗജന്യമായി കൊടുക്കുന്ന സമ്മാനം പണം കൊടുത്ത് വാങ്ങാമെന്നു വ്യാമോഹിച്ചതുകൊണ്ട് നിന്റെ വെള്ളിപ്പണം നിന്റെകൂടെ നശിക്കട്ടെ.”—പ്രവൃത്തികൾ 8:18-20.
അറിയപ്പെടുന്ന ഒരു സുവിശേഷകനായിരുന്നു അപ്പോസ്തലനായ പൗലോസ്. വ്യത്യസ്ത സഭകൾക്കുവേണ്ടി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തെങ്കിലും അദ്ദേഹം തന്റെ ശുശ്രൂഷയിൽനിന്ന് പണമുണ്ടാക്കാൻ ശ്രമിച്ചില്ല. അതുകൊണ്ട് പൗലോസിന്, തന്നെയും സഹപ്രവർത്തകരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിഞ്ഞു: “പലരെയുംപോലെ ഞങ്ങൾ ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല.” (2 കൊരിന്ത്യർ 2:17) കൂടാതെ പൗലോസ് ഇങ്ങനെയും പറഞ്ഞു: “നിങ്ങളിൽ ആർക്കും ഒരു ഭാരമാകാതിരിക്കാൻ രാവും പകലും അധ്വാനിച്ചുകൊണ്ടാണു ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിച്ചത്.”—1 തെസ്സലോനിക്യർ 2:9.
ആ ക്രിസ്ത്യാനികൾക്ക് അവരുടെ പ്രസംഗപര്യടനം നടത്താനും അർഹതപ്പെട്ടവരെ സഹായിക്കാനും ആയി പണം വേണമായിരുന്നു എന്നതു ശരിയാണ്. പക്ഷേ അതിനുവേണ്ടി അവർ മതപരമായ സേവനങ്ങൾക്ക് പണം ഈടാക്കിയില്ല. എന്നാൽ ആഗ്രഹിക്കുന്നവർക്ക് സംഭാവനകൾ കൊടുക്കാനുള്ള ക്രമീകരണമുണ്ടായിരുന്നു. അവർ എന്തിന്റെ അടിസ്ഥാനത്തിലാണ് അതു ചെയ്തതെന്നു നമുക്കു നോക്കാം.
2 കൊരിന്ത്യർ 8:12: “മനസ്സൊരുക്കമാണു പ്രധാനം. മനസ്സോടെ കൊടുക്കുന്നെങ്കിൽ അതായിരിക്കും ദൈവത്തിനു കൂടുതൽ സ്വീകാര്യം. ഒരാൾ തന്റെ കഴിവിന് അപ്പുറമല്ല, കഴിവനുസരിച്ച് കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.”
അർഥം: കൊടുക്കുന്ന തുകയല്ല പ്രധാനം, കൊടുക്കുന്നയാളുടെ മനസ്സൊരുക്കമാണ്.
2 കൊരിന്ത്യർ 9:7: “ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ നിർബന്ധത്താലോ അരുത്. സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.”
അർഥം: നിർബന്ധത്താൽ സംഭാവന കൊടുക്കുന്നതു ദൈവത്തിന് ഇഷ്ടമല്ല. പകരം ഹൃദയത്തിൽ ആഗ്രഹം തോന്നി ഒരാൾ സംഭാവന കൊടുക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.
പണസ്നേഹികളായ മതങ്ങൾക്കു പെട്ടെന്നുതന്നെ എന്തു സംഭവിക്കും?
എല്ലാ മതങ്ങളെയും ആരാധനാരീതികളെയും ദൈവം അംഗീകരിക്കുന്നില്ലെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (മത്തായി 7:21-23) ശ്രദ്ധേയമായ ഒരു പ്രവചനത്തിൽ ബൈബിൾ തെറ്റായ എല്ലാ മതസംഘടനകളെയും ഒരു വേശ്യയോട് ഉപമിച്ചിരിക്കുന്നു. കാരണം പണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും ആയി അവർ ഗവൺമെന്റുകളുമായി കൂട്ടുകെട്ടുണ്ടാക്കുന്നു, അങ്ങനെ ആളുകളെ ചൂഷണം ചെയ്യുന്നു. (വെളിപാട് 17:1-3; 18:3) ഇത്തരം മതങ്ങളെ ദൈവം ഉടനെതന്നെ നശിപ്പിച്ചുകളയുമെന്ന് ആ പ്രവചനം തുടർന്ന് പറയുന്നു.—വെളിപാട് 17:15-17; 18:7.
എന്നാൽ ആളുകൾ തെറ്റായ മതങ്ങളുടെ മോശമായ പ്രവൃത്തികളാൽ വഞ്ചിക്കപ്പെട്ട് ദൈവത്തിൽനിന്ന് അകന്നുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല. (മത്തായി 24:11, 12) അതുകൊണ്ട് ആത്മാർഥതയുള്ള ആളുകളോട് അത്തരം മതങ്ങളിൽനിന്ന് പുറത്ത് കടക്കാനും താൻ ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ആരാധിക്കാമെന്നു പഠിക്കാനും ദൈവം അഭ്യർഥിക്കുന്നു.—2 കൊരിന്ത്യർ 6:16, 17.