മതം രാഷ്ട്രീയത്തിൽ ഉൾപ്പെടണോ?
യേശുക്രിസ്തുവിന്റെ അനുഗാമികളെന്ന് അവകാശപ്പെടുന്ന ലോകമെങ്ങുമുള്ള പലയാളുകളും രാഷ്ട്രീയത്തിൽ സജീവമായി ഉൾപ്പെടുന്നുണ്ട്. ചിലർ ചില സ്ഥാനാർഥികളെയും രാഷ്ട്രീയപാർട്ടികളെയും പിന്തുണച്ചുകൊണ്ട് അവരുടെ മതവിശ്വാസങ്ങളും നിലവാരങ്ങളും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. സമൂഹത്തിൽ വിവാദമായി നിൽക്കുന്ന പ്രശ്നങ്ങളിലും മറ്റും ഇടപെട്ടുകൊണ്ട് രാഷ്ട്രീയക്കാർ തിരിച്ച് മതവിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനും ശ്രമിക്കുന്നുണ്ട്. അതുപോലെ മതനേതാക്കൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറാൻ ശ്രമിക്കുന്നതും അത്ര അസാധാരണമല്ല. ചില രാജ്യങ്ങളിൽ ഒരു “ക്രിസ്ത്യൻവിഭാഗം” ഒരു സംസ്ഥാനമതം അല്ലെങ്കിൽ ദേശീയമതം എന്ന പദവിപോലും നേടിയേക്കാം.
നിങ്ങൾക്ക് എന്തു തോന്നുന്നു? യേശുക്രിസ്തുവിന്റെ അനുഗാമികൾ രാഷ്ട്രീയത്തിൽ ഉൾപ്പെടണോ? യേശുവിന്റെ മാതൃകയിൽ അതിനുള്ള ഉത്തരമുണ്ട്. യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.” (യോഹന്നാൻ 13:15) രാഷ്ട്രീയകാര്യങ്ങളിൽ യേശു വെച്ച മാതൃക എന്താണ്?
യേശു രാഷ്ട്രീയത്തിൽ ഉൾപ്പെട്ടോ?
ഇല്ല. ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ യേശു ഉൾപ്പെട്ടില്ല.
യേശു രാഷ്ട്രീയാധികാരം നേടിയെടുക്കാൻ ശ്രമിച്ചില്ല. സാത്താൻ യേശുവിനോട് “ലോകത്തെ എല്ലാ രാജ്യങ്ങളും,” അതായത് മനുഷ്യഗവൺമെന്റുകളുടെ അധികാരം, തരാമെന്നു പറഞ്ഞപ്പോൾ യേശു അതു തള്ളിക്കളയുകയാണു ചെയ്തത്. (മത്തായി 4:8-10) a മറ്റൊരു അവസരത്തിൽ നല്ലൊരു നേതാവിനു വേണ്ട ഗുണങ്ങൾ യേശുവിന് ഉണ്ടെന്നു കണ്ട ആളുകൾ യേശുവിനെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു. ബൈബിൾ പറയുന്നു: “അവർ വന്ന് തന്നെ പിടിച്ച് രാജാവാക്കാൻപോകുന്നെന്ന് അറിഞ്ഞ യേശു തനിച്ച് വീണ്ടും മലയിലേക്കു പോയി.” (യോഹന്നാൻ 6:15) യേശു അതിന് ഒട്ടും വഴങ്ങിക്കൊടുത്തില്ല. രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തെ യേശു തള്ളിക്കളയുകയാണ് ചെയ്തത്.
യേശു രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംപിടിച്ചില്ല. ഉദാഹരണത്തിന്, യേശുവിന്റെ കാലത്തെ ജൂതന്മാർക്കു റോമൻ ഗവൺമെന്റിനു നികുതി കൊടുക്കുന്നത് ഇഷ്ടമില്ലായിരുന്നു. അവർ അത് അനീതിയായാണു കണ്ടിരുന്നത്. ഈ രാഷ്ട്രീയപ്രശ്നത്തിൽ യേശുവിനെക്കൊണ്ട് ഒരു പക്ഷംപിടിപ്പിക്കാൻ അവർ ശ്രമിച്ചെങ്കിലും യേശു അതിൽ ഉൾപ്പെട്ടില്ല. യേശു പറഞ്ഞത് ഇതാണ്: “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.” (മർക്കോസ് 12:13-17) രാഷ്ട്രീയപ്രശ്നങ്ങളിൽ യേശു നിഷ്പക്ഷനായി നിന്നു. എങ്കിലും സീസറിനെ പ്രതിനിധീകരിക്കുന്ന റോമൻ ഗവൺമെന്റിനു നികുതി കൊടുക്കണമെന്നു യേശു പറഞ്ഞു. അതോടൊപ്പം, നമ്മുടെ എല്ലാ കാര്യത്തിലും മനുഷ്യഗവൺമെന്റുകൾക്ക് അധികാരം ഇല്ലെന്നും യേശു സൂചിപ്പിച്ചു. ആരാധനയും ഭക്തിയും ഉൾപ്പെടെ ദൈവത്തിനു മാത്രം കൊടുക്കേണ്ട കാര്യങ്ങൾ ഒരു വ്യക്തി മനുഷ്യഗവൺമെന്റുകൾക്കു കൊടുക്കില്ല.—മത്തായി 4:10; 22:37, 38.
യേശു ദൈവരാജ്യം എന്ന സ്വർഗീയഗവൺമെന്റിനെയാണു പിന്തുണച്ചത്. (ലൂക്കോസ് 4:43) യേശു രാഷ്ട്രീയത്തിൽ ഉൾപ്പെട്ടില്ല. കാരണം മനുഷ്യഗവൺമെന്റുകളല്ല, ദൈവരാജ്യമാണു ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കുന്നതെന്നു യേശുവിന് അറിയാമായിരുന്നു. (മത്തായി 6:10) ദൈവരാജ്യം ഭരിക്കുന്നതു മനുഷ്യഗവൺമെന്റുകളിലൂടെയല്ലെന്നും അതു നീക്കിയിട്ടായിരിക്കുമെന്നും യേശുവിന് അറിയാമായിരുന്നു.—ദാനിയേൽ 2:44.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടോ?
ഇല്ല. “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല” എന്ന യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലാണ് അവർ ജീവിച്ചത്. (യോഹന്നാൻ 15:19) അവർ യേശുവിന്റെ മാതൃക പകർത്തി, ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽനിന്നും വേർപെട്ടുനിന്നു. (യോഹന്നാൻ 17:16; 18:36) രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടുന്നതിനു പകരം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള യേശുവിന്റെ കല്പന അവർ അനുസരിച്ചു.—മത്തായി 28:18-20; പ്രവൃത്തികൾ 10:42.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തെ അനുസരിക്കുന്നതിനാണ് ഒന്നാം സ്ഥാനം കൊടുത്തത്. എന്നാൽ അധികാരസ്ഥാനത്തുള്ളവരെ ആദരിക്കണമെന്നും അവർക്ക് അറിയാമായിരുന്നു. (പ്രവൃത്തികൾ 5:29; 1 പത്രോസ് 2:13, 17) അവർ നിയമം അനുസരിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുമായിരുന്നു. (റോമർ 13:1, 7) രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഗവൺമെന്റ് നൽകിയിരുന്ന നിയമപരമായ സംരക്ഷണവും സേവനങ്ങളും അവർ പ്രയോജനപ്പെടുത്തിയിരുന്നു.—പ്രവൃത്തികൾ 25:10, 11; ഫിലിപ്പിയർ 1:7.
ഇന്നത്തെ ക്രിസ്ത്യാനികൾ
യേശുവോ അക്കാലത്തെ യേശുവിന്റെ അനുഗാമികളോ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടില്ലെന്നു ബൈബിൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഈ കാരണംകൊണ്ട് ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളായ യഹോവയുടെ സാക്ഷികൾ ഒരുതരത്തിലും രാഷ്ട്രീയകാര്യങ്ങളിൽ പക്ഷംപിടിക്കുന്നില്ല. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കാനുള്ള യേശുവിന്റെ കല്പന അവരും അനുസരിക്കുന്നു.—മത്തായി 24:14.
a യേശു അതു തള്ളിക്കളഞ്ഞ സമയത്ത് അതു വാഗ്ദാനം ചെയ്യാൻ സാത്താന് അധികാരമില്ലെന്നു യേശു പറഞ്ഞില്ല. പിന്നീട് ഒരിക്കൽ യേശു സാത്താനെ “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നു വിളിക്കുകയും ചെയ്തു.—യോഹന്നാൻ 14:30