രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ—ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
അതിരൂക്ഷമായ കാലാവസ്ഥയുടെ കെടുതികൾ അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണോ നിങ്ങൾ? അപകടംപിടിച്ച കാലാവസ്ഥയും അതുണ്ടാക്കുന്ന നാശനഷ്ടങ്ങളും പല തരത്തിൽ വരാം. കൊടുങ്കാറ്റും ചുഴലിക്കാറ്റും ചക്രവാതങ്ങളും പലപ്പോഴും സമുദ്രനിരപ്പ് ഉയരുന്നതിനോ വെള്ളപ്പൊക്കത്തിനോ മറ്റു നാശനഷ്ടങ്ങൾക്കോ കാരണമാകാം. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലിനോ കാട്ടുതീ പടർത്തുന്ന ഇടിമിന്നലുകൾക്കോ കാരണമായേക്കാം. ഇതുപോലെതന്നെ ദുരിതം വിതയ്ക്കുന്നവയാണ് വരൾച്ചയും ഉഷ്ണതരംഗങ്ങളും ഒക്കെ.
ദുരിതം വിതയ്ക്കുന്ന കാലാവസ്ഥാപ്രശ്നങ്ങൾ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഒരു പതിവായി മാറുകയാണ്, അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും കൂടിക്കൂടിവരികയാണ്. ഇതിനെക്കുറിച്ച് ഒരു സംഘടന (International Federation of Red Cross and Red Crescent Societies) ഇങ്ങനെയാണ് പറഞ്ഞത്: “ദുരന്തങ്ങൾ ഇന്ന് മുമ്പെന്നത്തേതിലും കൂടുതൽ ആളുകളെ ബാധിക്കുന്നുണ്ട്. വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരൾച്ചയും കൂടുതൽ ഉണ്ടാകുന്നതാണ് ഇതിനു കാരണം. അതിന്റെ ഫലമായി ഓരോ വർഷവും അനേകർ മരിക്കുന്നു, പലർക്കും ജീവിതമാർഗം ഇല്ലാതാകുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ നഷ്ടമാകുന്നു.”
ഇങ്ങനെയുള്ള സംഭവങ്ങൾ ആളുകളെ ശാരീരികമായി മാത്രമല്ല, മാനസികമായും വിഷമത്തിലാക്കും. വീടും വസ്തുവകകളും നഷ്ടപ്പെട്ടതിന്റെയോ അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയതിന്റെയോ ഒക്കെ അതിയായ ദുഃഖത്തിലായിരിക്കും അവർ.
അതിരൂക്ഷമായ കാലാവസ്ഥയുടെ കെടുതികൾ അനുഭവിച്ച ഒരാളാണു നിങ്ങളെങ്കിൽ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും. ബൈബിൾ ആശ്വാസവും പ്രത്യാശയും തരുന്നുണ്ട്, അതോടൊപ്പം പ്രായോഗികമായ നിർദേശങ്ങളും. കാലാവസ്ഥയോടു ബന്ധപ്പെട്ട ദുരിതങ്ങൾ അനുഭവിച്ച ധാരാളം പേരെ അവ സഹായിച്ചിട്ടുമുണ്ട്. (റോമർ 15:4) പലരും ചോദിക്കാറുള്ള ഒരു പ്രധാനപ്പെട്ട ചോദ്യത്തിന്റെ ഉത്തരവും ബൈബിൾ തരുന്നുണ്ട്: എന്തുകൊണ്ടാണു ദൈവം ഇത് അനുവദിക്കുന്നത്? ദൈവം എന്നെ ശിക്ഷിക്കുകയാണോ?
ഇന്നുണ്ടാകുന്ന രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ ദൈവത്തിന്റെ ശിക്ഷയല്ല
ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഉത്തരവാദി ദൈവമല്ലെന്നാണു ബൈബിൾ പഠിപ്പിക്കുന്നത്. “ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല” എന്ന ഉറപ്പ് ബൈബിൾ തരുന്നു. (യാക്കോബ് 1:13) അതിന് അർഥം ഇന്ന് ആളുകൾ അനുഭവിക്കുന്ന അതിരൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾക്കു കാരണം ദൈവമല്ല എന്നതാണ്.
പ്രകൃതിശക്തികളെ ഉപയോഗിച്ച് ദൈവം ദുഷ്ടന്മാരെ ശിക്ഷിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. പക്ഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ നല്ല ആളുകളെയും ചീത്ത ആളുകളെയും നശിപ്പിക്കുന്ന ഇന്നത്തെ ദുരന്തങ്ങൾ പോലെയായിരുന്നില്ല അത്. പകരം ദൈവം നേരത്തേതന്നെ മുന്നറിയിപ്പു കൊടുക്കുകയും എപ്പോഴും നല്ലവരെ സംരക്ഷിക്കുകയും അതുപോലെ, ദുരന്തം വരുത്താൻ പോകുന്നതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തതായി ബൈബിളിൽ പറയുന്നുണ്ട്. ഉദാഹരണത്തിന് നോഹയുടെ കാലത്ത് ജലപ്രളയം വരുത്തിയപ്പോൾ ദൈവം മുന്നറിയിപ്പു കൊടുത്തു, അതിന്റെ കാരണം വിശദീകരിച്ചു, നോഹയെയും കുടുംബത്തെയും സംരക്ഷിക്കുകയും ചെയ്തു.—ഉൽപത്തി 6:13; 2 പത്രോസ് 2:5.
ഇന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ദൈവത്തിന്റെ ശിക്ഷയല്ല എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ “പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?” എന്ന ലേഖനം വായിക്കുക.
രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ—ഇരയാകുന്നവരെപ്പറ്റി ദൈവത്തിനു ചിന്തയുണ്ട്
ദൈവമായ യഹോവയ്ക്ക് അവരെക്കുറിച്ച് ചിന്തയുണ്ടെന്നും യഹോവ a അവരുടെ ബുദ്ധിമുട്ടുകൾ ശരിക്കും മനസ്സിലാക്കുന്നുണ്ടെന്നും ബൈബിൾ പറയുന്നു. ആശ്വാസം തരുന്ന ചില ബൈബിൾവാക്യങ്ങൾ നോക്കാം:
യശയ്യ 63:9: “അവരുടെ വേദനകൾ ദൈവത്തെയും വേദനിപ്പിച്ചു.”
അർഥം: ആളുകളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ യഹോവയ്ക്കും വേദന തോന്നുന്നു.
1 പത്രോസ് 5:7: ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്.’
അർഥം: നിങ്ങൾ സുഖമായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
നമ്മളെക്കുറിച്ച് ചിന്തയുള്ള, നമ്മുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നുണ്ട്. അതിനു ദൈവം ബൈബിളിലൂടെ പ്രായോഗികനിർദേശങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളൊന്നുമില്ലാത്ത ഒരു നല്ല ഭാവി വരുമെന്നുള്ള പ്രത്യാശയും തരുന്നു.—2 കൊരിന്ത്യർ 1:3, 4.
കാലാവസ്ഥാപ്രശ്നങ്ങളില്ലാത്ത കാലം എപ്പോൾ?
‘ഒരു നല്ല ഭാവിയും പ്രത്യാശയും തരും’ എന്ന് യഹോവ ബൈബിളിലൂടെ ഉറപ്പു തരുന്നുണ്ട്. (യിരെമ്യ 29:11) ദൈവത്തിന്റെ ഉദ്ദേശ്യം ആളുകൾ പറുദീസാഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാനാണ്, അല്ലാതെ കാലാവസ്ഥയെ പേടിച്ച് ജീവിക്കാനല്ല.—ഉൽപത്തി 1:28; 2:15; യശയ്യ 32:18.
തന്റെ രാജ്യത്തിലൂടെ അതായത്, യേശു രാജാവായി ഭരിക്കുന്ന സ്വർഗീയഗവൺമെന്റിലൂടെയായിരിക്കും ദൈവം ആ നല്ല ഭാവി കൊണ്ടുവരുന്നത്. (മത്തായി 6:10) യേശുവിനു കാലാവസ്ഥാദുരന്തങ്ങളെ തടയാനുള്ള ജ്ഞാനവും ശക്തിയും ഉണ്ട്. ഭൂമിയിലായിരുന്നപ്പോൾ യേശു അതു തെളിയിച്ചിട്ടുമുണ്ട്. (മർക്കോസ് 4:37-41) ജ്ഞാനത്തോടെയും അറിവോടെയും ഭരിക്കുന്ന യേശു, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടും പ്രകൃതിയോട് ഇണങ്ങിയും എങ്ങനെ ജീവിക്കാമെന്ന് ആളുകളെ പഠിപ്പിക്കും. (യശയ്യ 11:2) അക്കാലത്ത് ആളുകൾക്ക് ഒരു തരത്തിലുമുള്ള കാലാവസ്ഥാപ്രശ്നങ്ങളും നേരിടേണ്ടിവരില്ല.
യേശു എപ്പോഴായിരിക്കും തന്റെ ശക്തി ഉപയോഗിച്ച് കാലാവസ്ഥയെ നിയന്ത്രിക്കുന്നത് എന്നൊരു ചോദ്യം നിങ്ങളുടെ മനസ്സിൽ വന്നോ? “ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്?” എന്ന ലേഖനത്തിൽനിന്ന് അതിന് ഉത്തരം കിട്ടും.
രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ—ഇപ്പോൾ ചെയ്യാവുന്നത്
ബൈബിളിലെ ചില ഉപദേശങ്ങൾക്കു രൂക്ഷമായ കാലാവസ്ഥാപ്രശ്നങ്ങൾ സംഭവിക്കുന്നതിനു മുമ്പും സംഭവിക്കുന്ന സമയത്തും സംഭവിച്ചതിനു ശേഷവും നിങ്ങളെ സഹായിക്കാൻ കഴിയും.
സംഭവിക്കുന്നതിനു മുമ്പ്: തയ്യാറായിരിക്കുക.
ബൈബിൾ പറയുന്നത്: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാഷിതങ്ങൾ 22:3.
അർഥം: നിങ്ങളുടെ പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതു പെട്ടെന്നു പ്രവർത്തിക്കാനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും സഹായിക്കും.
അനുഭവം: “തീപിടിത്തം ഉണ്ടായപ്പോൾ ഞങ്ങൾക്കു രക്ഷപ്പെടാൻ പറ്റിയത് നേരത്തേതന്നെ തയ്യാറായിരുന്നതുകൊണ്ടാണ്. മരുന്നുകളും തുണികളും മറ്റ് അത്യാവശ്യസാധനങ്ങളും ഞങ്ങൾ ഒരു ബാഗിലാക്കി വെച്ചിരുന്നു. മറ്റ് ആളുകൾ എന്തു ചെയ്യണമെന്ന് അറിയാതെ പരക്കം പായുകയായിരുന്നു. പക്ഷേ ഞങ്ങൾക്കു വേണ്ടതെല്ലാം ഉണ്ടായിരുന്നു. അത് ഓർക്കുമ്പോൾ ഒരു ആശ്വാസം തോന്നുന്നു.”—തമാര, കാലിഫോർണിയ, യു. എസ്. എ.
സംഭവിക്കുന്ന സമയത്ത്: പ്രധാനപ്പെട്ട കാര്യത്തിൽ ശ്രദ്ധിക്കുക.
ബൈബിൾ പറയുന്നത്: “ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”—ലൂക്കോസ് 12:15.
അർഥം: സമ്പത്തിനെക്കാൾ പ്രധാനം ജീവനാണ്.
അനുഭവം: “ലൗവ്ൻ b ചുഴലിക്കാറ്റ് ഞങ്ങളുടെ വീടു തകർത്തപ്പോൾ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. യഹോവയോടു ഞാൻ ആത്മാർഥമായി പ്രാർഥിച്ചു. ഒരു കാര്യം എനിക്കു മനസ്സിലായി. ഞങ്ങൾക്കു നഷ്ടമായതു വെറും വസ്തുവകകൾ മാത്രമാണ്, അല്ലാതെ ജീവനല്ല.”—ലെസ്ലി, ഫിലിപ്പീൻസ്.
സംഭവിച്ചതിനു ശേഷം: അന്നന്നത്തെ കാര്യം മാത്രം ചിന്തിക്കുക.
ബൈബിൾ പറയുന്നത്: “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
അർഥം: ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുക.
അനുഭവം: “വീശിയടിച്ച ഇർമ ചുഴലിക്കാറ്റ് എന്റെ വീട് വെള്ളത്തിലാക്കി. എനിക്ക് ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുക്കാനുണ്ടായിരുന്നു. ഞാൻ ആകെ വിഷമത്തിലായി. അന്നന്നത്തെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുക എന്ന ബൈബിളിന്റെ ഉപദേശം ഞാൻ അനുസരിക്കാൻ ശ്രമിച്ചു. യഹോവയുടെ സഹായംകൊണ്ട് ഞാൻ വിചാരിച്ചതിനെക്കാളൊക്കെ മെച്ചമായിട്ട് എനിക്ക് ആ സാഹചര്യത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞു.”—സാലി, ഫ്ലോറിഡ, യു. എസ്. എ.
ചെയ്യാനാകുന്ന കൂടുതൽ കാര്യങ്ങൾക്കു “ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ—ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ” എന്ന ലേഖനം വായിക്കുക.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.
b ഹൈമ ചുഴലിക്കാറ്റ് എന്നും അറിയപ്പെടുന്നു.