വ്യത്യസ്തതകളെ ആദരിക്കുക—ബൈബിൾ നൽകുന്ന സഹായം
“ആളുകൾക്കിടയിലെ വ്യത്യസ്തതകളെ ആദരിക്കാൻ തുടങ്ങിയാലേ ലോകത്ത് സമാധാനം ഉണ്ടാകൂ.”—യുനെസ്കോ ഡിക്ലറേഷൻ ഓഫ് പ്രിൻസിപ്പൽസ് ഓൺ ടോളറൻസ്, 1995.
നേരെമറിച്ച് അങ്ങനെ ചെയ്തില്ലെങ്കിൽ മറ്റുള്ളവരോട് അനാദരവും വെറുപ്പും തോന്നാൻ ഇടയുണ്ട്. അത്തരം വികാരങ്ങൾ പലപ്പോഴും വെറുപ്പ് നിറഞ്ഞ പ്രസ്താവനകൾക്കും വേർതിരിവിനും അക്രമത്തിനും വഴിവെക്കുന്നു.
എന്നാൽ മറ്റുള്ളവരുടെ വ്യത്യസ്തതകളെ ആദരിക്കുക എന്ന ആശയം പലരും പല രീതിയിലാണ് എടുക്കുന്നത്. ചിലർ ചിന്തിക്കുന്നത്, അങ്ങനെ ചെയ്യുന്ന ഒരാൾ മറ്റുള്ളവർ എന്തു ചെയ്താലും അതെല്ലാം അംഗീകരിക്കും എന്നാണ്. എന്നാൽ വേറെ ചിലർക്ക് ബൈബിളിന്റെ വീക്ഷണമാണ് ഉള്ളത്. അവർ പറയുന്നത്, വ്യത്യസ്തതകളെ ആദരിക്കുന്ന ഒരാൾ വിശ്വാസങ്ങളും മൂല്യങ്ങളും തിരഞ്ഞെടുക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ആദരിക്കും, എന്നാൽ അത്തരം വിശ്വാസങ്ങളും മൂല്യങ്ങളും അവർ സ്വീകരിക്കണമെന്നില്ല എന്നാണ്.
ഇക്കാലത്ത് വ്യത്യസ്തതകളെ ആദരിക്കുന്ന ഒരാളാകാൻ ബൈബിൾ നമ്മളെ സഹായിക്കുന്നുണ്ടോ?
ബൈബിൾ ഇതെക്കുറിച്ച് പറയുന്നത്
വ്യത്യസ്തതകളെ ആദരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.” (ഫിലിപ്പിയർ 4:5) മറ്റുള്ളവരോട് പരിഗണനയോടെ, മര്യാദയോടെ, ശരിയായ രീതിയിൽ പെരുമാറാനാണ് ബൈബിൾ പറയുന്നത്. ഈ ഉപദേശമനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തി, ഓരോരുത്തർക്കും അവരവരുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ അവരുടെ മൂല്യങ്ങൾ അംഗീകരിക്കുകയും അത് പിൻപറ്റുകയും ചെയ്യണമെന്നില്ല.
എന്നാൽ മനുഷ്യർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ദൈവം ചില നിലവാരങ്ങൾ വെച്ചിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു. അവിടെ പറയുന്നത് ഇങ്ങനെയാണ്: “മനുഷ്യാ, നല്ലത് എന്താണെന്നു ദൈവം നിനക്കു പറഞ്ഞുതന്നിട്ടുണ്ട്.” (മീഖ 6:8) അതെ, ദൈവത്തിൽനിന്നുള്ള നിർദേശങ്ങൾ ബൈബിളിലുണ്ട്. അതനുസരിച്ച് ജീവിച്ചാൽ ആളുകൾക്ക് ഏറ്റവും നല്ല ജീവിതം ആസ്വദിക്കാനാകും.—യശയ്യ 48:17, 18.
മറ്റുള്ളവരെ വിധിക്കാനുള്ള അധികാരം ദൈവം നമുക്ക് തന്നിട്ടില്ല. ബൈബിളിൽ പറയുന്നത്, “നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ, . . . അപ്പോൾപ്പിന്നെ അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്?” എന്നാണ്. (യാക്കോബ് 4:12) സ്വന്തമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം ഓരോരുത്തർക്കും കൊടുത്തിട്ടുണ്ട്. ആ തീരുമാനങ്ങളുടെ ഉത്തരവാദിത്വവും അവർതന്നെ എടുക്കണം.—ആവർത്തനം 30:19.
മറ്റുള്ളവരെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
നമ്മൾ “എല്ലാ മനുഷ്യരെയും ബഹുമാനിക്കണം” എന്നു ബൈബിൾ പറയുന്നു. (1 പത്രോസ് 2:17) ബൈബിൾനിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്ന ഒരാൾ എല്ലാ ആളുകളെയും ബഹുമാനിക്കുന്നു, അവരുടെ വിശ്വാസങ്ങളും ജീവിതരീതിയും എന്താണെങ്കിൽപ്പോലും. (ലൂക്കോസ് 6:31) എന്നാൽ അതിനർഥം ബൈബിൾ പിൻപറ്റുന്നവർ, മറ്റുള്ളവരുടെ എല്ലാ വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടും യോജിക്കണമെന്നും മറ്റുള്ളവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കണമെന്നും അല്ല. പകരം യേശുവിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോട് പരുഷമായോ അപമര്യാദയോടെയോ ഇടപെടാതെ, എല്ലാ ആളുകളോടും നന്നായി പെരുമാറാൻ അവർ പരമാവധി ശ്രമിക്കും.
ഉദാഹരണത്തിന്, യേശു ഒരിക്കൽ ഒരു സ്ത്രീയെ കണ്ടുമുട്ടി. ആ സ്ത്രീയുടെ മതവിശ്വാസം യേശു അംഗീകരിക്കുന്നതല്ലായിരുന്നു. അതുപോലെ, ആ സ്ത്രീ താമസിച്ചിരുന്നത് ഭർത്താവല്ലാത്ത ഒരു പുരുഷനോടൊപ്പവും ആയിരുന്നു. യേശു കുറ്റംവിധിച്ചിരുന്ന ഒരു ജീവിതരീതിയായിരുന്നു അത്. എന്നിട്ടും ആ സ്ത്രീയോട് യേശു ബഹുമാനത്തോടെ സംസാരിച്ചു.—യോഹന്നാൻ 4:9, 17-24.
യേശുവിനെപ്പോലെ, ക്രിസ്ത്യാനികൾ ഇന്ന് കേൾക്കാൻ താത്പര്യമുള്ളവരോട് തങ്ങളുടെ വിശ്വാസങ്ങൾക്കു പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ തയ്യാറാണ്. പക്ഷേ അവർ അത് ചെയ്യുന്നത് “ആഴമായ ബഹുമാനത്തോടുകൂടെ” ആയിരിക്കും. (1 പത്രോസ് 3:15) തങ്ങളുടെ വിശ്വാസങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്നു ബൈബിൾ ക്രിസ്ത്യാനികളോട് നിർദേശിക്കുന്നു. ക്രിസ്തുവിന്റെ അനുഗാമികൾ ‘വഴക്കുണ്ടാക്കാതെ എല്ലാവരോടും ശാന്തമായി ഇടപെടുന്നവർ’ ആയിരിക്കണമെന്ന് ബൈബിൾ പറയുന്നു. ‘എല്ലാവരോടും’ എന്നതിൽ വ്യത്യസ്ത വിശ്വാസങ്ങൾ ഉള്ളവരും ഉൾപ്പെടുന്നു.—2 തിമൊഥെയൊസ് 2:24.
വെറുപ്പിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
“എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക” എന്നു ബൈബിൾ നമ്മളോട് പറയുന്നു. (എബ്രായർ 12:14) സമാധാനം പ്രിയപ്പെടുന്ന ഒരാൾ വെറുപ്പ് ഒഴിവാക്കും. സ്വന്തം മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെതന്നെ മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ അദ്ദേഹം കഠിനശ്രമം ചെയ്യും. (മത്തായി 5:9) മറ്റുള്ളവർ തങ്ങളോട് മോശമായി ഇടപെട്ടാൽപ്പോലും അവരോട് ദയയോടെ ഇടപെട്ടുകൊണ്ട് ശത്രുക്കളെ സ്നേഹിക്കാനാണ് ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നത്.—മത്തായി 5:44.
പക്ഷെ, ബൈബിളിൽ ഇങ്ങനെയും പറയുന്നുണ്ട്: മറ്റുള്ളവരെ തരംതാഴ്ത്തുന്നതോ അവർക്ക് ഹാനി വരുത്തുന്നതോ ആയ കാര്യങ്ങൾ ചെയ്യുന്നത് ദൈവം “വെറുക്കുന്നു” അഥവാ അത് ദൈവത്തിന് “അറപ്പാണ്” എന്ന്. (സുഭാഷിതങ്ങൾ 6:16-19) ഇവിടെ “വെറുപ്പ്” എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് തെറ്റായ പ്രവൃത്തികളോട് തോന്നുന്ന കടുത്ത ഇഷ്ടക്കേടാണ്. എന്നാൽ അത്തരം പ്രവൃത്തികൾ ചെയ്യുന്ന ആളുകൾ ജീവിതത്തിൽ മാറ്റം വരുത്തി ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കാനും അവരെ സഹായിക്കാനും ദൈവം തയ്യാറാണ്.—യശയ്യ 55:7.
ഈ വിഷയത്തോടു ബന്ധപ്പെട്ട ചില ബൈബിൾവാക്യങ്ങൾ
തീത്തോസ് 3:2: ‘വിട്ടുവീഴ്ച ചെയ്യുന്നവരായി എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കുക.’
വിട്ടുവീഴ്ച കാണിക്കുന്ന ഒരാൾ, വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവരോട് സൗമ്യമായി പ്രതികരിക്കും. അതു പരസ്പരം ബഹുമാനം വളർത്തും.
മത്തായി 7:12: “അതുകൊണ്ട് മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.”
നമ്മുടെ കാഴ്ചപ്പാടുകളും വികാരങ്ങളും മനസ്സിലാക്കി മറ്റുള്ളവർ നമ്മളോട് ബഹുമാനത്തോടെ ഇടപെടാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. യേശു പഠിപ്പിച്ച പ്രസിദ്ധമായ ഈ നിയമം എങ്ങനെ പ്രാവർത്തികമാക്കാൻ കഴിയും എന്ന് കൂടുതലായി അറിയാൻ, “എന്താണ് സുവർണനിയമം?” എന്ന ലേഖനം കാണുക.
യോശുവ 24:15: “ആരെ സേവിക്കണമെന്നു നിങ്ങൾ ഇന്നു തീരുമാനിക്കുക.”
സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ആദരിക്കുമ്പോൾ നമ്മൾ സമാധാനം ഉണ്ടാക്കുകയാണ്.
പ്രവൃത്തികൾ 10:34: ‘ദൈവം പക്ഷപാതമുള്ളവനല്ല.’
ദൈവം ഒരിക്കലും സംസ്കാരത്തിന്റെയോ ദേശത്തിന്റെയോ പശ്ചാത്തലത്തിന്റെയോ വംശത്തിന്റെയോ ഒന്നും പേരിൽ ആരോടും വേർതിരിവ് കാണിക്കുന്നില്ല. ദൈവത്തെ അനുകരിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാ ആളുകളോടും ബഹുമാനത്തോടെ ഇടപെടും.
ഹബക്കൂക്ക് 1:12, 13: “ദുഷ്ടത (ദൈവത്തിന്) അസഹ്യമാണല്ലോ.”
ദൈവത്തിന്റെ സഹിഷ്ണുതയ്ക്ക് ഒരു പരിധിയുണ്ട്. ദുഷ്ടരായ ആളുകളുടെ പ്രവൃത്തികൾ ദൈവം എന്നേക്കും വെച്ചുപൊറിപ്പിക്കില്ല. കൂടുതൽ അറിയാൻ, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.
റോമർ 12:19: “ദൈവക്രോധത്തിന് ഇടം കൊടുക്കുക. കാരണം, ‘“പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും” എന്ന് യഹോവ പറയുന്നു’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” a
പ്രതികാരം ചെയ്യാൻ യഹോവ ആർക്കും അധികാരം കൊടുത്തിട്ടില്ല. ദൈവം താൻ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ നീതി നടപ്പാക്കും. കൂടുതൽ അറിയാൻ, “നീതിക്കായുള്ള നിലവിളി ആരെങ്കിലും കേൾക്കുമോ?” എന്ന ലേഖനം വായിക്കുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.