നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാകും?
ഇന്ന് ഭൂമിക്കും ജീവജാലങ്ങൾക്കും മനുഷ്യർ വരുത്തുന്ന നാശം പലരെയും ഉത്കണ്ഠപ്പെടുത്തുന്നു. ചില പരിസ്ഥിതിവിദഗ്ധർ പറയുന്നതനുസരിച്ച്, മനുഷ്യർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ ജീവജാലങ്ങൾക്കു ഭീഷണിയാകുകയും വംശനാശത്തിനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
മനുഷ്യർ ഭൂമിയെ നശിപ്പിക്കുമോ? അതോ, ഭൂമിക്കു ദോഷം ചെയ്യാതെ അതിനോട് ഇണങ്ങി ജീവിക്കുന്ന ഒരു കാലം വരുമോ?
മനുഷ്യരുടെ ശ്രമങ്ങൾ വിജയിക്കുമോ?
ഭൂമിയെ സംരക്ഷിക്കാനും ഭൂമിയോട് ഇണങ്ങി ജീവിക്കാനും മനുഷ്യർക്കു കഴിയുമെന്നാണ് പല വിദഗ്ധരും വിശ്വസിക്കുന്നത്. പക്ഷേ മനുഷ്യരുടെ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ഒരേ സമയം കുറെ മേഖലകളിൽ പല മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ചില ഗവേഷകർ പറയുന്നു. അവയിൽ ചിലത് ഇതൊക്കെയാണ്:
കരയും കടലും ചതുപ്പുനിലങ്ങളും വനഭൂമിയും നന്നായി പരിപാലിക്കുക.
വ്യത്യസ്ത തരത്തിലുള്ള കാർഷികരീതികളും ഊർജസ്രോതസ്സുകളും ഉപയോഗപ്പെടുത്തുക.
കൂടുതൽ സസ്യാഹാരവും കുറച്ച് മത്സ്യവും മാംസവും ഉൾപ്പെടുന്ന ഭക്ഷണക്രമത്തിലേക്കു മാറുക. അങ്ങനെ സ്ഥലവും വിഭവങ്ങളും പാഴാക്കാതെ മെച്ചമായി ഉപയോഗിക്കാൻ കഴിയും.
മെച്ചപ്പെട്ട ജീവിതം എന്നുപറയുന്നത് വസ്തുവകകൾ വാരിക്കൂട്ടുന്നതല്ല എന്ന സത്യം മനസ്സിലാക്കുക.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഗവൺമെന്റുകളും ബിസിനെസ്സുകാരും വ്യക്തികളും ഇത്തരം കാര്യങ്ങളോടു സഹകരിക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ? അതോ, അത്യാഗ്രഹികളും സ്വാർഥരും ഭാവിയെക്കുറിച്ച് ചിന്തിക്കാത്തവരും ഒക്കെ ഉള്ളതുകൊണ്ട് ഇതൊന്നും നടക്കില്ലെന്നാണോ നിങ്ങൾക്കു തോന്നുന്നത്?—2 തിമൊഥെയൊസ് 3:1-5.
പ്രത്യാശയ്ക്കുള്ള ഒരു കാരണം
ഭൂമിയുടെ ഭാവി സുരക്ഷിതമാണെന്നു ബൈബിൾ ഉറപ്പു തരുന്നു. ഭൂമിയെ രക്ഷിക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾക്കു പരിമിതികളുള്ളത് എന്തുകൊണ്ടാണെന്നും അത് വിശദീകരിക്കുന്നുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഭൂമിയിൽ വരേണ്ടതെന്നും അത് എങ്ങനെ വരുമെന്നും ബൈബിളിൽ പറയുന്നു.
മനുഷ്യരുടെ മാത്രം ശ്രമംകൊണ്ട് ഭൂമിയെ സംരക്ഷിക്കാനാകില്ലാത്തത് എന്തുകൊണ്ട്? ദൈവമായ യഹോവ a ഭൂമിയെ സൃഷ്ടിക്കുകയും അതിനെ പരിപാലിക്കാനുള്ള ചുമതല മനുഷ്യരെ ഏൽപ്പിക്കുകയും ചെയ്തു. (ഉൽപത്തി 1:28; 2:15) സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ അവർക്ക് ആ ഉത്തരവാദിത്വം നന്നായി ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. (സുഭാഷിതങ്ങൾ 20:24) പക്ഷേ അവർ യഹോവയെ തള്ളിക്കളയുകയും സ്വന്തം ഇഷ്ടത്തിനു കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. (സഭാപ്രസംഗകൻ 7:29) എന്നാൽ മനുഷ്യർക്കു സ്വന്തമായി ഭൂമിയെ സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്തതുകൊണ്ട് ചില പുരോഗതികളൊക്കെ വരുത്താൻ കഴിഞ്ഞാലും അവരുടെ ശ്രമങ്ങൾ മുഴുവനായും വിജയിക്കില്ല.—സുഭാഷിതങ്ങൾ 21:30; യിരെമ്യ 10:23.
വരേണ്ട മാറ്റം. ഭൂമിക്കു ദോഷം വരുത്തുന്ന മനുഷ്യരുടെ പ്രവൃത്തികൾ ദൈവം അവസാനിപ്പിക്കും. (വെളിപാട് 11:18) ഭൂമിയെ ദ്രോഹിക്കുന്ന ഗവൺമെന്റുകളെയും സ്ഥാപനങ്ങളെയും ദൈവം മെച്ചപ്പെടുത്തുകയല്ല ചെയ്യുന്നത്, പകരം അവ മാറ്റി മറ്റൊന്നു വരുത്തും. (വെളിപാട് 21:1) അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറഞ്ഞത്: “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.”—വെളിപാട് 21:5.
ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത് എങ്ങനെയാണ്? യഹോവ മനുഷ്യഗവൺമെന്റുകളെ നീക്കം ചെയ്ത്, ആ സ്ഥാനത്ത് ദൈവരാജ്യം എന്നു പേരുള്ള ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ് കൊണ്ടുവരും. യേശുവായിരിക്കും അതിനുശേഷം ഭൂമിയെ ഭരിക്കുന്നത്.—ദാനിയേൽ 2:44; മത്തായി 6:10.
ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ദൈവരാജ്യം മനുഷ്യരെ പഠിപ്പിക്കും. മനുഷ്യർ അവരുടെ സ്രഷ്ടാവിനെ മനസ്സിലാക്കി, ആ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ജീവിക്കുമ്പോൾ അവർക്കു പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് ജീവിക്കാൻ കഴിയും. (യശയ്യ 11:9) ദൈവരാജ്യത്തിലൂടെ, ഈ ഭൂഗ്രഹത്തിന് ഒരു നാശവും വരുത്താതെതന്നെ മനുഷ്യർക്ക് ഏറ്റവും നല്ല ജീവിതം എങ്ങനെ ആസ്വദിക്കാനാകുമെന്ന് ബൈബിളിൽ പറയുന്നുണ്ട്. ദൈവരാജ്യം ഇത് എങ്ങനെ നടപ്പാക്കുമെന്നു നോക്കാം:
എല്ലാവർക്കും ഭക്ഷണം ലഭിക്കും.—സങ്കീർത്തനം 72:16.
പ്രകൃതിവിഭവങ്ങൾ ധാരാളമായി ഉണ്ടായിരിക്കും.—യശയ്യ 35:1, 2, 6, 7.
മനുഷ്യരും മൃഗങ്ങളും തമ്മിൽ നല്ല സ്നേഹത്തിലായിരിക്കും.—യശയ്യ 11:6-8; ഹോശേയ 2:18.
പ്രകൃതിദുരന്തങ്ങൾ ഉണ്ടായിരിക്കില്ല.—മർക്കോസ് 4:37-41.
ദൈവരാജ്യം പെട്ടെന്നുതന്നെ ഈ മാറ്റങ്ങളൊക്കെ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയും. ഇതെക്കുറിച്ച് കൂടുതൽ അറിയാൻ, “ദൈവരാജ്യം എന്നായിരിക്കും ഭൂമിയിൽ ഭരണം തുടങ്ങുന്നത്” എന്ന ലേഖനം വായിക്കുക.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.