റ്റെറി റെയ്നോൾഡ്സ് | ജീവിതകഥ
ഏറ്റവും നല്ലതു കൊടുക്കാൻ യഹോവ എന്നെ സഹായിച്ചു
എനിക്ക് 14 വയസ്സുള്ളപ്പോൾ സിസെൽ എന്ന ഒരു സഹോദരൻ എനിക്ക് അദ്ദേഹത്തിന്റെ ബൈബിൾ തന്നു. അദ്ദേഹം വ്യക്തിപരമായ പഠനത്തിനുവേണ്ടി ഉപയോഗിക്കുന്ന ബൈബിളായിരുന്നു അത്. അതിന്റെ മാർജിനുകളിലെല്ലാം ധാരാളം നോട്ടുകളും എഴുതിയിട്ടുണ്ടായിരുന്നു. അതു വലിയൊരു സമ്മാനംതന്നെയായിരുന്നു.
താഴ്മയുള്ള ഒരു സഹോദരനായിരുന്നു സിസെൽ. മറ്റുള്ളവരുടെ കാര്യത്തിൽ അദ്ദേഹത്തിനു വലിയ താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെയും എന്റെ അമ്മയുടെയും സഭയിലെ വിശ്വസ്തരായ സഹോദരങ്ങളുടെയും മാതൃകയാണ് യഹോവയ്ക്കുവേണ്ടി ‘പ്രവർത്തിക്കാനുള്ള ആഗ്രഹം’ എന്നിൽ വളർത്തിയത്; യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാൻ എന്നെ സഹായിച്ചത്. (ഫിലിപ്പിയർ 2:13) ഞാൻ എന്റെ കഥ നിങ്ങളോടു പറയാം.
അമ്മയുടെ തീക്ഷ്ണത എന്നെ സ്വാധീനിച്ചു
1943-ലാണ് ഞാൻ ജനിച്ചത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ കരിമ്പിൻ കൃഷിക്ക് പ്രശസ്തമായ ബുണ്ടാബർഗിന്റെ തീരപ്രദേശത്തിന് അടുത്തുള്ള ഒരു ഫാമിലാണ് എന്റെ മാതാപിതാക്കൾ താമസിച്ചിരുന്നത്. അവിടത്തെ ആളുകൾ ശനിയാഴ്ച വൈകുന്നേരങ്ങളിൽ സംസാരിച്ചിരിക്കാനായി വെറുതെ ടൗണിൽ പോകുമായിരുന്നു. അങ്ങനെയൊരു അവസരത്തിൽ, 1939-ൽ എന്റെ മാതാപിതാക്കൾ രണ്ടു മുൻനിരസേവകരെ (യഹോവയുടെ സാക്ഷികളുടെ മുഴുസമയശുശ്രൂഷകരെ) കണ്ടു. അവർ ബൈബിളിലെ കാര്യങ്ങൾ എന്റെ മാതാപിതാക്കളോടു സംസാരിച്ചു. മനസ്സിലാക്കിയ കാര്യങ്ങൾ അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീട് അവർ യഹോവയുടെ സാക്ഷികളായി. അങ്ങനെ ഞാനും എന്റെ ചേച്ചി ജീനും ഒരു ക്രിസ്തീയകുടുംബത്തിൽ വളർന്നുവന്നു. സങ്കടകരമായ കാര്യം, ഒരു ദിവസം എന്റെ പപ്പ വീട്ടിലെ സ്റ്റെപ്പിൽനിന്ന് വീണ് മരിച്ചു. അന്ന് എനിക്ക് വെറും ഏഴു വയസ്സ്. പപ്പയുടെ മരണം എന്നെ വല്ലാതെ തളർത്തി. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, പപ്പ നല്ല കഠിനാധ്വാനിയായിരുന്നു, നല്ല തമാശക്കാരനും. പുനരുത്ഥാനപ്പെട്ടുവരുമ്പോൾ പപ്പയെ അടുത്തറിയാൻ ഞാൻ കാത്തിരിക്കുകയാണ്.—പ്രവൃത്തികൾ 24:15.
നല്ല ദയയോടെ, വിവേകത്തോടെ പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു എന്റെ അമ്മ. എനിക്കും ചേച്ചിക്കും ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം അമ്മയോടു തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ബൈബിൾതത്ത്വങ്ങളോടും യഹോവയെ ആരാധിക്കുന്നതിനോടും ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ വന്നാൽ അമ്മ അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലായിരുന്നു. ഞങ്ങൾ ക്രമമായി എല്ലാ മീറ്റിങ്ങുകൾക്കും പോകുമായിരുന്നു. സ്കൂൾസമയത്തല്ലാത്ത മറ്റു സമയങ്ങളിൽ സാക്ഷികളല്ലാത്ത കുട്ടികളോടൊപ്പം അധികം സമയം ചെലവഴിക്കാൻ അമ്മ പ്രോത്സാഹിപ്പിച്ചില്ല. (1 കൊരിന്ത്യർ 15:33) അതെക്കുറിച്ചൊക്കെ ഇപ്പോൾ ചിന്തിക്കുമ്പോൾ അമ്മ അന്ന് ഒരു ഉറച്ച നിലപാടെടുത്തതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്.
അമ്മ തീക്ഷ്ണതയോടെ സന്തോഷവാർത്ത പ്രസംഗിച്ചിരുന്നു. മിക്കപ്പോഴും അവധിക്കാല മുൻനിരസേവനം (ഇപ്പോൾ സഹായ മുൻനിരസേവനം എന്ന് അറിയപ്പെടുന്നു) ചെയ്തിരുന്നു. ഞാൻ ഓർക്കുന്നുണ്ട്, വീക്ഷാഗോപുരവും ഉണരുക!-യും മാസികകളൊക്കെ കൊടുക്കാൻവേണ്ടി അമ്മ ക്രമമായി 50-ലധികം വീടുകളിൽ പോകുമായിരുന്നു. പ്രായമായി, ആരോഗ്യമില്ലാതിരുന്ന സമയത്തുപോലും സത്യത്തോടു താത്പര്യം കാണിക്കുന്ന ആളുകളെ സഹായിക്കാൻ അമ്മയ്ക്കു വലിയ ആഗ്രഹമായിരുന്നു. മറ്റുള്ളവരോടും, ഞങ്ങൾ മക്കളോടും അമ്മയ്ക്കു വളരെയധികം സ്നേഹമായിരുന്നു. അതുകൊണ്ട് ഞങ്ങൾക്കും അമ്മയെ വലിയ ഇഷ്ടമായിരുന്നു. അമ്മയെപ്പോലെയാകാൻ ഞങ്ങൾ ആഗ്രഹിച്ചു. അങ്ങനെ 1958-ൽ, എന്റെ 14-ാമത്തെ വയസ്സിൽ എന്റെ ജീവിതം ഞാൻ യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേറ്റു.
സഹപ്രവർത്തകരിൽനിന്ന് കിട്ടിയ പ്രോത്സാഹനം
കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സഭയിലെ 20-കളിലുള്ള റുഡോൾഫ് എന്ന ഒരു ചെറുപ്പക്കാരനും സ്നാനമേറ്റു. അദ്ദേഹം ജർമനിയിൽനിന്നുള്ള ഒരു കുടിയേറ്റക്കാരനായിരുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ ഞാനും റുഡോൾഫും കൂടി ശുശ്രൂഷയ്ക്കു പോകും. കുടുംബത്തിലെ മറ്റുള്ളവർ കടയിൽ സാധനങ്ങൾ വാങ്ങാൻ കയറുമ്പോൾ കാറിൽ കാത്തിരിക്കുന്നവരോടാണ് ഞങ്ങൾ ആ സമയത്ത് സാക്ഷീകരിക്കുന്നത്.
നല്ല തീക്ഷ്ണതയുള്ള ഒരു സഹോദരനായിരുന്നു റുഡോൾഫ്. സ്കൂൾ അടയ്ക്കുന്ന സമയത്ത് അവധിക്കാല മുൻനിരസേവനം ചെയ്യാൻ അദ്ദേഹം എന്നോടും പറയുമായിരുന്നു. അങ്ങനെയൊരിക്കൽ ബുണ്ടാബർഗിനു വടക്ക് ഏകദേശം 190 കിലോമീറ്റർ അകലെയുള്ള ഗ്ലാഡ്സ്റ്റോൺ എന്ന നഗരത്തിൽ ഞങ്ങൾ ആറ് ആഴ്ച ഒരുമിച്ച് പ്രവർത്തിച്ചു. അദ്ദേഹം എന്നെ ഒരു സ്വന്തം സഹോദരനെപ്പോലെ കണ്ടു. അതുപോലെ അവധിക്കാല മുൻനിരസേവനം ചെയ്യുന്നതിന്റെ സന്തോഷവും ഞാൻ ആസ്വദിച്ചു. ഇതെല്ലാം ഒരു സാധാരണ മുൻനിരസേവകനാകാൻ എന്നെ പ്രേരിപ്പിച്ചു. 16-ാമത്തെ വയസ്സിൽ ഞാൻ ആ ലക്ഷ്യത്തിൽ എത്തിച്ചേർന്നു. മുഴുസമയസേവനം എന്റെ ജീവിതമാക്കാൻ ഞാൻ തീരുമാനിച്ചു.
എന്റെ ആദ്യ മുൻനിരസേവന നിയമനം ബുണ്ടാബർഗിന് വടക്കേ തീരപ്രദേശമായ മക്കേയിലായിരുന്നു, ഗ്രേറ്റ് ബാരിയർ റീഫിൽനിന്നും അധികം ദൂരമില്ലായിരുന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞ്, എനിക്ക് 17 വയസ്സുള്ളപ്പോൾ ഓസ്ട്രേലിയയിലെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി a നിയമിച്ചു. മുൻനിരസേവനത്തിന് എനിക്കു കൂട്ട് അഭിഷിക്തസഹോദരനായ ബെന്നെറ്റ് (ബെൻ) ബ്രിക്കേൽ സഹോദരനായിരുന്നു. എന്നെക്കാൾ 30 വയസ്സ് മൂത്തതായിരുന്നു അദ്ദേഹം. b അനുഭവപരിചയമുള്ള ആ സഹോദരനോടൊപ്പം പ്രവർത്തിക്കാനായത് വലിയൊരു അനുഗ്രഹംതന്നെയാണ്. മുൻനിരസേവകർക്കിടയിൽ വലിയ പേരുകേട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
വടക്കുപടിഞ്ഞാറൻ ക്വീൻസ്ലാൻഡിൽ ആയിരുന്നു ഞങ്ങളുടെ പ്രദേശം. അത് കാർപെന്റേറിയൻ ഉൾക്കടലിന്റെ അതിർത്തിയായിരുന്നു. ആൾത്താമസം തീരെ കുറവുള്ള ആ സ്ഥലത്ത് ഞാനും ബെന്നും മാത്രമായിരുന്നു സാക്ഷികളായിട്ട് അന്നുണ്ടായിരുന്നത്. ചില സമയത്തൊക്കെ ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്കു പോകണമെങ്കിൽ മണിക്കൂറുകളോളം ഞങ്ങൾ വണ്ടി ഓടിക്കുമായിരുന്നു. പൊടിപിടിച്ച വഴിയിലൂടെയുള്ള നീണ്ട ആ യാത്രയ്ക്കിടയിൽ ബെൻ ശുശ്രൂഷയിൽ തനിക്കുണ്ടായ അനുഭവങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഓസ്ട്രേലിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചപ്പോൾ സൗണ്ട് കാർ c ഉപയോഗിച്ച് പ്രസംഗപ്രവർത്തനം നടത്തിയതൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം മുഴുവൻ പ്രവർത്തിച്ച് കഴിയുമ്പോൾ രാത്രിസമയങ്ങളിൽ ഞങ്ങൾ റോഡരികിൽ എവിടെയെങ്കിലും തങ്ങും. d അത്താഴം ഉണ്ടാക്കുന്നതിനുവേണ്ടി ഞങ്ങൾ വിറകുകളൊക്കെ ശേഖരിച്ച് തീ കൂട്ടും. വെള്ളം കയറാത്ത രീതിയിലുള്ള ഒരു ഷീറ്റും ഒരു പുതപ്പും ഒരു തലയിണയും ആണ് ഞാൻ ഉറങ്ങാൻവേണ്ടി ഉപയോഗിച്ചത്. മറ്റു വെളിച്ചമൊന്നുമില്ലാത്ത ആ സമയത്ത് ആകാശത്തിലെ നക്ഷത്രസമൂഹങ്ങളെ കാണുമ്പോൾ എനിക്ക് യഹോവയോടു കൂടുതൽ ഭയാദരവ് തോന്നി. അത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
ആ ഉൾനാടൻ പ്രദേശത്തുവെച്ച് വണ്ടിയെങ്ങാനും കേടായാൽ പെട്ടുപോകും. ഒരു ദിവസം കാറിന്റെ ആക്സിൽ പൊട്ടി. നല്ല ചൂടുള്ള ദിവസമായിരുന്നു അത്. കൈയിലാണെങ്കിൽ വെള്ളവും കുറവായിരുന്നു. വേറൊരു ആക്സിൽ വാങ്ങുന്നതിനുവേണ്ടി ബെൻ അതുവഴി വന്ന മറ്റൊരു വണ്ടിയിൽ കയറി ക്ലോൺഗറി എന്ന നഗരത്തിലേക്കു പോയി. ആക്സിൽ കിട്ടാൻ മൂന്നു ദിവസമെടുത്തു. അതുവരെ ഞാൻ കാറിനടുത്തുതന്നെ നിന്നു. ഓരോ ദിവസവും അതുവഴി വേറെ കാറുകളൊക്കെ കടന്നുപോകും. അതിലെ ഡ്രൈവർമാർ എനിക്കു കുറച്ച് വെള്ളമൊക്കെ തന്നു. ഒരാൾ പഴകിയ ഒരു പുസ്തകം തന്നിട്ട് എന്നോടു പറഞ്ഞു: “സുഹൃത്തേ ഇതു വായിച്ചോ, നിനക്ക് ഉപകാരപ്പെടും.” അതിശയകരമെന്നു പറയട്ടെ, ആ പുസ്തകം നാസി തടങ്കൽപ്പാളയത്തിൽവെച്ച് യഹോവയുടെ സാക്ഷികൾക്കുണ്ടായ അനുഭവങ്ങൾ വിശദീകരിക്കുന്ന ഒന്നായിരുന്നു. അത് നമ്മുടെ സംഘടന പുറത്തിറക്കിയ ഒരു പുസ്തകമല്ല.
ഞാനും ബെന്നും ഒരുമിച്ച് ഏതാണ്ട് ഒരു വർഷത്തോളം മുൻനിരസേവനം ചെയ്തു. പിരിയുന്നതിനു മുമ്പ് അവസാനം അദ്ദേഹം എന്നോടു പറഞ്ഞത് ഇങ്ങനെയാണ്: “സഹോദരാ, വിശ്വസ്തതയോടെ തുടരാൻ പോരാടിക്കൊണ്ടിരിക്കുക.” ബെൻ കാണിച്ച ദൈവഭക്തിയും തീക്ഷ്ണതയും ഒക്കെ മുഴുസമയസേവനം തുടരാൻ എനിക്കു കൂടുതൽ പ്രചോദനം നൽകി.
ഗിലെയാദ്, പിന്നെ തായ്വാൻ
ഓസ്ട്രേലിയൻ ഉൾനാടുകളിൽ വർഷങ്ങളോളം മുൻനിരസേവനം ചെയ്തശേഷം എന്നെ ഒരു സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. സർക്കിട്ടിലെ ഓരോ സഭയോടൊപ്പം അല്ലെങ്കിൽ ഒറ്റപ്പെട്ട ഗ്രൂപ്പിനോടൊപ്പം ഏകദേശം ഒരു ആഴ്ച ചെലവഴിക്കണമായിരുന്നു. ഈ വർഷങ്ങളിലുടനീളം നാലു സർക്കിട്ടുകളിലായി ഞാൻ സേവിച്ചു. ക്വീൻസ്ലാൻഡിലെയും ന്യൂസൗത്ത് വെയ്ൽസിലെയും സഭകൾ അതിൽ ഉൾപ്പെട്ടിരുന്നു. 1971-ൽ ഒട്ടും പ്രതീക്ഷിക്കാത്ത വലിയൊരു അനുഗ്രഹം എനിക്കു കിട്ടി. ന്യൂയോർക്കിൽവെച്ച് നടത്തുന്ന യഹോവയുടെ സാക്ഷികളുടെ മിഷനറി സ്കൂളിന്റെ, അതായത് ഗിലെയാദിന്റെ 51-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള അവസരം. അഞ്ചു മാസത്തെ ആഴമേറിയ ബൈബിൾപഠനവും മറ്റു വിദ്യാർഥികളും അധ്യാപകരും ആയുള്ള സഹവാസവും എന്നെ അടുത്ത നിയമനത്തിനായി ഒരുക്കി, തായ്വാനിലെ മിഷനറി സേവനത്തിനായി.
ഞങ്ങളുടെ ക്ലാസ്സിലെ ഒൻപതു പേരെ തായ്വാനിലേക്കു നിയമിച്ചു. അതിൽ ഒരാളായിരുന്നു ന്യൂസിലൻഡിൽനിന്നുള്ള ഇയാൻ ബ്രൗൺ. ഞങ്ങൾ ഒരുമിച്ചായിരുന്നു മിഷനറിപ്രവർത്തനം ചെയ്തത്. തായ്വാനെക്കുറിച്ച് ഞങ്ങൾക്ക് ഒരു പിടിയുമില്ലായിരുന്നു. ഭൂപടം നോക്കിയപ്പോഴാണ് ഇത് എവിടെയാണെന്നുപോലും മനസ്സിലായത്.
ക്വീൻസ്ലാൻഡിലെ ഉൾനാടൻ പ്രദേശങ്ങളും തായ്വാനും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ചൈനീസ് ഭാഷ പഠിക്കുക എന്നതായിരുന്നു ആദ്യം നേരിട്ട ഏറ്റവും വലിയ പ്രശ്നം. കുറച്ച് നാളത്തേക്ക് നമ്മുടെ ഏറ്റവും വലിയ ആത്മീയ ഉറവായ മീറ്റിങ്ങുകളിൽപ്പോലും പറയുന്നത് മനസ്സിലാക്കാൻ പറ്റിയില്ല. സഹോദരങ്ങളോടു നന്നായി സംസാരിക്കാനും കഴിഞ്ഞില്ല. ഈ സമയത്താണ് ഗിലെയാദ് സ്കൂളിൽനിന്ന് കിട്ടിയ പരിശീലനത്തിന്റെയും അവിടെനിന്ന് ലഭിച്ച ആത്മീയ അറിവിന്റെയും പ്രാധാന്യം ഇയാനും ഞാനും മനസ്സിലാക്കിയത്. അതോടൊപ്പം ക്രമമായുള്ള ബൈബിൾപഠനവും മനസ്സുരുകിയുള്ള പ്രാർഥനയും മുന്നോട്ടുപോകാൻ എന്നെ സഹായിച്ചു. സഹോദരങ്ങളോടു ശരിക്കും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും അവർ യഹോവയോടും ഞങ്ങളോടും കാണിച്ച സ്നേഹം ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചു.
ചൈനീസ് പഠിക്കുന്നു
തായ്വാനിൽ എത്തിച്ചേർന്നപ്പോൾ എല്ലാ മിഷനറിമാരും ചൈനീസ് ഭാഷ പഠിക്കുന്നതിനായി ഒരു കോഴ്സിനു ചേർന്നു. അതിന്റെ അധ്യാപിക 25-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്ന് ബിരുദം നേടിയ ഓസ്ട്രേലിയയിൽനിന്നുള്ള കാതലീൻ ലോഗൻ e എന്ന സഹോദരിയായിരുന്നു. പിന്നെ ഞങ്ങളുടെ ശ്രദ്ധ മുഴുവൻ, ചൈനീസ് ഭാഷ പഠിച്ചെടുക്കുന്നതിലായിരുന്നു. ഞങ്ങളോടു നിർദേശിച്ചതുപോലെ പഠിച്ച കാര്യങ്ങൾ ഞങ്ങൾ അപ്പോൾത്തന്നെ ഉപയോഗിച്ചുതുടങ്ങി. ആദ്യത്തെ ദിവസം ശുശ്രൂഷയ്ക്കു പോകുന്നതിനു മുമ്പായി ഞാനും ഇയാനും ചെറിയൊരു അവതരണം കാണാപ്പാഠം പഠിച്ചു. പോകുന്ന വഴിക്ക് ആര് ആദ്യം പറയും എന്നതായിരുന്നു ഞങ്ങൾക്കിടയിലെ ചർച്ച. ഞാൻ മൂത്തതായതുകൊണ്ട് ഞാൻ ഇയാനോടു പറഞ്ഞു, “നീ ആദ്യം പറഞ്ഞോ.” ആദ്യത്തെ വീട്ടിൽ ചെന്നപ്പോൾ മാന്യനായ ഒരു ചൈനക്കാരനെ കണ്ടു. ഇയാന്റെ ഇംഗ്ലീഷും ചൈനീസും കൂട്ടിക്കലർത്തിയുള്ള സംസാരം അദ്ദേഹം ക്ഷമയോടെ കേട്ടു. പിന്നെ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ഇംഗ്ലീഷിൽ ഞങ്ങളോടു ചോദിച്ചു: “നിങ്ങൾക്ക് എന്താ വേണ്ടത്?” ഞങ്ങൾ അദ്ദേഹവുമായി കുറച്ച് സമയം സംസാരിച്ചു. ചൈനീസ് പഠിക്കുന്നതിൽ തുടരാൻ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദയയോടെയുള്ള വാക്കുകൾ ഞങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം നൽകി. ബെൻ പറഞ്ഞതുപോലെ ‘പോരാടിക്കൊണ്ടിരിക്കാൻ’ അതു ഞങ്ങളെ സഹായിച്ചു.
തലസ്ഥാനനഗരമായ തായ്പെയിയുടെ വലിയൊരു ഭാഗമായിരുന്നു ഞങ്ങളുടെ പ്രദേശം. അവിടെയുള്ള മിക്ക ആളുകളും ദൈവരാജ്യസന്ദേശത്തെക്കുറിച്ച് കേട്ടിട്ടില്ലായിരുന്നു. കാരണം ആ സമയത്ത് അവിടെ കുറച്ച് സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അതൊന്നും ഞങ്ങളെ തളർത്തിക്കളഞ്ഞില്ല. ഞാനും ഇയാനും അവിടെ തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ തുടങ്ങി. അക്കാലങ്ങളിൽ മിക്ക മാസങ്ങളിലും ഞങ്ങൾ നൂറുകണക്കിനു മാസികകൾ കൊടുക്കുമായിരുന്നു. ചിലർ മാസികകൾ സ്വീകരിച്ചിരുന്നത്, ഞങ്ങൾ ആരാണെന്നും ഞങ്ങൾ എന്താണു പറയാൻ ശ്രമിക്കുന്നതെന്നും അറിയാൻവേണ്ടിയാണ്. എങ്കിലും രാജ്യസത്യത്തിന്റെ വിത്തുകൾ പരമാവധി വിതയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. താത്പര്യമുള്ളവരുടെ ഹൃദയത്തിൽ അതു വേരുപിടിക്കുമെന്ന ഉറപ്പു ഞങ്ങൾക്കുണ്ടായിരുന്നു.
എന്റെ ജീവിതപങ്കാളിയിൽനിന്നുള്ള സഹായം
ഈ സമയത്ത് തായ്വാനിൽത്തന്നെയുള്ള വെൻക്വ എന്ന ഒരു സഹോദരിയെ ഞാൻ പരിചയപ്പെട്ടു. ഞങ്ങൾ നല്ല കൂട്ടുകാരായി. ആ സഹോദരി സത്യത്തെ വളരെയധികം സ്നേഹിച്ചിരുന്നു. ആ നാട്ടിലുള്ള എല്ലാ ആളുകളും തന്നെപ്പോലെതന്നെ ബൈബിളിന്റെ സന്ദേശത്തിൽനിന്ന് പ്രയോജനം നേടണമെന്നത് വെൻക്വയുടെ ആഗ്രഹമായിരുന്നു. അതിനുവേണ്ടി എന്നെയും മറ്റു മിഷനറിമാരെയും, ഭാഷയിലുള്ള കഴിവ് മെച്ചപ്പെടുത്താൻ വെൻക്വ സഹായിച്ചു. വെൻക്വയെ ഞാൻ കൂടുതൽ സ്നേഹിച്ചുതുടങ്ങി. അങ്ങനെ 1974-ൽ ഞങ്ങൾ വിവാഹിതരായി.
ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരാകാൻ വെൻക്വ മിഷനറിമാരെ സഹായിച്ചു. ഉദാഹരണത്തിന്, തായ്വാനിലുള്ളവരുടെ ആചാരങ്ങളും കാഴ്ചപ്പാടും എന്താണെന്നു മനസ്സിലാക്കാനും അതിനനുസരിച്ച് അവരോടു സംസാരിക്കേണ്ടത് എങ്ങനെയെന്നും വെൻക്വ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ പ്രദേശത്ത് ബുദ്ധമതക്കാരും താവോമതക്കാരും ധാരാളം ഉണ്ടായിരുന്നതുകൊണ്ട് അതിനനുസരിച്ച് അവതരണത്തിൽ മാറ്റങ്ങൾ വരുത്താൻ വെൻക്വ ഞങ്ങളെ സഹായിച്ചു. പൂർവികാരാധന അവിടെ സർവസാധാരണമായിരുന്നു. അതുപോലെ മിക്ക ആളുകളും ബൈബിൾ വായിച്ചിട്ടില്ലായിരുന്നു, അല്ലെങ്കിൽ കണ്ടിട്ടുപോലുമില്ലായിരുന്നു. അതുകൊണ്ട് മിക്കപ്പോഴും ഞങ്ങൾ ഒരു സ്രഷ്ടാവിനെക്കുറിച്ചാണു പറഞ്ഞിരുന്നത്. ആ സ്രഷ്ടാവിന്റെ പേര് യഹോവ എന്നാണെന്നും അങ്ങനെയൊരു സ്രഷ്ടാവ് ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ടാണെന്നും എല്ലാം ഞങ്ങൾ അവരോടു പറഞ്ഞു. ഉദാഹരണത്തിന് ഒരു കൃഷിക്കാരനോ ഒരു മീൻപിടുത്തക്കാരനോ “ഞങ്ങൾ ഭക്ഷണത്തിനായി മുകളിലേക്കു നോക്കും” എന്നു പറഞ്ഞാൽ ഞങ്ങൾ ഇങ്ങനെ ചോദിക്കും: “ഈ ഭക്ഷണമെല്ലാം തരുന്നത് ആരാണ്? സർവശക്തനും എല്ലാം സൃഷ്ടിച്ചവനും നമ്മുടെ ആരാധനയ്ക്കു യോഗ്യനും ആയ ദൈവമല്ലേ?”
സമയം കടന്നുപോയപ്പോൾ ഞങ്ങളുടെ പ്രയത്നങ്ങൾക്ക് ഫലം കണ്ടു. രാജ്യവിത്ത് നല്ല മണ്ണിൽ വിതയ്ക്കാനും ആത്മാർഥഹൃദയമുള്ളവരെ കണ്ടെത്താനും ഞങ്ങൾക്കു കഴിഞ്ഞു. ചില ബൈബിൾവിദ്യാർഥികൾ വർഷങ്ങളായി തങ്ങൾ വിശ്വസിച്ചുപോന്നിരുന്ന പഠിപ്പിക്കലുകളും ദൈവത്തിന് ഇഷ്ടമില്ലാത്ത ആചാരങ്ങളും ഉപേക്ഷിക്കാൻ വളരെയധികം ശ്രമം ചെയ്തു. മിഷനറിമാരുടെയും അവിടെയുള്ള പ്രചാരകരുടെയും സഹായത്തോടെ അവർക്കു മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. അങ്ങനെ അവരുടെ ജീവിതം മെച്ചപ്പെട്ടു. (യോഹന്നാൻ 8:32) പിന്നീട് പല സഹോദരങ്ങളും സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേർന്നു. ധാരാളം പേർ ബഥേൽസേവനം പോലുള്ള മുഴുസമയസേവനത്തിലേക്കും വന്നു.
ഒരു മിഷനറിയായി പ്രവർത്തിക്കുന്നതോടൊപ്പം 1976 മുതൽ തായ്വാൻ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കാനുള്ള പദവിയും എനിക്കു ലഭിച്ചു. 1981-ൽ എന്നെയും വെൻക്വയെയും ബഥേലിലേക്കു ക്ഷണിച്ചു. അവിടെ വർഷങ്ങളോളം ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമായി സേവിക്കുന്നതിൽ തുടർന്നു. ഞാൻ മുഴുസമയസേവനത്തിലായിട്ട് ഇപ്പോൾ 60-ലധികം വർഷങ്ങളായി. 50-ലധികം വർഷമായി ഞാൻ തായ്വാനിൽത്തന്നെയാണ്. എന്റെ പ്രിയപ്പെട്ട ഭാര്യയോടൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം 50 വർഷമായി. എന്റെ മുമ്പത്തെ മിഷനറിപങ്കാളിയും സുഹൃത്തും ആയ ഇയാൻ ബ്രൗൺ 2013-ൽ തന്റെ മരണംവരെ ഇവിടെത്തന്നെ മുഴുസമയസേവനത്തിൽ തുടർന്നു.
ഞാനും വെൻക്വയും ബഥേൽപ്രവർത്തനങ്ങളിലും ചൈനീസ് സഭയിലും ശുശ്രൂഷയിലും തിരക്കോടെ ഏർപ്പെടാൻ പരമാവധി ശ്രമിക്കുന്നു. വിലയേറിയ ഈ പദവികൾ തന്നതിന് ഞങ്ങൾക്ക് യഹോവയോടു നന്ദിയുണ്ട്. ചെറുപ്പമായിരുന്നപ്പോൾ യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാനുള്ള ആഗ്രഹവും ശക്തിയും യഹോവ എനിക്കു നൽകി. അത് ഇപ്പോഴും എനിക്കും വെൻക്വയ്ക്കും യഹോവ നൽകിക്കൊണ്ടിരിക്കുന്നു.
a ബൈബിൾ അധ്യാപകരുടെ ആവശ്യമുള്ള ഒരു സ്ഥലം യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് മനസ്സിലാക്കുമ്പോൾ ആ സ്ഥലത്തേക്കു പോകാൻ സ്വമേധയാ തയ്യാറാകുന്ന ഒരു മുഴുസമയ ശുശ്രൂഷകനാണ് ഒരു പ്രത്യേക മുൻനിരസേവകൻ.
b ബെന്നെറ്റ് ബ്രിക്കേൽ സഹോദരന്റെ ജീവിതകഥ 1972 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
c രാജ്യസന്ദേശം വളരെ ദൂരേക്കു കേൾക്കാൻ കഴിയുംവിധം സൗണ്ട് കാറുകളിൽ സ്പീക്കർ ഘടിപ്പിച്ചിരുന്നു.
d ഉൾനാടൻ പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അറിയാൻ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്നു—ഓസ്ട്രേലിയ എന്ന വീഡിയോ കാണുക.
e ഹാർവിയുടെയും കാതലീൻ ലോഗന്റെയും ജീവിതകഥ 2021 ജനുവരി ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.