ഹോക്കൻ ഡേവിഡ്സൺ | ജീവിതകഥ
ബൈബിൾസത്യം വ്യാപിപ്പിക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നു
ഞാൻ ജനിച്ചതും വളർന്നതും എല്ലാം സ്വീഡനിലാണ്. ചെറുപ്പത്തിൽ നിരീശ്വരവാദികളായിരുന്ന ചിലരുടെ ചിന്തകൾ എന്നെ സ്വാധീനിച്ചിരുന്നു. അതുകൊണ്ട് എന്റെ അപ്പനും അമ്മയും ഇളയ പെങ്ങളും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അതിനോടു താത്പര്യം തോന്നിയില്ല.
എന്റെ അപ്പൻ കൂടെക്കൂടെ വിളിച്ചതുകൊണ്ട് അവസാനം ബൈബിൾപഠനത്തിന് ഇരിക്കാൻ ഞാൻ തീരുമാനിച്ചു. ബൈബിളിൽ പറഞ്ഞിരിക്കുന്ന ശാസ്ത്രീയകാര്യങ്ങളൊക്കെ എത്ര കൃത്യതയുള്ളതാണെന്ന് കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. അങ്ങനെ പതിയെപ്പതിയെ എനിക്ക് മനസ്സിലായി, ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും യഹോവയുടെ സാക്ഷികൾ അതു കൃത്യമായി പഠിപ്പിക്കുകയും അതിന്റെ നിലവാരങ്ങൾക്കൊത്ത് ജീവിക്കുകയും ചെയ്യുന്നവരാണെന്നും. അങ്ങനെ 1970-ൽ എന്റെ അപ്പൻ സ്നാനമേറ്റ അതേ ദിവസം ഞാനും സ്നാനമേറ്റു. എന്റെ അമ്മയും രണ്ടു പെങ്ങന്മാരും കുറച്ച് വർഷങ്ങൾക്കു ശേഷം സ്നാനമേറ്റു.
എന്റെ സമപ്രായക്കാരിൽ പലർക്കും അടിച്ചുപൊളിച്ചുള്ള ജീവിതത്തോടായിരുന്നു താത്പര്യം. സത്യം പറയാലോ, 17-ാമത്തെ വയസ്സൊക്കെ ആയപ്പോൾ എനിക്കും അങ്ങനെ ജീവിക്കാൻ തോന്നി. എങ്കിലും, എന്നോടൊപ്പം ബൈബിൾ പഠിച്ച സാക്ഷികൾ മുഴുസമയസേവനത്തിലുള്ള സന്തോഷവും സംതൃപ്തിയും ആസ്വദിക്കുന്നതു കണ്ടപ്പോൾ എനിക്കും അവരോടൊപ്പം ചേരാൻ തോന്നി. അങ്ങനെ ഒടുവിൽ എന്റെ 21-ാമത്തെ വയസ്സിൽ ഞാൻ ആ പാത തിരഞ്ഞെടുത്തു.
മുൻനിരസേവനം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തന്നു, അതു നേരത്തേ തുടങ്ങാത്തതിലുള്ള വിഷമമേ ഉള്ളൂ. യട്ടെബോറീയിലെ തുറമുഖത്ത് ചരക്കുകപ്പലുകളിൽ വരുന്ന അന്യഭാഷക്കാരായ ജോലിക്കാരോട് സാക്ഷീകരിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
കഴിഞ്ഞ 50 വർഷത്തിലധികമായി ഒരു പ്രത്യേക വിധത്തിൽ വ്യത്യസ്ത ഭാഷക്കാരിലേക്ക് സന്തോഷവാർത്ത എത്തിക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ എനിക്കു കഴിഞ്ഞു. അത് എങ്ങനെയായിരുന്നെന്ന് ഞാൻ നിങ്ങളോട് പറയാം.
മെപ്സിനോടൊപ്പമുള്ള യാത്ര
മുൻനിരസേവനത്തോടൊപ്പം ഞാൻ അച്ചടിമേഖലയിൽ പാർട്ട്-ടൈം ജോലി ചെയ്യാനും തുടങ്ങി. ആ കാലത്ത് അച്ചടിമേഖല പുതിയൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. അച്ചടിക്കാൻവേണ്ടി അച്ച് നിരത്തുന്നതിനു പകരം ചിത്രങ്ങളും അക്ഷരങ്ങളും എല്ലാം ഫോട്ടോ രൂപത്തിൽ പകർത്താൻതുടങ്ങി. അച്ചടിക്ക് ആവശ്യമായ പ്രിന്റിങ് പ്ലേറ്റുകൾ തയ്യാറാക്കുന്നതിനുള്ള അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഞാൻ പഠിച്ചു.
1980-ൽ ഒരു മുൻനിരസേവികയായ ഹെലനെ ഞാൻ വിവാഹം കഴിച്ചു. എന്നെപ്പോലെതന്നെ ഹെലനും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളെ പരിചയപ്പെടാനും പുതിയപുതിയ സംസ്കാരങ്ങൾ പഠിച്ചെടുക്കാനും ഇഷ്ടമായിരുന്നു. ഗിലെയാദ് സ്കൂളിൽ പങ്കെടുത്ത് മിഷനറിമാരായി സേവിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
എങ്കിലും അച്ചടിമേഖലയിൽ എനിക്കുള്ള അനുഭവപരിചയം കാരണം ഹെലനെയും എന്നെയും സ്വീഡനിലെ ബഥേലിൽ സേവിക്കാൻ ക്ഷണിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് അച്ചടിജോലികൾ കൂടുതൽ മെച്ചപ്പെടുത്താനായിരുന്നു സംഘടനയുടെ ഉദ്ദേശ്യം. അങ്ങനെ 1983-ൽ ഞങ്ങളെ ന്യൂയോർക്കിലുള്ള വാൾക്കിൽ ബഥേലിലേക്ക് അയച്ചു. അവിടെ സഹോദരങ്ങൾ പുതുതായി വികസിപ്പിച്ചുകൊണ്ടിരുന്ന ബഹുഭാഷാ ഇലക്ട്രോണിക് ഫോട്ടോടൈപ്പ്സെറ്റിങ് സിസ്റ്റം (MEPS) a ഉപയോഗിക്കാൻ എനിക്ക് പരിശീലനം കിട്ടി.
മെപ്സ് എന്നത്, വിവരങ്ങൾ വ്യത്യസ്ത ലിപികളിൽ അഥവാ അക്ഷരങ്ങളിൽ ടൈപ്പ് ചെയ്ത് ചിത്രങ്ങളുമായി യോജിപ്പിച്ച് വ്യത്യസ്ത പേജുകളായി കമ്പോസ് ചെയ്യാൻ സഹായിക്കുന്ന ഒരു കമ്പ്യൂട്ടർ സിസ്റ്റമാണെന്ന് ഞങ്ങൾക്കു മനസ്സിലായി. മെപ്സ് ഉപയോഗിച്ച് പുതിയ ലിപികൾ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. അങ്ങനെയാകുമ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങൾ കൂടുതൽ ഭാഷകളിൽ അച്ചടിക്കാനാകും. അനേകം വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇപ്പോൾ യഹോവയുടെ സാക്ഷികൾ 1,000-ത്തിലേറെ ഭാഷകളിലാണ് സന്തോഷവാർത്ത പ്രസിദ്ധീകരിക്കുന്നത്!
അങ്ങനെ മെപ്സിലേക്ക് പുതിയ ഭാഷകൾ ചേർക്കുന്നതിന് എന്നെയും ഹെലനെയും ഏഷ്യയിലേക്ക് നിയമിച്ചു. കൂടുതൽ ഭാഷകളിൽ സന്തോഷവാർത്ത ലഭ്യമാക്കുന്നതിൽ സഹായിക്കാൻ ഞങ്ങൾക്കു വലിയ ആവേശമായിരുന്നു!
തികച്ചും വ്യത്യസ്തമായൊരു സംസ്കാരം
1986-ൽ ഹെലനും ഞാനും ഇന്ത്യയിൽ എത്തി. തികച്ചും വ്യത്യസ്തമായൊരു സംസ്കാരം! ഇപ്പോൾ മുംബൈ എന്ന് അറിയപ്പെടുന്ന ബോംബെയിൽ എത്തിയപ്പോൾ അവിടത്തെ ചുറ്റുപാടുകൾ കണ്ട് ശരിക്കും വീർപ്പുമുട്ടൽ തോന്നി. സ്വീഡിഷ് സംസ്കാരവും ഇന്ത്യൻ സംസ്കാരവും തമ്മിൽ ഒരു സാമ്യവും ഇല്ലായിരുന്നു. ആദ്യത്തെ ആഴ്ച, തിരിച്ചുപോയാലോ എന്നുതന്നെയായിരുന്നു ഞങ്ങളുടെ ചിന്ത.
ആ ആഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനമെടുത്തു: ‘മിഷനറിമാർ ആകുക എന്നതായിരുന്നല്ലോ ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ ഇതാ, ഒരു നിയമനവുമായി ഞങ്ങൾ വിദേശത്ത് വന്നിരിക്കുകയാണ്. പിന്നെ അതെങ്ങനെയാ വിട്ടുകളയുക. ഈ തടസ്സങ്ങളെല്ലാം മറികടക്കണം.’
അതുകൊണ്ട്, ഇട്ടിട്ടുപോകുന്നതിനു പകരം ഈ പുതിയ ജീവിതരീതി പറ്റുന്നതുപോലെ പഠിച്ചെടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ, പെട്ടെന്നുതന്നെ ഇന്ത്യ എന്ന നാടിനെ ഞങ്ങൾ സ്നേഹിച്ചുതുടങ്ങി. ഞങ്ങൾ രണ്ട് ഇന്ത്യൻ ഭാഷകളും പഠിച്ചു, ഗുജറാത്തിയും പഞ്ചാബിയും.
മ്യാൻമറിലേക്ക്
1988-ൽ ഞങ്ങളെ മ്യാൻമറിലേക്ക് അയച്ചു. ചൈനയുടെയും ഇന്ത്യയുടെയും തായ്ലൻഡിന്റെയും ഇടയ്ക്ക് കിടക്കുന്ന ഒരു സ്ഥലമാണ് ഇത്. മ്യാൻമറിലെ രാഷ്ട്രീയസ്ഥിതി തികച്ചും സംഘർഷം നിറഞ്ഞതായിരുന്നു. ആ രാജ്യത്തിന്റെ ഭൂരിഭാഗവും പട്ടാളനിയമത്തിന്റെ കീഴിലുമായിരുന്നു. മ്യാൻമറിൽ ഉപയോഗിച്ചിരുന്ന ലിപി മെപ്സിലോ മറ്റൊരു കമ്പ്യൂട്ടർ പ്രോഗ്രാമിലോ പ്രവർത്തിപ്പിക്കാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആദ്യം ഈ പുതിയ ലിപിക്കുവേണ്ടിയുള്ള അക്ഷരങ്ങൾ ഡിസൈൻ ചെയ്യണം, എന്നിട്ട് അത് വാൾക്കിലിൽ കൊണ്ടുപോയി മെപ്സിൽ കയറ്റണം.
എയർപോട്ടിൽ എത്തിയപ്പോൾ ഈ അക്ഷരങ്ങളുടെ ചിത്രങ്ങൾ ഹെലൻ അവളുടെ കൈയിലുള്ള ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്നത്തെ രാഷ്ട്രീയസ്ഥിതി വളരെ മോശമായിരുന്നതുകൊണ്ട് മ്യാൻമർ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഞങ്ങളുടെ കൈയിൽ കണ്ടാൽ അതിർത്തിയിലുള്ള അധികാരികൾ ഞങ്ങളെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഹെലനെ പരിശോധിച്ചപ്പോൾ അവൾ ബാഗ് പിടിച്ചുകൊണ്ട് കൈകൾ ഉയർത്തി, അതുകൊണ്ട് ആരും ആ ബാഗ് ശ്രദ്ധിച്ചില്ല!
പുതിയ ലിപികൾക്കു പുറമേ, മ്യാൻമറിലുള്ള പരിഭാഷകർക്ക് ലാപ്ടോപ്പുകളും പ്രിന്ററുകളും മെപ്സ് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചു. ആ പരിഭാഷകരിൽ മിക്കവരും മുമ്പ് ഒരു കമ്പ്യൂട്ടർ കണ്ടിട്ടുപോലുമില്ലായിരുന്നു. എങ്കിലും ആ പുതിയ വൈദഗ്ധ്യം പഠിച്ചെടുക്കാൻ അവർ തയ്യാറായി. അധികം താമസിയാതെ, ഒരു പേജ് കമ്പോസ് ചെയ്യാൻ കൈകൊണ്ട് അച്ച് നിരത്തുന്ന ആ പഴയ രീതി അവർ അവസാനിപ്പിച്ചു. അങ്ങനെ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരം പെട്ടെന്നുതന്നെ മെച്ചപ്പെട്ടു.
നേപ്പാളിൽ എത്തുന്നു
1991-ൽ ഹെലനെയും എന്നെയും നേപ്പാളിലേക്ക് നിയമിച്ചു. ഹിമാലയത്തിന്റെ തെക്കുഭാഗത്താണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ആ കാലത്ത് നേപ്പാളിൽ ഒരേയൊരു സഭയാണ് ഉണ്ടായിരുന്നത്. അതുപോലെ വളരെ കുറച്ച് പ്രസിദ്ധീകരണങ്ങൾ മാത്രമേ നേപ്പാളി ഭാഷയിൽ ലഭ്യമായിരുന്നുള്ളൂ.
അധികംവൈകാതെ ആ പ്രദേശത്ത് കൂടുതൽ പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യാനും വിതരണം ചെയ്യാനും തുടങ്ങി. ഇന്ന് നേപ്പാളിൽ 40-ലധികം സഭകളിലായി ഏകദേശം 3,000-ത്തോളം സാക്ഷികളുണ്ട്. 2022-ലെ യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ 7,500-ലധികം ആളുകളാണ് കൂടിവന്നത്!
ലാഹു ഭാഷയിൽ ഒരു ലഘുപത്രിക
1990-കളുടെ മധ്യത്തിൽ തായ്ലൻഡിലെ ചിയാങ് മായ് എന്ന നഗരത്തിൽനിന്നുള്ള മിഷനറിമാർ ലാഹു മലമ്പ്രദേശ ഗോത്രക്കാരോട് സാക്ഷീകരിക്കാൻ തുടങ്ങി. ലാഹു ഭാഷ സംസാരിക്കുന്ന ആളുകൾ ചൈന, ലാവോസ്, മ്യാൻമർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ അതിർത്തികളിലാണ് താമസിച്ചിരുന്നത്. എന്നാൽ ആ ഭാഷയിൽ നമുക്ക് ഒരു പ്രസിദ്ധീകരണംപോലും ലഭ്യമല്ലായിരുന്നു.
ആ മിഷനറിമാരോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രിക തായ് ഭാഷയിൽനിന്ന് ലാഹുവിലേക്ക് പരിഭാഷ ചെയ്തു. എന്നിട്ട് അദ്ദേഹവും ലാഹു ഭാഷ സംസാരിക്കുന്ന മറ്റു ഗ്രാമവാസികളും കുറച്ച് പണം ശേഖരിച്ച് ആ പണവും ആ ലഘുപത്രികയും വെച്ച് ബ്രാഞ്ചോഫീസിലേക്ക് ഒരു കത്ത് അയച്ചു. ആ ലഘുപത്രികയിൽനിന്ന് തങ്ങൾ മനസ്സിലാക്കിയ സത്യങ്ങൾ ലാഹു ഭാഷ സംസാരിക്കുന്ന എല്ലാവരും അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ ആ കത്തിൽ പറഞ്ഞു.
കുറച്ച് വർഷങ്ങൾക്കു ശേഷം, എനിക്കും ഹെലനും ലാഹു പരിഭാഷകരെ മെപ്സ് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിനുള്ള ഒരു അവസരം കിട്ടി. ആ പരിഭാഷകരിൽ ഒരാൾ അടുത്തിടെ സ്നാനമേറ്റ, ചിയാങ് മായ് പരിഭാഷാ ഓഫീസിൽ സേവിക്കുന്ന ഒരു സഹോദരനായിരുന്നു. “നോക്കൂ!” ലഘുപത്രിക ആദ്യം ലാഹുവിലേക്ക് പരിഭാഷ ചെയ്ത ആ ചെറുപ്പക്കാരനാണ് ഈ സഹോദരനെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അതിശയിച്ചുപോയി.
1995-ൽ ഹെലനും ഞാനും വീണ്ടും ഇന്ത്യയിൽ എത്തി. അവിടെ പരിഭാഷകരോടൊപ്പം ഞങ്ങൾ ബ്രാഞ്ചിൽ സേവിച്ചു. പരിഭാഷകർക്ക് അവരുടെ ജോലിയിൽ ആവശ്യമായ മെപ്സ് ടൂളുകൾ ലഭ്യമാക്കുന്നതിൽ സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിയമനം. ഇന്ന് അവിടെയുള്ള പല ഭാഷകളിൽ ആവശ്യത്തിനുള്ള പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. ബൈബിൾ പഠിക്കാനും സ്നാനത്തിലേക്ക് പുരോഗമിക്കാനും അത് ആളുകളെ സഹായിക്കുന്നു.
അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു ജീവിതം
1999 മുതൽ ഹെലനും ഞാനും ബ്രിട്ടൻ ബ്രാഞ്ചിൽ സേവിക്കാൻതുടങ്ങി. ലോകാസ്ഥാനത്തെ മെപ്സ് പ്രോഗ്രാമിങ് ടീമിനോടൊപ്പമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ലണ്ടനിൽ ഗുജറാത്തി, പഞ്ചാബി വയലിൽ സാക്ഷീകരിക്കാൻ കഴിയുന്നത് ഞങ്ങൾക്ക് വലിയൊരു സന്തോഷമാണ്. jw.org-ൽ പുതിയൊരു ഭാഷ ഇറങ്ങുമ്പോൾ ആ ഭാഷയിലുള്ളവർ ഞങ്ങളുടെ പ്രദേശത്ത് ഉണ്ടെങ്കിൽ അവരോട് സാക്ഷീകരിക്കാൻ ഞങ്ങൾ ശ്രമിക്കും.
എന്റെ സമപ്രായക്കാരെപ്പോലെ “അടിച്ചുപൊളിച്ചുള്ള” ജീവിതത്തിനു പകരം വളരെ നേരത്തേതന്നെ ആത്മീയലക്ഷ്യങ്ങൾ വെച്ചത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോൾ സന്തോഷം തോന്നുന്നു. പിന്തിരിഞ്ഞ് നോക്കുമ്പോൾ മുഴുസമയസേവനം ഏറ്റെടുത്തതിൽ ഞങ്ങൾക്ക് ഒരു വിഷമവുമില്ല. 30-തിലധികം രാജ്യങ്ങൾ സന്ദർശിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അങ്ങനെ സന്തോഷവാർത്ത എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും എത്തുന്നത് നേരിട്ട് കാണാൻ ഞങ്ങൾക്കായി!—വെളിപാട് 14:6.
a ഇപ്പോൾ ബഹുഭാഷാ ഇലക്ട്രോണിക് പബ്ളിഷിങ് സിസ്റ്റം എന്ന് അറിയപ്പെടുന്നു. ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നതിനും മെപ്സ് ഉപയോഗിക്കുന്നു.