പാഠം 6
മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?
1. മരിച്ചുപോയവരെക്കുറിച്ചുള്ള സന്തോഷവാർത്ത എന്താണ്?
യേശു യരുശലേമിനു സമീപമുള്ള ബഥാന്യയിൽ എത്തിയപ്പോൾ സ്നേഹിതനായ ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. ലാസറിന്റെ പെങ്ങന്മാരായ മാർത്തയുടെയും മറിയയുടെയും കൂടെ യേശു കല്ലറയുടെ അടുത്ത് ചെന്നു. പെട്ടെന്നുതന്നെ ആളുകൾ അവിടെ തടിച്ചുകൂടി. യേശു ലാസറിനെ തിരികെ ജീവനിലേക്കു കൊണ്ടുവന്നപ്പോൾ മാർത്തയ്ക്കും മറിയയ്ക്കും ഉണ്ടായ സന്തോഷത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയേ!—യോഹന്നാൻ 11:21-24, 38-44 വായിക്കുക.
മരിച്ചവരെക്കുറിച്ചുള്ള സന്തോഷവാർത്ത മുമ്പുതന്നെ മാർത്തയ്ക്ക് അറിയാമായിരുന്നു. ഭൂമിയിൽ വീണ്ടും ജീവിക്കാൻവേണ്ടി യഹോവ മരിച്ചവരെ ഉയിർപ്പിക്കുമെന്നു മാർത്ത മനസ്സിലാക്കിയിരുന്നു.—ഇയ്യോബ് 14:14, 15 വായിക്കുക.
2. മരിച്ചവരുടെ അവസ്ഥ എന്താണ്?
മണ്ണുകൊണ്ടാണു മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത്. (ഉൽപത്തി 2:7; 3:19) മനുഷ്യശരീരമെടുത്ത ആത്മാക്കളല്ല നമ്മൾ. ശരീരത്തിന്റെ മരണത്തെ തുടർന്ന് മരിക്കാതെ ജീവിക്കുന്ന ഒന്നും നമ്മുടെ ഉള്ളിലില്ല. നമ്മൾ മരിക്കുമ്പോൾ നമ്മുടെ തലച്ചോറും മരിക്കുന്നു; നമ്മുടെ ചിന്തകൾ നശിക്കുന്നു. അതുകൊണ്ടുതന്നെ മരിച്ചുകഴിഞ്ഞുള്ള അനുഭവങ്ങളെപ്പറ്റി ലാസർ ഒന്നും പറഞ്ഞില്ല. അതെ, മരിച്ചവർ ഒന്നും അറിയുന്നില്ല.—സങ്കീർത്തനം 146:4; സഭാപ്രസംഗകൻ 9:5, 6, 10 വായിക്കുക.
മരിച്ചതിനു ശേഷം ആളുകളെ ദൈവം തീയിലിട്ട് ദണ്ഡിപ്പിക്കുന്നുണ്ടോ? മരിച്ചവർ ഒന്നും അറിയുന്നില്ല എന്നു ബൈബിൾ വ്യക്തമാക്കുന്നതിനാൽ തീനരകത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ ദൈവത്തെ നിന്ദിക്കുന്ന ഒരു നുണയാണ്. ആളുകളെ തീയിലിട്ട് ദണ്ഡിപ്പിക്കുകയെന്ന ആശയംതന്നെ ദൈവത്തിന് അങ്ങേയറ്റം വെറുപ്പാണ്.—യിരെമ്യ 7:31 വായിക്കുക.
മരിച്ചവർ ഏത് അവസ്ഥയിലാണ്? എന്ന വീഡിയോ കാണുക
3. മരിച്ചവർക്കു നമ്മളോടു സംസാരിക്കാൻ കഴിയുമോ?
മരിച്ചവർക്കു സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. (സങ്കീർത്തനം 115:17) എന്നാൽ ദുഷ്ടരായ ചില ദൂതന്മാരുണ്ട്. അവർ മരിച്ചുപോയ ആളുകളായി നടിച്ച് മനുഷ്യരോടു സംസാരിച്ചേക്കാം. (2 പത്രോസ് 2:4) മരിച്ചവരോട് ഉപദേശം തേടാൻ ശ്രമിക്കുന്നതിനെ യഹോവ വിലക്കുന്നു.—ആവർത്തനം 18:10, 11 വായിക്കുക.
4. ആർ ജീവനിലേക്കു മടങ്ങിവരും?
മരിച്ചുപോയ കോടിക്കണക്കിന് ആളുകൾ ഭൂമിയിലെ ജീവനിലേക്കു തിരിച്ചുവരും. ദൈവത്തെ അറിയാത്തവരും തെറ്റായ ജീവിതം നയിച്ചിരുന്നവരും ആയ ചിലർപോലും പുനരുത്ഥാനത്തിൽ വരും.—ലൂക്കോസ് 23:43; പ്രവൃത്തികൾ 24:15 വായിക്കുക.
പുനരുത്ഥാനത്തിൽ വരുന്നവർക്കു ദൈവത്തെക്കുറിച്ചുള്ള സത്യം പഠിക്കാനും യേശുക്രിസ്തുവിനെ അനുസരിച്ചുകൊണ്ട് യേശുവിലുള്ള വിശ്വാസം തെളിയിക്കാനും ഉള്ള അവസരം കിട്ടും. (വെളിപാട് 20:11-13) ജീവനിലേക്കു മടങ്ങിവരുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുന്നവർക്കു ഭൂമിയിൽ നിത്യം ജീവിക്കാൻ കഴിയും.—യോഹന്നാൻ 5:28, 29 വായിക്കുക.
5. പുനരുത്ഥാനം യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
നമുക്കുവേണ്ടി മരിക്കാൻ തന്റെ പുത്രനെ അയച്ചുകൊണ്ട് ദൈവം മരിച്ചവർക്കു പ്രത്യാശയ്ക്കുള്ള വഴി തുറന്നു. അതുകൊണ്ട് യഹോവയ്ക്ക് നമ്മളോടുള്ള സ്നേഹത്തിന്റെയും അനർഹദയയുടെയും തെളിവാണു പുനരുത്ഥാനം. മരിച്ചവർ ജീവനിലേക്കു വരുമ്പോൾ പ്രത്യേകിച്ച് ആരെ കാണാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?—യോഹന്നാൻ 3:16; റോമർ 6:23 വായിക്കുക.