പൗലോസിന്‍റെ ലേഖനങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ബലപ്പെടുത്തുന്നു
യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നതിൽ ക്രിസ്‌തീയ സഭ ഒരു മുഖ്യ പങ്ക് വഹിക്കുമായിരുന്നു. പക്ഷേ സഭ സ്ഥാപിതമായി അധികം കഴിയുംമുമ്പ് അതിലെ അംഗങ്ങൾക്ക് എതിരാളികളിൽനിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാൻതുടങ്ങി. ഇതുകൂടാതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ അപകടപ്പെടുത്താൻപോന്ന ചില പ്രശ്‌നങ്ങൾ സഭയ്‌ക്കുള്ളിൽത്തന്നെ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ ക്രിസ്‌ത്യാനികൾ ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കുമായിരുന്നോ? ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായ 21 ലേഖനങ്ങൾ അവർക്ക് ആവശ്യമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകി.
അതിൽ റോമർമുതൽ എബ്രായർവരെയുള്ള 14 ലേഖനങ്ങൾ എഴുതിയത് അപ്പൊസ്തലനായ പൗലോസാണ്. ലേഖനങ്ങളിൽ ചിലത് വ്യക്തികൾക്കും മറ്റുചിലത് സഭകൾക്കും എഴുതിയതായിരുന്നു. ഈ വ്യക്തികളുടെ അല്ലെങ്കിൽ സഭകളുടെ പേരിലാണ് ലേഖനങ്ങൾ അറിയപ്പെടുന്നത്. പൗലോസ് തന്‍റെ ലേഖനങ്ങളിൽ പരാമർശിച്ച ചില വിഷയങ്ങൾ നമുക്കു നോക്കാം.
ധാർമികതയും പെരുമാറ്റവും. വ്യഭിചാരവും പരസംഗവും ഗൗരവസ്വഭാവമുള്ള മറ്റ് പാപങ്ങളും ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല.” (ഗലാത്യർ 5:19-21; 1 കൊരിന്ത്യർ 6:9-11) ദൈവത്തിന്‍റെ ആരാധകർ ഏതു ദേശക്കാരായാലും ഐക്യത്തിൽ വർത്തിക്കണം. (റോമർ 2:11; എഫെസ്യർ 4:1-6) അവർ സഹായം ആവശ്യമുള്ള സഹവിശ്വാസികളെ സന്തോഷത്തോടെ പിന്തുണയ്ക്കണം. (2 കൊരിന്ത്യർ 9:7) ‘ഇടവിടാതെ പ്രാർഥിക്കാൻ” പൗലോസ് ക്രിസ്ത്യാനികളോടു പറഞ്ഞു. അതെ, പ്രാർഥനയിൽ ഹൃദയം യഹോവയ്ക്കു മുമ്പാകെ പകരാൻ അവൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലോനിക്യർ 5:17; 2 തെസ്സലോനിക്യർ 3:1; ഫിലിപ്പിയർ 4:6, 7) വിശ്വാസത്തോടുകൂടിയ പ്രാർഥനകൾക്കു മാത്രമേ ദൈവം ചെവിചായ്‌ക്കൂ.—എബ്രായർ 11:6.
സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കാൻ എങ്ങനെ സാധിക്കും? ഭർത്താവ് ഭാര്യയെ സ്വന്തം ശരീരത്തെയെന്നപ്പോലെ സ്‌നേഹിക്കണം. ഭാര്യയ്‌ക്ക് ഭർത്താവിനോട് ആഴമായ ബഹുമാനമുണ്ടായിരിക്കണം. മക്കൾ മാതാപിതാക്കളെ അനുസരിക്കണം; അത് ദൈവത്തെ പ്രസാദിപ്പിക്കും. മാതാപിതാക്കൾ ദൈവിക തത്ത്വങ്ങൾക്ക് അനുസൃതമായി മക്കൾക്ക് മാർഗനിർദേശം നൽകുകയും സ്നേഹപൂർവം അവരെ പരിശീലിപ്പിക്കുകയും വേണം.—എഫെസ്യർ 5:22–6:4; കൊലോസ്സ്യർ 3:18-21.
ദൈവത്തിന്‍റെ ഉദ്ദേശ്യം. മോശെയിലൂടെ നൽകപ്പെട്ട ന്യായപ്രമാണം ക്രിസ്‌തുവിന്‍റെ ആഗമനംവരെയും ഇസ്രായേല്യരെ സംരക്ഷിക്കുകയും വഴിനടത്തുകയും ചെയ്‌തു. (ഗലാത്യർ 3:24) എന്നിരുന്നാലും ദൈവത്തെ ആരാധിക്കുന്നതിന് ക്രിസ്‌ത്യാനികൾ ന്യായപ്രമാണം പിൻപറ്റേണ്ടതില്ല. ന്യായപ്രമാണത്തിന്റെ അർഥം, ദൈവത്തിന്‍റെ ഉദ്ദേശ്യം ക്രിസ്‌തുവിൽ എങ്ങനെ നിവൃത്തിയേറുന്നു എന്നിവയെക്കുറിച്ചൊക്കെ എബ്രായർക്കുള്ള (ക്രിസ്ത്യാനികളായിത്തീരുന്നതിനുമുമ്പ് യഹൂദ മതം ആചരിച്ചിരുന്നവർ) ലേഖനത്തിൽ പൗലോസ് വിശദീകരിക്കുന്നു. ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങൾക്കും പ്രാവചനിക അർഥമുണ്ടായിരുന്നുവെന്ന് പൗലോസ് വ്യക്തമാക്കി. ഉദാഹരണത്തിന് മൃഗയാഗങ്ങൾ മുൻനിഴലാക്കിയത് പാപമോചനം സാധ്യമാക്കുന്ന യേശുവിന്‍റെ ബലിമരണത്തെയാണ്. (എബ്രായർ 10:1-4) യേശുവിന്‍റെ മരണത്തോടെ, ന്യായപ്രമാണ ഉടമ്പടി ദൈവം റദ്ദാക്കി. മേലാൽ അത് ആവശ്യമില്ലായിരുന്നു.—കൊലോസ്സ്യർ 2:13-17; എബ്രായർ 8:13.
സഭയുടെ സംഘാടനം. സഭയിൽ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ സന്നദ്ധരാകുന്ന പുരുഷന്മാർക്ക് ഉയർന്ന ധാർമിക മൂല്യങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ആത്മീയ യോഗ്യതകളും ഉണ്ടായിരിക്കണം. (1 തിമൊഥെയൊസ് 3:1-10, 12, 13; തീത്തൊസ് 1:5-9) യഹോവയാംദൈവത്തിന്റെ ആരാധകർ ക്രമമായി ഒരുമിച്ചു കൂടിവരുകയും പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. (എബ്രായർ 10:24, 25) ആരാധനയ്ക്കുള്ള അത്തരം യോഗങ്ങൾ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതും പ്രബോധനാത്മകവും ആയിരിക്കണം.—1 കൊരിന്ത്യർ 14:26, 31.
തിമൊഥെയൊസിനുള്ള രണ്ടാം ലേഖനം എഴുതുന്ന സമയത്ത് പൗലോസ് ന്യായവിധി കാത്ത് റോമിൽ തടവിൽ കഴിയുകയായിരുന്നു. അവനെ ചെന്നുകാണാൻ ചുരുക്കം ചിലരേ ധൈര്യപ്പെട്ടുള്ളൂ. തനിക്ക് ഇനി അധികകാലമില്ലെന്ന് പൗലോസിന് അറിയാമായിരുന്നു. “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചിരിക്കുന്നു; എന്‍റെ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കുകയും ചെയ്‌തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (2 തിമൊഥെയൊസ് 4:7) സാധ്യതയനുസരിച്ച് അധികം താമസിയാതെ വിശ്വാസത്തിന്റെ പേരിൽ അവൻ വധിക്കപ്പെട്ടു. എങ്കിലും അവൻ എഴുതിയ ലേഖനങ്ങൾ ഇന്നും സത്യാരാധകർക്ക് ഒരു മാർഗദീപമായി വർത്തിക്കുന്നു.