അധ്യായം 47
ഒരു കൊച്ചു പെൺകുട്ടി വീണ്ടും ജീവനിലേക്ക്!
മത്തായി 9:18, 23-26; മർക്കോസ് 5:22-24, 35-43; ലൂക്കോസ് 8:40-42, 49-56
-
യേശു യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നു
രക്തസ്രാവമുള്ള ആ സ്ത്രീയെ യേശു സുഖപ്പെടുത്തുന്നതു യായീറൊസ് കാണുന്നു. തീർച്ചയായും യേശുവിന് തന്റെ മകളെ സഹായിക്കാനാകുമെന്ന് അയാൾ വിശ്വസിക്കുന്നു. പക്ഷേ “മകൾ ഇതിനോടകം മരിച്ചുകാണും” എന്നാണു യായീറൊസിന്റെ പേടി. (മത്തായി 9:18) അഥവാ മരിച്ചുപോയാൽപ്പോലും യേശുവിന് അവളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ?
താൻ സുഖപ്പെടുത്തിയ ആ സ്ത്രീയോടു യേശു സംസാരിക്കുമ്പോൾത്തന്നെ യായീറൊസിന്റെ വീട്ടിൽനിന്ന് ചിലർ വന്ന് “മോൾ മരിച്ചുപോയി” എന്ന വാർത്ത അറിയിക്കുന്നു. “ഇനി എന്തിനാണു ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത് ” എന്നും അവർ ചോദിക്കുന്നു.—മർക്കോസ് 5:35.
എത്ര ഹൃദയഭേദകമായ വാർത്ത! സമൂഹത്തിൽ വലിയ നിലയും വിലയും ഒക്കെയുള്ള ആ പാവം ഇപ്പോൾ തീർത്തും നിസ്സഹായനാണ്! അയാൾക്ക് ആകെയുള്ള മോളാണ് അത്. അവർ വന്നു പറയുന്നതു കേട്ട യേശു തിരിഞ്ഞ് യായീറൊസിനോട്, “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി” എന്നു പറയുന്നു. അയാൾക്ക് എത്ര ആശ്വാസം തോന്നിക്കാണും!—മർക്കോസ് 5:36.
എന്നിട്ട് യേശു അയാളുടെകൂടെ വീട്ടിലേക്കു പോകുന്നു. അവർ ചെല്ലുമ്പോൾ അവിടെ ആകെ ബഹളമാണ്. കൂടിവന്നിരിക്കുന്നവർ നെഞ്ചത്തടിച്ച് കരഞ്ഞുനിലവിളിക്കുന്നു. യേശു അകത്ത് ചെന്ന് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” (മർക്കോസ് 5:39) അതു കേട്ട് ആളുകൾ യേശുവിനെ കളിയാക്കി ചിരിക്കുന്നു. കാരണം കുട്ടി ശരിക്കും മരിച്ചെന്ന് അവർക്ക് അറിയാം. പക്ഷേ, ദൈവം കൊടുത്തിട്ടുള്ള അധികാരം ഉപയോഗിച്ച്, മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻ കഴിയുമെന്ന് യേശു കാണിക്കും, നല്ല ഉറക്കത്തിലായിരിക്കുന്നവരെ ഉണർത്തുന്നതുപോലെ.
പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും ആ പെൺകുട്ടിയുടെ അപ്പനെയും അമ്മയെയും ഒഴികെ എല്ലാവരെയും യേശു പുറത്തേക്കു പറഞ്ഞുവിടുന്നു. ഈ അഞ്ചു പേരെയും കൂട്ടി യേശു ആ പെൺകുട്ടി കിടക്കുന്നിടത്തേക്ക് ചെല്ലുന്നു. എന്നിട്ട് കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ട് “തലീഥാ കൂമി” എന്നു പറയുന്നു. ‘(പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’” എന്നാണ് അതിന്റെ അർഥം.)’ (മർക്കോസ് 5:41) ഉടനെ അവൾ എഴുന്നേറ്റ് നടക്കാൻതുടങ്ങുന്നു. അതു കാണുമ്പോൾ യായീറൊസിനും ഭാര്യക്കും എത്രമാത്രം സന്തോഷം തോന്നിക്കാണും! കുട്ടി ശരിക്കും ജീവനോടിരിക്കുന്നു എന്നതിന്റെ കൂടുതലായ തെളിവായി, അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാനും യേശു നിർദേശിക്കുന്നു.
യേശു മുമ്പ് ചിലരെ സുഖപ്പെടുത്തിയപ്പോൾ അതെക്കുറിച്ച് മറ്റ് ആരോടും പറയരുതെന്നു പറഞ്ഞിട്ടുണ്ട്. ഈ കുട്ടിയുടെ മാതാപിതാക്കളോടും അതുതന്നെ പറയുന്നു. പക്ഷേ, സന്തോഷം അടക്കാനാകാതെ അവരും മറ്റുള്ളവരും ഇതെക്കുറിച്ച് പറഞ്ഞ് “വാർത്ത നാട്ടിലെങ്ങും” പരക്കുന്നു. (മത്തായി 9:26) നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചവരിൽനിന്ന് ഉയിർത്തു എന്നു കണ്ടാൽ നിങ്ങൾ അക്കാര്യം ആവേശത്തോടെ എല്ലാവരോടും പറയില്ലേ? യേശു മരിച്ചവരെ ഉയിർപ്പിച്ചതിന്റെ, രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ വിവരണമാണ് ഇത്.