വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 71

അന്ധനാ​യി​രുന്ന മനുഷ്യ​നെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു

അന്ധനാ​യി​രുന്ന മനുഷ്യ​നെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു

യോഹ​ന്നാൻ 9:19-41

  • ഒരിക്കൽ അന്ധനാ​യി​രുന്ന മനുഷ്യ​നെ പരീശ​ന്മാർ ചോദ്യം ചെയ്യുന്നു

  • മതനേ​താ​ക്ക​ന്മാർ ‘അന്ധരാണ്‌ ’

ജന്മനാ അന്ധനായ ഒരു വ്യക്തിക്ക്‌ യേശു കാഴ്‌ച​ശക്തി കൊടു​ത്തെന്ന കാര്യം പരീശ​ന്മാർക്ക്‌ ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. അതു​കൊണ്ട്‌ അയാളു​ടെ മാതാ​പി​താ​ക്കളെ വിളി​പ്പി​ക്കു​ന്നു. തങ്ങളെ ‘സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കി​യേ​ക്കു​മോ’ എന്ന പേടി അവർക്കുണ്ട്‌. (യോഹ​ന്നാൻ 9:22) അങ്ങനെ മറ്റു ജൂതന്മാ​രിൽനിന്ന്‌ ഒറ്റപ്പെ​ടു​ത്തി​യാൽ സാമ്പത്തി​ക​വും സാമൂ​ഹി​ക​വും ആയ പല പ്രശ്‌ന​ങ്ങ​ളും അവർക്കു നേരി​ടേ​ണ്ടി​വ​രും.

പരീശ​ന്മാർ രണ്ടു ചോദ്യം ചോദി​ക്കു​ന്നു: “ജന്മനാ അന്ധനാ​യി​രു​ന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളു​ടെ മകൻ ഇവൻത​ന്നെ​യാ​ണോ? എങ്കിൽപ്പി​ന്നെ ഇവന്‌ ഇപ്പോൾ കാണാൻ പറ്റുന്നത്‌ എങ്ങനെ​യാണ്‌?” അയാളു​ടെ മാതാ​പി​താ​ക്കൾ പറയുന്നു: “ഇവൻ ഞങ്ങളുടെ മകനാ​ണെ​ന്നും ഇവൻ ജന്മനാ അന്ധനാ​യി​രു​ന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. എന്നാൽ ഇവനു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാ​ണെ​ന്നോ ഇവന്റെ കണ്ണുകൾ തുറന്നത്‌ ആരാ​ണെ​ന്നോ ഞങ്ങൾക്ക്‌ അറിയില്ല.” എന്താണു സംഭവി​ച്ച​തെന്ന്‌ മകൻ ഒരുപക്ഷേ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞി​ട്ടു​ണ്ടെ​ങ്കിൽപ്പോ​ലും വളരെ സൂക്ഷി​ച്ചാണ്‌ അവർ മറുപടി പറയു​ന്നത്‌. “അവനോ​ടു​തന്നെ ചോദിക്ക്‌. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ,” അവർ പറയുന്നു.​—യോഹ​ന്നാൻ 9:19-21.

അതു​കൊണ്ട്‌ പരീശ​ന്മാർ അയാളെ തിരി​ച്ചു​വി​ളി​ക്കു​ന്നു. എന്നിട്ട്‌ യേശു​വിന്‌ എതിരെ തെളിവു കിട്ടി​യി​ട്ടു​ണ്ടെന്നു പറഞ്ഞ്‌ അയാളെ പേടി​പ്പി​ക്കു​ന്നു. “ദൈവ​ത്തി​നു മഹത്ത്വം കൊടുക്ക്‌. ആ മനുഷ്യൻ ഒരു പാപി​യാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം” എന്ന്‌ അവർ പറയുന്നു. ആ കുറ്റാ​രോ​പണം വകവെ​ക്കാ​തെ അയാൾ പറയുന്നു: “ആ മനുഷ്യൻ പാപി​യാ​ണോ എന്നൊ​ന്നും എനിക്ക്‌ അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക്‌ അറിയാം: ഞാൻ അന്ധനാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.”​—യോഹ​ന്നാൻ 9:24, 25.

അയാളു​ടെ മറുപ​ടി​യൊ​ന്നും പരീശ​ന്മാ​രെ തൃപ്‌തി​പ്പെ​ടു​ത്തു​ന്നില്ല. അതു​കൊണ്ട്‌ അവർ ഇങ്ങനെ ചോദി​ക്കു​ന്നു: “അയാൾ എന്താണു ചെയ്‌തത്‌? അയാൾ നിന്റെ കണ്ണു തുറന്നത്‌ എങ്ങനെ​യാണ്‌?” കുറ​ച്ചൊ​ക്കെ ധൈര്യം സംഭരിച്ച്‌ ആ മനുഷ്യൻ പറയുന്നു: “അതു ഞാൻ നിങ്ങ​ളോ​ടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധി​ച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദി​ക്കു​ന്നത്‌ എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യ​ന്റെ ശിഷ്യ​ന്മാ​രാ​ക​ണ​മെ​ന്നു​ണ്ടോ?” അതു കേട്ട്‌ പരീശ​ന്മാർക്ക്‌ നല്ല ദേഷ്യം വന്നു. അവർ അയാ​ളോട്‌ ഇങ്ങനെ പറയുന്നു: “നീ അവന്റെ ശിഷ്യ​നാ​യി​രി​ക്കാം. പക്ഷേ ഞങ്ങൾ മോശ​യു​ടെ ശിഷ്യ​ന്മാ​രാണ്‌. മോശ​യോ​ടു ദൈവം സംസാ​രി​ച്ചി​ട്ടു​ണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. പക്ഷേ ഇയാൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്ക്‌ അറിയാം?”​—യോഹ​ന്നാൻ 9:26-29.

ഇവരുടെ മറുപടി യാചകനെ അത്ഭുത​പ്പെ​ടു​ത്തു​ന്നു. അയാൾ പറയുന്നു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നി​ട്ടും അദ്ദേഹം എവി​ടെ​നിന്ന്‌ വന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ അതിശ​യം​തന്നെ.” ദൈവം ശ്രദ്ധി​ക്കു​ന്ന​തും അംഗീ​ക​രി​ക്കു​ന്ന​തും ആരെയാ​ണെന്ന്‌ അയാൾ യുക്തി​യു​ക്തം വിശദീ​ക​രി​ക്കു​ന്നു: “ദൈവം പാപി​ക​ളു​ടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം. എന്നാൽ, ദൈവത്തെ ഭയപ്പെട്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വന്റെ പ്രാർഥന ദൈവം കേൾക്കും. ജന്മനാ അന്ധനായ ഒരാളു​ടെ കണ്ണുകൾ ആരെങ്കി​ലും തുറന്ന​താ​യി ഇന്നുവരെ കേട്ടി​ട്ടില്ല.” പറഞ്ഞു​വ​രു​ന്ന​തി​ന്റെ സാരം ഇതാണ്‌: “ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്ന​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇദ്ദേഹ​ത്തിന്‌ ഒന്നും ചെയ്യാൻ കഴിയി​ല്ലാ​യി​രു​ന്നു.”​—യോഹ​ന്നാൻ 9:30-33.

യാചകന്റെ ന്യായ​വാ​ദ​ത്തിന്‌ മറുപ​ടി​യൊ​ന്നും പറയാൻ പറ്റാതെ പരീശ​ന്മാർ അയാ​ളോട്‌, “അപ്പാടേ പാപത്തിൽ ജനിച്ച നീയാ​ണോ ഞങ്ങളെ പഠിപ്പി​ക്കാൻവ​രു​ന്നത്‌ ” എന്നു ചോദിച്ച്‌ അയാളെ അധി​ക്ഷേ​പി​ക്കു​ന്നു. എന്നിട്ട്‌ അയാളെ അവി​ടെ​നിന്ന്‌ പുറത്താ​ക്കു​ന്നു.​—യോഹ​ന്നാൻ 9:34.

കാര്യ​ങ്ങ​ളൊ​ക്കെ അറിയു​മ്പോൾ യേശു അയാളെ കണ്ടുപി​ടിച്ച്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിനക്കു മനുഷ്യ​പു​ത്ര​നിൽ വിശ്വാ​സ​മു​ണ്ടോ?” സുഖം പ്രാപിച്ച ആ മനുഷ്യൻ, “ഞാൻ മനുഷ്യ​പു​ത്ര​നിൽ വിശ്വ​സി​ക്കേ​ണ്ട​തിന്‌ അത്‌ ആരാണ്‌ യജമാ​നനേ” എന്നു ചോദി​ച്ചു. അയാളു​ടെ എല്ലാ സംശയ​വും നീക്കി​ക്കൊണ്ട്‌ യേശു പറയുന്നു: “നീ ആ മനുഷ്യ​നെ കണ്ടിട്ടുണ്ട്‌. നിന്നോ​ടു സംസാ​രി​ക്കുന്ന ഈ ഞാൻത​ന്നെ​യാണ്‌ അത്‌.”​—യോഹ​ന്നാൻ 9:35-37.

അയാൾ പറയുന്നു: “കർത്താവേ, ഞാൻ വിശ്വ​സി​ക്കു​ന്നു.” ആദരവും ബഹുമാ​ന​വും കാണി​ച്ചു​കൊണ്ട്‌ അയാൾ യേശു​വി​നെ വണങ്ങുന്നു. അപ്പോൾ യേശു സുപ്ര​ധാ​ന​മായ ഒരു കാര്യം പറയുന്നു: “കാഴ്‌ച​യി​ല്ലാ​ത്തവർ കാണട്ടെ, കാഴ്‌ച​യു​ള്ളവർ അന്ധരാ​യി​ത്തീ​രട്ടെ. ഇങ്ങനെ​യൊ​രു ന്യായ​വി​ധി നടക്കാൻവേ​ണ്ടി​യാ​ണു ഞാൻ ലോക​ത്തേക്കു വന്നത്‌.”​—യോഹ​ന്നാൻ 9:38, 39.

അവി​ടെ​യു​ള്ള പരീശ​ന്മാർക്ക്‌ തങ്ങൾക്കു കാഴ്‌ച​യു​ണ്ടെന്ന്‌ അറിയാം. ആത്മീയ​വ​ഴി​കാ​ട്ടി​ക​ളാ​ണെന്നു ഭാവി​ക്കുന്ന അവർ ധിക്കാ​ര​ത്തോ​ടെ ഇങ്ങനെ ചോദി​ക്കു​ന്നു: “അതിനു ഞങ്ങളും അന്ധരാ​ണോ, അല്ലല്ലോ?” യേശു അവരോ​ടു പറയുന്നു: “നിങ്ങൾ അന്ധരാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾക്കു പാപമു​ണ്ടാ​കു​മാ​യി​രു​ന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ പാപം നിലനിൽക്കു​ന്നു.” (യോഹ​ന്നാൻ 9:40, 41) മോശ​യ്‌ക്ക്‌ കൊടുത്ത നിയമം അവർക്ക്‌ അറിയാം. അവർ നിയമം പഠിപ്പി​ക്കു​ന്ന​വ​രു​മാണ്‌. എന്നിട്ടും യേശു​വി​നെ മിശി​ഹ​യാ​യി അംഗീ​ക​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവർ യേശു​വി​നെ തള്ളിക്ക​ള​യു​ന്നത്‌ ഗുരു​ത​ര​മായ ഒരു പാപമാണ്‌.