അധ്യായം 72
യേശു 70 ശിഷ്യന്മാരെ പ്രസംഗിക്കാൻ അയയ്ക്കുന്നു
-
യേശു 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് പ്രസംഗിക്കാൻ അയയ്ക്കുന്നു
എ.ഡി. 32-ന്റെ അവസാനത്തോട് അടുത്ത സമയം. യേശു സ്നാനമേറ്റിട്ട് ഇപ്പോൾ ഏതാണ്ട് മൂന്നു വർഷമായി. കൂടാരോത്സവത്തിനുവേണ്ടി അടുത്തിടെ യേശുവും ശിഷ്യന്മാരും യരുശലേമിൽ ഉണ്ടായിരുന്നു. സാധ്യതയനുസരിച്ച് ഇപ്പോഴും അവർ അതിന്റെ അടുത്തൊക്കെത്തന്നെയുണ്ട്. (ലൂക്കോസ് 10:38; യോഹന്നാൻ 11:1) ബാക്കിയുള്ള ആറു മാസത്തിൽ, അധികം സമയവും യേശു ശുശ്രൂഷ ചെയ്യുന്നത് യഹൂദ്യയിലോ യോർദാൻ നദിക്ക് അക്കരെയുള്ള പെരിയ ജില്ലയിലോ ആണ്. ഈ പ്രദേശങ്ങളിലും പ്രസംഗിക്കേണ്ടതുണ്ട്.
മുമ്പ് എ.ഡി. 30-ലെ പെസഹയ്ക്കു ശേഷം യേശു കുറച്ച് മാസങ്ങൾ യഹൂദ്യയിൽ പ്രസംഗിച്ചിട്ട് ശമര്യ വഴി യാത്ര തുടർന്നു. എ.ഡി. 31-ലെ പെസഹയോട് അടുത്ത് യരുശലേമിലെ ജൂതന്മാർ യേശുവിനെ കൊല്ലാൻ നോക്കി. അടുത്ത ഒന്നര വർഷം വടക്ക് ഗലീലയിലാണു യേശു പ്രധാനമായും പഠിപ്പിച്ചത്. ആ സമയത്ത് അനേകർ യേശുവിന്റെ അനുഗാമികളായി. ഗലീലയിൽ യേശു അപ്പോസ്തലന്മാർക്കു വേണ്ട പരിശീലനം നൽകിയിട്ട്, “‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം” എന്നു പറഞ്ഞ് അവരെ അയച്ചു. (മത്തായി 10:5-7) ഇപ്പോൾ യേശു യഹൂദ്യയിൽ പ്രസംഗപ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.
ഈ പ്രസംഗപ്രവർത്തനത്തിനുവേണ്ടി യേശു 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അവരെ ഈരണ്ടായി അയയ്ക്കുന്നു. അങ്ങനെ മൊത്തം 35 ജോടി ആളുകൾ ആ പ്രദേശത്ത് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നുണ്ട്. അവിടെ “വിളവ് ധാരാളമുണ്ട്. പക്ഷേ പണിക്കാർ കുറവാണ്.” (ലൂക്കോസ് 10:2) യേശു പിന്നീട് പ്രവർത്തിക്കാനിരിക്കുന്ന പ്രദേശത്തേക്കാണ് ഇവരെ അയയ്ക്കുന്നത്. ഈ 70 പേർ രോഗികളെ സുഖപ്പെടുത്തുകയും യേശു പ്രസംഗിക്കുന്ന അതേ സന്ദേശം അറിയിക്കുകയും വേണമായിരുന്നു.
ഈ ശിഷ്യന്മാരുടെ മുഖ്യശ്രദ്ധ സിനഗോഗുകളിൽ പഠിപ്പിക്കുന്നതിലായിരിക്കരുത്. പകരം ആളുകളുടെ വീടുകളിൽ ചെന്ന് പ്രസംഗിക്കാനാണ് യേശു അവരോടു പറഞ്ഞത്. “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യംതന്നെ, ‘ഈ വീടിനു സമാധാനം!’ എന്നു പറയണം. സമാധാനം പ്രിയപ്പെടുന്ന ഒരാൾ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അയാളുടെ മേൽ ഇരിക്കും.” ഇനി, അവരുടെ സന്ദേശം എന്തായിരുന്നു? യേശു പറയുന്നു: “‘ദൈവരാജ്യം നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു’ എന്ന് അവരോടു പറയുകയും വേണം.”—ലൂക്കോസ് 10:5-9.
ഏകദേശം ഒരു വർഷം മുമ്പ് 12 അപ്പോസ്തലന്മാരെ അയയ്ക്കുമ്പോൾ യേശു കൊടുത്ത നിർദേശങ്ങളോടു സമാനമായിരുന്നു ഈ 70 ശിഷ്യന്മാർക്കു കൊടുക്കുന്ന നിർദേശങ്ങളും. എല്ലാവരും അവരെ സ്വീകരിക്കില്ലെന്ന് യേശു മുന്നറിയിപ്പു കൊടുക്കുന്നു. എങ്കിലും അവരുടെ ശ്രമങ്ങൾ താത്പര്യമുള്ളവർക്കു ഗുണം ചെയ്യും. കാരണം, യേശു പിന്നീട് വരുമ്പോൾ അവരെല്ലാം യേശുവിനെ കാണാനും യേശുവിൽനിന്ന് പഠിക്കാനും ആകാംക്ഷയുള്ളവരായിരിക്കും.
പ്രസംഗിക്കാൻ പോയ 35 ജോടി ആളുകളും അധികം വൈകാതെ യേശുവിന്റെ അടുത്തേക്കു മടങ്ങിവന്നു. അവർ സന്തോഷത്തോടെ യേശുവിനോട്, “കർത്താവേ, അങ്ങയുടെ പേര് ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറയുന്നു. ഈ വാർത്ത കേട്ട് ആവേശത്തോടെ യേശു ഇങ്ങനെ പറയുന്നു: “സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു. ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവിട്ടിമെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു.”—ലൂക്കോസ് 10:17-19.
അങ്ങനെ, ആലങ്കാരികമായി സർപ്പങ്ങളെയും തേളുകളെയും ലൂക്കോസ് 10:20.
ചവിട്ടിമെതിക്കാൻ, അതായത് ദോഷകരമായ കാര്യങ്ങളുടെ മേൽ ജയം നേടാൻ, തന്റെ അനുഗാമികൾക്കു കഴിയുമെന്നു യേശു ഉറപ്പു കൊടുക്കുന്നു. മാത്രമല്ല, ഭാവിയിൽ സാത്താൻ സ്വർഗത്തിൽനിന്ന് വീഴുമെന്നും അവർക്ക് ഉറപ്പായി. ഭാവിയിലേക്കു നോക്കുമ്പോൾ എന്താണ് ഏറ്റവും പ്രധാനം എന്നു തിരിച്ചറിയാനും യേശു ആ 70 പേരെ സഹായിക്കുന്നു. “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതുകൊണ്ടല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതിയിരിക്കുന്നതുകൊണ്ട് സന്തോഷിക്കുക” എന്ന് യേശു പറയുന്നു.—യേശുവിന് ഒരുപാടു സന്തോഷമാകുന്നു. പിതാവ് തന്റെ ഈ എളിയ ദാസന്മാരെ ഉപയോഗിച്ച് ഇത്ര വലിയ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് യേശു പിതാവിനെ പരസ്യമായി സ്തുതിക്കുന്നു. എന്നിട്ട് ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു: “നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾക്കു സന്തോഷിക്കാം. കാരണം അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല, നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 10:23, 24.