യേശുവിനെ അനുകരിക്കാൻ. . .
അനുകമ്പ കാണിക്കുക
പൂർണമനുഷ്യനായിരുന്നതുകൊണ്ട് മറ്റുള്ളവർക്കുണ്ടായിരുന്ന പല ദുരിതങ്ങളും ഉത്കണ്ഠകളും യേശുവിനില്ലായിരുന്നു. എങ്കിലും യേശു ആളുകളോട് അനുകമ്പ കാണിച്ചു. അവർക്കുവേണ്ടി, അത്യാവശ്യം ചെയ്യേണ്ടതു മാത്രമല്ല അതിലും കൂടുതലായ കാര്യങ്ങൾ ചെയ്യാൻ യേശു ഒരുക്കമായിരുന്നു. അതെ, മറ്റുള്ളവരെ സഹായിക്കാൻ അനുകമ്പ യേശുവിനെ പ്രേരിപ്പിച്ചു. 32, 37, 57, 99 അധ്യായങ്ങളിലെ വിവരണങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കുക.
സമീപിക്കാവുന്നവരായിരിക്കുക
വയസ്സായവരും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായക്കാരും മടികൂടാതെ യേശുവിനെ സമീപിച്ചു. കാരണം, താൻ വലിയ ആളാണെന്നോ തനിക്കു വലിയ തിരക്കാണെന്നോ ഉള്ള ഭാവമൊന്നും യേശുവിനില്ലായിരുന്നു. യേശുവിന് ആളുകളോടു വ്യക്തിഗത താത്പര്യമുണ്ടായിരുന്നതുകൊണ്ട് അവർക്ക് യേശുവിനോടൊപ്പമായിരിക്കാൻ യാതൊരു പേടിയും തോന്നിയില്ല. ഇതു മനസ്സിലാക്കുന്നതിനായി 25, 27, 95 അധ്യായങ്ങൾ കാണുക.
പ്രാർഥനാനിരതരായിരിക്കുക
യേശു പിതാവിനോടു പതിവായി, ഉള്ളു തുറന്ന് പ്രാർഥിക്കുമായിരുന്നു. ഒറ്റയ്ക്കായിരുന്നപ്പോഴും സത്യാരാധകരോടൊപ്പമായിരുന്നപ്പോഴും യേശു പ്രാർഥിച്ചതിനെക്കുറിച്ച് നമ്മൾ വായിക്കുന്നു. ഭക്ഷണസമയത്ത് മാത്രമല്ല, മറ്റു പലപ്പോഴും യേശു പ്രാർഥിച്ചിട്ടുണ്ട്. നന്ദി പറയാനും സ്തുതിക്കാനും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള സഹായത്തിനായും യേശു പിതാവിനോടു പ്രാർഥിച്ചു. 24, 34, 91, 122, 123 അധ്യായങ്ങളിലെ വിവരണങ്ങൾ കാണുക.
നിസ്വാർഥരായിരിക്കുക
വിശ്രമിക്കേണ്ടിയിരുന്ന സമയംപോലും യേശു മറ്റുള്ളവർക്കുവേണ്ടി മാറ്റിവെച്ചു. യേശു സ്വന്തം കാര്യം മാത്രമായിരുന്നില്ല ചിന്തിച്ചത്. ഇക്കാര്യത്തിലും യേശു നമുക്ക് അടുത്ത് പിൻപറ്റാവുന്ന ഒരു മാതൃക വെച്ചു. 19, 41, 52 അധ്യായങ്ങളിൽനിന്ന് യേശുവിന്റെ ആ മാതൃകയെക്കുറിച്ച് മനസ്സിലാക്കാം.
ക്ഷമിക്കുക
ക്ഷമിക്കേണ്ട ആവശ്യത്തെക്കുറിച്ച് യേശു പഠിപ്പിക്കുക മാത്രമല്ല ചെയ്തത്. ശിഷ്യന്മാരോടും മറ്റുള്ളവരോടും ഉള്ള ഇടപെടലുകളിൽ യേശു അതു കാണിച്ച് കൊടുക്കുകയും ചെയ്തു. 26, 40, 64, 85, 131 അധ്യായങ്ങളിൽ കാണുന്ന യേശുവിന്റെ മാതൃകയെക്കുറിച്ച് ധ്യാനിക്കുക.
തീക്ഷ്ണതയുള്ളവരായിരിക്കുക
മിക്ക ജൂതന്മാരും മിശിഹയെ അംഗീകരിക്കില്ലെന്നും, ശത്രുക്കൾ മിശിഹയെ കൊല്ലുമെന്നും മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതുകൊണ്ട് യേശുവിന് അവർക്കുവേണ്ടി അധികമൊന്നും ചെയ്യേണ്ടെന്നു വെക്കാമായിരുന്നു. എന്നാൽ അതിനു പകരം യേശു ഉത്സാഹത്തോടെ അവരെ സത്യാരാധനയെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിച്ചു. നിസ്സംഗമായ പ്രതികരണത്തിനും എതിർപ്പിനും മധ്യേ തീക്ഷ്ണതയോടെ നിലനിൽക്കാൻ യേശു തന്റെ അനുഗാമികൾക്കു മാതൃക വെച്ചു. 16, 72, 103 അധ്യായങ്ങൾ കാണുക.
താഴ്മയുള്ളവരായിരിക്കുക
യേശു അപൂർണമനുഷ്യരെക്കാൾ പറഞ്ഞാൽ തീരാത്തത്ര വിധങ്ങളിൽ ഉന്നതനായിരുന്നു. യേശുവിന്റെ അറിവും ജ്ഞാനവും വെറും രണ്ട് ഉദാഹരണങ്ങളാണ്. പൂർണനായ യേശു മാനസികവും ശാരീരികവും ആയ കഴിവുകളിൽ മറ്റാരെക്കാളും മികച്ചുനിന്നു. എങ്കിലും യേശു താഴ്മയോടെ മറ്റുള്ളവരെ സേവിച്ചു. 10, 62, 66, 94, 116 അധ്യായങ്ങളിൽ അത് കാണാം.
ക്ഷമയുള്ളവരായിരിക്കുക
യേശുവിന്റെ മാതൃക അനുകരിക്കുന്നതിലും യേശു പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിലും അപ്പോസ്തലന്മാരും മറ്റുള്ളവരും വീഴ്ചവരുത്തിയപ്പോഴെല്ലാം യേശു അവരോടു ക്ഷമയോടെ ഇടപെട്ടു. യഹോവയോട് അടുക്കുന്നതിന് അവർക്ക് ആവശ്യമായിരുന്ന കാര്യങ്ങളെക്കുറിച്ച് യേശു ക്ഷമയോടെ ആവർത്തിച്ച് പറഞ്ഞുകൊടുത്തു. 74, 98, 118, 135 അധ്യായങ്ങളിലെ യേശുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുക.