അധ്യായം 1
ദൈവത്തിൽനിന്നുള്ള രണ്ടു സന്ദേശങ്ങൾ
-
സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേൽ ദൈവദൂതൻ മുൻകൂട്ടിപ്പറയുന്നു
-
യേശുവിന്റെ ജനനത്തെക്കുറിച്ച് ഗബ്രിയേൽ മറിയയോടു പറയുന്നു
മുഴുബൈബിളും ദൈവത്തിൽനിന്നുള്ള ഒരു സന്ദേശമാണ്. നമ്മളെ പഠിപ്പിക്കാനാണു സ്വർഗീയപിതാവ് അതു തന്നിരിക്കുന്നത്. എന്നാൽ 2,000 വർഷം മുമ്പ് നൽകിയ രണ്ടു പ്രത്യേകസന്ദേശങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. “ദൈവത്തിന്റെ അടുത്ത് തിരുസന്നിധിയിൽ നിൽക്കുന്ന” ഗബ്രിയേൽ എന്ന ദൈവദൂതനാണ് ഈ സന്ദേശം അറിയിച്ചത്. (ലൂക്കോസ് 1:19) ഈ പ്രധാനപ്പെട്ട സന്ദേശങ്ങൾ ദൈവദൂതൻ നൽകാനുണ്ടായ സാഹചര്യങ്ങൾ എന്തൊക്കെയാണ്?
സമയം ഏകദേശം ബി.സി. 3-ാം വർഷം. ഗബ്രിയേൽ ആരോടാണ് ആദ്യസന്ദേശം അറിയിക്കുന്നത്? യഹൂദയിലെ മലനാട്ടിൽ, യരുശലേമിൽനിന്ന് അത്ര അകലെയല്ലാതെ, യഹോവയുടെ പുരോഹിതനായ സെഖര്യ താമസിക്കുന്നു. അദ്ദേഹവും ഭാര്യ എലിസബത്തും വൃദ്ധരായിരുന്നു. അവർക്കു കുട്ടികളില്ല. യരുശലേമിലെ ദേവാലയത്തിൽ പുരോഹിതനായി സേവിക്കാനുള്ള ഊഴം സെഖര്യയുടേതായിരുന്നു. അദ്ദേഹം ആലയത്തിൽ ആയിരിക്കുമ്പോൾ പെട്ടെന്ന് സുഗന്ധക്കൂട്ട് കത്തിക്കുന്ന യാഗപീഠത്തിന്റെ അടുത്ത് ഗബ്രിയേൽ പ്രത്യക്ഷനാകുന്നു.
സെഖര്യക്ക് ആകെ പേടിയായി. എന്നാൽ സെഖര്യയെ ആശ്വസിപ്പിച്ചുകൊണ്ട് ദൂതൻ പറയുന്നു: “സെഖര്യാ, പേടിക്കേണ്ടാ. നിന്റെ ഉള്ളുരുകിയുള്ള പ്രാർഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. നീ അവനു യോഹന്നാൻ എന്നു പേരിടണം.” യോഹന്നാൻ “യഹോവയുടെ മുമ്പാകെ വലിയവനാകും” എന്നും “അവൻ യഹോവയ്ക്കുവേണ്ടി ഒരു ജനത്തെ ഒരുക്കും” എന്നുംകൂടി ഗബ്രിയേൽ പറയുന്നു.—ലൂക്കോസ് 1:13-17.
എന്നാൽ സെഖര്യക്ക് അതു വിശ്വസിക്കാനായില്ല; കാരണം സെഖര്യയും ഭാര്യ എലിസബത്തും വൃദ്ധരായിരുന്നു. അതുകൊണ്ട് ഗബ്രിയേൽ പറയുന്നു: “ഇതു സംഭവിക്കുന്ന ദിവസംവരെ നീ ഊമനായിരിക്കും, നിനക്കു സംസാരിക്കാൻ കഴിയില്ല. കാരണം എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ലല്ലോ.”—ലൂക്കോസ് 1:20.
അതേസമയം, സെഖര്യ എന്താണ് ഇത്ര വൈകുന്നതെന്നു പുറത്തുനിൽക്കുന്നവർ ചിന്തിക്കുന്നു. അവസാനം, സെഖര്യ പുറത്തുവരുന്നു; പക്ഷേ സംസാരിക്കാൻ പറ്റുന്നില്ല, ആംഗ്യങ്ങൾ കാണിക്കാനേ കഴിയുന്നുള്ളൂ. ആലയത്തിലായിരുന്നപ്പോൾ അദ്ദേഹം അസാധാരണമായ എന്തോ കണ്ടെന്ന് ഉറപ്പാണ്.
ആലയത്തിലെ സേവനം കഴിഞ്ഞപ്പോൾ അദ്ദേഹം വീട്ടിലേക്കു മടങ്ങി. അതു കഴിഞ്ഞ് പെട്ടെന്നുതന്നെ എലിസബത്ത് ഗർഭിണിയാകുന്നു! കുഞ്ഞിന്റെ വരവിനായി കാത്തിരുന്ന എലിസബത്ത് അഞ്ചുമാസം മറ്റുള്ളവരിൽനിന്ന് അകന്ന് കഴിഞ്ഞു.
ഗബ്രിയേൽ രണ്ടാമതും പ്രത്യക്ഷപ്പെടുന്നു. ഇത്തവണ ചെറുപ്പക്കാരിയും അവിവാഹിതയും ആയ മറിയയ്ക്ക്. മറിയ താമസിക്കുന്നത് വടക്ക് ഗലീലപ്രദേശത്തുള്ള നസറെത്ത് നഗരത്തിലാണ്. ദൂതൻ മറിയയോട് എന്താണു പറയുന്നത്? “ദൈവത്തിനു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു” എന്ന്. കൂടാതെ, ദൂതൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: “നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവൻ മഹാനാകും. . . . അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”—ലൂക്കോസ് 1:30-33.
ഈ രണ്ടു സന്ദേശങ്ങൾ അറിയിക്കാൻ അവസരം കിട്ടിയതിൽ ഗബ്രിയേലിന് എത്ര സന്തോഷം തോന്നിക്കാണും! യോഹന്നാനെയും യേശുവിനെയും കുറിച്ച് കൂടുതൽ വായിക്കുമ്പോൾ, സ്വർഗത്തിൽനിന്നുള്ള ഈ സന്ദേശങ്ങളുടെ പ്രാധാന്യം നമുക്കു മനസ്സിലാകും.