അധ്യായം 4
മറിയ—ഗർഭിണിയെങ്കിലും അവിവാഹിത
മത്തായി 1:18-25; ലൂക്കോസ് 1:56
-
മറിയ ഗർഭിണിയാണെന്നു യോസേഫ് അറിയുന്നു
-
യോസേഫ് മറിയയെ കല്യാണംകഴിക്കുന്നു
മറിയ ഇപ്പോൾ നാലു മാസം ഗർഭിണിയാണ്. ഗർഭിണിയായ ഉടനെ കുറച്ചുകാലം മറിയ തെക്ക് യഹൂദയിലെ മലനാട്ടിൽ താമസിക്കുന്ന ബന്ധുവായ എലിസബത്തിന്റെകൂടെയായിരുന്നു. എന്നാൽ ഇപ്പോൾ നസറെത്തിലുള്ള വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. മറിയ ഗർഭിണിയാണെന്ന് പെട്ടെന്നുതന്നെ എല്ലാവരും അറിയും. മറിയയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ!
പക്ഷേ, പ്രശ്നം അവിടംകൊണ്ട് തീരുന്നില്ല. കാരണം യോസേഫ് എന്നു പേരുള്ള ആ നാട്ടിലെ ഒരു മരപ്പണിക്കാരനുമായി മറിയയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. ഇസ്രായേലിനു കൊടുത്ത ദൈവനിയമമനുസരിച്ച് വിവാഹനിശ്ചയം കഴിഞ്ഞ ഒരു സ്ത്രീ മറ്റൊരാളുമായി മനസ്സോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നെങ്കിൽ അവളെ കല്ലെറിഞ്ഞ് കൊല്ലണമെന്നു മറിയയ്ക്ക് അറിയാമായിരുന്നു. (ആവർത്തനം 22:23, 24) അതുകൊണ്ട് അധാർമികബന്ധത്തിലൊന്നും ഏർപ്പെട്ടിട്ടില്ലെങ്കിലും തന്റെ അവസ്ഥയെക്കുറിച്ച് എങ്ങനെ യോസേഫിനോടു പറയും, അപ്പോൾ എന്തായിരിക്കും സംഭവിക്കുക എന്നൊക്കെ മറിയ ചിന്തിച്ചിട്ടുണ്ടാകണം.
മൂന്നു മാസമായി യോസേഫ് മറിയയെ കണ്ടിട്ട്. അതുകൊണ്ടുതന്നെ ഒന്നു നേരിൽ കാണാൻ യോസേഫ് എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും! സാധ്യതയനുസരിച്ച് യോസേഫിനെ കാണുമ്പോൾ മറിയ തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നു. പരിശുദ്ധാത്മാവിനാലാണു താൻ ഗർഭിണിയായതെന്ന് യോസേഫിനെ പറഞ്ഞു മനസ്സിലാക്കാനും മറിയ ശ്രമിച്ചിട്ടുണ്ടാകും. എന്നാൽ ഇതൊക്കെ യോസേഫിനു മനസ്സിലാക്കാനും വിശ്വസിക്കാനും ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
മറിയ നല്ലവളാണ്, മറിയയ്ക്കു നല്ലൊരു പേരുണ്ട് എന്നെല്ലാം യോസേഫിന് അറിയാം. യോസേഫ് മറിയയെ അതിയായി സ്നേഹിക്കുന്നുമുണ്ട്. കാര്യങ്ങൾ മറിയ പറഞ്ഞെങ്കിലും മറിയയുടെ ഗർഭത്തിന് ഉത്തരവാദി മറ്റൊരു പുരുഷനാണെന്നു യോസേഫ് കരുതുന്നു. എന്നാൽ മറിയയെ കല്ലെറിഞ്ഞ് കൊല്ലാനോ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ മറിയ അപമാനിതയാകാനോ യോസേഫ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ആരും അറിയാതെ മറിയയെ വിവാഹമോചനം ചെയ്യാൻ യോസേഫ് തീരുമാനിക്കുന്നു.
അക്കാലത്ത് വിവാഹനിശ്ചയം കഴിഞ്ഞവരെ വിവാഹിതരായാണു കണക്കാക്കിയിരുന്നത്. അതുകൊണ്ട് ആ ബന്ധം അവസാനിപ്പിക്കുന്നതിനു വിവാഹമോചനം ആവശ്യമായിരുന്നു.യോസേഫ് ഇതെക്കുറിച്ചൊക്കെ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ഉറങ്ങിപ്പോകുന്നു. അപ്പോൾ യഹോവയുടെ ഒരു ദൂതൻ സ്വപ്നത്തിൽ യോസേഫിനു പ്രത്യക്ഷനാകുന്നു. ദൂതൻ പറയുന്നു: “നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ പേടിക്കേണ്ടാ; കാരണം അവൾ ഗർഭിണിയായിരിക്കുന്നതു പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കും.”—മത്തായി 1:20, 21.
യോസേഫ് ഉറക്കംതെളിയുന്നു. ഇപ്പോൾ കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലായതിൽ യോസേഫിന് എത്ര നന്ദി തോന്നിയിരിക്കണം! ദൂതൻ നിർദേശിച്ച കാര്യങ്ങൾ ചെയ്യാൻ യോസേഫ് ഒട്ടും വൈകിക്കുന്നില്ല. അദ്ദേഹം മറിയയെ വീട്ടിലേക്കു കൊണ്ടുപോകുന്നു. യോസേഫും മറിയയും ഇപ്പോൾ വിവാഹിതരാണെന്നു കാണിക്കുന്ന ഒരു പ്രവൃത്തിയാണത്, ഒരു വിവാഹച്ചടങ്ങുപോലെ. എങ്കിലും യേശുവിനെ ഗർഭിണിയായിരിക്കുമ്പോൾ മറിയയുമായി യോസേഫ് ലൈംഗികബന്ധത്തിലൊന്നും ഏർപ്പെടുന്നില്ല.
കുറച്ച് മാസങ്ങൾക്കു ശേഷം യോസേഫും പൂർണഗർഭിണിയായ മറിയയും നസറെത്തിലുള്ള വീട്ടിൽനിന്ന് വളരെ അകലെയുള്ള ഒരു സ്ഥലത്തേക്കു പോകാൻ തയ്യാറെടുക്കണം. മറിയയ്ക്കു പ്രസവം അടുത്തിരിക്കുന്ന ഈ സമയത്ത് അവർ എങ്ങോട്ടാണു പോകേണ്ടത്?