അധ്യായം 94
പ്രാർഥനയുടെയും താഴ്മയുടെയും ആവശ്യം
-
മടുത്തുപോകാത്ത ഒരു വിധവയുടെ ദൃഷ്ടാന്തം
-
പരീശനും നികുതിപിരിവുകാരനും
മടുത്തുപോകാതെ പ്രാർഥിക്കുന്നതിനെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം യേശു തന്റെ ശിഷ്യന്മാരോടു നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. (ലൂക്കോസ് 11:5-13) ഇപ്പോൾ യേശു ശമര്യയിലോ ഒരുപക്ഷേ ഗലീലയിലോ ആയിരിക്കാം. മടുത്തുപോകാതെ പ്രാർഥിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് യേശു വീണ്ടും എടുത്തുപറയുന്നു. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തവും ഉപയോഗിക്കുന്നു:
“ഒരു നഗരത്തിൽ, ദൈവത്തെ ഭയപ്പെടുകയോ ആളുകളെ വകവെക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപനുണ്ടായിരുന്നു. ആ നഗരത്തിൽ ഒരു വിധവയുമുണ്ടായിരുന്നു. വിധവ ന്യായാധിപന്റെ അടുത്ത് ചെന്ന് പതിവായി ഇങ്ങനെ അപേക്ഷിക്കും: ‘ഒരാൾക്കെതിരെ എനിക്കു പരാതിയുണ്ട്. ആ പ്രശ്നത്തിൽ എനിക്കു ന്യായം നടത്തിത്തരണേ.’ ആദ്യമൊന്നും ആ വിധവയെ സഹായിക്കാൻ ന്യായാധിപനു മനസ്സില്ലായിരുന്നെങ്കിലും പിന്നീടു ന്യായാധിപൻ ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ ആളുകളെ വകവെക്കുകയോ ചെയ്യുന്നില്ലെങ്കിലും ഈ വിധവ എന്നെ ഏതു നേരവും ശല്യപ്പെടുത്തുന്നതുകൊണ്ട് ഇവർക്കു ഞാൻ ന്യായം നടത്തിക്കൊടുക്കും. അല്ലെങ്കിൽ ഇവർ എപ്പോഴും വന്ന് എന്റെ സ്വൈരം കെടുത്തും.’”—ലൂക്കോസ് 18:2-5.
ഈ ദൃഷ്ടാന്തം നമുക്ക് എങ്ങനെ ബാധകമാകുന്നെന്ന് യേശു തുടർന്നു പറയുന്നു: “നീതികെട്ടവനാണെങ്കിലും ആ ന്യായാധിപൻ പറഞ്ഞതു ശ്രദ്ധിച്ചോ? അങ്ങനെയെങ്കിൽ ക്ഷമ കൈവിടാതെ ദൈവവും, രാവും പകലും തന്നോടു നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?” (ലൂക്കോസ് 18:6, 7) ഈ വാക്കുകളിലൂടെ പിതാവിനെക്കുറിച്ച് യേശു എന്താണ് സൂചിപ്പിക്കുന്നത്?
നീതികെട്ട ന്യായാധിപനെപ്പോലെയാണ് ദൈവമായ യഹോവ എന്ന് യേശു ഒരിക്കലും ഉദ്ദേശിച്ചില്ല. മറിച്ച്, നിരന്തരമായ അപേക്ഷകളോട് ഒരു നീതികെട്ട ന്യായാധിപൻപോലും പ്രതികരിക്കുന്നെങ്കിൽ, നമ്മുടെ ഇടവിടാതെയുള്ള അപേക്ഷകൾക്കു ദൈവം ഉത്തരം നൽകാതിരിക്കില്ല എന്നു പറയുകയായിരുന്നു യേശു. അതെ, തന്റെ ജനം മടുത്തുപോകാതെ പ്രാർഥിക്കുന്നെങ്കിൽ നല്ലവനും നീതിമാനും ആയ ദൈവം അവരുടെ പ്രാർഥനകൾക്കു ഉത്തരം നൽകും. ഇത് യേശുവിന്റെ തുടർന്നുള്ള വാക്കുകളിൽ വ്യക്തമാണ്: “ദൈവം അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”—ലൂക്കോസ് 18:8.
സാധുക്കൾക്കും ദരിദ്രർക്കും മിക്കപ്പോഴും നീതി കിട്ടാറില്ല. സമ്പന്നരുടെയും സ്വാധീനമുള്ളവരുടെയും പക്ഷത്തായിരിക്കും മിക്കവരും. എന്നാൽ ദൈവത്തിന്റെ രീതി അതല്ല. സമയമാകുമ്പോൾ, ദുഷ്ടരായവർക്കു ശിക്ഷ കിട്ടുന്നെന്നും തന്റെ ദാസർക്കു നിത്യജീവൻ ലഭിക്കുന്നെന്നും ദൈവം ഉറപ്പാക്കും.
ആ വിധവയ്ക്കുണ്ടായിരുന്നതുപോലുള്ള വിശ്വാസം ആർക്കാണുള്ളത്? ദൈവം “അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്ന് ” എത്ര പേർ യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ട്? മടുത്തുപോകാതെ പ്രാർഥിക്കാൻ സഹായിക്കുന്ന ഒരു കാര്യം യേശു ഇനി പറയുന്നു, അതായത് പ്രാർഥനയുടെ ശക്തിയിൽ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട വിശ്വാസം. അതെക്കുറിച്ച് യേശു ഇങ്ങനെ ചോദിക്കുന്നു: “മനുഷ്യപുത്രൻ എത്തുമ്പോൾ ഭൂമിയിൽ ഇത്തരം വിശ്വാസം കണ്ടെത്തുമോ?” (ലൂക്കോസ് 18:8) ക്രിസ്തു വരുമ്പോൾ അത്തരത്തിലുള്ള വിശ്വാസം കാണുക പ്രയാസമായിരിക്കും എന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.
യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ചിലർ, തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെന്നു വിചാരിച്ചു. അതുകൊണ്ടുതന്നെ അവർ നീതിമാന്മാരായി സ്വയം കണക്കാക്കി. എന്നാൽ മറ്റുള്ളവരെ അവർ അവജ്ഞയോടെയാണു കണ്ടത്. അങ്ങനെയുള്ളവരെ മനസ്സിൽക്കണ്ടുകൊണ്ടു യേശു ഒരു ദൃഷ്ടാന്തം പറയുന്നു:
“രണ്ടു പേർ പ്രാർഥിക്കാൻ ദേവാലയത്തിൽ ചെന്നു. ഒരാൾ പരീശനും മറ്റേയാൾ ഒരു നികുതിപിരിവുകാരനും. പരീശൻ നിന്നുകൊണ്ട് ഇങ്ങനെ മനസ്സിൽ പ്രാർഥിച്ചു: ‘ദൈവമേ, ഞാൻ മറ്റെല്ലാവരെയുംപോലെ പിടിച്ചുപറിക്കാരനോ നീതികെട്ടവനോ വ്യഭിചാരിയോ ഒന്നുമല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദി പറയുന്നു. ഞാൻ ഈ നികുതി പിരിവുകാരനെപ്പോലെയുമല്ല. ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ലൂക്കോസ് 18:10-12.
ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന എല്ലാത്തിന്റെയും പത്തിലൊന്നു കൊടുക്കുന്നു.’”—മറ്റുള്ളവരുടെ മുമ്പിൽ തങ്ങൾ നീതിമാന്മാരാണെന്നു കാണിക്കാനും അവരിൽ മതിപ്പുളവാക്കാനും പരീശന്മാർ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ചു. അതിനായി അവർ ചില പ്രത്യേക ഉപവാസരീതികളും ഏർപ്പെടുത്തി. ചന്തയിൽ നല്ല തിരക്കുള്ള ദിവസങ്ങളായിരുന്ന തിങ്കളാഴ്ചയും വ്യാഴാഴ്ചയും ആയിരുന്നു അവർ സാധാരണ ഉപവസിച്ചിരുന്നത്. അങ്ങനെയാകുമ്പോൾ വരുന്നവരെല്ലാം അവർ ഉപവസിക്കുന്നത് കാണുമല്ലോ! കൂടാതെ അവർ കൃഷി ചെയ്യുന്ന ചെറിയ ചെടികളുടെപോലും പത്തിലൊന്ന് വളരെ ശ്രദ്ധാപൂർവം കൊടുത്തിരുന്നു. (ലൂക്കോസ് 11:42) “നിയമം അറിഞ്ഞുകൂടാത്ത ഈ ജനം (പരീശന്മാരുടെ വീക്ഷണത്തിലാണ് ഇത്.) ശപിക്കപ്പെട്ടവരാണ് ” എന്നു സാധാരണക്കാരെക്കുറിച്ച് അവജ്ഞയോടെ അവർ പറഞ്ഞതു കുറച്ച് മാസങ്ങൾക്കു മുമ്പായിരുന്നു.—യോഹന്നാൻ 7:49.
യേശു ദൃഷ്ടാന്തം തുടരുന്നു: “എന്നാൽ നികുതിപിരിവുകാരൻ സ്വർഗത്തിലേക്കു നോക്കാൻപോലും മടിച്ച് ദൂരെ നിന്നുകൊണ്ട് നെഞ്ചത്തടിച്ച്, ‘ദൈവമേ, പാപിയായ എന്നോടു കൃപ തോന്നേണമേ’ എന്നു പറഞ്ഞു. ഈ നികുതിപിരിവുകാരൻ ദൈവത്തിന്റെ മുന്നിൽ പരീശനെക്കാൾ നീതിമാനായാണു വീട്ടിലേക്കു തിരിച്ചുപോയത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. തന്നെത്തന്നെ ഉയർത്തുന്നവനെ ദൈവം താഴ്ത്തും. തന്നെത്തന്നെ താഴ്ത്തുന്നവനെയോ ദൈവം ഉയർത്തും.”—ലൂക്കോസ് 18:13, 14.
അങ്ങനെ, താഴ്മയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം യേശു വ്യക്തമാക്കുന്നു. ഈ ഉപദേശം യേശുവിന്റെ ശിഷ്യന്മാർക്കു പ്രയോജനം ചെയ്യുമായിരുന്നു. കാരണം അവർ വളർന്നുവന്നത് സ്ഥാനമാനങ്ങൾക്കു പ്രാധാന്യം കൊടുത്തിരുന്ന, സ്വയം നീതിമാന്മാരായി കണക്കാക്കിയിരുന്ന പരീശന്മാരുടെ ഇടയിലായിരുന്നു. യേശുവിന്റെ എല്ലാ അനുഗാമികൾക്കും ഈ ഉപദേശം മൂല്യവത്താണ്.